Saturday 02 July 2022 11:58 AM IST : By സ്വന്തം ലേഖകൻ

വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു... ജാമ്യം റദ്ദാക്കണം: അതിജീവിത സുപ്രീം കോടതിയിൽ

vijay-babu

നിർമാതാവ് വിജയ് ബാബുവിനു ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി അതിജീവിത സുപ്രീം കോടതിയിൽ. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹർജി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നൽകിയതറിഞ്ഞു നിയമത്തിൽ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. 

വിജയ് ബാബുവിനു ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ വിഷയത്തിൽ കേസ് പരിഗണിച്ച ജ‍‍ഡ്ജിയുടെ നിലപാടിനെതിരെ ഹൈക്കോടതി ജഡ്ജിമാർക്കിടയിൽനിന്നു തന്നെ ഭിന്നാഭിപ്രായം പുറത്തു വന്നിരുന്നു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കേസ് പരിഗണിക്കുന്നത് ഡിവിഷൻ ബെഞ്ചിനു വിടുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ 22നാണ് സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പരാതി വിവരം അറിഞ്ഞതിനു പിന്നാലെ രാജ്യം വിട്ട വിജയ് ബാബുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിലാണ് വിജയ് ബാബു നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയത്.

ദിവസങ്ങൾ നീണ്ട വാദങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ച പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ ലൈംഗികപീഡനമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം ഇരയ്ക്കൊപ്പമാണെന്നും അവരെയാണ് വിശ്വാസമെന്നും പ്രഖ്യാപിച്ച് സിനിമയിലെ വനിതകളുടെ സംഘടന ഉൾപ്പടെയുള്ളവർ രംഗത്തു വന്നിരുന്നു. യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി നൽകിയ ഇരയുടെ പേരു വെളിപ്പെടുത്തി എന്നുമുള്ള രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.