Friday 22 April 2022 03:33 PM IST : By സ്വന്തം ലേഖകൻ

ദയാധനമായി ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപ, തലാലിന്റെ കുടുംബം ചർച്ചയ്ക്ക് തയ്യാർ: പ്രതീക്ഷയോടെ കുടുംബം

Nimisha-priya-blood-money

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബം ഏതാണ്ട് ഒന്നര കോടി ഇന്ത്യന്‍ രൂപയോളമാണ് ദയാധനം ആവശ്യപ്പെട്ടിട്ടുള്ളത്. റമസാന് മുന്‍പ് തീരുമാനമുണ്ടാകണമെന്ന് യെമന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്ന് നിമിഷ പ്രിയയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നടപടികള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചു. 

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയ്ക്കു മുന്നില്‍ പ്രതീക്ഷയുെട വാതില്‍ തുറക്കുന്നു. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് യെമന്‍ ഉദ്യോഗസ്ഥര്‍ നിമിഷപ്രിയയെ ജയിലില്‍പോയി കണ്ടു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബം ദയാധനം സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ സന്നദ്ധമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റംസാന് മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. റംസാന്‍ കഴിഞ്ഞാല്‍ കേസിന്‍റെ രേഖകള്‍ യെമന്‍ സുപ്രീംകോടതിയിലേയ്ക്ക് പരിഗണനയ്ക്ക് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചതോടെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തി. സമയം കുറവായതില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുടെ മോചനത്തിന് അപ്പീല്‍ നല്‍കാന്‍ കുടുംബത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നിമിഷയുടെ കുടുംബാംഗങ്ങള്‍ക്കും മോചനത്തിന് വേണ്ടിയുള്ള ആക്ഷന്‍ കൗണ്‍സിലിനും മെയനിലേക്ക് പോകുന്നതിനുള്ള യാത്രാനിയന്ത്രണം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷ്ണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്. സംഘം ഉടന്‍ യാത്ര തിരിച്ചേക്കും. നിമിഷപ്രിയയെ കാണുന്നതിന് കുടുംബം നല്‍കിയ അപേക്ഷ വിദേശകാര്യമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്.

യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷ പ്രിയയ്ക്ക് യെമൻ യുവാവിന്റെ കൊലപാതവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. 2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്.മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നൽകി നിമിഷ പ്രിയയെ മോചിപ്പിക്കാനാണു നാട്ടുകാർ ചേർന്നു രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റിയുടെ ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. ബ്ലഡ് മണി നൽകാൻ വൻ തുക വേണ്ടി വരും. കുടുംബത്തിനോ ആക്‌ഷൻ കമ്മിറ്റിക്കോ മാത്രമായി ഇതു സ്വരൂപിക്കാനാവില്ല. ഇക്കാര്യത്തിൽ പാണക്കാട് കുടുംബത്തിന്റെ സഹായം തേടിയാണ് എത്തിയത്.

നിമിഷ ജയിലിലായതോടെ കേസിനും മറ്റുമായി വീടുൾപ്പെടെയുള്ള സ്വത്തുക്കൾ വിൽക്കേണ്ടി വന്നു. വാർത്ത അറിഞ്ഞതു മുതൽ നിമിഷയുടെ ഭർത്താവും ഏകമകളും മാനസികമായി തകർന്ന നിലയിലാണ്.