Thursday 23 June 2022 10:08 AM IST

‘ഷോളിലെ സീക്വൻസുകൾ തീയോടൊപ്പം അന്ന് ചർമത്തിലേക്ക് ഉരുകിച്ചേർന്നു’: അവൾ അനുഭവിച്ച വേദന, കൈപിടിച്ച് അവൻ: അക്കഥ

Binsha Muhammed

akhil-amrutha-story-cover

‘എന്നെ കെട്ടാൻ ഏതെങ്കിലും ചെക്കൻ വരുമോ അമ്മാ...ആരെങ്കിലും വരുമായിരിക്കും അല്ലേ...’

ആ ചോദ്യം കേട്ട് മെറ്റിയമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ തെല്ലൊന്നു പൊടിഞ്ഞെങ്കിലും അത് അവൾ കാണാതെ ഒളിച്ചു വച്ചു. സങ്കടത്തിന്റെ ഇരുട്ടു കയറിയ മുഖത്ത് പുഞ്ചിരി തെളിയിച്ച് പറഞ്ഞു.

‘അതിന് നിനക്കെന്താ പെണ്ണേ.കുറവ്.. നിന്നെ കെട്ടാൻ വിധിച്ചവൻ അകലെയെയിവിടെയോ ഉണ്ട്. കൃത്യസമയമാകുമ്പോൾ അവൻ നിന്റെയരികിൽ വരും.’

വെറുതേ ആശ തരാൻ പറഞ്ഞതല്ലെങ്കിലും ആ വാക്കുകൾ അമൃതയുടെ ഉള്ളിലെ തീ കെടുത്താൻ പോന്നൊരു തണുപ്പാണ്.

‘നിനക്കെന്താ കുറവ്...!’

അമ്മയുടെ നാവിൽ നിന്നും അതു കേൾക്കുമ്പോൾ അമൃതയുടെ ഉള്ളംനിറയും. അവളെ പൊള്ളിച്ച വേദനകളുടെ ആഴവും പരപ്പും മറക്കും.

മുഖത്തൊരു കാക്കപ്പുള്ളി തെളിഞ്ഞു കണ്ടാൽ പ്ലാസ്റ്റിക് സർജറിക്കോടുന്നവരുടെ കാലത്ത് ഇതാ ഒരു പെണ്ണ് അഴകളവുകളും സൗന്ദര്യ സങ്കൽപ്പങ്ങളും പൊളിച്ചെഴുതുകയാണ്. മുഖത്തിനെന്തു പറ്റി മോളേ... എന്ന് ചോദിച്ചവരോട് ഇതാണ് ഞാനെന്ന് ആത്മവിശ്വാസത്തോടെ ഉറക്കെ പറയുകയാണ് അമൃത പൈയെന്ന 23കാരി.

കാലം കടന്നു പോകുമ്പോൾ അമൃതയുടെ അമ്മ പറഞ്ഞ വാക്കുകൾ കൂടി സത്യമെന്ന് തെളിയുന്നിടത്താണ് ഈ കഥയിലെ ട്വിസ്റ്റ്. ‘ചന്തം നോക്കി പ്രേമിക്കുന്നവരുടെ കാലത്ത് ചങ്കിലാണ് പെണ്ണേ...’ എന്ന് പറഞ്ഞ ആണൊരുത്തൻ. അഖിലയുടെ അമ്മ മെറ്റി പറഞ്ഞതു പോലെ വിധി കാത്തുവച്ചവൻ. സങ്കടവും വേദനകളും പ്രതിസന്ധികളും പ്രണയവും ഇഴചേർന്ന് ഒരുനദി പോലെയൊഴുകിയ ആ ജീവിതം. അമൃത മനസു തുറക്കുകയാണ് ‘വനിത ഓൺലൈനോട്.’

പച്ചമാംസത്തിൽ ആഴ്ന്നിറങ്ങിയ നോവ്

ചില മുറിവുകളെ കാലം മായ്ച്ചു കളയുമെന്ന് പറയാറില്ലേ... പക്ഷേ എന്റെ കാര്യത്തിൽ മാത്രം അതുതെറ്റി. പച്ചമാംസത്തിൽ ആഴ്ന്നിറങ്ങിയ തീയുടെ വേവ് അന്നേ കെട്ടടങ്ങിയിരുന്നു. പക്ഷേ വേദനയുടെ അടയാളങ്ങൾ മാത്രം ബാക്കിയായി. തുറിച്ചു നോട്ടങ്ങൾ, സഹതാപങ്ങൾ, ചോദ്യശരങ്ങൾ... എന്നെ ഇങ്ങനെയാക്കിയ ആ ദിവസം ഞാന്‍ മറക്കില്ല. അന്ന് ഞാൻ അഞ്ചാം ക്ലാസിലാണ്.– അമൃത പറഞ്ഞു തുടങ്ങുകയാണ്.

ക്ലാസു കഴിഞ്ഞാൽ സ്കൂളിനടുത്തുള്ള അമ്മ ജോലി ചെയ്യുന്നതയ്യൽ കടയിലേക്ക് ഓടിയെത്തും. അതാണ് പതിവ്. അമ്മയുടെ പേര് മെറ്റി. അന്ന് അമ്മയ്ക്ക് തയ്യലാണ് ജോലി. ഇന്ന് അമ്മ കൊച്ചിയിൽ ഷീ ടാക്സി നെറ്റ്‍വർക്കിൽ ഡ്രൈവർ. അച്ഛൻ. സോമൻ, സൗദിയിൽ ഡ്രൈവർ. അനിയത്തിയുടെ പേര് അശ്വതി. ബിഎസ്‍എസിക്കു പഠിക്കുന്നു. തയ്യൽക്കാരിയായ അമ്മ എങ്ങനെ ഡ്രൈവറായി എന്ന ചോദ്യത്തിനും എനിക്കു സംഭവിച്ച വിധിയിൽ ഉത്തരമുണ്ട്. അത് വഴിയേ പറയാം...

അന്ന്.. അഞ്ചാം ക്ലാസ് പരീക്ഷ നടക്കുന്ന സമയം. പതിവുപോലെ അമ്മയുടെ കടയിലേക്കെത്തി. പിറ്റേന്ന് പരീക്ഷയുള്ളതു കൊണ്ട് അമ്മ പറഞ്ഞു. ‘മോള് വീട്ടിൽ പോയിരുന്ന് പഠിച്ചോ...’ വീട്ടിലാണെങ്കില്‍ അച്ഛന്റെ സഹോദരങ്ങളൊക്കെയുണ്ട്. വലിയവീടൊന്നുമല്ല. ചെറിയൊരു വീട്, അവിടെ വളരെ ചെറിയ ഒരേയൊരു മുറി. രണ്ട് കട്ടിൽ ചേർത്തിട്ടതാണ് ആ മുറി. പഠിച്ചു കൊണ്ടിരിക്കേ പുസ്തകം കട്ടിലിനടിയിലേക്ക് പോയി. ലൈറ്റുണ്ടായിട്ടും, മുറിയുടെ ഇടുക്കവും രണ്ട് കട്ടിൽ ചേർത്തിട്ടതു കൊണ്ട് അടിഭാഗം കാണാനായില്ല. ഒന്നുമറിയാത്ത പ്രായം... ഞാനാണെങ്കിൽ അടുക്കളയിൽ പോയി വിളക്കെടുത്തു കൊണ്ടുവന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം എടുക്കുകയും ചെയ്തു. ആ സമയങ്ങളിൽ ഞാൻ ഫിക്സിന് മരുന്നു കഴിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, പുസ്തകം എടുത്ത് ഇറയത്തേക്ക് വന്നപ്പോൾ എന്തോ തലകറങ്ങും പോലെ ഫീൽ ചെയ്തു. അടുത്ത നിമിഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല, കയ്യിലിരുന്ന മണ്ണണ്ണവിളക്കിനൊപ്പം ഞാൻ തലകറങ്ങി നിലതെറ്റി തറയിലേക്ക് പതിച്ചു.

ഇടതുമുഖം ഊക്കോടെ തറയിൽ വന്നു പതിച്ചു. മണ്ണെണ്ണ വിളക്കിൽ നിന്നും ആളിക്കത്തിയ തീ ആദ്യം ഷോളിലേക്കാണ് പടർന്നു കയറിയത്. എന്നാനാലാകും വിധം ഞാൻ അലറിക്കരഞ്ഞു. കാറിവിളിച്ചു... അപ്പോഴേക്കും മുഖത്തിന്റെ വലതുഭാഗത്തേക്ക് മണ്ണെണ്ണ മണമുള്ള തീ നാളങ്ങൾ കത്തിക്കയറി. അപ്പോഴും ഞാൻ അലറിവിളിക്കുന്നുണ്ട്്. പക്ഷേ ശബ്ദം മാത്രം പുറത്തുവന്നില്ല. നിലവിളി കേട്ട് ഓടിയെത്തിയ അച്ഛന്റെ സഹോദരിമാരും അടുത്തുള്ള ചേട്ടൻമാരുമൊക്കെ വെള്ളം കോരിയൊഴിക്കുമ്പോൾ എനിക്ക് പാതി ബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേദനയ്ക്കൊപ്പം ദേഹത്ത് എന്തൊക്കെയോ പുകഞ്ഞും എരിഞ്ഞും കയറുന്നത് പാതിബോധത്തില്‍ ഞാനറിഞ്ഞു.

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. 40 ശതമാനം പൊള്ളലേറ്റ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നു പോലും അവർക്ക് ഉറപ്പുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴും ദേഹവും ചർമവും പുകഞ്ഞു കൊണ്ടേയിരുന്നു. ആശുപത്രി ബെഡിൽ കിടന്ന എന്റെ ദേഹത്ത് വെള്ളം കോരിയൊഴിച്ചു കൊണ്ടേയിരുന്നു.

വെന്റിലേറ്ററിൽ പ്രവേശിപ്പിപ്പിക്കപ്പെട്ട ഞാൻ രക്ഷപ്പെടുമോ എന്ന ഉറപ്പു പോലും ഡോക്ടർമാർ പറഞ്ഞില്ല. ബോധം വരുമ്പോഴോക്കെ ചങ്കുപറിയുന്ന വേദന. വീട്ടുകാരുടെ സങ്കടം കണ്ടാണ് കൊച്ചിയിലുള്ള ഒരു ബന്ധു അവർ നഴ്സായി ജോലി നോക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് എന്നെ എത്തിച്ചത്. ആരും ഏറ്റെടുക്കാത്ത റിസ്ക് അവിടെയുള്ള ഡോക്ടർ ഏറ്റെടുക്കുന്നത് അങ്ങനെയാണ്.

അപകടം നടക്കുമ്പോൾ കല്ലു പതിപ്പിച്ച ഒരു ഷോളാണ് ഞാൻ ധരിച്ചിരുന്നത്. ഷോളിലെ സീക്വൻസുകളും കല്ലുമൊക്കെ തീയോടൊപ്പം എന്റെ തൊലിയിലേക്ക് ഒട്ടിച്ചേർന്നിരുന്നു. തൊലിയിൽ നിന്ന് അത് നീക്കം ചെയ്യാൻ പോയിട്ട്, ഒന്നു തൊടാൻ പോലും ആയില്ല. ഒടുവിൽ ആ തൊലിയുൾപ്പെടെ എന്നിൽ നിന്നും അടർത്തിമാറ്റി. ആ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിച്ച വേദന...– ഒരു നിമിഷം അമൃതയുടെ കണ്ണുകൾ ഈറനണിഞ്ഞു.

തീയിൽ പൊള്ളിയടർന്ന ദേഹം പൂർണമായും പഴയതു പോലെയാകില്ലെന്ന് ഡോക്ടർമാരെ പോലെ എനിക്കും അറിയാമായിരുന്നു. ആകെ മുന്നിലുണ്ടായിരുന്ന പ്രതീക്ഷ പ്ലാസ്റ്റിക് സർജറി. തുടയിൽ നിന്നും ചർമം എടുത്ത് മുഖത്ത് ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അതു വരെ ഒരു വേദനയാണ് ഞാൻ അനുഭവിച്ചതെങ്കില്‍ ഇക്കുറി മാംസം കട്ട് ചെയ്ത് തുടയിലേയും മുഖത്തേയും വേദന എന്നെ ഒരുപോലെ തളർത്തി. ദൈവം എനിക്കു മാത്രം ഇത്രയും വേദന തന്നതെന്തെന്ന് ചോദിച്ച് വിധിയെ പഴിച്ചു. അന്നു തൊട്ട് ഇന്നു വരെ 7 പ്ലാസ്റ്റിക് സർജറി ചെയ്തു. അപ്പോഴൊക്കെ ഞാൻ പഴയ ഞാനാകുമെന്ന് വെറുതേ ആശിക്കുകയായിരുന്നു...

akhil-amrutha-4

തുറിച്ചു നോട്ടങ്ങൾ

പൊള്ളലുകൾ ആറിത്തുടങ്ങിയ നാളുകളിൽ എല്ലാം മറന്ന് സ്കൂളിൽ പോകാൻ ശ്രമിച്ചു. പക്ഷേ അവിടെയവിടെ ചില തുറിച്ചു നോട്ടക്കാർ ഉണ്ടായിരുന്നു. ബസിലൊക്കെ കേറുമ്പോൾ ദേ... ആ കൊച്ചിനോ കണ്ടോ എന്ന് ചിലർ അന്യോന്യം പറയും. അന്നൊക്കെ എന്നെ കരയാതെ... തളരാതെ ചേർത്തു നിർത്തിയത് എന്റെ അമ്മയായിരുന്നു. എല്ലാവരും എന്നെ അദ്ഭുത ജീവിയെപോലെ നോക്കുമ്പോൾ എനിക്കൊന്നുമില്ലെന്ന് പറഞ്ഞ് പഠിപ്പിച്ച എന്റെ അമ്മ. പക്ഷേ എനിക്കറിയാം... ഉള്ളിൽ എന്റെ അമ്മ കരയുകയായിരുന്നു. എന്നെ ആശുപത്രിയിലും പുറത്തുമൊക്കെ കൊണ്ടുപോകാനാണ് അമ്മ ‍ഡ്രൈവിങ് പഠിച്ചത്.

തിരികെ സ്കൂളിലേക്ക് എത്തിയപ്പോഴേക്കും അവിടെയുള്ള കുട്ടികൾക്കൊക്കെ അന്നു ഞാനൊരു കാഴ്ച വസ്തുവായി. എന്തു പറ്റി... എന്തു പറ്റി ... ഇനിയിതു നേരെയാകുമോ എന്നിങ്ങനെയുള്ള തുടർചോദ്യങ്ങൾ. ക്ലാസിനു പുറത്തിറങ്ങാൻപോലും മടിച്ചു. ഇന്റർവെൽ ആകുമ്പോൾ മറ്റു ക്ലാസിലെ കുട്ടികള്‌‍ കൂട്ടത്തോടെ എന്റെ ക്ലാസിന്റെ വാതിലിലും ജനലിലും ഇടംപിടിക്കും. എന്നിട്ട് എന്നെ പേടിയോടെ നോക്കി നിൽക്കും. അതൊക്കെ വല്ലാത്തൊരു വേദനയായിരുന്നു.

അതിൽ പിന്നെ ക്ലാസിൽ ഒരു പീരിയഡ് മാത്രം ഇരുന്നിട്ട് വീട്ടിൽ പോകാൻ ടീച്ചർമാരും സ്കൂൾ അധികൃതരും അനുവാദം തന്നു. ടീച്ചർമാരൊക്കെ വീട്ടിൽ വന്നു പഠിപ്പിച്ചു. കൂട്ടുകാർ നോട്ട്സ് തയ്യാറാക്കി തന്നു. അവരെയൊക്കെ എങ്ങനെ മറക്കാനാണ്...

എല്ലാം മറന്ന് ജീവിതം മുന്നോട്ട് പോകുമ്പോഴും പഴയ വേദനയുടെ അവശേഷിപ്പുകൾ‌ ചിലത് ബാക്കിയായി നിന്നു. പൊള്ളലിൽ കക്ഷവും വലതു കയ്യും ഒട്ടിപ്പിടിച്ചതു കൊണ്ട് തന്നെ കൈ പൊക്കാൻ കഴിയുമായിരുന്നില്ല. അവിടെയും ഫിസിയോ തെറപ്പിയാണ് ഡോക്ടർ നിർദ്ദേശിച്ചത്. പക്ഷേ എന്റെ മടി കൊണ്ടാകണം അതങ്ങോട്ട് കാര്യമായി നടന്നില്ല. അങ്ങനെയാണ് ‍ഡോക്ടർ ഷട്ടിൽ ബാറഡ്മിന്റൺ കളിക്കാൻ ഉപദേശിച്ചത്. ആസ്വദിച്ച് കളിക്കുകയും ചെയ്യാം. കയ്യും ക്രമേണ നേരെയാകും. അത് ജീവിതത്തിൽ പുതിയൊരു മാറ്റത്തിന് വഴിതെളിച്ചു. സ്പോർട്സിന്റെ പാതയിലേക്ക് ഞാൻ വരുന്നത് അങ്ങനെയാണ്. പലർക്കും ഷട്ടിൽ കളി നേരമ്പോക്കായിരുന്നെങ്കിൽ എനിക്ക് ഒരേസമയം ജീവിതം തിരികെപ്പിടിക്കാനുള്ള വാശി കൂടിയായിരുന്നു. വീറോടെ വാശിയോടെ ഓരോ മത്സരങ്ങളിലും മാറ്റുരച്ചു. കൈ മെയ്‍വഴക്കങ്ങളെ തിരികെ തന്നത് ഷട്ടിലാണെന്ന് അഭിമാനത്തോടെ ഇന്നും ഞാനോർക്കും. എന്തിനേറെ പറയണം, ബാഡ്മിന്റണിലെ മികവ് എന്നെ സ്റ്റേറ്റ് ലെവൽ വരെ എത്തിച്ചു. തീർന്നില്ല കഥ... എന്തുകൊണ്ട് അത്‍ലറ്റിക്സിലേക്ക് തിരിഞ്ഞുകൂടാ എന്ന ഫിസിക്കൽ എജ്യൂക്കേഷൻ സാറിന്റെ ചോദ്യവും പുതിയൊരു വേക്ക് അപ് കോളായി. അങ്ങനെ ഹാൻഡ് ബോള്‍, ചോക്ക് ബോൾ ഉൾപ്പെടെയുള്ള ഇനങ്ങളിൽ മാറ്റുരച്ചു. ഹാൻഡ് ബോളിലും സ്റ്റേറ്റ് വരെ പോയി. എന്നെ വേദനിപ്പിച്ച വിധി എന്നെ സമാധാനിപ്പിച്ചത് ഇങ്ങനെയൊക്കെയായിരുന്നു.

akhila-amrutha-1

വിധി കൊണ്ടു തന്നു എന്റെ ചെക്കനെ...

ഹൈസ്കൂൾ കാലത്താണ് ജീവിതം മാറ്റിമറിച്ച വലിയ ട്വിസ്റ്റുകൾ സംഭവിക്കുന്നത്. അമ്മ അന്നു പറഞ്ഞില്ലേ... എനിക്കൊരു ചെക്കനുണ്ടെങ്കിൽ എവിടെയാണെങ്കിലും വിധി കൊണ്ടു വരുമെന്ന്. ദൈവം എനിക്കായി കാത്തുവച്ച എന്റെ ചെക്കന്റെ പേര് അഖിൽ. കക്ഷി എന്റെ സ്കൂളിൽ തന്നെയുണ്ടായിരുന്നു. പക്ഷേ ഞാൻ കണ്ടില്ലെന്ന് മാത്രം. ഞാൻ ഹൈസ്കൂൾ പഠിക്കുമ്പോൾ പുള്ളിക്കാരന്‍ പ്ലസ്ടു കഴിഞ്ഞ് തുടർ പഠനത്തിനായി പോയിരുന്നു. പക്ഷേ സ്കൂളിലെ സ്പോർട്സ് ആക്റ്റിവിറ്റികളില്‍ പഴയ സ്റ്റു‍ഡന്റ്സൊക്കെ പങ്കാളികളായിരുന്നു. ഫുട്ബോൾ താരമായ... ഞാൻ കാണാത്ത അഖിലിനെ ദൈവം അങ്ങനെയാണ് എന്റെ മുന്നിലെത്തിക്കുന്നത്.

ഗ്രൗണ്ടിൽ നിന്നും കിട്ടിയ നല്ലൊരു ചങ്ങാതിയായിരുന്നു ആദ്യം അഖിലെനിക്ക്. ഫെയ്സ്ബുക്കിലൂടെയാണ് ആ സൗഹൃദം വളർന്നത്. എല്ലാവരും എന്റെ മുഖത്തെ പറ്റിയും എനിക്കു പറ്റിയ അപകടത്തെ പറ്റിയും ചികഞ്ഞ് അന്വേഷിക്കുമ്പോൾ പുള്ളിക്കാരൻ അങ്ങനെയൊന്ന് സംഭവിച്ചിട്ടേ ഇല്ല എന്ന മട്ടിൽ ഇടപെട്ടത് ആ സൗഹൃദം ആഴത്തിലുള്ളതാക്കി. അതോടൊപ്പം തന്നെ ഒരാളുടെ മനസു മനസിലാക്കിയുള്ള കെയറിങ്.

അങ്ങനെയിരിക്കേ ഒരു ഫെബ്രുവരിക്കാലത്ത് എന്നോട് ഒരുകാര്യം എന്നോട് പറയാനുണ്ടെന്ന് അഖിൽ പറഞ്ഞു. അത് വാലന്റൈൻ ദിനത്തിൽ പറയാം എന്ന് പറഞ്ഞപ്പോഴേ എനിക്ക് സംഭവം കത്തി. അതിനും മുന്നേ ഞങ്ങൾക്കിടയിൽ പ്രണയം പറയാതെ പലതവണ പറഞ്ഞും സൂചന നൽകിയും കടന്നു പോയിരുന്നു. ഞങ്ങളുടെ ഇടയിലെ പ്രണയത്തിന് എന്റെ പൊള്ളിയടർന്ന മുഖമോ എന്റെ ശരീരമോ തടസമാകില്ലെന്ന് സൗഹൃദംകൊണ്ടു തന്നെ അഖിൽ തെളിയിച്ചതായിരുന്നു. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാൻ സമ്മതമാണോ എന്ന ക്ലീഷേ ഡയലോഗ് ചോദിക്കേണ്ടി വന്നില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും മരിച്ച അഖിലിന് ആകെ അനുവാദം ചോദിക്കാനുണ്ടായിരുന്നത് ചേട്ടനോട് മാത്രമായിരുന്നു. ‘ഞങ്ങളുടെ കുട്ടിയുടെ കുറവ്, നിങ്ങൾ മനസിലാക്കണം, അതിന്റെ പേരില്‍ അവൾ വേദനിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്’ എന്ന് ചേട്ടനോട് അച്ഛനും അമ്മയും വിവാഹ ആലോചനയുടെ വേളയിൽ ചോദിച്ചതുമാണ്. അങ്ങനെയാണെങ്കില്‍ ആർക്കും വിഷമം ഇല്ലാതെ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാമെന്ന് പറഞ്ഞു. ‘അവന്റെ ഇഷ്ടമാണ് അവന്റെ ജീവിതമാണ്, അതിനു ഞങ്ങൾ എതിരു നിൽക്കില്ലെന്നായിരുന്നു.’ ചേട്ടന്റെ മറുപടി.

akhil-amrutha-2

പിന്നെയെന്ത് സംഭവിച്ചെന്നോ... എന്നെ വേദനിപ്പിച്ച വിധി ദേ... ഈ ചെക്കനെ എനിക്കു തന്ന് എന്നോട് പ്രായശ്ചിത്തം ചെയ്തു. ഇക്കഴിഞ്ഞ നവംബറിൽ എല്ലാ പ്രതിബന്ധങ്ങളേയും വകഞ്ഞുമാറ്റി ഞങ്ങൾ ഒന്നായി. ഞാൻ അഖിലിന്റെ പെണ്ണായി...

തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ആരോടും ഒന്നിനോടും പരാതിയില്ല. ഇത്തിരി കരയിച്ചെങ്കിലും ഒത്തിരി നാളത്തേക്ക് സന്തോഷിക്കാൻ എനിക്കീ ചെക്കനെ തന്നല്ലോ. കയ്യിലുള്ള സ്പോർസ് സർട്ടിഫിക്കറ്റുകളും നേട്ടങ്ങളുമൊക്കെ മുൻനിർത്തി സ്പോർട്സ് ക്വോട്ടയിൽ ഒരുജോലി നേടണം. അതാണ് ഇനി മുന്നിലുള്ള ലക്ഷ്യം. നിലവിൽ ഒരു സ്പോർട്സ് ഷോപ്പിൽ ജോലി ചെയ്യുകയാണ് ഞാൻ. അഖിൽ ഒരു സ്വകാര്യ ബാങ്കിൽ ലീഗൽ ഡിപ്പാർട്ട്മെന്റിൽ ജോലിനോക്കുന്നു. – അമൃത പറഞ്ഞു നിർത്തി.

akhil-amrutha-5