Friday 22 February 2019 03:24 PM IST : By സ്വന്തം ലേഖകൻ

അന്ന് പാകിസ്താൻ പതാക പുതച്ച്, ‘ജനഗണമന...’ പാടി; ഇപ്പോൾ ക്രിക്കറ്റ് മത്സരത്തിനായി വീണ്ടും ആദിൽ: വിഡിയോ

aadil-new

ദുബായിൽ നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താൻ പതാത പുതച്ച്, ഇന്ത്യൻ ദേശീയ ഗാനം പാടിയ ആദിലിനെ സോഷ്യൽ മീഡിയ മറന്നിട്ടുണ്ടാകില്ല. ആദിലിന്റെ വിഡിയോ വൈറലായപ്പോൾ ലോകം മുഴുവന്‍ പാകിസ്താൻ പൗരനായ ഈ ചെറുപ്പക്കാരനെ വാഴ്ത്തിയിരുന്നു.

ഇപ്പോഴിതാ ആദില്‍ മറ്റൊരു വിഡിയോയുമായി രംഗത്തു വന്നിരിക്കുന്നു. ഇത്തവണ ഒരു അഭ്യർത്ഥനയുമായാണ് ആദിലിന്റെ വരവ്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ക്രിക്കറ്റ് മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഹര്‍ഭജൻ സിങ്ങും സൗരവ് ഗാംഗുലിയുമുള്‍പ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു.

എന്നാൽ, ബഹിഷ്കരണ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ആദിലിന്റെ അഭ്യര്‍ത്ഥന. എ.എന്‍.ഐയാണ് ഈ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

‘‘പുല്‍വാമ അക്രമത്തിന് ശേഷവും യു.എ.ഇയിലെ ഇന്ത്യക്കാരും പാകിസ്താന്‍കാരും ഉഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. പാക് താരങ്ങളോട് ചോദിച്ചാല്‍ അറിയാം, അവരുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എത്രമാത്രം വലിയ സ്ഥാനമുണ്ടെന്ന്. ഷാഹിദ് അഫ്രീദിയും ഷൊയ്ബ് അക്തറുമെല്ലാം പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട് അവര്‍ക്ക് പാകിസ്താനേക്കാള്‍ ഇന്ത്യയെയാണ് ഇഷ്ടമെന്ന്. ക്രിക്കറ്റ് കളിക്കാരും ആരാധകരും ഇത്തരത്തിലുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്’ – ആദില്‍ പറയുന്നു.

രണ്ടു രാജ്യങ്ങളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ദയവു ചെയ്ത് ഈ മത്സരം ബഹിഷ്കരിക്കരുതെന്നും ആദില്‍ അഭ്യർത്ഥിക്കുന്നു.