Thursday 18 April 2019 04:12 PM IST : By സ്വന്തം ലേഖകൻ

അച്ഛനെന്റെ കരളല്ലേ...; അച്ഛന് കരൾ പകുത്തു നൽകി 19കാരി മകൾ; കൈകൂപ്പി സോഷ്യൽ മീഡിയ

liver

കാലവും കാതവും ഏറെ കടന്നു പോയിരിക്കുന്നു. പെൺകരുത്തിന്റേയും പെരുമയുടേയും കഥകൾ അങ്ങ് ബഹികാരശത്ത് നിന്നു വരെ കേൾക്കാനുണ്ട്. എത്രയൊക്കെയായാലും പിറന്ന് വീഴുന്ന പെൺമണികളെ നോക്കി ചുളിയുന്ന മുഖങ്ങൾ ഒന്ന, ഒരു നൂറെണ്ണം ഉണ്ടാകും നമുക്ക് ചുറ്റു. പെണ്ണിന്റെ സ്വത്വവും അസ്ഥിത്വവും അംഗീകരിച്ചു തരാൻ മടിയുള്ള ഒരു വിഭാഗം ഇക്കാലത്തും ഉണ്ടെന്ന് നിസംശയം പറയാം. പഴകിപ്പൊളിഞ്ഞ അത്തരം ആണധികാരങ്ങളെ നോക്കി രാഖി ദത്തഎന്ന പെൺകൊടി നിഷ്ക്കളങ്കമായി പുഞ്ചിരിക്കുകയാണ്. ജീവിതത്തിന്റെ ബാലൻഷീറ്റിൽ സ്വന്തം അച്ഛന്റെ കണക്കു കൂട്ടലുകൾ തെറ്റിയപ്പോൾ കരളുറപ്പോടെ നിന്ന തന്റേടിപ്പെണ്ണ്. പെൺമക്കൾ ബാധ്യതയെന്ന് ധരിക്കുന്ന ആണധികാരത്തിന്റെ അപ്പോസ്തലൻമാരുടെ വായടപ്പിച്ച്, കരൾ നിറയ്ക്കുന്നൊരു കഥയാണ് അവളിന്ന് പങ്കുവയ്ക്കുന്നത്. ഇന്നവളെ നോക്കി അവളുടെ അച്ഛൻ അഭിമാനത്തോടെ പറയുന്നു. ‘ജീവിതത്തിൽ ഞാൻ ചേർത്തുവച്ച ഈ നിധി ജീവിതാന്ത്യം വരേക്കുമുള്ള തന്റെ ലൈഫ് ലോംഗ് ഡിപ്പോസിറ്റ് എന്ന്!’

ഇനി കഥയിലേക്ക് വരാം, ജീവനെടുക്കാൻ പോന്നൊരു മുറിപ്പാടായിരുന്നു വിധി രാഖി ദത്തയുടെ അച്ഛന് സമ്മാനിച്ചിരുന്നത്. ജീവിക്കാൻ അച്ഛന് കരൾ പകുത്തു നൽകണമെന്നായപ്പോൾ സഹായം തേടി പത്രത്തിൽ പരസ്യം നൽകിയില്ല. തന്റെ കരളിന്റെ 65 ശതമാനം അച്ഛനു പകുത്തു നൽകി അവൾ ജീവിതത്തെ ധീരതയോടെ നേരിട്ടു.

ധീരമായ ആ തീരുമാനം തനിക്ക് ഒരിക്കലും മായ്ക്കാനാകാത്ത മുറിപ്പാട് നൽകുമെന്നും, ഒരു പക്ഷേ തന്റെ ജീവനു തന്നെ ഭീഷണിയാകുമെന്നും പലരും പറഞ്ഞു നോക്കി. പക്ഷേ അവൾ കൂസാക്കിയില്ല. അച്ഛനെ രക്ഷിക്കാൻ കരൾ പകുത്തു നൽകുക തന്നെ ചെയ്യുമെന്ന ധീരമായ തീരുമാനവുമായി മുമ്പോട്ടു പോയി.

രണ്ട് പെൺമക്കളാണ് രാഖിയുടെ അച്ഛന്.  അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ ഇരുവരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. രോഗം നിർണയിക്കാനും ഫലപ്രദമായ രീതിയിൽ ചികിൽസ നൽകാനും കൊൽക്കത്തയിലെ പ്രമുഖ ഡോക്ടർമാർക്ക് പോലും കഴിയാതെ വന്നതോടെയാണ് അച്ഛനെയും കൊണ്ട് ഇരുവരും ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻഡ്രോളജിയിൽ എത്തിയത്. അച്ഛന്റെ അവസ്ഥയെക്കുറിച്ചും കരൾമാറ്റ ശസ്ത്രക്രിയയെക്കുറിച്ചും ഒക്കെ അവിടുത്തെ ഡോക്ടർമാർ പെൺമക്കളോട് വിശദീകരിച്ചു. എത്ര തേടിയിട്ടും അച്ഛന് അനുയോജ്യമായ ഒരു കരൾ ദാതാവിനെ കണ്ടെത്താൻ അവർക്കായില്ല. സമയം മുന്നോട്ടു പോകുന്തോറും അച്ഛന് ജീവനു തന്നെ ആപത്തു സംഭവിച്ചേക്കാം എന്ന തിരിച്ചറിവിലാണ് കൗമാരക്കാരിയായ ആ പെൺകുട്ടി മറ്റു പലർക്കും കഠിനമെന്നു തോന്നാവുന്ന ഒരു തീരുമാനമെടുത്തത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്‍റെ ഭംഗി നഷ്ടപ്പെടുമെന്നും മുറിപ്പാടുകളും വേദനയും സഹിക്കേണ്ടി വരുമെന്നും അറിഞ്ഞിട്ടും തീരുമാനത്തില്‍ ഉറച്ചുനിന്ന രാഖിയെ അഭിനന്ദിക്കുകയാണ് ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയും. ഇവള്‍ ഞങ്ങളുടെ ഹീറോ എന്ന കുറിപ്പോടെ പ്രചരിക്കുന്ന രാഖിയുടേയും അച്ഛന്‍റേയും ചിത്രത്തിന് മുമ്പില്‍ കൈകൂപ്പുകയാണ് ലോകം.

പെൺകുഞ്ഞുങ്ങൾ‌ ശാപമാണെന്നും ഭാരമാണെന്നും ചിന്തിച്ചിരുന്ന ആളുകളിൽ പലരും ഒരു നിമിഷത്തേക്കെങ്കിലും പ്രാർഥിച്ചിട്ടുണ്ടാവും ഇതുപൊലൊരു പൊൻമകൾ തങ്ങൾക്ക് പിറന്നിരുന്നെങ്കിലെന്ന് പറഞ്ഞുകൊണ്ടാണ് പലരും ധീരയായ ഈ പെൺകുട്ടിയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.