Thursday 28 January 2021 02:46 PM IST

കുടമഞ്ഞൾ അരച്ചും കസ്തൂരിമഞ്ഞൾ പാൽപാട പുരട്ടിയും ഈ അമ്പിളി ചന്തം: അഴകുപകർന്ന ആ ഭൂതകാലം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

beauty-tradition മോഡലുകൾ : റിയ, ഷാരോൺ ഫോട്ടോ : സരിൻ രാംദാസ്

ഈറൻമുടി കാറ്റിലുലയുമ്പോൾ എങ്ങും കാച്ചെണ്ണയുടെ സൗരഭ്യം നിറയും. മുടിയിലെ തുളസിക്കതിരിനുമുണ്ട്  ഒരു പ്രത്യേക ഭംഗി. വാലിട്ടെഴുതിയ കണ്ണുകളിൽ ആകാശനീലിമ മുഴുവനുമുണ്ടെന്നു തോന്നും. പുളിയിലക്കര പുടവയുടുത്ത്, നെറ്റിയിൽ ഇലക്കുറി തൊട്ട്, പൊൻവെയിലിന്റെ കാന്തിയോടെ അവൾ വരികയാണ്. അരുണിമയാർന്ന ചുണ്ടുകളിൽ മൃദുസ്മിതം. മൈലാഞ്ചിച്ചോപ്പലിഞ്ഞ പാദങ്ങൾക്കും കുപ്പിവളക്കൈകൾക്കും  എന്തൊരഴകാണ്! കാലമെത്ര കഴിഞ്ഞാലും നമ്മുടെ മനസ്സിലെ നാടൻ പെണ്ണിന്റെ ചിത്രം ഇങ്ങനെ തന്നെയാണ്. പരിഷ്കാരങ്ങളുടെ   പുതിയ കാലത്ത്, കൃത്രിമക്കൂട്ടുകൾ അഴകിനെ  നിർവചിക്കുമ്പോൾ ഒരിക്കൽക്കൂടി ആ നാട്ടുപെണ്ണിനൊപ്പം  നടക്കാം. പ്രകൃതിയെന്ന സൗന്ദര്യചെപ്പിൽ നിന്ന്  അവൾ തൊട്ടെടുത്ത അലങ്കാരങ്ങളെ  അറിയാം. മുഖവും മുടിയും കണ്ണുകളും  ഉടലും  ചർമവും അവളെങ്ങനെയായിരുന്നു പരിപാലിച്ചിരുന്നത് എന്നറിയാം.

നീരാടുവാൻ...

 നാട്ടിൻപുറത്തെ പെൺകുട്ടികൾക്കു തേച്ചുകുളി ആഘോഷമായിരുന്നു. അതിരാവിലെ ഉണരും. എണ്ണയും താളിയുമെടുത്താണ് കുളിക്കാനുള്ള യാത്ര. അന്നൊക്കെ കുളത്തിലും പുഴയിലും തുടിച്ചുകുളിയാണ്. കൂട്ടുകാരികളെല്ലാം ഒത്തു ചേരുമ്പോൾ കുളി ആനന്ദവും ഉല്ലാസവും ഇടകലർന്ന  നീരാട്ടായി മാറും. മുടിയിലും ശരീരമാകെയും എണ്ണ തേച്ചു കുളിക്കും. എണ്ണ തേച്ചുകുളിക്കുമ്പോൾ താളി നിർബന്ധമായിരുന്നു. കുറുന്തോട്ടിയും ചെമ്പരത്തിയും വെള്ളിലയുമൊക്ക ഹരിതഭംഗിയുള്ള താളികളായി കുളപ്പടവുകളിൽ സ്ഥാനം പിടിച്ചു. ഉടലും മുഖവും  മിനുക്കാൻ കസ്തൂരി മഞ്ഞളും ചന്ദനവും കരുതി വച്ചു.  മുടിയിലെ അഴുക്കുകളയാൻ  ഉലുവയും തൈരും കടലമാവും ചെറുപയർ പൊടിയും അന്ന് യഥേഷ്ടം ഉപയോഗിച്ചിരുന്നു. കുളിക്കുമ്പോൾ ശരീരത്തിലും ചെറുപയറു പൊടിയും കടലമാവുമെല്ലാം തേക്കാനും  അവർ മറന്നില്ല.

ചതച്ചെടുത്ത  നെൻമേനി വാകയും ഇഞ്ചയും ചീവയ്ക്കയുമൊക്കെ യാണ് ദേഹത്തു തേയ്ക്കാനുള്ള  അക്കാലത്തെ സോപ്പുകൾ. ഇഞ്ച ശരീരത്തിൽ അടിഞ്ഞു കൂടിയ വിയർപ്പ് നീക്കും.  നല്ല തേങ്ങാച്ചകിരി അടർത്തി ബ്രഷിനും സോപ്പിനും പകരമാക്കി. ചർമരോഗങ്ങൾ അകറ്റുന്നതിനായി നാൽപാമരപട്ടയിട്ടു തിളപ്പിച്ച വെള്ളത്തിലും കുളിച്ചിരുന്നു. ഏറെ ആരോഗ്യകരമായ കുളിയോടെ നാട്ടുസുന്ദരിമാരുടെ ഒാരോ പ്രഭാതങ്ങളും അഴകും ഒാജസ്സുമുള്ളതായി തീർന്നു.

കോമള കേശം ...

തിരുവാതിര ഞാറ്റുവേല വന്നാൽ പെണ്ണുങ്ങളെല്ലാം  മുടിത്തുമ്പ് മുറിക്കണമെന്നാണ് വിശ്വാസം. മുടി നന്നായി വളരാനുള്ള മുന്നൊരുക്കമായിരുന്നു അത്. കറുത്ത് ഇടതൂർന്ന മുടിയ്ക്കായി അത്തരം ശീലങ്ങളെല്ലാം അവർ കൃത്യമായി പാലിച്ചു. അന്ന്  മുടിയിലും നല്ലെണ്ണ പുരട്ടും. നല്ലെണ്ണയുടെ ഒട്ടൽ മുടിയെ ബാധിച്ചു തുടങ്ങിയതോടെ നല്ലെണ്ണ ഒഴിവാക്കി പതിയെ വെളിച്ചെണ്ണയിലേക്കു മാറുകയായിരുന്നു. മുടിയഴകിനായി വെളിച്ചെണ്ണയും നല്ലെണ്ണയും ആവണക്കെണ്ണയുമൊക്കെ അന്ന് ആവശ്യാനുസരണം ഉപയോഗിച്ചിരുന്നു.
പിന്നെ കാച്ചെണ്ണയുടെ സുഗന്ധ കാലമായി. ചെമ്പരത്തിയുടെ ഇലയും പൂവും മൊട്ടും, തുളസിയില, കറിവേപ്പില, പനിക്കൂർക്കയില, കറ്റാർവാഴ... പ്രകൃതിയിൽ നിന്ന് ആർദ്രമായി നുള്ളിയെടുത്തവയെല്ലാം  എണ്ണ കാച്ചുന്നതിനു ചേരുവയാക്കി. ‘കാച്ചെണ്ണ തേച്ച നിൻ കാർകൂന്തലത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുൻമാദം’  എന്നു കവി പാടിയതു തന്നെ സുഗന്ധഭരിതമായ ആ സ്മൃതികളിൽ നിന്നാണ്.  കയ്യോന്നിയില, നീലയമരി ഇവയുടെ നീര്,  മൈലാഞ്ചിയില, കുരുമുളക് ചതച്ചത്, നെല്ലിക്ക ചതച്ചത്, ആര്യവേപ്പില , കറിവേപ്പില ഇവയെല്ലാം  വെളിച്ചെണ്ണയിൽ കലർത്തി കാച്ചെണ്ണ തയാറാക്കി, ഇത്തരം എണ്ണകളെ മുറുക്കിയ എണ്ണ എന്നും പറയാറുണ്ട്.

കാച്ചെണ്ണ തേച്ചാൽ   മുടി നന്നായി കറുത്തു വരുമെന്നു മാത്രമല്ല, കട്ടിയായി ഇട തൂർന്നു വളരുകയും ചെയ്യും. നര തടയാനും ഉറക്കം കിട്ടാനുമൊക്കെ കാച്ചെണ്ണ ഏറെ ഗുണം ചെയ്തു. ഇന്നത്തെ നീലിഭൃംഗാദി എണ്ണയൊക്കെ  കാച്ചെണ്ണ തന്നെയാണ്.

അന്നൊക്കെ മുടിക്കായയ്ക്ക് നെല്ലു പുഴുങ്ങുമ്പോളുള്ള ആവി കൊള്ളിച്ചും  കുളി കഴിഞ്ഞ് തുവർത്തി ഉണക്കിയ മുടിയിൽ അഷ്ടഗന്ധം പുകച്ചും നാട്ടു പെണ്ണുങ്ങൾ മുടിയുടെ ആരോഗ്യം കാത്തു. അഷ്ടഗന്ധത്തിന്റെ പുകയേൽക്കുന്നത്  മുടിക്ക് സുഗന്ധം ലഭിക്കാനും മുടി നന്നായി വളരാനും ഉത്തമമാണ്.  മുടിയിലെ വിയർപ്പ്, അഴുക്ക്, പേൻ, കായ  ഇതെല്ലാം മാറുന്നതിന് അഷ്ടഗന്ധത്തിന്റെ പുക സഹായിക്കുന്നു.

വെണ്ണ തോൽക്കുമുടൽ ഭംഗി...

‘നെൻമേനി വാകപ്പൂവോ നിൻ മേനി’ എന്ന്  കാമുകനെപ്പോലെ കവി ചോദിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം അന്നത്തെ നാടൻ പെണ്ണിന്റെ ചർമകാന്തി പ്രകൃതി അത്രമേൽ കനിഞ്ഞു നൽകിയതു തന്നെയായിരുന്നു. നല്ലെണ്ണ ശരീരമാകെ തേച്ചു പിടിപ്പിച്ച് തേച്ചു കുളിക്കുക ഏറെ പ്രധാനമായിരുന്നു.
ചർമരോഗം ഉള്ളവർക്ക് വെളിച്ചെണ്ണ തേയ്ക്കുന്നതാണ് കുറേക്കൂടി ഫലപ്രദം.  കുടമഞ്ഞൾ അരച്ച് എണ്ണ ചേർത്തു ശരീരമാകെ പുരട്ടിയും തേങ്ങാപ്പാൽ എണ്ണയാക്കി പുരട്ടിയും  തേങ്ങാപ്പാൽ  പുരട്ടിയും പെണ്ണിന്റെ  ഉടൽ ചന്ദനക്കാതൽ പോലെ തിളങ്ങി. ഈ ലേപനങ്ങൾ അഴകു നൽകുന്നതിനു പുറമെ അമിതരോമവളർച്ച കുറച്ചു. ചർമരോഗങ്ങളെയും  അകറ്റി.

മുഖമലർ അമ്പിളി പോൽ...

മുഖത്ത് പച്ചമഞ്ഞളോ കസ്തൂരി മഞ്ഞളോ അരച്ചു  പുരട്ടി അത് ഉണങ്ങുമ്പോൾ കഴുകുന്നത് അന്ന് സാധാരണമായിരുന്നു. കസ്തൂരിമഞ്ഞൾ പാൽപാടയും ചേർത്തും  അരച്ചു പുരട്ടാറുണ്ട്. വരണ്ട ചർമമുള്ളവർക്ക് പാൽപാട ചേർത്തു  പുരട്ടുന്നതാണു കൂടുതൽ നല്ലത്. ഈ ലേപനങ്ങൾ   ഉണങ്ങിതുടങ്ങുമ്പോൾ പയറുപൊടി ചേർത്ത് കഴുകിക്കളയും.
 മുൻപൊക്കെ രക്തചന്ദനം എല്ലാ വീടുകളിലും  ഉണ്ടാകും. അത് പൊടിച്ച് വെള്ളത്തിൽ ചാലിച്ചോ , നേരിട്ട്  ഉരച്ചോ  മുഖത്ത്  പുരട്ടും.   മുഖത്ത് പിന്നെ ഒരു കറുത്തപാടുപോലും കാണില്ല. മുഖക്കുരുവും പൊയ്ക്കൊള്ളും. മുഖത്തു കുരുക്കളോ ചൂടോ ഒക്കെ കൂടുതലായി തോന്നിയാൽ അന്നത്തെ പെണ്ണുങ്ങൾ അൽപം ചന്ദനം അരച്ചും മുഖത്തു പുരട്ടും. മുഖം വെളുക്കുന്നതിന്  കുങ്കുമാദിതൈലവും പുരട്ടിയിരുന്നു. കുങ്കുമപ്പൂവ് ചേർത്ത ലേപനങ്ങളും അന്നു സാധാരണമായിരുന്നു.

ചന്ദനവും കളഭവും കസ്തൂരിയും കുങ്കുമവുമൊക്കെ ശരീരലാവണ്യം വർധിപ്പിക്കുന്നതിനായി  ഉപയോഗിച്ചിരുന്നു. നാടൻ പെണ്ണ് നടക്കുന്ന വഴിയിലെ കാറ്റിനും കസ്തൂരി ഗന്ധമാണെന്നു പഴമക്കാർ പറയും. മഞ്ഞളും കളഭവും ചന്ദനവുമൊക്കെ അഴകിനായി പുരട്ടുമ്പോൾ തന്നെ  വിഷഹാരികളായും അറിയപ്പെട്ടു. പ്രകൃതി തന്നതൊക്കെ അഴകിനും ആരോഗ്യത്തിനുമായി അവർ ചേർത്തു വച്ചു.  ലേപനങ്ങളിട്ടു കഴുകി കഴിഞ്ഞാൽ  ആറൻമുള കണ്ണാടിയിൽ മുഖം നോക്കിയിരുന്ന് മുഖത്തെ ചന്ദ്ര ശോഭ തിരയുമായിരുന്നത്രേ നാടൻ സുന്ദരികൾ.

കുളിച്ചൊരുങ്ങി അവൾ വരുമ്പോൾ ...

കൃത്രിമങ്ങൾ ഇഴപാകിയ വസ്ത്രങ്ങളൊന്നും അന്നില്ല. കുളി കഴിഞ്ഞ് ഈറൻമാറി കോട്ടൻ സെറ്റും മുണ്ടും അല്ലെങ്കിൽ നീളൻ പാവാടയും ബ്ലൗസും ധരിക്കും. കോട്ടൻ വസ്ത്രങ്ങൾ ധരിച്ചാൽ  ശരീരത്തിൽ അധികം ചൂട് ഏൽക്കില്ല. ഇത്രയേറെ ശ്രീത്വം നിറയുന്ന വസ്ത്രങ്ങൾ വേറെയേതാണ്?
പിന്നീട് മുടിയിൽ തുളസിക്കതിരു ചൂടും. നെറ്റിയിൽ പ്രാർഥനാപൂർവം  ചന്ദനക്കുറി തൊടും. ചന്ദനം തൊടുമ്പോൾ  നെറ്റിയ്ക്കും തലയ്ക്കും തണുപ്പ് കിട്ടും. തലവേദനയും  മാറും. കുളി കഴിഞ്ഞ് ചന്ദനവും അത്തറും പോലെ സുഗന്ധലേപനങ്ങളും  പുരട്ടിയിരുന്നു. അന്ന് സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. സ്വർണം െഎശ്വര്യദായകമാണ് മാത്രമല്ല, രോഗങ്ങളെ അകറ്റുവാനും സഹായിക്കുമെന്നായിരുന്നു വിശ്വാസം. ഒാട്ടുവളകളും ധരിച്ചിരുന്നു.

ചാന്തു തൊട്ടില്ലേ...

പൊട്ടിടുന്നതിനു പകരം ചെമ്പരത്തി പൂവരച്ച് ചാന്തു തൊട്ടിരുന്നു പഴയ സുന്ദരികൾ. സുന്ദരമായ നെറ്റിത്തടത്തിൽ ഒരു സൂര്യാംശു പോലെ ചാന്ത് ചേർന്നു നിന്നു. കർക്കടകത്തിലും  തിരുവാതിരക്കാലത്തും അണിയുന്ന മുക്കുറ്റിച്ചാന്ത്  പ്രസിദ്ധമാണല്ലോ. കർക്കടകത്തിൽ ദശപുഷ്പങ്ങൾ ചൂടിയും അവർ പ്രകൃതിയോടിണങ്ങി നിന്നു.
 മുറ്റത്തെ മുല്ലപ്പൂക്കൾ കോർത്തു കെട്ടിയ മാലയും തുളസിക്കതിരുമാണ് മുടി അണിയിച്ചൊരുക്കാൻ ഉപയോഗിച്ചത്. ഇലഞ്ഞിയും ചെത്തിയും കനകാംബരവുമൊക്കെ അന്ന് മുടിപ്പൂവുകളുടെ ഗണത്തിൽ ശ്രദ്ധേയമായിരുന്നു. നെറ്റിയിൽ തൊടുന്ന ഭസ്മവും കുങ്കുമവുമൊക്കെ നീരിറക്കം തടയുമെന്നും അവർ കരുതിയിരുന്നു.

ആലോല നീലവിലോചനങ്ങൾ 

കുളി കഴിഞ്ഞാൽ കണ്ണിൽ അഞ്ജനം എഴുതുന്നത്  നിർബന്ധമാണ്. കൺപുരികം ഇടതൂർന്നു വളരുന്നതിനായി പണ്ടത്തെ സുന്ദരികൾ ആവണക്കെണ്ണ തൊട്ടു പുരട്ടിയിരുന്നു. പുരികങ്ങൾ ഭംഗിയോടെ തഴച്ചു വളരുന്നതിൽ ആവണക്കെണ്ണയുടെ  മികവ് ഒന്നു വേറെ തന്നെ.
നീലോൽപല മിഴികൾക്കായുള്ള കൺമഷി തയാറാക്കൽ വീട്ടിൽ തന്നെയാണ്. പല രീതിയിൽ പല ചേരുവകളിലൂടെ അത് തയാറാക്കിയിരുന്നു. ഒരു തട്ടിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് അതിനു മീതെ ഒാട്  വയ്ക്കും. അതിന്റെ ഉൾഭാഗത്ത് കരി പിടിക്കും. തുളസിനീരിലും നാരങ്ങാനീരിലും പലതവണ മുക്കിയുണക്കിയ പരുത്തിത്തുണിയാണ്  തിരിയായി ഉപയോഗിച്ചിരുന്നത്. കണ്ണിന് തെളിച്ചം കിട്ടാൻ ഇത്തരം കൺമഷി നല്ലതാണത്രേ.

ആവണക്കിന്റെ കുരു കത്തിച്ച് അതിന്റെ പുക ഒരു പാത്രത്തിലേൽപിച്ച് ആ കരിയിൽ ആവണക്കെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ചേർത്തും  കൺമഷി തയാറാക്കിയിരുന്നു. എണ്ണയ്ക്കു പകരം നെയ് ചേർക്കുന്നവരുമുണ്ട്. ഇത് കൺപീലിയിലും  പുരികത്തിലും പുരട്ടിയാൽ അവ ഇടതൂർന്നു വളരും.
ആവണക്കെണ്ണയിൽ കുറച്ചു നാരങ്ങാനീരും ചേർത്ത് അത് തുണിയിൽ പുരട്ടി ആ തുണി ഉണക്കിയെടുത്ത് തിരിയാക്കി, ആ തിരി കത്തിച്ച് അതിനു മുകളിൽ ഒാടോ കളിമൺ പാത്രമോ പിടിച്ച് അതിലേക്ക് ആ പുകയിൽ നിന്നുള്ള കരി ഏൽപിക്കുന്നു. ആ കരിയെടുത്ത് അതിൽ ആവണക്കെണ്ണ ചേർത്തു പുരട്ടുന്നതും കൺപീലികളും പുരികവും വളരാൻ നല്ലതാണന്നാണ്  പഴമക്കാരുടെവിശ്വാസം.

അധരം മധുരം...

ദന്തശുദ്ധിയിലും അധരകാന്തിയിലും കൂടി അവൾ പ്രകൃതിക്കു പ്രാധാന്യം നൽകി. ഉമിക്കരിയിൽ ഉപ്പും കുരുമുളകും ചേർത്തു പൊടിച്ചതു കൊണ്ടാണ്.


വിവരങ്ങൾക്കു കടപ്പാട്;

ഡോ. ബി. ശ്യാമള

പ്രഫസർ

വൈദ്യരത്നം ആയുർവേദ കോളജ്

തൈക്കാട്ടുശ്ശേരി, ഒല്ലൂർ

തൃശ്ശൂർ.