Friday 30 September 2022 10:48 AM IST : By സ്വന്തം ലേഖകൻ

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം, പുറത്തു കാണാത്തതിനാൽ അന്വേഷിച്ചെത്തി: ദമ്പതികൾ മരിച്ച നിലയിൽ

couple-dead

കൂത്താട്ടുകുളം ഉപ്പുകണ്ടത്ത് വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കൽ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന ഇരുവരും തനിച്ചായിരുന്നു താമസം. ദിവസങ്ങളായി ഇവരെ പുറത്തു കാണാത്തതിനാൽ ഭക്ഷണവുമായി പരിസരവാസികൾ എത്തിയപ്പോൾ വെള്ളക്കിളി മുറിയിൽ കട്ടിലിലും ഓമന വീടിനു പിന്നിൽ വരാന്തയിലും മരിച്ചു കിടക്കുകയായിരുന്നു. 

വെള്ളക്കിളിയുടെ മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന്  പൊലീസ് കേസെടുത്തു.  ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. സംസ്കാരം പിന്നീട്. മക്കൾ: മഞ്ജു, മിനി. മരുമക്കൾ: സുധൻ കണ്ണേത്ത് വടകര, ബിനോയി.