Saturday 18 June 2022 11:37 AM IST : By സ്വന്തം ലേഖകൻ

‘തള്ളയോ കുഞ്ഞോ രക്ഷപ്പെടും, ചിലപ്പോ രണ്ട് പേരെയും നഷ്ടപ്പെടാം’: അവരുടെ ശരീരത്തിന്റെ തണുപ്പിന് തല മരവിപ്പിക്കുന്ന വേദനയാണ്...

safeera-facebook

‘പ്രിയപ്പെട്ടവരുടെ ശരീരം തരുന്ന തണുപ്പിന് വേദനയാണ്.’ ഉള്ളിൽ തീയെന്നോണം ഉറഞ്ഞുകയറിയ ആ വേദനയുടെ തണുപ്പിനെകുറിച്ച് ഹൃദയം തുറന്നെഴുതുകയാണ് മാധ്യമപ്രവർത്തക സഫീറ മടത്തിലകത്ത്. മൂന്നാമത്തെ പ്രസവത്തിനായി ഉമ്മയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഈ വേദനയുടെ ആഴവും പരപ്പും താനറിഞ്ഞതെന്ന് സഫീറ ആമുഖമായി കുറിക്കുന്നു. അന്ന് ഉമ്മയെ കാണാൻ വെമ്പിയ അഞ്ചുവയസുകാരിയുടെ മനസ് തന്റെയുള്ളിൽ ഇപ്പോഴുമുണ്ടെന്ന് സഫീറ കുറിക്കുന്നു. കാലങ്ങളും കാതങ്ങളും കടന്നു പോകുമ്പോൾ തന്നെ വീണ്ടും ആ അഞ്ചുവയസുകാരിയാക്കി മാറ്റിയ ആശങ്കയുടെ രാപ്പകലുകളെക്കുറിച്ചും സഫീറ കൂട്ടിച്ചേർക്കുന്നുണ്ട്.

ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:

തണുത്ത കാറ്റ് വീശുന്നത് പോലും പേടിയാണ്. തണുപ്പിന് വല്ലാത്തൊരു വേദനയുണ്ട്. അഞ്ചാം വയസ്സിലാണ് ആദ്യമായി ആ വേദന അറിഞ്ഞത്. മൂന്നാമത്തെ പ്രസവത്തിനായി ഉമ്മയെ തവനൂർ ആശുപത്രിയിൽ അഡ്മിറ്റാക്കിയ സമയം. അനിയത്തി കുഞ്ഞാവയുടെ വരവ്. ആശങ്കകൾ ക്കിടയിലാണ് അവൾ വന്നത്.

രണ്ട് മൂന്ന് ദിവസമായി ഉമ്മ ആശുപത്രിയിൽ ആണ്. അക്കരത്തെ വല്യാത്താന്റെ ( ഉമ്മയുടെ മൂത്തമ്മാന്റെ മൂത്ത മകൾ...കുടുംബത്തിലെ മൂത്ത മകൾ) വീട്ടിലാണ് അന്ന് താമസിച്ചിരുന്നത്. വല്ലിമ്മയും ഉമ്മയും ഞാനും അനിയനും. ഉമ്മയും കുഞ്ഞും വരുന്നതും കാത്ത് പകൽ തള്ളിനീക്കും. പക്ഷേ, അന്നത്തെ പകലിൽ അത്ര നല്ല വാർത്തയല്ല വന്നത്. ഞങ്ങളെ കുളിപ്പിക്കുപ്പോൾ വല്യാത്ത .. റബ്ബേ... ഈ മക്കളെ യത്തീമാക്കല്ലേ.. എന്ന് പറഞ്ഞ് കണ്ണ് തുടച്ചത് ഇന്നും ഓർമയിലുണ്ട്. ചോറ് വാരി തന്ന് അനിയനെയും എന്നെയും കൂട്ടി ആശുപത്രിയിലേക്ക്. എന്ത് ചെയ്യുമെന്ന് അറിയാതെ ആശുപത്രി വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന വല്ലിമ്മ. ഒന്നുമറിയാതെ വികൃതി കാട്ടി അനിയനും. എല്ലാവരുടെയും മുഖത്ത് കാർമേഘം പോലെ ഉരുണ്ടു കൂടിയ മ്ലാനത. സങ്കടഭാരം ഇറക്കിവെക്കാനൊരു ചുമലുമില്ലാതെ മൂകയായി വല്ലിമ്മ. ഓർമകൾ മങ്ങും വരെ ആ ദിവസം മനസ്സിലുണ്ടാകും.

തള്ളയോ കുഞ്ഞോ രക്ഷപ്പെടും... എന്താണ് വേണ്ടത്..ഉത്തരമില്ല. പിന്നെ എപ്പഴോ.. രണ്ട് പേരും ചിലപ്പോ നഷ്ടമായേക്കാം.. ആശുപത്രി വരാന്തയിൽ നിന്ന് അടക്കം പറയുമ്പോലെ..

മനസ്സിലായില്ല.. പക്ഷേ, നേരത്തെതിനേക്കാൾ വേദനയിലാണ് എല്ലാവരുമെന്ന് മനസ്സിലായി. മിണ്ടാത്ത മനുഷ്യർ.. വെറുതെ ആശുപത്രി വരാന്തയിൽ നടക്കുന്നു.

പിറ്റെ ദിവസം ഉമ്മയും കുഞ്ഞും നന്നായിരിക്കുന്നുവെന്ന വാർത്ത. ഉമ്മയെ കാണാതെ എന്ത്.. അനിയത്തിയോട് വലിയ ഇഷ്ടമൊന്നും തോന്നീല. വെള്ളയുടുപ്പിൽ ഉമ്മയെ വാർഡിലേക്ക് കൊണ്ടുവന്നു. ഇമ്മാന്ന് ഉറക്കെ വിളിച്ചോ... ഒന്നും മിണ്ടിയില്ല. കണ്ണ് നിറഞ്ഞൊഴുകി. ആ കയ്യിൽ പിടിച്ചപ്പോ എന്തൊരു തണുപ്പ്. പെട്ടെന്ന് കൈ വലിച്ചു.

തലയിലേക്ക് ഇരച്ചു കയറിയ

തണുപ്പിന്റെ വേദന രണ്ട് തവണ കൂടി അനുഭവിച്ചിട്ടുണ്ട്. വല്ലിമ്മ മരിച്ച ദിവസം. രാത്രിയിൽ അടുത്ത് ആരുമില്ലാത്ത നേരത്ത് അവർക്ക് കൂട്ടിരിക്കാമെന്ന് കരുതി ചെന്ന നേരം. ആ കവിളിലൊരുമ്മ കൊടുത്തതെ ഓർമയുള്ളൂ. വല്ലാത്ത തണുപ്പ്.. തലക്കകം പിളർന്നുപോയി.

2020ൽ ഉമ്മയുടെ ഗർഭപാത്രം നീക്കുന്ന സർജറി ദിവസം. ഓപ്പറേഷൻ കഴിഞ്ഞ് കാണാൻ ചെന്നപ്പോ ഞാൻ ആ പഴയ അഞ്ചുവയസ്സുകാരിയായി. ഇമ്മാന്ന് വിളിച്ചപ്പോ... നിറഞ്ഞൊഴുകിയ കണ്ണ്.

(ഞങ്ങടെ

ഉമ്മകരയുന്നത് അത്രക്ക് സങ്കടവും വേദനയും വരുമ്പോ മാത്രമാണ്. മക്കളുടെ മുന്നിൽ കരയുന്നത് വളരെ കുറച്ചെ കണ്ടിട്ടുള്ളൂ.)

സമാധാനിപ്പിക്കാന്ന് കരുതി പിടിച്ച കൈ പെട്ടെന്ന് വിട്ടു. അറിയാതെ കുടഞ്ഞു പോയി. അത്രക്ക് തണുപ്പായിരുന്നു.. കരഞ്ഞു പോയി.

തണുപ്പ് തരുന്ന വേദന... അത് കൊടും വേദനയാണ്.. പ്രിയപ്പെട്ടവരുടെ ശരീരം തരുന്ന തണുപ്പിന് തലമരവിപ്പിക്കുന്ന വേദനയും.