Thursday 10 May 2018 03:30 PM IST : By സ്വന്തം ലേഖകൻ

‘ആ വാർത്തകൾ പ്രതീക്ഷ നൽകുന്നു, ജെസ്ന എത്രയും വേഗം തിരികെ വരട്ടെ’; ആന്റോ ആന്റണി എം.പി

jesna

ജെസ്നയുടെ തിരോധാനം കേരളക്കരയെ ഒന്നാകെ നൊമ്പരപ്പെടുത്തുകയാണ്. എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനികൂടിയായ ജെസ്നയുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ഏവരും. ജെസ്നയെ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ ഊർജ്ജിതമാക്കണമെന്ന ആവശ്യമുയർത്തി സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്.

കേവലം ചില അഭ്യൂഹങ്ങൾക്കപ്പുറം ജെസ്നയെക്കുറച്ചുള്ള അന്വേഷണത്തിന് ബലമേകുന്ന ഒരു വഴിത്തിരിവും ഉണ്ടായിട്ടില്ല എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം എന്നാൽ ജെസ്നയെയും സുഹൃത്തിനെയും ബംഗളുരുവിൽ കണ്ടതായുള്ള വാർത്തകൾ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

ഇപ്പോഴിതാ, ജെസ്നയുടെ തിരോധാനത്തിൽ പ്രതികകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്റോ ആന്റണി എം.പി. ജെസ്നയെ ബംഗളുരുവിൽ കണ്ടതായുള്ള വാർത്തകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് ആന്റോ ആന്റണി എം.പി പറയുന്നു. ജെസ്ന കടന്നു പോയി എന്നു കരുതുന്ന സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ അന്വേഷണം ത്വരിതപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

കർണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോർജ്ജിനോട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ട്. കർണാടക സർക്കാരിന്റെ എല്ലാ സഹായങ്ങളും ഈ വിഷയത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ജെസ്നയെ എത്രയും വേഗത്തിൽ കണ്ടെത്തുവാനായ് നമുക്കെല്ലാം കൂട്ടായ് പരിശ്രമിക്കാമെന്നും ആന്റോ ആന്റണി എം.പി കൂട്ടിച്ചേർക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്.


ആന്റോ ആന്റണി എം.പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

കുട്ടിയുടെ തിരോധാനം നമ്മുടെ ഏവരുടെയും മനസ്സിൽ വളരെ വേദന ഉളവാക്കിയ സംഭമാണ്, സമൂഹമൊട്ടാകെ ഈ വിഷയം ഏറ്റെടുക്കുന്നത് നമ്മൾ കണ്ടു. ഇന്നലെ ബാംഗ്ലൂരിൽ നിന്ന് കിട്ടിയ വിവരങ്ങൾ അനുസരിച്ച് അവിടെ എത്തി അന്വേഷിച്ചപ്പോൾ പ്രതീക്ഷയുടെ വെളിച്ചം പകരുന്ന ചില വിവരങ്ങൾ ലഭിക്കുകയുണ്ടായി.

ജെസ്നയെ നേരിൽ കണ്ട ആളുകളോട് അവിടെയെത്തി നേരിട്ട് സംസാരിക്കുകയും ജെസ്നയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഫോട്ടോ വാട്സ്ആപ്പിൽ അയച്ച് വരുത്തി അവരെ കാണിക്കുകയും ചെയ്തു, ഫോട്ടോ കണ്ട് അവർ കുട്ടിയെ തിരിച്ചറിയുകയും അവർ കണ്ടത് ഫോട്ടോയിൽ കാണുന്ന ജെസ്നയെത്തന്നെ ആണ് എന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. മാത്രമല്ല അവരെ കാണിച്ച ഫോട്ടോയിൽ കാണുന്ന സ്ക്രാഫ് തന്നെയാണ് നേരിൽ കണ്ട സമയത്തും ജെസ്ന ഉപയോഗിച്ചിരുന്നത് എന്ന് അവർ പറയുകയുണ്ടായി.

ഈ വിവരങ്ങൾ എല്ലാം നമുക്ക് വളരെ പ്രതീക്ഷകൾ നൽകുന്നതാണ്. ജെസ്ന കടന്നുപോയ പരിസരങ്ങളിൽ എല്ലാം നിരീക്ഷണ ക്യാമറകൾ നിലവിലുണ്ട്, ജെസ്ന എത്തി എന്ന് പറയപ്പെടുന്ന ബെംഗളുരുവിന് അടുത്ത് ധർമരാമിലെ ആശ്വാസ ഭവനിലും നിംഹാൻസ് ഹോസ്പിറ്റലിലും നിരീക്ഷണ ക്യാമറകൾ ഉണ്ട്. നേരിൽ കണ്ടവർ നൽകിയ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ചാൽ കുട്ടിയെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കും എന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ലഭിച്ച വിവരങ്ങൾ എല്ലാം അപ്പോൾ തന്നെ റെക്കോർഡ് ചെയ്ത് കേരളത്തിലെയും കർണാടകത്തിലെയും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ ശ്രീ. രാഹുൽ ഗാന്ധിയോടും കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. കെ.ജെ ജോർജിനോടും ഒപ്പം കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് യോഗത്തിൽ സംബന്ധിക്കുമ്പോളാണ് ഈ വിവരങ്ങൾ ലഭിച്ചത്, അവിടെവെച്ച് തന്നെ ജോർജുമായി സംസാരിക്കുകയും കർണാടക സർക്കാരിന്റെ എല്ലാ സഹായങ്ങളും ഈ വിഷയത്തിൽ ഉണ്ടാകും എന്ന് ശ്രീ. കെ.ജെ ജോർജ് ഉറപ്പ് നൽകുകയും ചെയ്തു. ജെസ്നയെ എത്രയും വേഗത്തിൽ കണ്ടെത്തുവാനായ് നമുക്കെല്ലാം കൂട്ടായ് പരിശ്രമിക്കാം.