Saturday 09 November 2024 02:30 PM IST

റോസ്മേരി ഓയിൽ മുടിയുടെ വളർച്ച കൂട്ടുമോ? സ്നെയിൽ മ്യൂസിൻ ഗുണകരമാണോ? അറിയാം

Ammu Joas

Senior Content Editor

rosemary-oil

വേണോ വേണ്ടയോ എന്നു സംശയം ? ഉപയോഗിച്ചാൽ  വേണ്ട ഫലം ലഭിക്കുമോ? ഇനി ലഭിക്കുന്നതു പാർശ്വഫലങ്ങളാകുമോ എന്ന് ആശങ്ക. സോഷ്യൽ മീഡിയയിലെ പല സൗന്ദര്യമന്ത്രങ്ങളും നമ്മുടെ മനസ്സിലേക്ക് പോസ്റ്റ് ചെയ്യുന്നതു പല ചോദ്യങ്ങളാണ്.

ഓരോ സമയത്തും വൈറലാകുന്ന ബ്യൂട്ടി ട്രെൻഡുകൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ പായുന്നവരുമുണ്ട്. ഇത്തരത്തിൽ കണ്ടും കേട്ടും വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ചില ബ്യൂട്ടി ഹാക്കുകളെ കുറിച്ചു വിദഗ്ധർക്ക് എന്താണു പറയാനുള്ളതെന്ന് അറിയാം.

റോസ്മേരി ഓയിൽ മുടിയുടെ വളർച്ച കൂട്ടുമോ ?

മുടിയുടെ വളർച്ചയും ഉള്ളും കൂട്ടാൻ റോസ്മേരി സഹായിക്കും. എണ്ണമയമുള്ള ശിരോചർമമുള്ളവർ റോസ്മേരി വാട്ടറും വരണ്ട ശിരോചർമമുള്ളവർ റോസ്മേരി എണ്ണയും തിരഞ്ഞെടുക്കുക. റോസ്മേരി ഓയിലും റോസ്മേരി വാട്ടറും വിപണിയിലുണ്ട്. ഇവ രണ്ടും  വീട്ടില്‍ സ്വയം തയാറാക്കാനാകുന്നതുമാണ്. മൂന്നു മുതൽ അഞ്ചു മാസം കൃത്യമായി ഉപയോഗിച്ചാലാണു ഫലം ലഭിക്കുക.

അമിതമായി മുടികൊഴിച്ചിലുള്ളവർ റോസ്മേരി ഉപയോഗിച്ചു ഫലം ലഭിക്കും വരെ കാത്തിരിക്കേണ്ട. ഡോക്ടറെ കണ്ടു കൃത്യമായി മരുന്നും ലേപനങ്ങളും ഉപയോഗിക്കുക. റോസ്മേരി വാട്ടർ / ഓയിൽ ഉപയോഗം ചിലരിൽ താരൻ കൂട്ടാൻ കാരണമാകാറുണ്ട്. അലർജി പ്രശ്നങ്ങളോ ശിരോചർമത്തിന് അസ്വസ്ഥതകളോ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കുക. ഓർക്കേണ്ട മറ്റൊരു കാര്യം, റോസ്മേരി എണ്ണയോ റോസ്മേരി വാട്ടറോ ഉപയോഗിച്ചതുകൊണ്ടു മാത്രം മുടി കൊഴിച്ചിൽ പൂർണമായി പരിഹരിക്കാനായേക്കില്ല. മുടിയുടെ ആരോഗ്യത്തിനു വേണ്ട പോഷണം ശരീരത്തിലെത്തുന്നുണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നം കൊണ്ടല്ല മുടികൊഴിച്ചിലെന്നും ഉറപ്പാക്കണം.

സ്നെയിൽ മ്യൂസിൻ ഗുണകരമാണോ ?

കൊറിയൻ സ്കിൻ കെയർ ഉൽപന്നമാണ് സ്നെയിൽ മ്യൂസിൻ. ചർമത്തിനു മൃദുത്വവും ജലാംശവും നൽകാൻ നല്ലതുമാണ് ഈ ഉൽപന്നം.

കൊറിയക്കാരുടെ ചർമത്തിനു വേണ്ടി നിർമിച്ച ഉൽപന്നം നമുക്ക് ഇണങ്ങുമോ എന്നു സംശയം തോന്നാം. എന്നാൽ നമ്മുടെ നാട്ടിലെ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിപണിയിൽ കൊറിയൻ സ്കിൻ കെയർ പ്രൊഡക്റ്റ്സ് ഇപ്പോൾ വൻ താരമാണ്.

എന്തായാലും ഏതു നാട്ടിലുള്ളവരുടെയും ചർമത്തിന് ഹൈഡ്രേഷൻ വളരെ ആവശ്യമാണ്. ഉള്ളിൽ നിന്നും പുറമേ നിന്നും ജലാംശം നൽകണം. ദിവസവും  മൂന്നു ലീറ്റർ വെള്ളം കുടിക്കുന്നതു പൊതുവായുള്ള ആരോഗ്യത്തിനും ചർമത്തിനും നൽകാവുന്ന മികച്ച പരിപാലനമാണ്. സ്കിൻ ഹൈഡ്രേഷനു വേണ്ടി സ്നെയിൽ മ്യൂസിൻ തന്നെ പുരട്ടണമെന്നില്ല, ഹയലുറോണിക് ആസിഡ്, പെപ്റ്റൈഡ് സീറം എന്നിവ ഉപയോഗിച്ചാലും മതി.

ഈർപ്പമുള്ള ചർമത്തിലാണ് സ്നെയിൽ മ്യൂസിൻ പുരട്ടേണ്ടത്. മിക്കവരുടെയും ചർമത്തിനു യോജിക്കുന്ന ഒന്നാണിത്. എന്നിരുന്നാലും ഏത് ഉൽപന്നവും സ്കിൻ പാച്ച് ടെസ്റ്റ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക. പുരട്ടിത്തുടങ്ങുമ്പോൾ കുരുക്കൾ ഉണ്ടാകുകയോ ചർമം ചുവന്നു വരികയോ ചെയ്താൽ ചർമത്തിനു യോജിക്കുന്നില്ലെന്നു മനസ്സിലാക്കി ഒഴിവാക്കാൻ മടിക്കേണ്ട.

മുപ്പതു വയസ്സിനു ശേഷം കൊളാജൻ സപ്ലിമെന്റ് ആവശ്യമാണോ ?

ചർമത്തിനു ദൃഢത നൽകുന്ന ഘടകമാണ് കൊളാജൻ. കൊളാജൻ നഷ്ടപ്പെടുമ്പോഴാണു ചർമത്തിനു ചുളിവു വരുന്നതും ചർമം അയഞ്ഞുതൂങ്ങുന്നതും. 25 വയസ്സിനു ശേഷം ഓരോ വർഷവും ഒരു ശതമാനം വീതം കൊളാജൻ നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ശ്രദ്ധ വേണമെന്നതു ശരിയാണ്. സപ്ലിമെന്റ്സിനെ കുറിച്ചു ചിന്തിക്കും മുൻപ് ആഹാരത്തിലൂടെയും ജീവിതശൈലിയിലൂടെയും കൊളാജൻ ഉൽപാദനം മെച്ചപ്പെടുത്താമോ എന്നു ചിന്തിക്കാം.

ബോൺ ബ്രോത് കൊളാജൻ സമ്പുഷ്ടമാണ്. കോഴിയുടെയും ആടിന്റെയുമൊക്കെ എല്ല് ചെറുതായി നുറുക്കിയതു കൊണ്ടു സൂപ്പുണ്ടാക്കി കുടിക്കാം. ചിക്കൻ, മീൻ എന്നിവ തൊലിയോടെ കഴിക്കാം. മുള്ള് കൂടി കഴിക്കാവുന്ന മീൻ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. ദിവസവും രണ്ടു മുട്ടവെള്ള കഴിക്കുന്നതു ശീലമാക്കാം. വെജിറ്റേറിയൻസ് ഒമേഗ ത്രീ ഫാറ്റി ആസിഡും വൈറ്റമിൻ സിയും അടങ്ങിയഭക്ഷണം കൂടുതലായി കഴിക്കുക. ബ്രോക്‌ലി, ബെറിപ്പഴങ്ങൾ, വോൾനട്ട്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ് എന്നിവ.

അൾട്രാവയലറ്റ്   രശ്മികൾ   ചർമത്തിലേൽക്കുന്നത് കൊളാജൻ നശിപ്പിക്കാം. അതിനാൽ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കണം. വൈറ്റമിന്‍ സി, റെറ്റിനോയ്ഡ് എന്നിവ സ്കിൻ കെയറിൽ ഉൾപ്പെടുത്തുന്നത് പ്രായാധിക്യം തടയാൻ നല്ലതാണ്.

കൊളാജൻ സപ്ലിമെന്റ്സ് കഴിക്കുന്നതുകൊണ്ടു നഷ്ടപ്പെട്ട കൊളാജൻ തിരിച്ചുകിട്ടില്ല. അയഞ്ഞുതൂങ്ങിയ ചർമം ദൃഢതയുള്ളതാക്കാനും കഴിയില്ല. ഓറൽ കൊളാജൻ ചർമത്തിന്റെ തിളക്കത്തിനും തുടിപ്പിനും സഹായിക്കും.

ഗ്ലൂട്ടാത്തിയോണിന് പാർശ്വഫലങ്ങളില്ലേ ?

ചർമത്തിന് നിറം നൽകുന്നത് മെലനിൻ എന്ന ഘടകമാണ്. മെലനിൻ കൂടുമ്പോൾ ചർമത്തിന് ഇരുളിമയും പിഗ്‌മെന്റേഷൻ പ്രശ്നങ്ങളും നിറവ്യത്യാസവും വരാം. ഗ്ലൂട്ടാത്തിയോൺ മെലനിൻ സിന്തസിസ് കുറയ്ക്കുകയും ചർമത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും.

നമ്മുടെ ശരീരത്തിൽ സ്വാഭാവികമായുള്ളതാണ്  ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റ്. അതിനാൽ ഇവ സപ്ലിമെന്റ് ആയി കഴിക്കുന്നതിലോ കുത്തിവയ്പ്പ് എടുക്കുന്നതിലോ പൊതുവേ പാർശ്വഫലങ്ങളില്ല. ഡോക്ടറുടെ നിർദേശത്തോടെ കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. എല്ലാവർക്കും ഒരേ പോലെയാകില്ല ഫലം ലഭിക്കുക. പിഗ്‌മന്റേഷന്റെ കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളാണെങ്കിൽ ഗ്ലൂട്ടാത്തിയോണിലൂടെ മാത്രം പരിഹരിക്കാനുമാകില്ല.

ഗ്ലൂട്ടാത്തിയോൺ  കുത്തിവയ്പ്പ് നൽകുമ്പോൾ ആഴ്ചയിൽ ഒരു ഒന്നു വീതം എട്ട് – പന്ത്രണ്ട് കുത്തിവയ്പ്പാണ് എടുക്കുക. ഇടവേളയിൽ ഗ്ലൂട്ടാത്തിയോൺ ടാബ്‌ലറ്റും ന ൽകും. ഗ്ലൂട്ടാത്തിയോണിനൊപ്പം വൈറ്റമിൻ സി, ബി 12, ഡി എന്നിങ്ങനെ ചർമത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന പോഷകങ്ങൾ ചേർത്തും കൊടുക്കാറുമുണ്ട്.

ഗ്ലൂട്ടാത്തിയോൺ ലഭിക്കാൻ ബ്രോക്‌ലി, കോളിഫ്ലവർ, കാബേജ്, സ്പിനച്ച്, അവക്കാഡോ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

ദന്താരോഗ്യത്തിന് എത്രത്തോളം സഹായകമാണ് ഓയിൽ പുള്ളിങ്?

എണ്ണയുപയോഗിച്ചു വായ വൃത്തിയാക്കുന്നത് പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു നാട്ടുരീതിയാണ്. ഇപ്പോൾ അതിനു വീണ്ടും പ്രചാരമായി എന്നു മാത്രം.

രാവിലെ ബ്രഷ് ചെയ്യുന്നതിനു മുൻപ് ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ വായിലൊഴിച്ച് നന്നായി ചുറ്റിച്ചെടുക്കുക. വായിലാകെ എണ്ണയെത്തണം. ഒരു മിനിറ്റോളം ഇ ങ്ങനെ ചുറ്റിച്ചശേഷം തുപ്പിക്കളയാം. ഇനി ബ്രഷ് ചെയ്യാം.

വായിലെ ദോഷകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാനും മോണയും പല്ലും വൃത്തിയാക്കി മോണരോഗങ്ങളിൽ നിന്നും ദന്തപ്രശ്നങ്ങളിൽ നിന്നും  തടയാനും ഓയിൽ പുള്ളിങ് സഹായിക്കും. വായ്നാറ്റം അകറ്റാനും ന ല്ലതാണിത്. പരിശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ശിരോചർമം വൃത്തിയാക്കാൻ എക്സ്ഫോളിയേറ്റിങ് പാക്സ് ആവശ്യമാണോ ?

ശിരോചർമത്തിലെ അഴുക്കും പൊടിയും എണ്ണമയവും നീക്കുന്നത് ആവശ്യമാണ്. ഇല്ലെങ്കിൽ താരൻ, മറ്റ് ചർമപ്രശ്നങ്ങൾ, മുടികൊഴിച്ചിൽ എന്നിവയുണ്ടാകാം. എന്നാൽ ഇതിനായി എക്സ്ഫോളിയേറ്റിങ് പാക് കൂടിയേ തീരൂ എന്നില്ല.

ശിരോചർമത്തിന്റെ സ്വഭാവം മനസ്സിലാക്കി കൃത്യമായ ഇടവേളയിൽ തല ഷാംപൂ ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. ഓരോരുത്തർക്കും ഇണങ്ങുന്ന ഷാംപൂവും കണ്ടീഷനറും തിരഞ്ഞെടുക്കുക എന്നതു പ്രധാനമാണ്. ചിലരുടെ ശിരോചർമം എണ്ണമയുള്ളതാണെങ്കിലും മുടി വരണ്ടതാകാം. ഇക്കൂട്ടർ തല കഴുമ്പോൾ ശിരോചർമത്തിൽ ഷാംപൂ പുരട്ടുക. മുടിയിഴകളിൽ കണ്ടീഷനർ പുരട്ടുക. ഇത് ഒന്നിച്ചു കഴുകിക്കളയാം.

സ്കാൽപ് എക്സ്ഫോളിയേഷൻ ചെയ്യുന്നവർ ആഴ്ചയിൽ ഒരു തവണയിൽ കൂടുതൽ പാക് ഉപയോഗിക്കേണ്ട. അമിതമായ ഉപയോഗം ശിരോചർമം സെൻസിറ്റീവ് ആ ക്കാം. എക്സ്ഫോളിയേറ്റിങ് മാസ്കുകളുടെ ഒരു പ്രശ്നം ഏറെ മുടിയുള്ളവർക്ക് ഈ മാസ്ക് കഴുകിക്കളയാൻ പ്രയാസമായിരിക്കും. ശിരോചർമത്തിൽ ഇത് അടിഞ്ഞിരിക്കും.

ഐസ് ക്യൂബ് ഇട്ട വെള്ളത്തില്‍ മുഖം ആഴ്ത്തുന്നത് ശരിയോ ?

ചില സെലിബ്രിറ്റീസിന്റെ ബ്യൂട്ടി ഹാക് ആണ് ഐസ് ഡിപ്പിങ്. ഒരു ബൗളിൽ വെള്ളമൊഴിച്ച് അതില്‍ ഐസ് ക്യൂബ് ഇട്ടശേഷം ഇതിൽ മുഖം അല്‍പനേരം ആഴ്ത്തി വയ്ക്കുന്നതാണ് ഐസ് ഡിപ്പിങ്. ഇങ്ങനെ ചെയ്താൽ കുറച്ചു സമയത്തേക്ക് ചർമം റിഫ്രഷ് ആയപോലെ തോന്നാം. ചർമത്തിലെ വലിയ സുഷിരങ്ങൾ താൽകാലികമായി ചുരുങ്ങാം.

മേക്കപ്പിനു മുന്നോടിയായുള്ള സ്കിൻ പ്രിപ്പറേഷന്റെ ഭാഗമായി ഐസ് ഡിപ്പിങ് ചെയ്യുന്നത് മേക്കപ്പിനു ഫിനിഷിങ് കിട്ടാൻ സഹായിക്കും. അതല്ലാതെ ദീർഘകാല ഗുണങ്ങളില്ല.

പക്ഷേ, ഇതിന് ചില ദൂഷ്യവശങ്ങളുണ്ട്. എല്ലാവർക്കും യോജിച്ചതല്ല ഐസ് ഡിപ്പിങ്. മൈഗ്രേൻ, സൈനസൈറ്റിസ് എന്നിവയുള്ളവർക്ക് ഐസ് വെള്ളത്തിൽ മുഖം ആ ഴ്‍ത്തുന്നത് ട്രിഗർ ഫാക്ടറാകാം.

വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്, കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തെറ്റിക്ക, കൊച്ചി

Tags:
  • Glam Up
  • Beauty Tips