നെട്ടൂരിലെ വീട്ടിൽ നിന്ന് നാലു കിലോമീറ്റർ നടന്നാണ് വി.ഡി. സതീശൻ പനങ്ങാട് ഹൈസ്ക്കൂളിലേക്ക് പോയിരുന്നത്. സ്കൂളിലേക്കുള്ള വഴിയുടെ ഇ രുവശവും ആകാശം തൊട്ട് നിൽക്കുന്ന നല്ല മൂവാണ്ടൻ മാവുകളുണ്ട്. ഉന്നത്തിൽ എന്നും സതീശനായിരുന്നു ‘ഫസ്റ്റ് റാങ്ക്’. തുഞ്ചത്തുള്ള ഏതു മാങ്ങയും എറിഞ്ഞിടുന്ന ‘കൈ’ക്കരുത്ത്.
ഉന്നം ഇന്നും വി.ഡി സതീശൻ മറന്നിട്ടില്ല. വാക്കിന്റെ ഉന്നം പിടി ച്ചുള്ള ഏറു കൊണ്ട് വോട്ട് െപട്ടിയിൽ വീണത് തൃക്കാക്കരയിൽ ക ണ്ടതാണല്ലോ. എതിരാളികളുടെ മനസ്സിലേക്കുള്ള വാക്കിന്റെ കല്ലേറ് അത്ര വേഗം മായാത്ത പാടുകളുണ്ടാക്കിയിട്ടുമുണ്ട്.
സ്വർണവും സ്വപ്നയും വാർത്തകളുടെ ഉമിയിൽ നീറിക്കൊണ്ടിരുന്ന ദിവസങ്ങളിലൊന്ന്. ഞായറാഴ്ചയാണ്. പ്രതിപക്ഷനേതാവ് സ്വന്തം മണ്ഡലമായ പറവൂരിലാണ്. രാവിലെ കുറച്ചു നേരം ഒാഫിസിലുണ്ടാകും. അവിടെ വച്ചു കാണാനായി പറവൂരിലെത്തിയപ്പോഴേക്കും കറുത്ത മാസ്കും കറുത്ത ഉടുപ്പും വഴിതടയലും പിപ്പിടിയുമെല്ലാം കത്തിപ്പടർന്നു. അതോടെ പെട്ടെന്ന് പത്ര സമ്മേളനത്തിനായി കൊച്ചിയിലേക്ക്.
അത് കഴിഞ്ഞ് തിരികെ പറവൂരിലേക്ക്. പ്രതീക്ഷകളും പരാതികളുമായി ഒരുപാടു പേർ ഒാഫിസിൽ കാത്തുനിൽക്കുന്നു. ‘ഇന്നലെ കണ്ടതു പോലെ’ എ ല്ലാവരോടും സതീശൻ സംസാരിക്കുന്നു. എല്ലാം ശ്രദ്ധയോടെ കുറിച്ചെടുക്കുന്നു,
ഇവരെയെല്ലാം പരിചയമുണ്ടോ? പേരെടുത്തു വിളിക്കുന്നതിൽ എന്തെങ്കിലും തന്ത്രമുണ്ടോ?
ഇതിലൊന്നും രാഷ്ട്രീയം കാണരുത്. ഇവരെല്ലാം കാൽനൂറ്റാണ്ടായി ഹൃദയത്തിനടുത്തു നി ൽക്കുന്നവരാണ്. തുടർച്ചയായി അഞ്ചാം വട്ടമാണ് ഞാൻ ഈ മണ്ഡലത്തിൽ നിന്നു ജ യിച്ചത്. രാഷ്ട്രീയവും സാമൂഹികപ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും എല്ലാം ഒന്നാണ്. ജനങ്ങൾക്ക് വേണ്ടിയാണ്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി ഒരമ്മയുടെയും കുഞ്ഞിന്റെയും മുഖം എന്റെ മനസ്സിലുണ്ട്. അവരുടെ ഭർത്താവ് രോഗിയാണ്. ചികിത്സയ്ക്ക് പണമില്ല. വീട്ടിലും പട്ടിണി. അവരുടെയൊക്കെ കണ്ണീരു കാണുമ്പോൾ ജീവിതത്തെ കുറിച്ച് തിരിച്ചറിവുണ്ടാകും.
ഇതൊക്കെ വോട്ടായി മാറും എന്ന് ഒാർക്കാറേയില്ല. എന്റെ ഉത്തരവാദിത്തമാണ്, കടപ്പാടാണ്. 1996 ലാണ് ആ ദ്യമായി പറവൂരിൽ മത്സരിക്കാൻ വരുന്നത്. അന്ന് വെറും പതിനാലു ദിവസമേ ഇവിടെ പ്രവർത്തിക്കാനായുള്ളൂ. എ ന്നിട്ടും സിറ്റിങ് എംഎൽഎയോട് വെറും 1016 വോട്ടിനാണ് തോറ്റത്. തോറ്റിട്ടും പറവൂർ വിട്ടു പോയില്ല. ഇവർക്കൊപ്പം നിന്നു. അന്നുമുതൽ ഇവരുടെ സന്തോഷത്തിലും കണ്ണീരിലും ഞാനുണ്ട്. ജനങ്ങളുടെ സ്നേഹം മായില്ല. അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ മനസ്സ് വിതുമ്പും.
പൊതുപ്രവർത്തകൻ കരയുന്നതു പോലും വോട്ടിനു വേണ്ടിയാണെന്നു ചിന്തിക്കുന്നവരില്ലേ?
ആർദ്രത എന്നൊരു വികാരം മനസ്സിലുണ്ടാകണം. അത് വറ്റിക്കഴിഞ്ഞാൽ പൊതുപ്രവർത്തകന്, രാഷ്ട്രീയക്കാരന് പിന്നെ ജനങ്ങൾക്കിടയിൽ നിൽക്കാനാകില്ല എന്നാണ് എന്റെ വിശ്വാസം, ഒപ്പമുള്ളവരോട് ഞാൻ പറയും, സങ്കടങ്ങൾ കേൾക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്. ആ വിഷമങ്ങള്‍ കേട്ടാൽ നമ്മുടെ കണ്ണു നിറയണം. കണ്ണു നിറഞ്ഞില്ലെങ്കിൽ നിങ്ങൾക്കുള്ളിലെ പൊതുപ്രവർത്തകന് എ ന്തോ സംഭവിച്ചു എന്ന് തിരിച്ചറിയാനാകണം.
ജനങ്ങളുടെ സങ്കടങ്ങൾ കണ്ട് കുറ്റബോധം തോന്നിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ തീരപ്രദേശങ്ങളിൽ പരിതാപകരമായ ജീവിതാവസ്ഥയാണ്. മത്സ്യസമ്പത്തു കുറഞ്ഞു, തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർ...
ഒരു പുനരധിവാസ ക്യാംപിൽ ചെന്നു, കുഞ്ഞു മുറി. നിറയെ ആൾക്കാർ. എല്ലാവരും വീട് നഷ്ടപ്പെട്ടവർ. അവരിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുണ്ട്. വീടു കടലെടുത്തു പോയതറിയാതെ കുട്ടികൾ കളിക്കുന്നുണ്ട്. ഉണ്ടാക്കി വച്ച ഭക്ഷണത്തിൽ ഈച്ചയാർക്കുന്നു.
ഞങ്ങളെ കണ്ടതും മുതിർന്നവർ കൂട്ടക്കരച്ചിലായി. പ്രതിപക്ഷത്താണ് ഞങ്ങൾ, ചെയ്യുന്നതിൽ പരിധിയുണ്ട്. എ ന്നാലും ഞങ്ങളും ജനപ്രതിനിധികളല്ലേ? ആ കുറ്റബോധം മനസ്സിലുണ്ടായി. നാലു വർഷമായി ആ പാവങ്ങൾ അവിടെ നരകിക്കുകയാണ്. കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കാൻ ഇ നിയും എത്ര ദിവസം എടുക്കും എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി.
ഒരു ഫോൺ കോളിൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നൊക്കെ തോന്നും. പക്ഷേ, ജനപ്രതിനിധിയാ ണെങ്കിലും പലതും പരിഹരിക്കപ്പെടാനാകാതെ നിസ്സഹായനായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചപ്പോഴും കണ്ണുകൾ നിറഞ്ഞു.
നെട്ടൂരാണ് ജനിച്ചതെങ്കിലും പറവൂരാണ് മണ്ഡലമെങ്കിലും വി.ഡി. സതീശൻ ജീവിക്കുന്നത് ആലുവ ദേശത്ത്. വീട്ടിലേക്ക് കാര്‍ പായുമ്പോൾ സ്കൂളിലേക്കുള്ള യാത്രകളെക്കുറിച്ചാണ് വി.ഡി. സതീശൻ പറഞ്ഞു കൊണ്ടിരുന്നത്.
രാഷ്ട്രീയക്കൊടി എന്നാണ് മനസ്സിൽ നാട്ടിയത്?
വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ആറുമക്കൾ. അ ച്ഛൻ ദാമോദര മേനോൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ വിലാസിനിയമ്മ. ഇടത്തരം കുടുംബമായിരുന്നു. പക്ഷേ, ആഗ്രഹിച്ചതെല്ലാം കയ്യിൽ കിട്ടിയ കുട്ടിക്കാലമൊന്നുമല്ല.
രാവിലെ അമ്മ മുറ്റത്തേക്കിറങ്ങും. തിരിച്ചു വരുമ്പോൾ ഒരു കറിക്കുള്ള വിഭവം കയ്യിലുണ്ടാകും. ചക്ക, മാങ്ങ, ചേമ്പ്, ചേന, വാഴക്കൂമ്പ്... അങ്ങനെ എന്തും കറിയാകും. ഇ ന്നും മുന്നിൽ ഒരുപാടു വിഭവങ്ങൾ നിരന്നാൽ കഴിക്കാൻ ബുദ്ധിമുട്ടാണ്.
ആറാം ക്ലാസ്സ് വരെ നെട്ടൂർ എസ്.വി. യു.പി. സ്കൂളിലാണ് പഠിച്ചത്. പിന്നെ, പനങ്ങാട് ഹൈസ്ക്കൂളിൽ. കൂട്ടുകാരുമൊത്ത് ജാഥയായാണ് പോകുന്നത്. ദിവസം എട്ടു കിലോമീറ്റർ നടത്തം. ചെരിപ്പൊന്നും ഇല്ല. അതൊക്കെ അന്ന് ആർഭാടമാണ്.
കുട്ടിക്കാലം മുതൽക്കേ പത്രം വായിക്കും. വീട്ടിൽ എല്ലാവർക്കും പത്രം കിട്ടുമ്പോൾ തന്നെ വായിക്കണം. അങ്ങനെ രണ്ടു പേജുള്ള ഷീറ്റ് ഒാരോ പേജുകളായി കീറും. എന്നിട്ട് ഒാരോരുത്തരായി വായിക്കും. അങ്ങനെ കുട്ടിക്കാലത്തേ രാഷ്ട്രീയ ബോധത്തോടെയാണ് വളർന്നത്. സ്കൂൾ ലീഡറായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തേവര എസ്എച്ച് കോളജിൽ വച്ചാണ്.
സർക്കാർ സ്കൂളിലെ കുട്ടി തേവര എസ്. എച്ച് കോളജിലെത്തിയപ്പോൾ ഒന്നു പേടിച്ചോ?
മലയാളം മീഡിയത്തിൽ പഠിച്ച ഒരാൾ കൊച്ചിയിലെ ‘ക്രീം’ ആയ കുട്ടികൾ പഠിക്കുന്ന എസ്. എച്ചിലേക്ക് എത്തുമ്പോ ൾ സ്വാഭാവികമായൊന്ന് ചങ്കിടിക്കും. ആ ചങ്കിടിപ്പ് എനിക്കും കൂട്ടുകാർക്കും ഉണ്ടായി. തട്ടും തടവുമില്ലാതെ ഇംഗ്ലിഷ് പറയുന്ന, ക്രിക്കറ്റിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കുട്ടികൾ. ഞങ്ങളുടെ സ്കൂളില്‍ ക്രിക്കറ്റ് എത്തിയിട്ടു കൂടിയില്ല. തോറ്റു പോകരുതല്ലോ. പത്രത്തിലെയും റേഡിയോയിലെയും വാർത്തകൾ വായിച്ചും കേട്ടും കാര്യങ്ങൾ മനസ്സിലാക്കി. കളിയുമായി ബന്ധപ്പെട്ട ചില സാങ്കേതിക വാക്കുകൾ പഠിച്ചെടുത്തു. ഇതൊക്കെ വച്ച് അവരുടെ ക്രിക്കറ്റ് സംസാരത്തിലേക്ക് ഞങ്ങളും ഇടിച്ചു കയറി.
ഇംഗ്ലിഷ് പറയുന്നതു കേട്ടപ്പോള്‍ പകച്ചു പോയെന്നത് സത്യമാണ്. മലയാളം മീഡിയത്തിൽ നിന്നല്ലേ വരുന്നത്. അപകർഷതാബോധമായി. പക്ഷേ, പിന്നെയാണ് മനസ്സിലായത്. അവർ സംസാരിക്കുന്നതിൽ ഗ്രാമർ ഒട്ടുമില്ല. പൊട്ടത്തെറ്റാണ് പറയുന്നത്. ഗ്രാമറിന്റെ നല്ല അടിത്തറ പാകിയാണ് അധ്യാപകർ ഞങ്ങളെ വിട്ടത്. അതോടെ ആത്മവിശ്വാസം കൂടി. കുട്ടികൾക്കിടയിലേക്ക് ഇറങ്ങി ചെന്നു. കോളജ് യൂണിയൻ ഭാരവാഹിയായി. എംജി യൂണിേവഴ്സിറ്റി ചെയർമാനായി. നല്ല മാർക്കിൽ പാസായി.
പിന്നീട് രാജഗിരി കോളജിൽ സോഷ്യോളജി ബിരുദാനന്തര ബിരുദത്തിന് ചേർന്നു. പിന്നെ തിരുവനന്തപുരം ലോ അക്കാദമിയിലേക്ക്. അതുകഴിഞ്ഞ് എൽഎൽഎമ്മിനായി തിരുവനന്തപുരം ലോ കോളജിൽ, പിന്നെ ഹൈക്കോടതിയിൽ അഭിഭാഷകൻ. രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങണോ അഭിഭാഷകനായി തുടരണോ എന്ന് അക്കാലത്ത് കു റേ ആലോചിച്ചിരുന്നു. അപ്പോഴാണ് പറവൂരിലേക്ക് ആദ്യമായി എത്തുന്നത്. പിന്നീട് തിരിച്ചു പോയില്ല.
രാഷ്ട്രീയക്കാരന് അന്ന് ‘പെണ്ണു കിട്ടാൻ’ പ്രയാസമായിരുന്നില്ലേ?
ഞാൻ അന്ന് രാഷ്ട്രീയക്കാരന്‍ മാത്രമല്ല ഹൈക്കോടതി വക്കീൽ കൂടിയാണല്ലോ. ആകെ പോയത് ഒരു െപണ്ണുകാണൽ ചടങ്ങിനു മാത്രമാണ്. ആ പെൺകുട്ടിയെ തന്നെ വിവാഹവും കഴിച്ചു, ആലുവക്കാരിയായ ലക്ഷ്മിപ്രിയ.
ഇലക്ഷനിൽ പരാജയപ്പെട്ട ഉടനെ ആയിരുന്നു വിവാഹം. അഞ്ചു വർഷം ഒരുപാടു പ്രതിസന്ധികളുണ്ടായി. പരാജയപ്പെട്ടെങ്കിലും പറവൂരിൽ തന്നെയായിരുന്നു. നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. അന്ന് അത്യാവശ്യം ഫീസൊക്കെ കിട്ടുന്ന തിരക്കുള്ള വക്കീലായിരുന്നു. ജനസേവനവും വക്കീൽ ജോലിയും ഒന്നിച്ചു കൊണ്ടു പോകാനായില്ല. വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ. ആവശ്യങ്ങൾ ഒരുപാടുണ്ട്. വരുമാനം വലിയ പ്രശ്നമാണ്.
എങ്കിലും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി. അടുത്ത തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിൽക്കാനാകും എന്ന് ഒരുറപ്പും ഇല്ല. കോൺഗ്രസ് സംഘടനയിൽ അങ്ങനെ ഒരുറപ്പും പറയാനാകില്ല. ഇലക്ഷനിൽ മറ്റൊരു സ്ഥാനാർഥിയെ നിർത്തിയാൽ പറവൂരിൽ ഞാൻ ആരുമല്ലാതെ ആയേക്കാം. കരിയറും പോകും, പക്ഷേ, വക്കീൽ ജോലി വിട്ട് പറവൂരിലെ ജനങ്ങൾക്കിടയിൽ നിൽക്കാൻ തീരുമാനിച്ചു.
ഇരുപത്തഞ്ചു വർഷമായി നിയമസഭയിൽ. മന്ത്രിയാകാത്തതിൽ ചെറിയൊരു വിഷമം ഇല്ലേ?
രണ്ടായിരത്തി പതിനൊന്നിൽ ഞാൻ മന്ത്രിയാകും എന്ന് പലരും പറഞ്ഞു. കേട്ടുകേട്ട് ഞാനും ആഗ്രഹിച്ചു. എന്നെ സംബന്ധിച്ചിടത്തോളം കൃത്യമായ സമയം ആയിരുന്നു. ജനങ്ങൾക്കായി എന്തൊക്കെ ചെയ്യണം എന്നതിന്റെ മാസ്റ്റർ പ്ലാൻ പോലും കൈയിലുണ്ട്. അഞ്ചു വർഷം കൊണ്ട് ജനമനസ്സുകളിൽ കൈയൊപ്പിട്ട് നിൽക്കണമെന്നും ചിന്തിച്ചു. പക്ഷേ, രാഷ്ട്രീയമല്ലേ? പല കാരണങ്ങൾകൊണ്ട് അവസാന നിമിഷം ലിസ്റ്റിൽ നിന്ന് പുറത്തായി.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ പാർട്ടിയിലെ പ്രധാനപ്പെട്ട നേതാവ് ‘പുനസംഘടനയ്ക്കായി ശബ്ദമുയർത്തണം’ എന്നു പറഞ്ഞു. ‘നിങ്ങളെ മന്ത്രിയാക്കാനാണ്’ അത് ചെയ്യുന്നതെന്നും സൂചന നൽകി. പക്ഷേ, ഞാൻ ഇല്ലെന്ന് തീർത്തു പറഞ്ഞു. മന്ത്രിയാകാനുള്ള ലിസ്റ്റിൽ നിന്ന് എന്റെ പേര് വെട്ടിയത് അത്ര നിരാശപ്പെടുത്തിയിരുന്നു.
ആ സംഭവം പദവികളിൽ നിന്ന് മാറി നിൽക്കാനുള്ള കരുത്തു തന്നു. ഇപ്പോൾ പദവികളിൽ നിന്ന് മാനസികമായി അകലെയാണ് ഞാൻ.
ഉമ്മൻ ചാണ്ടിയെ പോലെ ആൾക്കൂട്ടത്തിലാണോ അതോ സുധാകരനെ പോലെ മസിൽ പവറിലാണോ വിശ്വാസം?
തലകുത്തി നിന്നാൽ എനിക്ക് ഉമ്മൻ ചാണ്ടി സാർ ആകാൻ പറ്റില്ല. അത്രയ്ക്ക് ജനകീയനാകാനുള്ള കഴിവ് എനിക്കില്ല. ആൾക്കൂട്ടത്തിന്റെ ആളല്ല ഞാൻ. ഏതു വിഷയത്തെക്കുറിച്ചും പഠിച്ച്, കണക്കുകൾ നിരത്തി പ്രസംഗിക്കാനാണ് ഇഷ്ടം. പ്രസംഗിക്കാന്‍ തീരുമാനിച്ച വിഷയത്തിൽ നിന്ന് മാറുന്നത് ഇഷ്ടവുമല്ല.
അതുപോലെ സുധാകരൻ കടുത്ത നിലപാട് എടുക്കുന്ന ആളാണ്. എടുത്ത തീരുമാനം നടപ്പിലാക്കാൻ ഏതറ്റം വരെയും പോകും. ആ യാത്രയിൽ സുധാകരന് യുക്തി ഒന്നുമില്ല. കണ്ണുംപൂട്ടി പാർട്ടിക്കാർക്കൊപ്പം നിൽക്കും. എനിക്ക് അങ്ങനെ നിൽക്കാനാകില്ല. എല്ലാ വശവും ആലോചിച്ചേ ഞാൻ എന്തും ചെയ്യൂ.
പ്രശ്നങ്ങൾ ശാന്തമായാണോ കൈകാര്യം ചെയ്യുക?
തൃക്കാക്കര ഇലക്‌ഷൻ കഴിഞ്ഞതോടെ ഒപ്പമുള്ള നൂറുപേരെങ്കിലും എന്റെ ശത്രുക്കൾ ആയിട്ടുണ്ട്. തീരുമാനമെടുത്താൽ അതനുസരിച്ച് മുന്നോട്ടു പോകണം എന്ന ശാഠ്യമുണ്ട്. അതു നടന്നില്ലെങ്കിൽ പൊട്ടിത്തെറിക്കുകയും വഴക്കിടുകയും ചെയ്യും. അത് അപ്പോൾ മാത്രമുള്ള ദേഷ്യമാണെന്ന് ഒപ്പം നിൽക്കുന്നവർക്ക് അറിയാം ഇതു മാറ്റാനായി ശ്രമിക്കുകയാണ് ഞാൻ.
ലീഡർ എന്നു പലരും വിശേഷിപ്പിക്കുന്നതു കേട്ടപ്പോൾ എന്തു തോന്നി?
ലീഡര്‍ എന്നു വിളിച്ചതു കേട്ടപ്പോള്‍ തന്നെ അതിൽ വീഴരുതെന്ന് മനസ്സു പറഞ്ഞു. എനിക്ക് എന്നെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ അത്രയൊന്നും വിളിക്കപ്പെടാൻ ആയിട്ടില്ല എന്ന് തിരിച്ചറിവുണ്ട്.
കേരളത്തിൽ പ്രധാനപ്പെട്ട ഒരു താക്കോൽസ്ഥാനത്തും ഞാനിരുന്നിട്ടില്ല. തൃക്കാക്കര തിരഞ്ഞെടുപ്പ് ഒരു മിഷൻ ആയിരുന്നു. അത് പരമാവധി നന്നായി ഉപയോഗിക്കാൻ കഴിഞ്ഞു, യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക എന്ന വലിയ മിഷൻ ബാക്കിയുണ്ട്. അതിനിടയിൽ ഒരു തിരഞ്ഞെടുപ്പ് ജയിച്ചു എന്നോർത്ത് ലീഡർ ഒന്നുമാവില്ല.
ദേശത്തെ വീട്ടിലേക്ക് വി.ഡി.സതീശൻ എത്തി. ചെടികൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന വീട്. മണ്ഡലത്തിൽ കണ്ട തിരക്ക് പ്രതിപക്ഷ നേതാവിന്റെ വീട്ടിലില്ല. അടുത്ത മീറ്റിങ്ങിന് പോകുന്നതിനു മുൻപ് ഫോട്ടോ എടുക്കാമെന്ന് സതീശൻ തിരക്കു കൂട്ടുന്നു. ഭാര്യ ലക്ഷ്മിപ്രിയയും മകൾ ഉണ്ണിമായയും ഒരുമിച്ചിരുന്നു. ചെന്നൈയില്‍ സ്റ്റെല്ല മേരീ സ് കോളജിൽ നിന്ന് എംഎ ഇംഗ്ലിഷ് പൂർത്തിയാക്കിയ ഉ ണ്ണിമായ ഗവേഷണത്തിനുള്ള തയാറെടുപ്പിലാണ്.
ആദ്യം കണ്ട പെൺകുട്ടിയെ തന്നെ വി.ഡി.സതീശൻ വിവാഹം ചെയ്തെന്നു പറഞ്ഞപ്പോൾ ചിരിയോടെ ലക്ഷ്മിപ്രിയ ഒരു റൊമാന്റിക് കൂട്ടിചേർക്കൽ നടത്തി, ‘‘എന്നെ ആദ്യമായി ഇഷ്ടമാണെന്നു പറഞ്ഞത് ചേട്ടനാണ്.’’
വീട്ടിലെ പ്രതിപക്ഷനേതാവ് ആരാണ്?
ഉണ്ണിമായ: അച്ഛനെ വിമർശിക്കാറുണ്ട്. നന്നായി വായി ക്കുന്ന ആളാണ് അച്ഛൻ. പുതിയ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെ കുറിച്ചും ഞാൻ പറഞ്ഞു കൊടുക്കും. മിസ് ചെയ്യരുതാത്ത സിനിമകൾ നിർബന്ധിച്ചു കാണിക്കും.
പുതിയ തലമുറയോടു സംസാരിക്കുമ്പോള്‍ ജനറേഷൻ ഗാപ് അച്ഛനില്ല. പ്രായം നോക്കാതെ എല്ലാവരെയും ഒരുപോലെ കാണും. ‘നിന്നെക്കാളും ഒരുപാട് ഒാണം ഞാൻ കൂടുതൽ ഉണ്ടിട്ടുണ്ട്’ എന്ന ഡയലോഗ് ഒന്നും അ ച്ഛൻ പറയാറില്ല. നല്ല തർക്കങ്ങൾ ഉണ്ടാകും. അതിനിടയിൽ എനിക്ക് ദേഷ്യവും കരച്ചിലും വരും.
വി.ഡി. സതീശൻ: എന്റെ കടുത്ത സ്ത്രീപക്ഷ നിലപാടിന് കാരണം മകളാണ്. ആൺ–പെൺ എന്നതിനപ്പുറം ലിംഗസമത്വത്തോടെ പെരുമാറാന്‍ അവളാണ് പഠിപ്പിച്ചത്. പഴയ തലമുറയിലെ ആളെന്ന രീതിയിൽ എന്റെ ചിന്താഗതിയിൽ ചില കുഴപ്പങ്ങളുണ്ടായിരുന്നു. അത് മാറ്റിയതും മകളാണ്. പുതുതലമുറയോട് കുറച്ചു കൂടി എളുപ്പത്തിൽ സംസാരിക്കാൻ കഴിയുന്നത് മകളുമായുള്ള സംവാദം കൊണ്ടാകാം.
ഉണ്ണിമായ: യാത്ര പോകുമ്പോൾ ‘എന്റെ ബാഗ് പാക്ക് ചെയ്യ് ’ എന്ന് പറയുന്ന ആളല്ല അച്ഛൻ. ആരെയും കാത്തു നിൽക്കാതെ ഒറ്റയ്ക്ക് ചെയ്യും. അച്ഛനെ വീട്ടിൽ കിട്ടുന്നില്ല എന്ന പരാതിയൊന്നും എനിക്കും അമ്മയ്ക്കും ഇല്ല. ഇവിടെ ഉള്ള സമയം അച്ഛന്‍ ഞങ്ങൾക്കൊപ്പമുണ്ട്. ഫോൺ പോലും അത്യാവശ്യത്തിനേ ഉപയോഗിക്കൂ.
രാഷ്ട്രീയം കഴിഞ്ഞുള്ള ഇഷ്ടങ്ങൾ എന്തൊക്കെ?
വി.ഡി. സതീശൻ: വായനയും കാടു കയറലുമാണ് പ്രധാന ഇഷ്ടങ്ങൾ. ദക്ഷിണേന്ത്യയിലെ ഒരുവിധം എല്ലാ കാടുകളിലും പോയിട്ടുണ്ട്. ഇപ്പോഴാണ് സമയം കിട്ടാത്തത്. കാട് തരുന്ന ഊർജം വലുതാണ്. മകളുമായി പോയി ആനയുടെ മുന്നിൽ പെട്ട സന്ദർഭങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.
ചിട്ടയോടെ വായിക്കാൻ തുടങ്ങിയാൽ സമയം കിട്ടും. പിന്നെ മകൾ എംഎ ഇംഗ്ലിഷാണ് പഠിച്ചത്.പുതിയ പുസ്തകങ്ങളെക്കുറിച്ചൊക്കെ അവൾ പറഞ്ഞു തരും. ‘അയ്യേ.. അച്ഛൻ ഈ പുസ്തകം വായിച്ചില്ലേ’ എന്നു ചോദിക്കുമ്പോൾ എനിക്ക് നാണക്കേടു പോലെയാണ്.
അച്ഛനെ പോലെ രാഷ്ട്രീയ ജീവിതം ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ തെല്ലും ആലോചിക്കാതെ ഉണ്ണിമായയുടെ ഉത്തരം :‘‘ഇല്ല, ഒട്ടുമില്ല.’’
രാഷ്ട്രീയത്തിൽ നിന്ന് ചെറുപ്പക്കാർ അകന്നു പോയോ?
ചെറുപ്പക്കാരെ അടുപ്പിച്ചു നിർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവരെ ആകർഷിക്കുന്ന കാര്യങ്ങൾ വളരെ കുറവാണ്. ഏതു രാഷ്ട്രീയ പാർട്ടി ആയാലും നാൽപ്പത് വർഷം മുൻപുള്ള മുദ്രാവാക്യമാണ് ഇപ്പോഴും വിളിക്കുന്നത്. വെറും വിവാദം മാത്രമാവരുത് രാഷ്ട്രീയം.
ചെറുപ്പക്കാരോട് ഒന്നേ പറയാനുള്ളൂ.നിങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടിയിലും അംഗമാകണമെന്ന് നിർബന്ധമില്ല. പക്ഷേ, രാഷ്ട്രീയ ബോധം വേണം. അത് പരിസ്ഥിതി സ്നേഹമാണ്. ദളിത് പക്ഷമാണ്. ലിംഗ സമത്വമാണ്. സ്ത്രീ പക്ഷമാണ്. മതത്തിന്റെ പേരിൽ ഒപ്പമുള്ളവനെ അകറ്റി നിർത്താത്ത മനുഷ്യനാകണം.
വിജീഷ് ഗോപിനാഥ്
ശ്രീകാന്ത് കളരിക്കൽ
</p>