Thursday 09 July 2020 10:59 AM IST : By സ്വന്തം ലേഖകൻ

പുറകേ നിന്ന് ഉന്തി തള്ളി പിള്ളേരെ കൊണ്ട് ഓരോന്ന് ചെയ്യിക്കേണ്ട; ഓൺലൈൻ പഠനകാലത്ത് മാതാപിതാക്കൾ അറിയാൻ

online-class

കോവിഡ് കാലത്ത് പഠനം ഓൺലൈനായതോടെ പല മാതാപിതാക്കളുടേയും തലവേദനയേറിയിരിക്കുകയാണ്. ജോലിക്കും പോകാന്‍ പോലുമാകാതെ കുട്ടികൾക്കു കാവലിരിക്കേണ്ടി വരുന്നു എന്നതാണ് പലരുടേയും പരാതി. എന്നാൽ കുട്ടികളില്‍ ഉത്തരവാദിത്തം വളർത്താൻ പറ്റിയ സമയമാണ് ഈ ഓൺലൈൻ പഠനകാലമെന്ന് പറയുകയാണ് ‍ഡോ.സിജെ ജോൺ. കളി നേരങ്ങളും പഠനവും വിവേകത്തോടെ ചിട്ടപ്പെടുത്താനുമുള്ള ജീവിത പാഠം കുട്ടികൾക്ക് ചൊല്ലി കൊടുക്കാനുമുള്ള അവസരമായി ഈ കാലഘട്ടത്തെ ഉപയോഗിക്കണം. പുറകെ നിന്ന് ഉന്തി പിള്ളേരെ ഓരോന്ന് ചെയ്യിപ്പിക്കുന്ന ശൈലി ഈ ഡിജിറ്റൽ വിദ്യാഭ്യാസ നാളുകളിൽ ഒരൽപം റിസ്ക് എടുത്തു തിരുത്തി കുറിക്കണമെന്നും ഡോ. ജോണ്‍ കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടർ ജോൺ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കുട്ടികൾ കളികളും പഠനവുമൊക്കെ ഇപ്പോൾ വീട്ടിലിരുന്നാണ്‌ നടത്തുന്നത് .ഇതിനൊക്കെ മേൽനോട്ടം വഹിക്കാൻ ജോലിക്ക് പോകുന്ന പല മാതാ പിതാക്കൾക്കും കഴിയാറില്ല .കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ സ്വയം ചെയ്യുവാനും , കളി നേരങ്ങളും പഠനവും വിവേകത്തോടെ ചിട്ടപ്പെടുത്താനുമുള്ള ജീവിത പാഠം കുട്ടികൾക്ക് ചൊല്ലി കൊടുക്കാനുമുള്ള അവസരമായി ഈ കാലഘട്ടത്തെ ഉപയോഗിക്കണം .പിറകെ നിന്ന് ഉന്തി പിള്ളേരെ ഓരോന്ന് ചെയ്യിപ്പിക്കുന്ന ശൈലി ഈ ഡിജിറ്റൽ വിദ്യാഭ്യാസ നാളുകളിൽ ഒരൽപം റിസ്ക് എടുത്തു തിരുത്തി കുറിക്കണം.നിന്റെ ജീവിതം നീ തന്നെയാണ് രൂപപ്പെടുത്തേണ്ടതെന്ന് ചെറു പ്രായത്തിലെ കുട്ടികൾ അറിയട്ടെ . മാതാ പിതാക്കളുടെ കൺ വെട്ടത്തു നിന്ന് മാറുമ്പോൾ ഈ പാഠം അവരെ ഉത്തരവാദിത്തത്തോടെ മുന്നേറാൻ സഹായിക്കും .
(സി ജെ ജോൺ )