Tuesday 31 January 2023 04:45 PM IST

‘ആർത്തവകാലം എങ്ങനെ കൈകാര്യം ചെയ്യും, വാഷ് റൂമിൽ പോകുന്നത് എങ്ങനെ’?: ആ ചോദ്യങ്ങൾ ഞാനും നേരിട്ടു: ധന്യയുടെ ജീവിത യാത്ര

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

dhanya-ravi-1 ധന്യാ രവി അച്ഛൻ രവിക്കും അമ്മ നിർമലയ്ക്കുമൊപ്പം

‘‘ പൂർണതയുള്ള ശരീരമോ, പരിപൂർണമായ മനസ്സോ ആർക്കുമില്ല. ആ അർത്ഥത്തിൽ  നാമെല്ലാവരും ഏതെങ്കിലും വിധത്തിൽ ഭിന്നശേഷിയുള്ളവരാണ്. എന്നാൽ ശാരീരികവും മാനസികവുമായ തലങ്ങൾക്കപ്പുറം എല്ലാ ജീവിതങ്ങളും ഒന്നു തന്നെയാണ് ’’ – സദ്ഗുരു

സഹനങ്ങളുടെ വൻകാറ്റിൽ ഉലഞ്ഞു പോകാത്ത ഒട്ടേറെപ്പേരെ അദ്ഭുതാതിരേകത്തോടെ നാം നോക്കി നിന്നിട്ടുണ്ട്. അവർ ആത്മശക്തിയുടെ പടച്ചട്ടയണിഞ്ഞ് ഈ കൊടുങ്കാറ്റുകൾക്ക് എതിർദിശയിൽ നിൽക്കുന്നതും ശിരസ്സുയർത്തി , ഒരു മൃദുസ്മേരം ചുണ്ടിലണിഞ്ഞ് ജീവിതമെന്ന പോരാട്ടം തുടരുന്നതും ...

ഒരു ചക്രക്കസേരയുടെ പരിമിതിയിൽ ക്രിയാത്മകവും പ്രചോദനാത്മകവുമായ ഒരു ജീവിതയാത്രയിലാണ് ധന്യാ രവി. കണ്ണുനീരിൽ മുങ്ങിപ്പോകാമായിരുന്ന തന്റെ ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങൾ കണ്ടെത്താൻ ധന്യയ്ക്കു പ്രചോദനമായത് ജീവിതത്തിലേക്ക് അതിഥിയായെത്തിയ ഒാസ്‌റ്റിയോജെനസിസ് ഇംപെർഫെക്‌റ്റ എന്ന അപൂർവ ജനിതക രോഗമാണ്.

തന്റെ ഉടൽ തളർത്തിയ രോഗത്തെ സ്നേഹത്തോടെ ചേർത്തു പിടിച്ച് ധന്യ സ്വയം വിശേഷിപ്പിക്കുന്നത്  ‘ ഡിവൈൻ ഡിസൈൻ’ (ദൈവികമായ രൂപകൽപന) എന്നാണ്. ശാരീരിക പരിമിതികളെ മറികടക്കുന്ന ആ ആത്മശക്തിയെ പ്രണമിച്ച് രാജ്യം ധന്യയെ ‘ഗ്ലാസ് വുമൺ ’ എന്നു വിശേഷിപ്പിച്ചു. ജീവിതത്തെ പ്രകാശമാനമാക്കിയ പ്രചോദനവഴികൾ പങ്കുവയ്ക്കുകയാണ് ഈ പാലക്കാടുകാരി.

എങ്ങുമെത്താതെ ഒരു ചികിത്സാക്കാലം

10 –12 വയസ്സായപ്പോഴാണ് ഞാൻ എന്റെ ശാരീരികാവസ്ഥയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിത്തുടങ്ങിയത്. എന്റെ രോഗത്തിന്റെ രീതി അനുസരിച്ച് കൂടെക്കൂടെ ഒടിവുകൾ ഉണ്ടാകുമായിരുന്നു.15 വയസ്സിനുശേഷമാണ് ഒടിവുകൾ കുറഞ്ഞു തുടങ്ങിയത്. വലിയ സാഹസിക പ്രവർത്തനങ്ങളൊന്നും ചെയ്യാതിരുന്നാൽ മതി , പിന്നീട് ഒടിവുണ്ടാകാനുള്ള സാധ്യത കുറയും. സാധാരണ ജീവിതം നയിക്കാം. എന്റെ ജനനസമയത്ത് ഒാസ്‍റ്റിയോജെനസിസ് ഇംപെർഫെക്‌റ്റ എ ന്ന രോഗചികിത്സയിൽ വൈദ്യശാസ്ത്രം അത്ര പുരോഗമിച്ചിരുന്നില്ല. ആ രോഗം ബാധിച്ച ഒരാളുടെ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിൽ ആർക്കും അത്ര അവബോധവും ഉണ്ടായിരുന്നില്ല. വളരെ പരമ്പരാഗതമായ ഒരു കുടുംബസാഹചര്യത്തിലാണു ഞാൻ ജനിച്ചത്. അക്കാലത്ത് അനിവാര്യമായ ശസ്ത്രക്രിയ ചെയ്യാനാകാതെ വന്നതിനാലാണ് എന്റെ ശരീരത്തിൽ ഇത്രയും കർവുകൾ വരാനിടയായത്.അക്കാലത്ത് ഇന്ത്യയിലാകെ അറുപതോളം ഡോക്ടർമാരെ ചികിത്സയുമായി ബന്ധപ്പെട്ട് കൺസൽറ്റു ചെയ്തിട്ടുണ്ട്. ചികിത്സ നിലവിലുണ്ടെന്നറിഞ്ഞിട്ടും കൃത്യമായ ചികിത്സാരീതി കണ്ടെത്താനും ചെയ്യാനും അന്നു കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. അന്ന് ചികിത്സിച്ചിരുന്ന ഡോക്ടർമാർ അതു ചെയ്യുന്നതിനുള്ള ധൈര്യം കാണിച്ചതില്ല. അച്ഛനും അമ്മയ്ക്കും ശസ്ത്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ച് അത്ര അറിവുമുണ്ടായിരുന്നില്ല. ഈ രോഗവുമായി ബന്ധപ്പെട്ട് ശരീരഘടനയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണമെന്ന കാര്യവും അധികമാരും അന്ന് ശ്രദ്ധിച്ചില്ല.

സ്നേഹിക്കുന്നു എന്റെ രോഗത്തെ

രോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടതിനു ശേഷം ഇന്ന് എന്റെ രോഗത്തെയാണ് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്. ജീവിതത്തിൽ നാം ഒരുപാടു പ്രതിസന്ധികളെ നേരിടുന്നുണ്ട്. അതു ശാരീരികമോ മാനസികമോ ആകാം. എന്തു തന്നെ ആയാലും ആ അവസ്ഥയിൽ ഒരു ദിവ്യത്വം അഥവാ  ഡിവൈനിറ്റി കൈവരുന്നത് നാം അതിനെ ഉൾക്കൊള്ളുമ്പോഴാണ്. ആ ജീവിതസാഹചര്യത്തെ പൊസിറ്റീവായി കാണുമ്പോഴാണ്. ജീവിതം എന്നോടു ദയ കാണിച്ചു എന്നു തന്നെയാണ് ഞാൻ കരുതുന്നത്. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു വന്നിട്ടും ഇന്ന് കുറേ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്നതാണ് എന്റെ ആശ്വാസം.

ശാരീരികവൈകല്യമുള്ള ഒരു സ്ത്രീ ആയിരിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ്. അങ്ങനെയൊരാളുടെ ജീവിതസാഹചര്യങ്ങളിലേക്ക് സമൂഹം ഒരു നൂറു ചോദ്യങ്ങൾ എറിയുന്നുണ്ട്. അവരെങ്ങനെയാണ് വാഷ് റൂമിൽ പോകുന്നത് ? എങ്ങനെ ആഹാരം കഴിക്കും? ആർത്തവകാലം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്? ഇത്തരം ചോദ്യങ്ങളെല്ലാം ഞാനും നേരിട്ടിട്ടുണ്ട്. ഈ ചോദ്യങ്ങളൊക്കെത്തന്നെയാണ് എന്നെ ഞാനാക്കി മാറ്റിയത്. ഒരു സ്ത്രീ എന്ന നിലയിൽ ഹോർമോൺ വ്യതിയാനങ്ങളും മറ്റു ബുദ്ധിമുട്ടുകളും എല്ലാം ഉണ്ടാകുമല്ലോ. എനിക്കു തോന്നുന്നത് ഒരു കാര്യത്തെ സ്നേഹത്തോടെ ഉൾക്കൊണ്ടാൽ വേദനിക്കേണ്ടി വരില്ല എന്നാണ്. ഞാൻ എന്റെ സുഹ‍ൃത്തായി കരുതുന്നത് ഒാസ്‌റ്റിയോജെനസിസ് ഇംപെർഫെക്‌റ്റയെ ആണ്. സ്നേഹം എന്നൊരു ഘടകമുണ്ടെങ്കിൽ വേദന വാലിഡ് അല്ല എന്നാണു ഞാൻ കരുതുന്നത്.

നേടിയെടുത്തു അതിജീവനശക്തി

നമ്മുടെ ശരീരത്തിൽ 206 അസ്ഥികളാണുള്ളത്. അതിനേക്കാൾ ഒടിവുകൾ എന്റെ ശരീരത്തിലുണ്ടായിട്ടുണ്ട്. വേദനിക്കു ന്ന ഒരാൾക്കു മാത്രമല്ലേ വേദന എന്താണെന്നു പറയാനാകൂ. മാനസികപ്രശ്നങ്ങൾ കൊണ്ടു ശാരീരിക രോഗങ്ങൾ വരുന്നു, ശാരീരികരോഗങ്ങൾ കൊണ്ടു മാനസിക പ്രശ്നങ്ങൾ വ രുന്നു– ഇങ്ങനെയൊരു കാലത്തിലാണു നാം ജീവിക്കുന്നത്. ഇത്തരം പ്രതിസന്ധികളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ഒട്ടേറെ ഹീലിങ് സെഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. വൈകാരികമായ ശക്തി നേടാൻ എനിക്കു കുറച്ചു സമയം വേണ്ടി വന്നു.

ഞാനിതെല്ലാം അനുഭവിച്ചതു കൊണ്ട് എനിക്കതു മനോഹരമായി പറയാൻ സാധിക്കുന്നു. ശരീരത്തിലെ ഒാരോ അവയവത്തിന്റെയും പ്രാധാന്യം എന്താണെന്ന് എനിക്കു നന്നായറിയാം. 26–28 വയസ്സുവരെയുള്ള കാലത്താണ് ഞാൻ സാമൂഹിക ജീവിതത്തിലേക്കു വരുന്നത്. ഒട്ടേറെ വൈകല്യങ്ങൾ ഉള്ള ആളുകൾ സമൂഹത്തിൽ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ സാധാരണ ഒരു വ്യക്തിക്ക് എെന്തല്ലാം ചെയ്യാൻ കഴിയും എന്നത് ആലോചിക്കേണ്ട വിഷയമാണ്. മനുഷ്യജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നന്നായി മനസ്സിലാക്കാനായി.

dhanya-2

എപ്പോഴും സന്തോഷത്തോടെ

എല്ലാവരെയും പോലെ ദുഃഖത്തിന്റെ വിവിധഭാവങ്ങളിലൂടെ കടന്നു പോകുന്നയാളാണു ഞാൻ. പക്ഷേ സാമൂഹിക മാധ്യമങ്ങളിൽ സന്തോഷം മാത്രം പങ്കുവയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരാളുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം എന്നു പറയുന്നത് മനസ്സു തന്നെയാണ്. മറ്റ് അവയവങ്ങളെല്ലാം പ്രവർത്തന തകരാറിലായാലും നമ്മുടെ വിൽപവറിന് നമ്മെ താങ്ങിനിർത്താനാകും. പൊസിറ്റിവിറ്റി എന്നു പറയുന്നതു മനസ്സു തന്നെയാണ്. എല്ലാ ദിവസങ്ങളും എനിക്കു സന്തോഷകരമല്ല. ഒാരോ പ്രതിസന്ധിഘട്ടവും അതിജീവിക്കുന്നത് എന്റെ ചില ശീലങ്ങൾ കൊണ്ടു കൂടിയാണ്. അതിന് എന്റെ ആത്മീയ ജീവിതം എന്നെ സഹായിക്കുന്നുണ്ട്.

ജീവിതത്തിൽ പരാജയങ്ങളും രോഗങ്ങളും പ്രതിസന്ധികളും വേദനകളും വരുമ്പോൾ അതിനെ പുനർനിർവചിക്കാൻ കഴിയണം. ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്നു മനസ്സിലാക്കാനാകണം. അതിനു കഴിയാത്തവരാണ് മരണത്തിനു സ്വയം കീഴടങ്ങുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം സഹോ ദരൻ രാജേഷ് രവിയും മറ്റു ബന്ധുക്കളും പിന്തുണ തരുന്നുണ്ട്. ജീവിതത്തിൽ നല്ലൊരു മെന്റർ ഉണ്ടാവുക പ്രധാനമാണ്. അങ്ങനെയാണെങ്കിൽ ജീവിതത്തെ നല്ലൊരു വഴിയിലൂടെ മാറ്റിയെടുക്കാനാകും.

ആത്മീയത എന്നത് ഒാരോരുത്തർക്കും ഒാരോ തരത്തിലാണ്. നമുക്കു വേണ്ടി മാത്രമായി ഒരു ഹീലിങ് രീതി ഉണ്ടാകണം. എല്ലാവർക്കും സമ്മർദം കുറയ്ക്കാൻ ഒരു ഹീലിങ് രീ തി വേണം. ദിവസവും 30 മിനിറ്റ് നമുക്കു വേണ്ടി മാത്രം മാറ്റി വയ്ക്കാൻ കഴിയുന്നതു നല്ലതാണ്. നമ്മുടെ കുറവുകളും ഉത്തരവാദിത്തങ്ങളും വിലയിരുത്താൻ ഈ സമയം നമ്മെ സഹായിക്കും. ലഭിച്ച അനുഗ്രഹങ്ങൾക്കു കൃതജ്ഞത ഉള്ളവരാകണം. എല്ലാറ്റിനും ഉപരി ആരോഗ്യകരമായ ഒരു ആശയവിനിമയം അവനവനോടു തന്നെയുണ്ടാകണം. കുടുംബത്തോടും സുഹൃത്തുക്കളോടും ഉണ്ടാകണം. ജീവിതത്തിൽ ഒരു സ്ഥാനത്ത് എത്തുമ്പോൾ ഇവിടെ എത്തി എന്നു ചിന്തിച്ച് അവിടെ നിർത്താതെ ജീവിതത്തിൽ എന്നും ഒരു വിദ്യാർഥി ആകണം.

സംഗീതത്തോടു വലിയ ഇഷ്ടമാണ്. പാട്ടുകേൾക്കുന്നതും എനിക്കു ഹീലിങ് നൽകുന്നു. കർണാട്ടിക് സംഗീതം നമ്മുടെ മനസ്സിൽ വലിയൊരു മാറ്റം വരുത്തും. ഒരു ഒാൺലൈൻ ആൽബത്തിലൂടെ സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഭിന്നശേഷിക്കാരായ ഒട്ടേറെപേർ ചേർന്നു പാടി പൂർത്തിയാക്കുന്ന ഒരു ആക്‌ഷൻ സോങ്ങാണത്. അതിൽ ഞാനും പങ്കു ചേരുന്നു.

ആരോഗ്യത്തിനു വേണ്ടി

dhanya-3

എന്റെ ശാരീരികസ്ഥിതി അനുസരിച്ച് ബ്രോങ്കൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഞാൻ തന്നെ മുൻകൈയെടുത്ത് യോഗ, ശ്വസനവ്യായാമങ്ങൾ എന്നിവ പരിശീലിച്ചു തുടങ്ങി. അതിന്റെ ഫലമായി കുറേ മാറ്റങ്ങൾ ജീവിതത്തിൽ അനുഭവപ്പെട്ടു. ഫിസിയോതെറപ്പിയും മറ്റു കാര്യങ്ങളും ഇതിനൊപ്പം ചെയ്യുന്നുണ്ട്. പലരും വിചാരിക്കും ഭിന്നശേഷിയുള്ളവർ എങ്ങനെയാണ് ഫിസിയോതെറപ്പിയും വ്യായാമങ്ങളും ചെയ്യുന്നത് എന്ന്. അതൊക്കെ ചെയ്യുമ്പോളാണ് ജീവിതം ബാലൻസ്ഡ് ആകുന്നത്. ഒരു ദിവസം എന്റെ ആരോഗ്യകാര്യങ്ങൾക്കു വേണ്ടി മാറ്റി വയ്ക്കുന്നത് ഒരു മണിക്കൂർ ആണ്. ശാരീരികവ്യായാമങ്ങൾക്കു വേണ്ടി അരമണിക്കൂർ. പ്രാർഥനയ്ക്കും മറ്റു കാര്യങ്ങൾക്കുമായി അരമണിക്കൂർ. യോഗ, ഫിസിയോതെറപ്പി എന്നിവയും ചെയ്യുന്നു. ഒാട്ടമാറ്റിക് റൈറ്റിങ് എന്നൊരു രീതി പരിശീലിക്കുന്നുണ്ട്.

പുതിയ പ്രവർത്തനങ്ങൾ

ഭിന്നശേഷിയുള്ളവർക്കു വേണ്ടിക്കൂടി പ്രവർത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഒാസ്റ്റിയോജെനസിസ് ഇംപെർഫെക്റ്റ ഉള്ളവരുടെ സംഘടനയായ അമൃതവർഷിണിയിലെ അംഗം എന്ന നിലയിൽ നിന്നു പിൻമാറുന്നത്. ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ചേർന്ന് ആസ്മാൻ ഫൗണ്ടേഷൻ ട്രസ്‌റ്റ് എന്ന പേരിൽ ഒരു ഇൻഹൗസ് എൻ ജി ഒ (www.Aasmaan.org) ആരംഭിച്ചു. അതിലൂടെ ഭിന്നശേഷിക്കാരായ സമൂഹത്തിനു വേണ്ടി ഞങ്ങൾക്കു കഴിയുന്ന ചെറിയ പ്രവർത്തനങ്ങളാണു ലക്ഷ്യം വയ്ക്കുന്നത്. കൗൺസലിങ്, ഇവന്റുകൾ, ചലനത്തിനു സഹായകമായ ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒാസ്‌റ്റിയോജെനസിസ് ഇംപെർഫെക്‌റ്റ മാത്രമല്ല ഒട്ടേറെ ശാരീരികവൈകല്യങ്ങൾ ഇന്നുണ്ട്. അതിൽ തന്നെ 400 –ഒാളം വൈകല്യങ്ങളാണ് ഇന്നു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഒരു ഹോളിസ്‌റ്റിക് സമീപനം അതായത് എല്ലാ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് ഉദ്ദേശിക്കുന്നത്. അവർക്ക് തൊഴിൽ സാഹചര്യം ലഭിക്കുന്നതിനു കൂടി വീൽ ചെയറുകൾ, പവർ വീൽ ചെയറുകൾ എന്നിവ നൽകുന്നുണ്ട്.

ബെംഗളൂരുവിൽ ‘എനേബിൾ ഇന്ത്യ’ എന്നൊരു സംഘടനയിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണിപ്പോൾ ധന്യ. ആഴ്ചയിലൊരിക്കൽ ഒാഫിസിൽ പോകുന്നു. ഭിന്നശേഷിക്കാരായ ആളുകൾക്ക് ജോലി സാധ്യതകൾ കണ്ടെത്തി അ തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടെ. ഇവർക്ക് പരിശീലനവും തൊഴിലും ഇവിടെ ഉറപ്പു വരുത്തുന്നു.

dhanya-4

ജനിതകരോഗങ്ങൾ മുൻകൂട്ടി അറിയണം

അറിയപ്പെടാതെ പോകുന്ന ഒട്ടേറെ ജനിതകരോഗങ്ങളുണ്ട്. അത്തരം രോഗസാധ്യതകൾ വിവാഹത്തിനു മുൻപോ ഗർഭകാലത്തോ കണ്ടെത്താനാകുക എന്നതു പ്രധാനമാണ്. ഇനിയുള്ള തലമുറ ആരോഗ്യത്തോടെയിരിക്കാൻ അത് ആവശ്യമാണ്. നമ്മുടെ ആശുപത്രികളിൽ ജനിതകരോഗ ചികിത്സയ്ക്കു വേണ്ടി മാത്രമായി ഒരു വിഭാഗം ഉണ്ടാകണമെന്നതാണ് എന്റെ സ്വപ്നം. ഇത്തരം രോഗാവസ്ഥയുമായി ജനിക്കുന്ന ഒരു കുഞ്ഞു മുതൽ രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന മുതിർന്ന ഒരാൾക്കു വരെ വലിയ പിന്തുണയും സഹായവുമായിരിക്കും ഈ ചികിത്സാ വിഭാഗം.

വൈകല്യം ഒരു തടസ്സമല്ല

എന്റെ ജീവിതം എന്നെ പഠിപ്പിച്ച പ്രധാന പാഠമിതാണ്. അംഗവൈകല്യമോ അന്ധതയോ ബധിരതയോ ഒന്നും ഒരു പ്രശ്നവുമല്ല. നാം നമ്മുടെ ഉൾക്കരുത്ത് മനസ്സിലാക്കി െഎഡന്റിറ്റിഉണ്ടാക്കുന്നതിനായി തയാറെടുക്കുന്നുവെങ്കിൽ ഇതൊന്നും ഒന്നിനും ഒരു തടസ്സവുമല്ല. മനസ്സൊരുക്കാത്തതാണു പ്രധാന പ്രശ്നം. ആശ്രയിച്ചു ജീവിക്കുന്നവരാണല്ലോ എന്ന ചിന്ത കൊണ്ടു ഭിന്നശേഷിയുള്ളവർ പലരും തങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാതാപിതാക്കളോടു പോലും പറയാൻ മടിക്കുന്നുണ്ട്. ജീവിതം അമൂല്യമാണ്. വൈകല്യങ്ങളുണ്ടെന്നു കരുതി ജീവിക്കാതിരിക്കരുത്. കിടക്കയിലായിരിക്കുന്ന ആളിനും ജീവിതത്തിലേക്കു നല്ല സംഭാവനകൾ നൽകാനാകും. അ തു കാഴ്ചപ്പാടുകളിലൂടെയാകാം.

ജീവിതത്തിൽ മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം ഒരു സോഷ്യൽ ഇവന്റിനു പോയപ്പോൾ ശാരീരികവൈകല്യമുളള ഒരു കുട്ടി വന്നു. കുറേ നേരം എന്നെ നോക്കി നിൽക്കുകയാണ്. എന്നിട്ടു പറയുകയാണ്, ഇതെന്റെ അക്കയാണ് എന്ന്. ഇത്തരം ചെറിയ അനുഭവങ്ങളൊക്കെ ഞാൻ ഒരുപാടിഷ്ടപ്പെടുന്നു. 18 വയസ്സു വരെ കിടക്കയിൽ മാത്രമായിരുന്നു ജീവിതം. വീൽചെയർ പോലും ഉപയോഗിച്ചിരുന്നില്ല. പിന്നീടാണ് സാമൂഹിക ജീവിതത്തിലേക്കു വരുന്നത്. എന്നിട്ടും 25 വയസ്സു വരെ ഇന്റർനെറ്റു മാത്രമായിരുന്നു ലോകം. ഇന്ന് ഞാൻ എന്താണ് എന്നത് ഒട്ടേറെപ്പേരുടെ സംഭാ വനയാണ്. എന്നെ സ്നേഹത്തോടെ പരിചരിച്ച് ഞാനാക്കി വളർത്തിയ മാതാപിതാക്കൾ, കൂടെ നിന്നവർ... ഇന്ന് എനിക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെട്ടവർ എന്റെ ജീവിതത്തിനു നൽകിയ തിരഞ്ഞെടുപ്പുകളാണ്.

ഒരു പരിധി വരെ ജീവിതത്തെക്കുറിച്ചുള്ള സുവ്യക്തതയാണ് എനിക്കു സന്തോഷം നൽകുന്നത്. ശീലങ്ങളാണ് ഒാരോ മാറ്റങ്ങളിലേക്കും നമ്മെ നയിക്കുന്നത്. അതുപോലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ ഒന്നു ശ്രമിക്കുക. ലക്ഷ്യത്തിൽ എത്തിയില്ലെങ്കിൽ പോലും ആ ഒരു ശ്രമം തന്നെയാണ് വിജയം.

തൊട്ടാൽ ഉടയുന്ന അസ്ഥികളുമായി ജനിച്ച പെൺകുട്ടിയിൽ നിന്ന് മുപ്പത്തിമൂന്നുകാരിയായ ഇന്നത്തെ ധന്യാ രവിയിലേക്ക് ഏറെ ദൂരമുണ്ട്. ഒരു ആഘാതത്തിനും ഉലച്ചുകളയാനാകാത്ത മനശ്ശക്തിയുമായി ധന്യ പോരാട്ടം തുടരുകയാണ് ....

ഒാസ്‌റ്റിയോജെനസിസ് ഇംപെർഫെക്‌റ്റ

‘‘ ഒാസ്‌റ്റിയോജെനസിസ് ഇംപെർഫെക്‌റ്റ ഒരു ജനിതക അസ്ഥി രോഗമാണ്. പാരമ്പര്യവും ജീൻ മ്യൂട്ടേഷനുമാണ് കാരണമായി പറയുന്നത്. ഈ രോഗ ത്തിന് ബ്രിട്ടിൽ ബോൺ ഡിസീസ് എന്നും പേരുണ്ട്. ഈ രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ അസ്ഥികൾ വളരെ പെട്ടെന്ന് ഒടിയാനിടയാകും.

പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തന്നെ അസ്ഥികൾ ഒടിയാം. ഈ രോഗാവസ്ഥയ്ക്കു പ്രധാനമായും രണ്ടു വിഭാഗമാണുള്ളത്. ആദ്യ വിഭാഗത്തിൽ ഒടിവുകളോടു കൂടി കുഞ്ഞ് ജനിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ ജനിക്കുമ്പോൾ കുഞ്ഞിനു കുഴപ്പമില്ല. കുറച്ചു കഴിഞ്ഞ് കൗമാരകാലമെത്തുമ്പോൾ ചെറിയ പരുക്കുകളിൽ പോലും വലിയ ഒടിവുകളും വൈകല്യവും വരുന്നു. ജനിതക പരിശോധനകളും അസ്ഥി സാന്ദ്രതാപരിശോധനകളുമാണ് രോഗ നിർണയ മാർഗങ്ങൾ. ഈ രോഗം സുഖപ്പെടുത്താനാകില്ല. മാനേജ് ചെയ്യുകയാണു പ്രതിവിധി. ഒക്യുപേഷനൽ തെറപ്പി, ഫിസിക്കൽ തെറപ്പി അസിസ്റ്റീവ് ഡിവൈസസ്, മരുന്നുകൾ എന്നിവയെല്ലാം ഇതിന്റെ ചികിത്സാ പദ്ധതികളിൽ ഉൾപ്പെടുന്നു. അസ്ഥികൾ ഒടിയുന്നതിന് ബ്രേസുകളും സ്പ്ലിന്റുകളും ഉപയോഗിക്കാം. ശസ്ത്രക്രിയാരീതികളും ഉണ്ട് . മജ്ജയിലൂടെ കമ്പിയിട്ട് കാലുകൾ വളയാതിരിക്കാനും ഒടിവുകൾ വരാതിരിക്കാനും പ്രൊട്ടക്റ്റീവ് ആയി ചെയ്യുന്ന ശസ്ത്രക്രിയകൾ ഇന്നുണ്ട് ’’ – കോട്ടയം മാതാ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് ഒാർത്തോപീഡിക് സർജൻ ഡോ. രാജേഷ് വി. പറയുന്നു.