അമ്മച്ചീ... ന്നാൽ നമുക്കൊന്ന് പത്താം ക്ലാസ് എഴുതിയാലോ എന്ന് ആദ്യം ചോദിച്ചത് രമണി ടീച്ചറായിരുന്നു. ‘ങ്ഹാ ബെസ്റ്റ്...’ മഹേഷിന്റെ പ്രതികാരം സിനിമയിലെ ആ തഗ്ഗ് മറുപടി തന്നെ രമണി ടീച്ചർക്ക് കിട്ടി. പക്ഷേ, രമണി ടീച്ചർ വിട്ടില്ല. ‘ന്നാ പിന്നെ, ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം’ എന്ന് അമ്മച്ചിയും തീരുമാനിച്ചു.
ലീന പത്താം ക്ലാസ്സ് പരീക്ഷ പാസ്സായപ്പോൾ അഭിനന്ദനവുമായി എത്തിയവരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമുണ്ടായിരുന്നു. ‘ശ്രീമതി ലീന ആന്റണിക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ’ എന്നു മന്ത്രി ഫെയ്സ്ബുക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.
നാടക രംഗത്തു നിന്നുള്ള പ്രതിഭകളായ കെ.എൽ ആന്റണിയും ഭാര്യ ലീന ആന്റണിയും മലയാള സിനി മയിൽ എത്തിയതു മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയായിരുന്നു. ആ ഒറ്റ സിനിമയിലൂടെ ത ന്നെ രണ്ടു പേരും മലയാളികളുടെയെല്ലാം പ്രിയപ്പെട്ട അമ്മച്ചിയും ചാച്ചനുമായി.
ഒറ്റയ്ക്കും ഒന്നിച്ചും ഇരുവരും പുതിയ അഭിനയ കാലത്തിലേക്കു ചുവടു വയ്ക്കെയാണ് അമ്മച്ചിയെ ഒറ്റയ്ക്കാക്കി ചാച്ചൻ യാത്രയായത്.
പത്തേലൊന്നു കുത്തി നോക്കാം
‘‘ഇത്ര പെട്ടെന്നങ്ങു പോകുമെന്നോർത്തില്ല. അമ്മച്ചിക്ക് ചാച്ചനില്ലാതെ പറ്റില്ലെന്ന് മക്കൾക്ക് അറിയാമായിരുന്നു. ഞാനും ചാച്ചൻ എന്നാണ് വിളിച്ചിരുന്നത്. അമ്പിളി, ലാസർ ഷൈൻ, നാൻസി. മൂന്നു മക്കളാണ്. ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും എന്റെ ഏകാന്തത അവർക്കു മനസ്സിലായി.
ഒരു ദിവസം ലാസറിന്റെ പങ്കാളി അഡ്വ. മായ കൃഷ്ണൻ വിളിച്ചു. ‘അമ്മച്ചിക്ക് എൻഗേജ് ചെയ്യാൻ എന്തെങ്കിലും ഒന്നു വേണം’ എന്നു പറഞ്ഞു. സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷ പ്രേരകരായ രമണിയെയും പുഷ്പയെയും എനിക്കു പരിചയപ്പെടുത്തുന്നതു മായയാണ്. അങ്ങനെ പത്തേലൊന്നു കുത്തി നോക്കാൻ തീരുമാനമായി. നാടകത്തിലെ വലിയ ഡയലോഗുകളൊക്കെ കാണാതെ പഠിച്ചു പറയുന്ന എനിക്ക് പത്താം ക്ലാസ് പഠിച്ചു ജയിക്കാനാകും എന്നൊരു ആത്മവിശ്വാസം തോന്നി.
അപ്പൻ തെളിച്ച വഴി
അറുപത്തിയെട്ടാം വയസ്സിലാണു പരീക്ഷ എഴുതിയതെങ്കിലും എഴുപത്തി മൂന്നാം വയസ്സിൽ പത്താം ക്ലാസ് എഴുതി എന്നൊക്കെയാണു വാർത്തകൾ വന്നത്. അങ്ങനെയെഴുതിയതിൽ പരാതിയൊന്നുമില്ല, പ്രായം വെറും നമ്പറാണെന്നല്ലേ പറയുന്നേ...
ഏഴാം ക്ലാസ്സിൽ വച്ചാണു പഠനം മുടങ്ങുന്നത്. എ ന്റെ അപ്പന് കൃഷിയായിരുന്നു. അപ്പനും അമ്മയും അ ന്ന് നാടകത്തിലഭിനയിക്കുമായിരുന്നു. ചവിട്ടുനാടകവും ചെയ്തിരുന്നു. നല്ല തങ്ക, ജ്ഞാനസുന്ദരി തുടങ്ങിയ ചരിത്രനാടകങ്ങളായിരുന്നു അന്നു കൂടുതൽ.
ഞങ്ങൾ അഞ്ചു മക്കളായിരുന്നു. മൂത്തത് രണ്ടു ചേച്ചിമാർ, എനിക്കു താഴെ രണ്ടു സഹോദരന്മാർ. എല്ലാവരെയും പഠിപ്പിക്കാനൊക്കെ അപ്പന് സന്തോഷമായിരുന്നു. അതിനോടൊപ്പം നാടകവും ചെയ്യിക്കുമായിരുന്നു. പന്ത്രണ്ടു വയസ്സു മുതൽ തന്നെ ഞാൻ നാടകത്തിനു പോയി.
ഒരു വർഷത്തോളം പഠിച്ച ശേഷമാണ് അന്നൊക്കെ നാടകം കളിക്കുന്നത്. നാടകത്തിൽ തിരക്കായതോടെ പഠനം മുടങ്ങി.
പാണാവള്ളിയിൽ പ്രൈവറ്റ് സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്നൊക്കെ പഠനം ഇന്നത്തെപോലെ എളുപ്പമല്ല. ഒറ്റത്തടി പാലം കടന്നും വള്ളത്തേൽ കേറിയും കഷ്ടപ്പെട്ടു വേണം സ്കൂളിലെത്താൻ. പണക്കാരും പാവപ്പെട്ടവരുമൊക്കെ അങ്ങനെ തന്നെയാണ് സ്കൂളിൽ പോയിരുന്നത്.
അന്നു സിനിമാ താരങ്ങളേക്കാൾ വിലയായിരുന്നു നാടകക്കാർക്ക്. മുട്ടത്ത് വർക്കിയുടെ മാറ്റൊലി എന്ന നാടകം ഞാനൊത്തിരി കളിച്ചിട്ടുണ്ട്. ലൈറ്റും മൈക്കുമൊന്നും ഇല്ല അന്ന്. സദസ്സിലിരിക്കുന്ന ആളുകൾക്കു കേൾക്കാൻ പാകത്തിന് ഉറക്കെ ഡയലോഗ് പറയണം.
പെട്രോമാക്സ് കയറിൽ കെട്ടി ഉയർത്തി നിർത്തിയതിന്റെ വെളിച്ചത്തിലാണു നാടകം കളിക്കുന്നത്. നാടകത്തിനിടയിൽ പെട്രോമാക്സ് അണഞ്ഞുപോകും. അപ്പോൾ നാടകം നിർത്തി പെട്രോമാക്സ് താഴെയിറക്കി തെളിച്ചു വീണ്ടും കയറ്റിയിട്ടാണു നാടകം തുടരുക. ആളുകൾ ഈ നേരത്തൊക്കെ ക്ഷമയോടെ കാത്തിരിക്കും. നാടകം തീർന്നിട്ടേ പിരിഞ്ഞു പോകൂ.
നാടകം കഴിയുമ്പോൾ ആളുകൾ വേദിയിൽ വന്നു നന്നായി അഭിനയിച്ചവരെ അഭിനന്ദിക്കും. കസവു മുണ്ട്, കാശുമാല, കടലാസു മാല ഒക്കെ അണിയിക്കും. അഭിനയ മികവിനനുസരിച്ച്. കാശുമാലയൊക്കെ കിട്ടുന്നവർക്കു അഭിനയിച്ചതിനുള്ള പണം കൂടാതെ നല്ലൊരു തുക കൈവരും.
പിന്നീട് കറന്റ് വന്നു. മൈക്ക് വന്നു, സ്പീക്കർ വന്നു. കോട്ടയം നാഷനൽ തിയറ്റേഴ്സ്, എറണാകുളം വിശ്വശാന്തി, കലാനിലയം കൃഷ്ണൻ നായരുടെ സ്ഥിരം നാടക വേദി എന്നീ സംഘങ്ങളിലെല്ലാം അഭിനയിച്ചു. എസ്. പി. പിള്ള, കടുവാകുളം ആന്റണി തുടങ്ങിയ വലിയ നടന്മാർക്കൊപ്പം. ഞാനന്ന് കൊച്ചു കുട്ടിയായിരുന്നു. അങ്ങനെ നാടകം കളിച്ചു നടന്നു നടന്ന് പത്താം ക്ലാസ് എഴുതാൻ പറ്റിയില്ല.
നാടകം തന്ന കൂട്ട്
ഫോർട്ടു കൊച്ചിക്കാരനാണ് ചാച്ചൻ (കെ.എൽ. ആന്റണി) ബാലനടനായി നാടക വേദിയിലെത്തിയ ചാച്ചൻ മനുഷ്യപുത്രൻ, ഇരുട്ടറ തുടങ്ങി ഇരുപത്തഞ്ചിലേറെ നാടകങ്ങ ൾ എഴുതി സംവിധാനം ചെയ്തു. കലാകേന്ദ്ര എന്നൊരു നാടക സമിതിയും തുടങ്ങി.
കല്യാണത്തിനു മുൻപ് തന്നെ ചാച്ചന്റെ നാടകങ്ങളിൽ ഞാൻ അഭിനയിച്ചു. ആ പരിചയം വിവാഹത്തിൽ കലാശിച്ചു. കല്യാണത്തിനു മുൻപേ ആലപ്പുഴ ഒളവയ്പിൽ ചാച്ചനുണ്ടാക്കിയ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്.
ഇടക്കാലത്ത് കുടുംബം പുലർത്താൻ ചാച്ചൻ സ്വന്തം നാടകങ്ങൾ അച്ചടിപ്പിച്ചു വീടുവീടാന്തരം നടന്നു വിറ്റിരുന്നു. നാടകത്തിനു വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു ചാച്ചന്റെ ജീവിതം.
കുട്ടികളുണ്ടായ ശേഷം തിരക്കു മൂലം എനിക്കു നാടകങ്ങൾക്കു പോകാൻ സാധിച്ചിരുന്നില്ല. അതു ചാച്ചന് വിഷമമായിരുന്നു. ചാച്ചൻ എഴുതിയ, രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള അമ്മയും തൊമ്മനും എന്ന നാടകത്തിലൂടെയാണ് ഞാൻ അഭിനയത്തിലേക്കു തിരിച്ചെത്തുന്നത്. അതിൽ ഞാൻ അമ്മയും ചാച്ചൻ മകനായ തൊമ്മനുമായിരുന്നു. അതു ഞങ്ങൾ രണ്ടുപേരും ചേർന്ന് അവതരിപ്പിക്കുന്നതു കണ്ടിട്ടാണ് ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ‘മഹേഷിന്റെ പ്രതികാര’ത്തിലേക്ക് വിളിക്കുന്നത്.
2015ൽ ചാച്ചനും 2016ൽ എനിക്കും സംഗീത നാടക അ ക്കാദമിയുടെ അവാർഡ് ലഭിച്ചു. 2018ലാണ് ചാച്ചൻ മരിച്ചത്. ഒന്നിച്ചല്ലാതെയൊരു കാലം ഞങ്ങൾക്കുണ്ടായിരുന്നി ല്ല. പോയപ്പോൾ ഞാൻ വല്ലാതെ ഒറ്റയ്ക്കായിപ്പോയി.
അമ്മച്ചി ആള് സൂപ്പറാ
പഠിക്കാൻ ഒത്തിരി ഉണ്ടായിരുന്നു ഒൻപതു വിഷയം. ഞങ്ങളുടെ കാലത്ത് ഇത്രയ്ക്കൊന്നും പഠിക്കാനില്ല. അന്നൊക്കെ അഞ്ചാം തരത്തിലാണ് എബിസിഡി എഴുതാൻ പഠിക്കുന്നത്. അങ്ങനെ എബിസിഡി പഠിച്ച എന്നോടാണു മൂന്നു മാസം കൊണ്ട് ഇക്കണ്ട സിലബസൊക്കെ പഠിക്കാൻ പറഞ്ഞത്.
നിലത്തെഴുത്താശാന്റെ കളരിയിൽ പോയതുകൊണ്ടു മലയാളം എളുപ്പമായിരുന്നു. ബാക്കി വിഷയങ്ങൾ പൊതുവിജ്ഞാനത്തിലൂന്നിയാണു പഠിച്ചത്. കണക്കായിരുന്നു ഏറ്റവും പ്രയാസം. പടങ്ങൾ വരയ്ക്കാനുള്ളതൊന്നും വിട്ടില്ല. ജയിക്കണം എന്ന വാശി തോന്നി. തോറ്റിരുന്നെങ്കിൽ വീണ്ടും എഴുതുമായിരുന്നു.’’ തുടങ്ങി വച്ചാൽ പിന്നെ, പിന്നോട്ടില്ലെന്ന് അമ്മച്ചി പറയുന്നു.
പത്താംക്ലാസ് പിള്ളേര് ഒരു വർഷം കൊണ്ടു പഠിക്കുന്നത് മൂന്നു–നാലു മാസം കൊണ്ടു പഠിച്ചു പരീക്ഷയെഴുതി ജയിച്ച അമ്മച്ചി ആള് സൂപ്പറല്ലേ...
രാഖി റാസ്
ഫോട്ടോ: ജിൻസ് മൈക്കിൾ