Tuesday 27 August 2019 02:48 PM IST : By സ്വന്തം ലേഖകൻ

ഏഴ് ദിവസമായി വെന്തു നീറിയ വിരലുകൾ മിനിട്ടുകൾ കൊണ്ട് തണുത്തു; ആശ്വാസമായത് അത്ഭുതമരുന്ന്

rs

ജീവൻ പറിഞ്ഞു പോകും വിധമുള്ള വേദനയാണ് തീപ്പൊള്ളലുകൾ നമുക്ക് സമ്മാനിക്കുന്നത്. പ്രണയപ്പകയുടെ പേരിൽ കാമുകൻമാർ ചുട്ടെരിച്ച പെൺകുട്ടികൾ അനുഭവിച്ച വേദനയുടെ നേർസാക്ഷ്യം നമ്മളെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിട്ടുള്ളത്. മരിക്കുന്നതു വരേയും അവർ അനുഭവിച്ച വേദനയുടെ ആഴം അവർക്കു മാത്രമേ അറിയൂ.

തീപ്പൊള്ളലേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നതിനെക്കുറിച്ചും ഒടുവിൽ ചങ്കുപിടയുന്ന ആ വേദനയിൽ നിന്നും തിരികെ വന്നതിനെക്കുറിച്ചും എഴുതുകയാണ് മാധ്യമപ്രവർത്തകൻ രാജീവ് ശിവശങ്കർ. അഗ്നിനാളങ്ങൾ വിഴുങ്ങിയ വിരലുകളെ സൗഖ്യപ്പെടുത്തിയ ഒരു അത്ഭുത മരുന്നിനെക്കുറിച്ചും രാജീവ് തുറന്നെഴുതുന്നു. പൊള്ളിക്കുന്ന ആ അനുഭവക്കുറിപ്പ് ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഓഗസ്റ്റ് 13ന്റെ പകൽ. 11മണി കഴിഞ്ഞു. കോട്ടയത്ത് കലക്ടറേറ്റിനു സമീപമുള്ള ഫ്ലാറ്റിൽ ഞാൻ വായിച്ചിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞാൽ മകളുടെ വിവാഹനിശ്ചയമാണ്. ഭാര്യയും മകളുംകൂടി തയ്യൽക്കടയിൽ പോയിരിക്കുന്നു. 84 വയസുള്ള അമ്മ വീട്ടിലുണ്ട്. ഇടയ്ക്ക് നിലവിളക്കു കൊളുത്താൻ പോകുന്നതുകണ്ടു. ഓർമക്കുറവിന്റെ ചെറിയ പ്രശ്നങ്ങളുള്ള അമ്മ ദിവസം പലതവണ വിളക്കുകൊളുത്തി പ്രാർഥിക്കുന്നതു പതിവാണ്. ഇത്തവണ പക്ഷേ, അമ്മ വിളക്കു കത്തിക്കാതെ മുറിയിലേക്കു മടങ്ങി, കുറച്ചുകഴിഞ്ഞ് വീണ്ടും മുൻവശത്തെ മുറിയിലേക്കു നടന്നു. ആരെങ്കിലും പുറത്തുപോയാൽ മടങ്ങിവരുന്നതുവരെ വാതിൽ തുറന്ന് കാത്തിരിക്കുന്നതു പതിവായതിനാൽ അത്ര ഗൗനിച്ചില്ല. തെല്ലുകഴിഞ്ഞില്ല, അപ്പുറത്ത് നിലവിളി. ഓടിച്ചെല്ലുമ്പോൾ ‘കുഞ്ഞേ’ എന്നു വിളിച്ച് ഒരു വലിയ തീനാളം എനിക്കരികിലേക്കോടിവരുന്നു. നിലവിളക്കെന്നു കരുതി അമ്മ തീകൊടുത്തതു നേരിയതിന്റെ തുമ്പിലാവണം.

ഫ്ലാറ്റിലെ ജീവിതമല്ലേ, വെള്ളം പിടിച്ചുവച്ചിട്ടില്ല. നനഞ്ഞ ചാക്കില്ല. ബക്കറ്റിൽ വെള്ളം പിടിക്കാൻ സാവകാശമില്ല. ഞാൻ അകത്തേക്കോടിയാൽ അമ്മ പിന്നാലെ വരുമെന്നും ഉറപ്പ്. പെട്ടെന്നു ചെയ്യാനാവുന്നത് അമ്മയുടെ വസ്ത്രം തട്ടിനീക്കുകയായിരുന്നു. നേരിയതും മുണ്ടും തട്ടിയെറിഞ്ഞു. പക്ഷേ, പാവാടയുടെ വള്ളി വലിക്കുംതോറും മുറുകിവന്നു. അതും ഒരു വിധത്തിൽ പൊട്ടിച്ചെറിഞ്ഞതോടെ എന്റെ പത്തുവിരലും വെന്തു.അമ്മയെ കോരിയെടുത്ത് അകത്തു കിടത്തുമ്പോഴും പൂമുഖത്തെ തീ ആളുകയാണ്. അമ്മ കൈകാലടിച്ചുകരയുന്നു. മുറിമുഴുവൻ മാംസം വെന്തമണം. ബക്കറ്റിൽ പലതവണ വെള്ളം പിടിച്ചൊഴിച്ച് ഒരുവിധത്തിൽ അതണച്ചു. വാതിൽ തുറക്കാൻ നോക്കുമ്പോൾ വെന്ത കൈ നിലവിളിക്കുന്നു. അല്ലെങ്കിൽത്തന്നെ മഴക്കാലമായതിനാൽ വാതിൽ നല്ല മുറുക്കമായിരുന്നു. ഫോണിൽ വിളിക്കാൻ ശ്രമിക്കുമ്പോൾ വെന്തു തൊലി തൂങ്ങിയ വിരൽ അതിൽ തൊടാൻ വിസമ്മതിക്കുന്നു. ഫോൺ താഴെവച്ച് കാൽവിരൽകൊണ്ട് ലോക്കഴിച്ച് ലാസ്റ്റ് കോളിൽ വിളിച്ചു. ഭാഗ്യത്തിന് അത് സുഹൃത്തും സഹപ്രവർത്തകനുമായ ജോർജ് വർഗീസിന്റേതായിരുന്നു. ഓഫിസിൽനിന്ന് വാഹനവുമായി സഹപ്രവർത്തകർ ഓടിയെത്തി. അപ്പോഴേക്കും ഭാര്യയും മകളുമെത്തി. 3 കിലോമീറ്റർ അപ്പുറത്തുള്ള ചേച്ചിയെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തുമ്പോൾ കുടുംബസുഹൃത്തുക്കളായ മാനുവലും ഭാര്യ ജോവിയും അവിടെ മറ്റൊരാവശ്യത്തിനായി എത്തിയിരുന്നു എന്നതും അനുഗ്രഹമായി.

പിന്നെ ഒരാഴ്ച ആശുപത്രിയിൽ. പൊള്ളൽ വല്ലാത്തൊരനുഭവമാണ്. കൈവിരലുകളിൽ മുഴുവൻ സമയവും തീയാളിക്കൊണ്ടിരിക്കുന്നതുപോലെ തോന്നും. എത്ര തണുപ്പിച്ചാലും തിളച്ചുനിൽക്കുന്ന അവസ്ഥ. ഇടംകൈവിരലിലെ പൊള്ളൽ ഗുരുതരമായിരുന്നില്ല. വലംകൈയിൽ ആഴത്തിലുണ്ടായിരുന്നു. വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്തില്ലെങ്കിൽ അപകടമെന്നു മുന്നറിയിപ്പ്. ഇൻഫെക്ഷൻ, സെക്കൻഡറി ഇൻഫെക്ഷൻ, മൊബൈൽ ഫോൺ, കംപ്യൂട്ടർ കീബോർഡ്...അപകടസാധ്യതകൾ ഡോക്ടർമാർ നിരത്തി.
മരണവേദനയനുഭവിച്ച് വിരൽനിവർത്തിയും മടക്കിയും നിലവിളിക്കുമ്പോഴാണ്, നിർണായകഘട്ടത്തിൽ എന്നും എന്റെ ജീവിതത്തിൽ സഹായവുമായി എത്താറുള്ള സുഹൃത്ത് എൻ.ജയചന്ദ്രന്റെ വരവ്. അവൻ ഒരു അത്ഭുത മരുന്ന് വരുത്തിത്തന്നു. മരുന്നു പുരട്ടി ആദ്യ അരമണിക്കൂറിൽത്തന്നെ വിരലുകളിലെ ചിത അണഞ്ഞു. വേദനയില്ലാതെ മടക്കാനും നിവർത്താനും പറ്റി. ഏഴുദിവസത്തെ ആശുപത്രിചികിൽസയേക്കാൾ വേഗം ഒറ്റദിവസംകൊണ്ട് മുറിവു വാടി. ഇന്നു തീയതി 27. വലംകൈയിലെ ചൂണ്ടുവിരലൊഴികെ എല്ലാം 90 ശതമാനവും ശരിയായി. പുതിയ ത്വക്കുവന്നു പാടുപോലും മൂടി. ഇപ്പോൾ ഇതാ, കംപ്യൂട്ടർ ടൈപ്പിങ്ങിനും ശ്രമിച്ചു വിജയിക്കുന്നു.

ഇനി അമ്മ കൂടി സുഖപ്പെടണം. തുടകളിലും വയറിലുമാണ് അമ്മയ്ക്ക് പൊള്ളൽ. പുതിയ മരുന്നിട്ടതോടെ അമ്മയ്ക്കും വളരെ ആശ്വാസമുണ്ട്. ആശുപത്രികളിൽ ഓരോദിവസവും പൊള്ളൽ കഴുകിത്തുടച്ചാണ് മരുന്നുവയ്ക്കുക. അതു ചെയ്യുമ്പോൾ പണ്ടു കുടിച്ച മുലപ്പാൽ പോലും നാവിൽ വരും. പക്ഷേ, അഗ്നിഹരി എന്ന ഈ മരുന്നു പുരട്ടുമ്പോൾ പൊള്ളലിൽ വെള്ളം തൊട്ടുകൂട. എന്തൊരാശ്വാസം!

ഇതിനിടയിലും എല്ലാവരുടെയും സഹായത്താൽ മകളുടെ വിവാഹനിശ്ചയവും ഭംഗിയായി നടന്നു. വ്യാഴാഴ്ചമുതൽ എനിക്ക് ഓഫിസിൽ പോകാനും കഴിയുമെന്നു കരുതുന്നു.
പ്രതിസന്ധിഘട്ടത്തിൽ മനോരമ എന്ന വലിയ സ്ഥാപനം തന്ന പിന്തുണ ചെറുതല്ല. മാനേജ്മെന്റും സഹപ്രവർത്തകരും ആത്മവിശ്വാസം തന്ന് ഒപ്പം നിന്നു. കോട്ടയത്തെ ന്യൂസ് എഡിറ്റർ വിനോദ് നായരും എഡിറ്റോറിയൽ ഡയറക്ടറുടെ സെക്രട്ടറി ഷെറിയും കൂടപ്പിറപ്പുകളായിത്തന്നെ ഫോണിന്റെ അങ്ങേത്തലയ്ക്കലുണ്ടായിരുന്നു. ഒപ്പംനിന്ന സുഹൃത്തുക്കളെയും വേദനതിന്നുന്ന അമ്മയ്ക്കും മകനുമിടയിൽ ഭക്ഷണം വാരിത്തരാനും കുളിപ്പിക്കാനും കഷ്ടപ്പെട്ട ഭാര്യയെയും മകളെയും പേരെടുത്തുപറഞ്ഞ് ചെറുതാവുന്നില്ല. ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനാവാഞ്ഞതിനാൽ പലരുടെയും അന്വേഷണങ്ങൾക്ക് നേരിട്ടു മറുപടി പറയാൻ പറ്റിയില്ല. അതിനു ക്ഷമ...

ഒരു വലിയ തീപിടിത്തത്തിന്റെ കഥ പറയുന്ന നോവൽ പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എനിക്കു പൊള്ളലേറ്റത് എന്ന യാദൃച്ഛികതയുടെ കൗതുകവും മാംസം വെന്തമണത്തിന്റെ മനംമടുപ്പിക്കുന്ന ഓർമകളും മാത്രം ഇനി ബാക്കി.

ഇനി അത്ഭുതമരുന്നിനെപ്പറ്റി:

മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്തെ ഡോക്ടർ ജ്യോതിഷ് കുമാറിന്റെ പതഞ്ജലി എന്ന സ്ഥാപനം വികസിപ്പിച്ച അഗ്നിഹരി എന്ന മരുന്നാണ് ഞാൻ ഉപയോഗിച്ചത്. അഗ്നിജിത്ത് എന്ന മരുന്നും ഇദ്ദേഹത്തിന്റേതായി ഉണ്ട്. ഡോ. കെ.എസ്.വാരിയരുടെ ശിഷ്യനായിരുന്നു ജ്യോതിഷ് കുമാറിന്റെ അച്ഛൻ. ഇദ്ദേഹത്തിന്റെ അമ്മാവന് ഒരു സന്ന്യാസിയിൽനിന്നു കിട്ടിയതാണ് ഈ മരുന്നിന്റെ കൂട്ട്.

സാക്ഷാൽ എം.ടി.വാസുദേവൻനായർ സാറും നടൻ മമ്മൂട്ടിയും പതഞ്ജലിയുടെ ഡയറക്ടർമാരായത് ഈ മരുന്നിന്റെ അത്ഭുതസിദ്ധി കണ്ടറിഞ്ഞിട്ടുതന്നെയാണ്. ഓഗസ്റ്റ് 11 ലക്കം മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ മൂന്നാം പേജിൽ ഡോക്ടർ ജ്യോതിഷ് കുമാറിനെപ്പറ്റി ഒരു ലേഖനം വന്നിരുന്നു.

അണുബാധവന്ന് വ്രണം പഴുക്കുന്നതാണ് പൊള്ളൽ ചികിൽസയിലെ പ്രധാന വെല്ലുവിളി. വ്രണത്തിൽ ഉണ്ടായി പെരുകുകയും ഏറ്റവുംകൂടുതൽ വിഷം ജനിപ്പിക്കുകയും ചെയ്യുന്ന സ്യൂഡോമൊണസ് ബാക്ടീരിയകളെവരെ പൂർണമായും നശിപ്പിക്കാൻ അഗ്നിജിത്ത്,അഗ്നിഹരി എന്നീ മരുന്നുകൾക്കു കഴിയുന്നു എന്നാണു കണ്ടെത്തൽ. പൊള്ളലേറ്റു നശിക്കുന്ന മെലനോസൈറ്റുകളുടെയും കലകളുടെയും പുനരുജ്ജീവനത്തിന് സഹായകമായ എന്തോ ഒന്ന് ഈ ഔഷധത്തിലുണ്ടെന്ന് കേരള സർവകലാശാലയുടെ ബയോടെക്നോളജി വിഭാഗം ഗവേഷണത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായ ബേൺ സർവവേഴ്സ് ഓഫ് ദ വേൾഡിന് ജ്യോതിഷ് 10 ലക്ഷം രൂപയുടെ മരുന്ന് സൗജന്യമായി നൽകി. അവരുടെ സിഇഒ ഈ മരുന്നിന്റെ അത്ഭുതത്തെപ്പറ്റി വെബ്സൈറ്റിൽ എഴുതി. പുറ്റിങ്ങൽ വെടിക്കെട്ടപകടം,ശിവകാശി സ്ഫോടനം തുടങ്ങിയ ദുരന്തങ്ങളില്ലാം ജ്യോതിഷിന്റെ സഹായം എത്തിയിട്ടുണ്ട്. പ്രമേഹം മൂലമുണ്ടാകുന്ന വ്രണങ്ങൾ കരിയിക്കാനും ഇദ്ദേഹത്തിന്റെ മരുന്നിനു കഴിയുന്നുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

പാലക്കാട് ജില്ലയിലെ മലമക്കാവിലെ ഫാക്ടറിയിലാണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്. കൊച്ചിയിൽ പനമ്പിള്ളി നഗറിലെ ക്ലിനിക്കിൽ ഈ മരുന്നു ലഭ്യമാണ്.ബുധനാഴ്ചകളിൽ എറണാകുളത്തും മറ്റുദിവസങ്ങളിൽ കുറ്റിപ്പുറത്തും ഡോ.ജ്യോതിഷ് അടങ്ങുന്ന സംഘം രോഗികളെ പരിശോധിക്കുന്നു. ആവശ്യക്കാർക്ക് ഡോക്ടറുടെ നമ്പർ തരാം.