കൗമാരത്തിൽ സൗന്ദര്യ ചിട്ടകളും ചികിത്സകളും വേണ്ടെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ കൗമാര കാലത്തെ ചർമപ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. ഇക്കാര്യത്തിൽ ഇനി ആശയക്കുഴപ്പം വേണ്ട...
തേർ‘ടീൻ’ മുതൽ നയൻ‘ടീൻ’ വരെയുള്ള ‘ടീൻ കാലം’ പെൺകുട്ടികളെയും ആൺകുട്ടികളെയും അടിമുടി മാറ്റുന്ന സമയമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്കൊപ്പം അതുവരെയില്ലാതിരുന്ന ചർമപ്രശ്നങ്ങളും ഹോർമോണുകൾ ആഘോഷമാക്കുന്ന കൗമാരക്കാലത്ത് ഉണ്ടാകും. സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങുന്ന പ്രായമായതിനാൽ എണ്ണമയവും മുഖക്കുരുവും അമിത രോമവളർച്ചയും ഇവരെ അസ്വസ്ഥരാക്കുകയും ചെയ്യും, പ്രത്യേകിച്ചു പെൺകുട്ടികളെ.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ ഇൻഫ്ലുവൻസ് കൂടിയാകുമ്പോൾ കൗമാരക്കാരും മാതാപിതാക്കളും ഒരുപോലെ ആശയക്കുഴപ്പത്തിലാകും. ഇതെല്ലാം പുരട്ടാതിരുന്നാൽ ചർമകാന്തി നഷ്ടപ്പെടുമോ അതോ കൗമാരത്തിലേ ഉപയോഗിച്ചാൽ ചർമത്തിന്റെ ആരോഗ്യം തന്നെ നഷ്ടമാകുമോ... കൗമാരക്കാരുടെ ചർമസംരക്ഷണത്തെ സംബന്ധിച്ച പൊതുസംശയങ്ങളും ഉത്തരങ്ങളുമിതാ...
സ്കിൻ കെയർ റുട്ടീൻ വേണോ ?
ഏതു പ്രായത്തിലും ചർമസംരക്ഷണത്തിനായി അൽപം സമയം മാറ്റിവയ്ക്കുന്നതു നല്ലതാണ്. വൃത്തിയോടെയിരിക്കുക എന്നതാണു കൗമാരകാലത്തെ ചർമസംരക്ഷണത്തിൽ പ്രധാനം. രാവിലെത്തെയും വൈകുന്നേരത്തെയും സ്കിൻ കെയർ റുട്ടീനിൽ ഒഴിച്ചുകൂടാനാകാത്തത് ക്ലെൻസിങ് ആണ്. ചർമസ്വഭാവത്തിനു യോജിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു വേണം മുഖം വൃത്തിയാക്കാൻ. കൗമാരക്കാരുടെ മുഖം പൊതുവേ നോർമൽ അല്ലെങ്കിൽ ഓയിലി ആയിരിക്കും. അതുകൊണ്ടു മോയിസ്ചറൈസർ ആവശ്യമില്ല. അമിതമായി വരണ്ട ചർമമുള്ളവർ രാവിലെയും വൈകിട്ടും മോയിസ്ചറൈസർ ഉപയോഗിക്കുക.
സൺസ്ക്രീൻ നിർബന്ധമല്ല, സ്കൂൾ കാലത്ത് പ്രത്യേകിച്ചും. അമിതമായി വെയിൽ കൊള്ളേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രം സൺസ്ക്രീൻ പുരട്ടുക. രാത്രിയിൽ ക്ലെൻസിങ് മാത്രം മതി.
മുഖക്കുരു അമിതമായി വരുന്നുണ്ടെങ്കിൽ അതിനുവേണ്ട മെഡിക്കേറ്റഡ് ക്രീം/ജെൽ ഡോക്ടറുടെ നിർദേശത്തോടെ ഉപയോഗിക്കണം. ക്ലെൻസറും സൺസ്ക്രീനുമൊക്കെ തിരഞ്ഞെടുക്കുന്നതിൽ സംശയമുണ്ടെങ്കിലും ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.

ചർമം സുന്ദരമായിരിക്കാൻ പ്രധാനമായി ചെയ്യേണ്ടത് എന്തെല്ലാം ?
വെളുപ്പാണു സൗന്ദര്യം എന്ന ചിന്ത മാറ്റുക. ആരോഗ്യവും തിളക്കവുമുള്ള ചർമം സ്വന്തമാക്കാനാണു ശ്രമിക്കേണ്ടത്.
∙ ധാരാളം വെള്ളം കുടിക്കണം. ജലാംശമുള്ള ചർമം മാത്രമേ എന്നും യുവത്വത്തോടെ നിലനിൽക്കൂ. ശരീരത്തിലെ മാലിന്യങ്ങൾ അകലുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
∙ സമീകൃത ആഹാരം കഴിക്കണം. ഡയറ്റിങ്ങിന്റെ പേരിൽ ആഹാരം കഴിക്കാതിരിക്കരുത്. എല്ലാ നിറത്തിലുള്ള ഭക്ഷണവും ശരീരത്തിലെത്തുന്നുണ്ടെന്നു ഉറപ്പാക്കണം. ചർമത്തിന്റെ ആരോഗ്യം കാക്കുന്ന വൈറ്റമിൻ ഇ, എ, സി എന്നിവ ഉറപ്പാക്കാൻ പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും പതിവായി കഴിച്ചാൽ മതി.
∙ രണ്ടു നേരം മാത്രം ഫെയ്സ് വാഷ് ഉപയോഗിക്കുക. ഇടയ്ക്ക് മുഖം വൃത്തിയാക്കാൻ സാധാരണ വെള്ളം മാത്രം ഉപയോഗിക്കുക. അധികനേരം വെയിലും പൊടിയുമേൽക്കേണ്ടി വന്നാൽ മാത്രം ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകുക.
∙ പുറത്തു പോയി വരുമ്പോൾ ആദ്യം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക. ഈർപ്പം മാറ്റിയശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകുക. ഇതു അഴുക്കു നീങ്ങി ചർമം വൃത്തിയാകാനും ചർമസുഷിരങ്ങൾ അടയാനും സഹായിക്കും.
∙ നെറ്റി, പിൻകഴുത്ത്, തോൾ, പുറം എന്നീ ശരീരഭാഗങ്ങളിൽ കുരുക്കൾ വരുന്നതിനു പിന്നിലെ കാരണം തലയിലെ താരനാകാം. കൃത്യമായ ഇടവേളയിൽ ശിരോചർമം വൃത്തിയാക്കാതിരിക്കുക, അമിത വരൾച്ചയോ എണ്ണമയമോ ഉള്ള ശിരോചർമം കൗമാരക്കാരെ അലട്ടുന്ന താരനു കാരണമാണ്. ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നതിലൂടെ താരൻ നിയന്ത്രിക്കാൻ കഴിയും.
∙ മുഖത്തെ ചർമം പോലെയാകില്ല ശരീരം. വരൾച്ചയുണ്ടെങ്കിൽ കുളി കഴിഞ്ഞുവന്ന ശേഷം ഈർപ്പത്തോടെ മോയിസ്ചറൈസർ പുരട്ടുക. രാത്രി ഉറങ്ങും മുൻപും മോയിസ്ചറൈസർ ഉപയോഗിക്കണം.
മുഖക്കുരു വരാതിരിക്കാൻ വഴിയുണ്ടോ ?
കൗമാരകാലത്ത് 90 ശതമാനം പേരെയും അലട്ടുന്ന ചർമപ്രശ്നമാണ് മുഖക്കുരു. ഈ പ്രായത്തിൽ സ്ത്രീ-പുരുഷഹോർമോണുകൾ പ്രവർത്തനനിരതമാകുന്നതിനാൽ സെബം അധികമുണ്ടാകും. ത്വക്കിലുള്ള രോമസുഷിരങ്ങളിൽ സെബം തങ്ങിനിന്നു ചെറിയ കുരുക്കൾ രൂപപ്പെടും.
പ്രൊപയോണി ബാക്ടീരിയം എന്ന ബാക്ടീരിയ ചർമത്തിൽ സാധാരണ കാണപ്പെടുന്നതാണ്. ഈ ബാക്ടീരിയ ചിലരിലെ സെബേഷ്യസ് ഗ്രന്ഥികളിൽ വളർന്നു പെരുകി പഴുപ്പ് നിറഞ്ഞ കുരുക്കൾ ഉണ്ടാകുന്നതാണ് മുഖക്കുരു. മുഖക്കുരുവിന്റെ ഗ്രേഡ് 1 വിഭാഗമാണ് ബ്ലാക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ. ഗ്രേഡ് 2 ചെറിയ കുരുക്കൾ പോലെ വരുന്നവ. ഗ്രേഡ് 3 ആണ് പഴുപ്പു നിറഞ്ഞ മുഖക്കുരു. വലുയ ചുവുന്ന പഴുത്തു വരുന്നതാണ് ഗ്രേഡ് 4. മുഖത്തെ എണ്ണമയം നിയന്ത്രിക്കുന്നതും ബാക്ടീരിയയുടെ വളർച്ചയെ തടയുന്നതുമാണ് മുഖക്കുരു തടയാനുള്ള വഴി. രണ്ടു നേരത്തെ ക്ലെൻസർ ഉപയോഗത്തിലൂടെ ഒരുപരിധി വരെ മുഖക്കുരു തടയാനാകും.
ഇടയ്ക്കിടെ മുഖത്തു തൊടുന്നതു മുഖക്കുരു കൂട്ടും. കുരുക്കൾ പൊട്ടിക്കാൻ ശ്രമിക്കരുത്. അമിത കാലറിയും കൊഴുപ്പുമടങ്ങിയ ആഹാരം പതിവായി കഴിക്കുന്നതും മുഖക്കുരു വരാൻ കാരണമാകും. ആർത്തവ ക്രമക്കേടുകളും മുഖക്കുരു വരുത്തും.
ബ്യൂട്ടി ട്രീറ്റ്മെന്റ്സ് എന്തെല്ലാം ?
കൗമാരപ്രായത്തിൽ തിളക്കവും പ്രസരിപ്പും സ്വാഭാവികമായും കാണും. വളർച്ചാ ഘട്ടത്തിൽ ചർമത്തിനു ആരോഗ്യവും തിളക്കവും നൽകുന്ന ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ക്ലീൻ അപ് പോലുള്ള ട്രീറ്റ്മെന്റ്സ് 13 വയസ്സിലേ തുടങ്ങാം. പക്ഷേ, മൃദുമായി വേണം ചർമത്തെ സമീപിക്കാൻ. ആറു മാസത്തിൽ ഒരിക്കൽ ക്ലീൻ അപ് ചെയ്താലും മതി.
മുഖക്കുരു നീക്കാനുള്ള ആക്‌നെ ട്രീറ്റ്മെന്റ്, താരനകറ്റാൻ ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റ് എന്നിവ 16 വയസ്സു മുത ൽ ചെയ്യാം. പെഡിക്യൂർ, മാനിക്യൂർ, വാക്സിങ് എന്നിവയും ഈ പ്രായത്തിൽ തന്നെ തുടങ്ങാം. സൗന്ദര്യം കൂട്ടുക എന്നതിനേക്കാൾ വൃത്തിയോടെയിരിക്കാൻ സഹായിക്കുന്ന ട്രീറ്റ്മെന്റ്സ് വേണം ചെയ്യാനെന്നു ചുരുക്കം.
മുഖത്ത് അമിത രോമവളർച്ചയുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ പ്രതിവിധി കാണുക. റേസർ ഉപയോഗവും വാക്സിങ്ങും ചർമത്തെ അസ്വസ്ഥമാക്കാം.
എത്ര വയസ്സു മുതല്‍ ഫേഷ്യൽ ചെയ്യാം ?
20 വയസ്സാണ് ഫേഷ്യലിങ് തുടങ്ങേണ്ട ഐഡിയൽ പ്രായം. കാരണം ഈ പ്രായമെത്തുമ്പോഴാണു ചർമത്തിന് ഫേഷ്യൽ ചെയ്തു പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഉണ്ടാകുക.
മുഖം മസാജ് ചെയ്യുന്നതാണു ഫേഷ്യലിലെ പ്രധാന ഘട്ടം.
കൗമാരക്കാർക്ക് ഫെയ്സ് മസാജിന്റെ ആവശ്യമില്ല. മാത്രമല്ല, മുഖം മസാജ് ചെയ്യുമ്പോൾ സെബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപെടുന്നുണ്ട്. അതിനാലാണ് ഫെയ്സ് മസാജിനു ശേഷം മുഖത്തിനു തിളക്കവും മൃദുത്വവും വരുന്നത്. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം മുഖക്കുരു കൂട്ടും.
പൊടിക്കൈകൾ പരീക്ഷിക്കാമോ ?
തക്കാളിനീര്, പാൽ, തൈര്, ഉരുളക്കിഴങ്ങ് നീര്, ഓറഞ്ച് ജ്യൂസ് എന്നിങ്ങനെ വീട്ടിൽ തന്നെയുള്ള പല ചേരുവകളിലും ചർമകാന്തിക്കു സഹായിക്കുന്ന ഘടകങ്ങൾ നേരിയ അളവിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ ഇവ ചേർന്ന ഫെയ്സ് പാക് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനുരാധ കാക്കനാട്ട് ബാബു
ലീഡ് സീനിയർ കൺസൽറ്റന്റ്, െഡർമറ്റോളജി വിഭാഗം
ആസ്റ്റർ മെഡ്സിറ്റി, കൊച്ചി