മുടി കൊഴിച്ചിൽ അലട്ടുന്ന സുഹൃത്തിനെ കണ്ടാൽ ‘മുടിയുടെ ഉള്ളു വല്ലാതെ കുറഞ്ഞല്ലോ, ഡോക്ടറെ കണ്ടോ എന്നൊക്കെ ആയിരുന്നു പഴയ ചോദ്യങ്ങൾ. പക്ഷേ, ഇപ്പോഴതു മാറി. ‘മുടി കൊഴിച്ചിലിന് പിആർപി ട്രീറ്റ്മെന്റ് ചെയ്തുനോക്കൂ’ എന്ന നിർദേശമാണ് ഇന്നു സുപരിചിതം. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി) ട്രീറ്റ്മെന്റ് വഴി ഇടതൂർന്ന മുടി സ്വന്തമാക്കുന്നവരുടെ എണ്ണവും വർധിച്ചു. പക്ഷേ, ഇതു സംബന്ധിച്ച സംശയങ്ങൾ ബാക്കിയാണ്.
മുടി കൊഴിഞ്ഞു തുടങ്ങുമ്പോഴേ പിആർപി വേണോ? ഏതു മുടി കൊഴിച്ചിലും പരിഹരിക്കാനാകുമോ? പിആർപി ചെയ്താൽ കൊഴിഞ്ഞു പോയ മുടി വീണ്ടും വരുമോ? പാർശ്വഫലങ്ങൾ ഉണ്ടാകില്ലേ? അങ്ങനെ ചോദ്യങ്ങൾ പലത്. ഇനി നമുക്ക് പിആർപി ട്രീറ്റ്മെന്റ് എന്താണെന്നു വിശദമായി അറിയാം.
മുടി കൊഴിച്ചിലെല്ലാം ഒന്നല്ല
മുടി കൊഴിച്ചിൽ പല തരമുണ്ട്. കാരണങ്ങളും പലതാണ്. വൈറ്റമിൻ ഡി, അയൺ, വൈറ്റമിൻ ബി12, പ്രോട്ടീന്‍, ബയോട്ടിൻ എന്നിങ്ങനെ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ട അവശ്യപോഷകങ്ങളുടെ കുറവ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, ഓട്ടോഇമ്യൂൺ രോഗങ്ങൾ, പലതരം വൈറല്‍, ഫംഗൽ ഇൻഫെക്‌ഷനുകള്‍, മാനസികസമ്മർദം, തെറ്റായ ജീവിതശൈലി, പാരമ്പര്യം എന്നിവയൊക്കെയും മുടി കൊഴിച്ചിലിലേക്കു നയിക്കാം. അതിനാൽ മുടി കൊഴിഞ്ഞു തുടങ്ങുമ്പോൾ കാരണം കണ്ടെത്തി ചികിത്സിക്കലാണു പ്രധാനം.
ആൻഡ്രോജെനിക് അലോപേഷ്യ/പാറ്റേൺ ബാൾഡ്‌നെസ് അഥവാ കഷണ്ടി എന്ന അവസ്ഥ ഇപ്പോൾ ചെറുപ്പക്കാരിൽ പോലുമുണ്ട്. മുൻപ് 40– 45 വയസ്സിനുശേഷം കണ്ടിരുന്ന കഷണ്ടി 25 വയസ്സിൽ തന്നെ പലരിലും പ്രകടമാകുന്നു. മുടി കൊഴിച്ചിൽ ആത്മവിശ്വാസം കെടുത്തുന്ന കഷണ്ടിയായി മാറുന്നതു വൈകിപ്പിക്കാൻ പിആർപിയിലൂടെ കഴിയും.
വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ ഏരിയേറ്റ സ്വയം പ്രതിരോധ (ഓട്ടോ – ഇമ്യൂൺ) അവസ്ഥ മൂലം സംഭവിക്കുന്നതാണ്. അലോപേഷ്യ ഏരിയേറ്റയുടെ ആദ്യ ഘട്ടങ്ങളിലും പിആർപി ഫലവത്താണ്. ഈയടുത്തായി മിക്കവരിലും കാണുന്ന ഒന്നാണ് വൈറൽ ഇൻഫെക്‌ഷനും മറ്റും വന്നു മൂന്നു മാസത്തിനു ശേഷമുള്ള മുടികൊഴിച്ചിൽ. ഇത്തരം മുടികൊഴിച്ചിലിനും പിആർപി ഗുണകരമാണ്. പ്രസവശേഷം സ്ത്രീകളിലുണ്ടാകുന്ന മുടികൊഴിച്ചിലിനും പിആർപി ബെസ്റ്റ് ഓപ്ഷനാണ്. എന്നാൽ പാലൂട്ടുന്ന ഘട്ടത്തിലാണ് ചികിത്സ തേടുന്നതെങ്കിൽ എല്ലാ മരുന്നുകളും ലേപനങ്ങളും ഉപയോഗിക്കാൻ കഴിയില്ല എന്ന കാര്യം പ്രത്യേകം ഒാർമിക്കുക.
കഷണ്ടിയിലേക്കെത്തുന്ന ഘട്ടങ്ങൾ
സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിൽ അധികരിച്ച് കഷണ്ടി എന്ന അവസ്ഥയിലേക്ക് എത്തുന്നതു രണ്ടു രീതിയിലാണ്. പുരുഷന്മാരിൽ നെറ്റിയുടെ വശങ്ങളില്‍ നിന്നു മുടി കൊഴിഞ്ഞു നെറ്റി കയറിത്തുടങ്ങും. ക്രമേണ, തലയുടെ ഉച്ചിഭാഗത്തും മുടി കൊഴിയും. ശേഷം വശങ്ങളിൽ നിന്നു മുടി കൊഴിഞ്ഞു ശിരോചർമം തെളിഞ്ഞുവരുന്നതും ഉച്ചിഭാഗത്തെ മുടികൊഴിച്ചിൽ കൂടി വരുന്നതും ചേർന്നു പൂർണമായ കഷണ്ടിയിലേക്ക് എത്തുന്നു. ഏഴു ഘട്ടങ്ങളായാണു മുടികൊഴിച്ചിൽ കഷണ്ടിയിലേക്ക് എത്തുന്നത്.
സ്ത്രീകളിൽ പൂർണമായ കഷണ്ടി എന്ന സ്ഥിതിയിലേക്കു പൊതുവേ എത്താറില്ലെങ്കിലും മുടിയുടെ ഉള്ളു കുറഞ്ഞുശ്രദ്ധിക്കപ്പെടുംവിധം ശിരോചർമം തെളിഞ്ഞു വരും. വകച്ചിലിന്റെ ഭാഗത്തു മുടി കൊഴിയുന്നതാണ് തുടക്കം. പിന്നീട് മുടികൊഴിച്ചിൽ വർധിച്ചും മുടിയുടെ കട്ടി കുറഞ്ഞും ഉച്ചിഭാഗത്ത് മുടി വളരെ കുറവായിത്തീരും.
മുടി വീണ്ടെടുക്കാനുള്ള ചികിത്സകൾ
തുടക്കത്തിലേ ചികിത്സിച്ചാൽ നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല.
പുരുഷന്മാരിലെ കഷണ്ടിക്ക് ഏഴു ഘട്ടങ്ങളുണ്ടെന്നു പ റഞ്ഞല്ലോ, ഇതിൽ ആദ്യ മൂന്നു ഘട്ടങ്ങളിൽ മരുന്നുകളും പോഷക അപര്യാപ്തതകൾക്കു പരിഹാരമായി സപ്ലിമെന്റ്സും തലയിൽ പുരട്ടാനുള്ള ലേപനങ്ങളും നൽകുകയാണു ചെയ്യുന്നത്. മരുന്നും ലേപനങ്ങളും എത്രനാൾ ഉപയോഗിക്കണമെന്നതിനു പൊതുവായി ഒരുത്തരം പറയാനാകില്ല. ദീർഘനാൾ കൃത്യമായി ഉപയോഗിച്ചാലാണ് ഫലമുണ്ടാകുന്നതും ആ ഫലം നിലനിൽക്കുന്നതും.
മുടികൊഴിച്ചിൽ നാല്, അഞ്ച് ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ് മിനിമൽ ഇൻവേസീവ് ട്രീറ്റ്മെന്റ് ചെയ്യുന്നത്. പിആർപി ഇത്തരമൊരു ട്രീറ്റ്മെന്റാണ്. കൂടാതെ മീസോതെറപ്പി, ജിഎഫ്സി, പിആർഎഫ്, മൈക്രോ സ്റ്റെം സെൽ ട്രാൻസ്പ്ലേന്റേഷൻ തുടങ്ങിയ ചികിത്സാരീതികളുമുണ്ട്. ഇതിനൊപ്പവും മരുന്നും ലേപനവും വേണ്ടിവരാം. ഇനി അവസാനഘട്ടങ്ങളായ ആറ്, ഏഴിലേക്ക് എത്തിയാൽ ഹെയർ ട്രാൻസ്പ്ലാന്റേഷനാണു പ്രതിവിധി.
സ്ത്രീകളിലെ മുടി കൊഴിച്ചിലിനു മൂന്നു ഘട്ടങ്ങളേയുള്ളൂ. ആദ്യ ഘട്ടത്തിൽ മരുന്നും ലേപനങ്ങളും രണ്ടാം ഘട്ടത്തിൽ മിനിമൽ ഇൻവേസീവ് ട്രീറ്റ്മെന്റും മൂന്നാം ഘട്ടത്തിൽ ഹെയർ ട്രാൻസ്പ്ലാന്റേഷനുമാണു ചെയ്യുന്നത്.
പിആർപി ചികിത്സ എന്താണ് ?
രക്തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന പ്ലാസ്മയിലുള്ള പ്ലേറ്റ്‌ലെറ്റ്സിൽ ഗ്രോത് ഫാക്ടർ (വളർച്ചാ ത്വരകങ്ങൾ) ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വേർതിരിച്ചെടുത്തു കുത്തിവച്ചാൽ ചർമം കൂടുതൽ ചെറുപ്പമാക്കാനും മുറിവുകൾ ഉണക്കാനും മുടി വളർത്താനും കഴിയും.
ശരീരത്തിൽ നിന്ന് 10 മില്ലി – 20 മില്ലി രക്തമെടുത്ത് ടെസ്റ്റ് ട്യൂബിലാക്കി സെൻട്രിഫ്യൂഗ് ചെയ്യും. അപ്പോൾ ഏറ്റവും മുകളിലായി പ്ലാസ്മ വരും. ഇതു ചെറിയ സിറിഞ്ചിലെടുത്തു മുടിയുടെ വേരിനോടു ചേർന്നു കുത്തിവയ്ക്കും. ഇതാണ് പിആർപി ട്രീറ്റ്മെന്റ്. പിആർപി ചെയ്യുമ്പോൾ മുടിനാരുകളിലേക്കുള്ള രക്തയോട്ടം കൂടും. അതുവഴി മുടിക്കു വളരാൻ വേണ്ട പോഷണം കൃത്യമായി ലഭിക്കും. കുത്തിവയ്ക്കുന്ന പ്ലാസ്മ മുടിയുടെ ചുറ്റുമുള്ള ഗ്രോത് ഫാക്ടേഴ്സിനെ ത്വരിതപ്പെടുത്തും. ഇതു മുടിയുടെ വളർച്ചയും ആരോഗ്യവും കൂട്ടും. കൂടാതെ പ്ലാസ്മയിൽ രണ്ടു ശതമാനം സ്റ്റെം സെൽസ് അടങ്ങിയിട്ടുണ്ട്. പുതിയ മുടിനാരുകൾ ഉണ്ടാകുന്നത് സ്റ്റെം സെല്ലുകളിൽ നിന്നാണ്.
ചുരുക്കിപറഞ്ഞാൽ പിആർപി ട്രീറ്റ്മെന്റിലൂടെ നൽകുന്നതു മുടിക്കുള്ള വളമാണ്. മുടി ഉണ്ട് എന്നാൽ ഉള്ളില്ല എന്ന അവസ്ഥയിലാണ് പിആർപി ട്രീറ്റ്മെന്റ് കൂടുതൽ ഫലവത്താകുക.
പാർശ്വഫലങ്ങളില്ല, ചെലവും കുറവ്
പിആർപി ട്രീറ്റ്മെന്റിന്റെ പോസിറ്റീവായ കാര്യം സ്വന്തം രക്തം തന്നെ ഉപയോഗിച്ചുള്ള ചികിത്സയാണ് എന്നതാണ്. അതിനാൽ തന്നെ പാർശ്വഫലങ്ങളും ഇല്ല.
പിആർപി ട്രീറ്റ്മെന്റ് എടുക്കുന്ന ഭാഗം ലേപനം പുരട്ടി മരവിപ്പിച്ചശേഷമാണ് പ്ലാസ്മ കുത്തിവയ്ക്കുന്നത്. കുറഞ്ഞതു 40 ഇൻജെക്‌ഷൻ എങ്കിലും വേണ്ടിവരാം. ചിലർക്കു നേരിയ വേദന തോന്നാം. അത് ഉടൻ മാറുകയും ചെയ്യും. ഒരു സിറ്റിങ്ങിന് ഏകദേശം ഒന്നര മണിക്കൂർ സമയം ക്ലിനിക്കിൽ ചെലവഴിച്ചാൽ മതിയാകും.
പിആർപി ചികിത്സയുടെ ഫലം കിട്ടാൻ സമയമെടുക്കും. ഒന്നോ രണ്ടോ സിറ്റിങ് കൊണ്ടു മുടി വളർച്ചയിൽ കാര്യമായ മാറ്റം പ്രകടമായേക്കില്ല. മാസത്തിൽ ഒന്നു വീതം നാലു സിറ്റിങ് എങ്കിലും വേണ്ടി വരാം. അതിനു ശേഷം ബൂസ്റ്റർ ഡോസ് വേണ്ടിവരും.
തൈറോയ്ഡ് പ്രശ്നങ്ങളോ രോഗാവസ്ഥകളോ ഉള്ളവ ർക്കും പോഷകങ്ങളുടെ അപര്യാപ്തതയുളളവര്‍ക്കും ക ടുത്ത മാനസിക സമ്മർദമുള്ളവർക്കുമൊക്കെ മൂന്നു മാസത്തിൽ ഒരിക്കൽ ‘ബൂസ്റ്റർ ഡോസ്’ ആയി ഓരോ പിആർപി ചെയ്യേണ്ടി വരാം. അല്ലാത്ത സാഹചര്യങ്ങളിൽ ആറു മാസത്തിൽ ഒരു തവണ ബൂസ്റ്റര്‍ എടുത്താൽ മതി.
പിആർപിക്ക് പോസ്റ്റ് ട്രീറ്റ്മെന്റ് കെയറിങ് വളരെ കു റവാണ്. ചികിത്സ ചെയ്യുന്ന ദിവസം മുടി കഴുകേണ്ട. വിയർത്തൊലിക്കുന്ന സാഹചര്യവും ഇൻഫെക്‌ഷനുണ്ടാകാവുന്ന ചുറ്റുപാടും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആളുകൾ കൂട്ടം കൂടുന്ന ഇടങ്ങളും ജിം വ്യായാമങ്ങളും സ്റ്റീം ബാത്തും വേണ്ട. 24 മണിക്കൂറിനു ശേഷം പതിവായി പിന്തുടര്‍ന്നിരുന്ന ഹെയര്‍കെയർ റുട്ടീനിലേക്കു തിരികെ വരാം.
മുടി കൊഴിച്ചിലിനു മരുന്നും ലേപനങ്ങളും ദീർഘകാലത്തേക്ക് ഉപയോഗിക്കുമ്പോൾ വരുന്ന ചെലവു തട്ടിച്ചു നോക്കുമ്പോൾ പിആർപി അത്ര ചെലവേറിയതല്ല.
നൂതന ചികിത്സകൾ ഇനിയുമുണ്ട്
പിആർപി ട്രീറ്റ്മെന്റിലെ നൂതനരീതിയാണ് ഗ്രോത് ഫാക്ടർ കോൺസന്‍ട്രേറ്റ് (ജിഎഫ്സി). പിആർപിയിൽ ഉപയോഗിക്കുന്നതു സ്വന്തം രക്തത്തിലെ പ്ലാസ്മ മാത്രമാണ്. എന്നാൽ ജിഎഫ്സിയിൽ കൃത്രിമമായി നിർമിച്ചെടുത്ത മികച്ച ക്വാളിറ്റിയുള്ള ഗ്രോത് ഫാക്ടേഴ്സും ഉണ്ടാകും. അപ്പോൾ ഗുണം കൂടും. പിആർപിയേക്കാൾ വേദന കുറവുമാണ്. ഇതു കൂടാ തെ പ്ലേറ്റ്‌ലെറ്റ് റിച്ച് ഫൈബർ (പിആർഎഫ്) ട്രീറ്റ്മെന്റുമുണ്ട്.
ഇനി മറ്റൊരു നൂതനമായ ചികിത്സ കൂടി പറയാം; മൈക്രോ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ. ചെവിയുടെ പുറകുഭാഗത്തു നിന്ന് 10-12 മുടി വരുന്ന ടിഷ്യു എടുത്തു മുടിയുടെ ചുവട്ടിലെ സ്റ്റെം സെൽസ് വേർതിരിച്ചെടുക്കും. ഇതു സീറമാക്കി മുടികൊഴിച്ചിലുള്ള ഭാഗത്തു കുത്തിവ യ്ക്കും. അങ്ങനെ പുതിയ മുടിനാരുകളുണ്ടാകും. അതു കൊണ്ടു കാറ്റിലിളകി കവിൾ തൊട്ടു പറക്കുന്ന മുടിയഴക് സ്വപ്നം കണ്ടുതുടങ്ങിക്കോളൂ.
പിആർപി ട്രീറ്റ്മെന്റ് ചർമകാന്തിക്കും
നശിച്ചുപോയ കോശങ്ങളെ ശരീരത്തിലെ കോശങ്ങളിലൂടെ തന്നെ വീണ്ടെടുക്കുകയാണ് പിആർപി ട്രീറ്റ്മെന്റിലൂടെ. അതുകൊണ്ടു തന്നെ പിആർപി ട്രീറ്റ്മെന്റ് ഹെയർ കെയറിൽ മാത്രമല്ല സ്കിൻ കെയറിലും താ രമാണ്. പ്രായാധിക്യത്തിന്റെയും സമ്മർദത്തിന്റെയും ഭാഗമായി മുഖത്തു ചുളിവുകളും കുഴിഞ്ഞ കണ്ണുകളും അലട്ടുന്നവർക്ക് പിആർപിയിലൂടെ യുവത്വവും തുടിപ്പുമുള്ള ചർമം വീണ്ടെടുക്കാനാകും.
പിഗ്‌മന്റേഷൻ പ്രശ്നമായ മെലാസ്മയ്ക്കും പി ആർപി മികച്ച പരിഹാരമാണ്. പിആർപിക്കൊപ്പം പീ ലിങ് പോലുള്ള ചികിത്സകളും ചേർത്താണ് പിഗ്‌മന്റേഷൻ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്.
മൈക്രോനീഡിലിങ് ആൻഡ് റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെന്റ് (MNRF) ആണ് മുഖക്കുരുവിന്റെ കലകൾ മായ്ക്കാൻ ഫലപ്രദമായ ചികിത്സ. ഇതിനൊപ്പം പ്ലേറ്റ് ലെറ്റ് റിച്ച് പ്ലാസ്മ ട്രീറ്റ്മെന്റും (PRP) ചെയ്താൽ ചുരുങ്ങിയ സിറ്റിങ്ങിൽ തന്നെ ഫലം പ്രതീക്ഷിക്കാം.
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
വിവരങ്ങൾക്കു കടപ്പാട് : ഡോ. അശ്വതി മോഹൻ
കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്
റീജെൻകെയർ ക്ലിനിക്,
എൻഎച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി