Wednesday 15 June 2022 04:50 PM IST : By സ്വന്തം ലേഖകൻ

കാൻസർ വാർഡിനുള്ളിൽ കുഞ്ഞുങ്ങൾക്കു വേണ്ടി പാർക്, എക്സിബിഷൻ... പെണ്ണുങ്ങൾ ഒരുമിച്ചപ്പോൾ വിരിഞ്ഞ സ്നേഹവർണങ്ങൾ

snehavarnangal സ്നേഹവർണം കൂട്ടായ്മയിലെ അംഗങ്ങൾ

പെണ്ണുങ്ങൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞുവിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺകൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പുതിയ പംക്തി

സമൂഹത്തിനു വേണ്ടി നമ്മുടെ കയ്യിലുള്ള കല ഉപയോഗിച്ച് എന്തെങ്കിലും ചെയ്യണം. കോഴിക്കോട്ടെ കലാകാരികളുടെ കൂട്ടായ്മയിൽ ആണ് ഈ ചിന്ത ചർച്ചയായി മാറിയത്. ‘ചിരിയും ഉല്ലാസവും മാത്രം പോരല്ലോ. കാര്യഗൗരവമുള്ള മനസ്സിനു തൃപ്തി നൽകുന്ന കാര്യത്തിനു വേണ്ടി ഒരുമിച്ച് നിൽക്കുക, പ്രവർത്തിക്കുക.’ ആശയം കേട്ടപ്പോൾ എല്ലാവർക്കും സമ്മതം. അങ്ങനെ 2013 ൽ സ്നേഹവർണങ്ങൾ എന്ന കൂട്ടായ്മ രൂപമെടുത്തു.

ചിത്രം വരയ്ക്കുന്നവർ, ചിത്രങ്ങൾ തുന്നുന്നവർ, ടെറാക്കോട്ടയിൽ ആഭരണങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നവർ എന്നിങ്ങനെ കലയെ ജീവിതത്തിനോടൊപ്പം കൂട്ടിയവരാണ് ഈ കൂട്ടായ്മയിലെ എല്ലാ സ്ത്രീകളും. കേരളത്തിനകത്തും പുറത്തുമായി ജോലി ചെയ്യുന്നവരാണ് പലരും. എങ്കിലും, കലയോടുള്ള സ്നേഹത്താൽ തിരക്കുകൾ മാറ്റി വച്ചു എല്ലാവരും കൃത്യമായി ഒത്തുകൂടാനെത്തും.

‘‘പെയിന്റിങ്ങുകളുടെയും കരകൗശല ഉൽപന്നങ്ങളുടെയും പ്രദർശനം നടത്തുക. ഉൽപ ന്നങ്ങൾ വിറ്റു കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗമെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ കാൻസർ വാർഡിലെ കുട്ടികൾക്ക് സഹായം ചെയ്തു കൊടുക്കുക എന്നൊക്കെയായി രുന്നു തുടക്കത്തിലെ ലക്ഷ്യം.

‘‘13 പേർ ചേർന്നാണ് ആദ്യ എക്സിബിഷൻ നടത്തിയത്. പ്രദർശനം നടത്തിയതിന്റെ ചെലവ് ‍‍ഞങ്ങൾ പങ്കിട്ടു. അഞ്ചു ദിവസമായിരുന്നു പ്രദർശനം. ഉൽപന്നങ്ങൾ ഭൂരിഭാഗവും വിറ്റുപോയി.’’ സ്നേഹവർണം കൂട്ടായ്മയിലെ പ്രണീത വിശേഷങ്ങൾ പങ്കുവച്ചു.

വർണത്തിൽ ചാലിച്ച സ്നേഹം

ഗീത വാസുദേവൻ, പ്രണീത ദിവാകരൻ, വീണ സാബു, പ്രേംജ ബാബുരാജ്, രുക്മിണി എസ്. നായർ, രാധിക രഞ്ജിത്ത്, രശ്മി കിഷോർ, അനുപമ സുനിൽ, സുധ പ്രേംനാഥ്, പ്രിയ ജയകുമാർ എന്നീ പത്തുപേരാണ് സ്നേഹവർണങ്ങളിലെ വിവിധ വർണങ്ങൾ.

‘‘ഗീത വാസുദേവനാണ് ഞങ്ങളുടെയെല്ലാം ലീഡർ. ചേച്ചിയാണ് ഈ ഗ്രൂപ്പിന് ‘സ്നേഹവർണങ്ങൾ’ എന്നു പേരിട്ടതും. അമ്മയും കുട്ടിയും എന്ന സങ്കൽപത്തിലാണ് അങ്ങനെയൊ രു പേരു വന്നത്. വർണത്തിൽ ചാലിച്ച സ്നേഹമാണല്ലോ ഞങ്ങൾ അമ്മമാർ ആ കുട്ടികൾക്ക് കൊടുക്കുന്നത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, സ്റ്റഡി ടേബിൾ, കംപ്യൂട്ടർ, ബെഡ്, ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ളവയാണ് നൽകുന്നത്.

വേറൊരു ഗ്രൂപ്പിന്റെ കൂടെ ചേർന്നു കാൻസർ വാർഡിനുള്ളിൽ കുട്ടികൾക്കു വേണ്ടി പാ ർക് ഉണ്ടാക്കി കൊടുത്തിരുന്നു. പാർക് കണ്ടതും അമ്മമാർക്കായിരുന്നു കുട്ടികളേക്കാൾ കൂടുതൽ സന്തോഷം. കുട്ടികൾ ചിരിക്കുമ്പോഴാണല്ലോ അമ്മമാരും ചിരിക്കുന്നത്. അതൊരു ആനന്ദ നിമിഷമായിരുന്നു ഞങ്ങൾക്ക്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങളുടെ കൂടെ ചേരാൻ കുറേപേർ ആഗ്രഹം പറയുന്നുണ്ട്. അവർക്കു വേണ്ടി പെയിന്റിങ്സിന്റെ മാത്രം എക്സിബിഷൻ നടത്തി. ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളി ൽ നിന്നായി 101 പേരുണ്ടായിരുന്നു. കൂടുതലും മലയാളികളാണ്.

കോവി‍ഡ് മൂലം രണ്ടു വർഷമായി എക്സിബിഷൻ മുടങ്ങി. പക്ഷേ, വാട്സാപ്പ് ഗ്രൂപ്പിൽ ഞങ്ങൾ സജീവമാണ്. ഈ വർഷം എക്സിബിഷൻ നടത്താമെന്ന പ്രതീക്ഷയിലാണ്. അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു.