Tuesday 19 February 2019 11:08 AM IST : By സ്വന്തം ലേഖകൻ

‘കേൾവി ശക്തിയില്ലാത്തവർക്കൊന്നും ഇവിടെ ജോലിയില്ല!’; കുത്തുവാക്കു പറഞ്ഞവർ ഇന്ന് അവളെയൊന്നു കാണണം

katty

വിധി നമുക്കു മേൽ നടത്തുന്ന ചില തമാശകളുണ്ട്. വേദനയുടെ കെട്ടുമാറാപ്പുകൾ മുഴുവൻ ഒരുനിമിഷങ്ങളിൽ നമ്മുടെ മുന്നിലേക്ക് ഇട്ടു തരും. എന്നാൽ അനുഭവച്ചു തീർത്ത വേദനയ്ക്കെല്ലാം പകരമായുള്ള സന്തോഷം മധുരോതാരമായി മറ്റൊരു മുഹൂർത്തത്തിൽ നടപ്പിലാക്കും. കണ്ണീരും സന്തോഷവുമൊന്നും ഈ ലോകത്ത് സ്ഥിരമലല്ലോ?

കാറ്റി റെഡ്സ്റ്റർ എന്ന പെൺകൊടിക്കും ലോകത്തോട് പങ്കിവയ്ക്കാനുള്ളതും ഇതേ കഥയാണ്. ശാരീരിക വൈകല്യങ്ങളുടെ പേരിൽ ഒറ്റപ്പടലിന്റേയും അവഗണനകളുടേയും കയ്പുനീർ കുടിച്ച അവൾ അതേ വിധിയോട് പകരം വീട്ടി. ആട്ടിയോടിക്കപ്പെട്ടവർക്കു മുന്നിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ അവൾ തലയുയർത്തിപ്പിടിച്ചു നിൽക്കുകയാണ്. കണ്ണുനീരും സന്തോഷവും കഠിനാദ്ധ്വാനവുമെല്ലാം ഇടകലർന്ന കാറ്റിയുടെ കഥയിങ്ങനെ.

കേള്‍വിശേഷിയില്ലാത്ത കാറ്റി റെഡ്സ്റ്റര്‍ യോക് ഷെയറില്‍ നിന്നുള്ളതാണ്. മൂന്നാമത്തെ വയസ്സില്‍ മെനിഞ്ചൈറ്റിസിന്റെ രൂപത്തിൽ ജീവിതത്തിലെ കൊടിയ പരീക്ഷണം എത്തുകയായിരുന്നു. തുടരെയുള്ള പരിശോധനകള്‍ക്കും വിഫലമായ ചികിത്സകൾക്കുമൊടുവിൽ അവൾ ആ സത്യം മനസിലാക്കി. തന്റെ കേൾവി ശക്തി നഷ്ടമായിരിക്കുന്നു എന്ന ദുഖസത്യം അവൾ തിരിച്ചറിഞ്ഞു. ഉത്തരവാദിത്തത്തിലേക്ക് കടന്ന നാളുകളിൽ ഒരു ജോലിക്കായി പലയിടത്തും അലഞ്ഞു. വൈകല്യം ഒന്നു കൊണ്ടു മാത്രം ചെന്നയിടങ്ങളിലെല്ലാം ജോലി നിഷേധിക്കപ്പെട്ടു. അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ചെല്ലുന്നിടത്തു നിന്നെല്ലാം ജോലി ഇല്ലായെന്നായിരുന്നു മറുപടി.

ജനനം തൊട്ട് തന്നെ കാറ്റിക്ക് കാഴ്ചക്കുറവുമുണ്ടായിരുന്നു. ജോലിയൊന്നും കിട്ടാതായപ്പോള്‍ ജോബ് സെന്ററിനെ സമീപിച്ചു. അവര്‍ പറഞ്ഞത് കാറ്റിക്ക് ജോലിയൊന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു. നാലാമത്തെ വയസ്സ് തൊട്ട് അവള്‍ സൈന്‍ ലാംഗ്വേജ് പഠിച്ചിരുന്നു. അങ്ങനെയൊണ് ഇന്‍റര്‍നെറ്റ് വഴി കാറ്റി സൈന്‍ ലാംഗ്വേജ് പഠിപ്പിക്കാന്‍ തുടങ്ങുന്നത്.

ആദ്യമാദ്യം വളരെ മെല്ലെയാണ് പഠനം മുന്നോട്ട് പോയത്. എന്നാല്‍, പയ്യെപയ്യെ വലിയ പല കമ്പനികളും കാറ്റിയുമായി കരാറുറപ്പിച്ച് കൈകോർക്കാനെത്തി. അതിലൂന്നിയ ഒരു പുസ്തകവും ഇറക്കി. അതവര്‍ക്ക് കൂടുതല്‍ പ്രശസ്തി നല്‍കി. ഇന്ന്, ആറ് കമ്പനികളുമായി ധാരണയുണ്ടാക്കിയിരിക്കുന്നു കാറ്റി. 

ഈ ബിസിനസ് തുടങ്ങുമ്പോളൊരിക്കലും താനൊരു മില്ല്യണയറാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാറ്റി പറയുന്നു. ഇത് എന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. എനിക്ക് മറ്റൊരിക്കലുമില്ലാത്തവണ്ണം എന്നില്‍ തന്നെ വിശ്വാസവുമുണ്ടായിരിക്കുന്നു എന്നും കാറ്റി പറയുന്നുണ്ട്.

ഒരു വലിയ വീടെടുക്കണമെന്നും അത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തുറന്ന് നല്‍കണമെന്നും കാറ്റി ആഗ്രഹിക്കുന്നുണ്ട്. ''പല വാതിലുകളും എന്‍റെ മുന്നിലടയ്ക്കപ്പെട്ടിട്ടുണ്ട്. കേള്‍വിശേഷിയില്ലാത്തതിനാല്‍ തന്നെ എനിക്കൊന്നും ചെയ്യാനാകില്ലെന്ന് എല്ലാവരും പറഞ്ഞു. ഞാന്‍ തന്നെയേ എന്നെ പ്രോത്സാഹിപ്പിക്കാനുണ്ടായിരുന്നുള്ളൂ. ഇന്ന് ഞാനവര്‍ക്ക് കാണിച്ചു കൊടുക്കുന്നു കേള്‍വി ശേഷിയില്ലാത്തതുകൊണ്ട് മാത്രം എനിക്കൊന്നും സാധിക്കാതിരിക്കില്ല എന്ന്. എനിക്ക് തലച്ചോറുണ്ട്. എനിക്ക്, ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. ഒരുപക്ഷെ, തനിക്ക് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടേക്കാം എങ്കിലും അതൊന്നും തന്നെ പിന്നോട്ടാക്കില്ല'' എന്നും കാറ്റി പറയുന്നു.