Saturday 01 March 2025 11:00 AM IST : By സ്വന്തം ലേഖകൻ

25 വര്‍ഷമായി പ്രവാസി, പൊളിഞ്ഞുപോയ കച്ചവടം, 7 വർഷമായി മുടങ്ങിയ യാത്രയ്ക്ക് ഒറ്റ ദിവസത്തില്‍ അനുമതി: റഹീമിനെ തുണച്ച കരുതല്‍

afan-father-raheem ഇടറുന്ന നെഞ്ച്... വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ മരിച്ച അഹ്സാന്റെ പിതാവ് അബ്ദുൽ റഹിം താഴെ പാങ്ങോട് മുസ്‍ലിം ജുമാ മസ്ജിദിലെ ഖബറിടത്തിൽ എത്തിയപ്പോൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്∙ മനോരമ

7 വർഷമായി മുടങ്ങിയ യാത്രയ്ക്ക് അനുമതി ഒറ്റദിവസത്തിൽ; തുണച്ചത് സാമൂഹികപ്രവർത്തകൻ, പണമടച്ച് വ്യവസായി

ദമാം (സൗദി)∙ ‘‘ ഇത്രവേഗം നാട്ടിലെത്തുമെന്നു പ്രതീക്ഷിച്ചതേയില്ല. ചേർത്തുനിർത്തിയവർക്ക് പ്രാർഥന മാത്രമേ നൽകാനുള്ളൂ,’’ നെഞ്ചിൽ സഹിക്കാനാകാത്ത ഭാരവുമായി നാട്ടിലേക്കു പറക്കും മുൻപ് അബ്ദുൽ റഹീം പറ‍ഞ്ഞു. ഏഴുവർഷമായി ഗൾഫിൽ കുടുങ്ങിയ റഹീമിന്റെ യാത്രാ തടസ്സങ്ങളുടെ കുരുക്കഴിക്കാൻ കൈകോർത്തത് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾ ഒന്നടങ്കമാണ്.

ഇഖാമ (താമസാനുമതി) കാലാവധി കഴിഞ്ഞുള്ള അനധികൃത താമസവും വൻ കടബാധ്യതയും മൂലം അസാധ്യമെന്ന് കരുതിയ യാത്രയ്ക്ക് ഒറ്റദിവസം കൊണ്ട് അനുമതി നൽകി സൗദി അധികൃതരും ഒപ്പം നിന്നു. തന്റെ മാതാവും മകനും ബന്ധുക്കളും ഒറ്റനിമിഷത്തിൽ ഇല്ലാതായെന്ന് അറിഞ്ഞതുമുതൽ തളർന്നിരിപ്പായിരുന്നു റഹീം. ലോകകേരളസഭാംഗം കൂടിയായ നാസ് വക്കമാണ് പൊലീസ് സ്റ്റേഷനിൽ റഹീമിന്റെ അവസ്ഥ അവതരിപ്പിച്ചതും സൗദി പാസ്പോർട്ട് വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത നടപടികൾ നീക്കിയതും. 

25 വർഷമായി പ്രവാസിയായ റഹീം കച്ചവടം പൊളിഞ്ഞതിന്റെ കടബാധ്യതയെത്തുടർന്നാണ് ഒന്നരമാസം മുൻപ് ദമാമിലേക്കു മാറിയത്. ഇഖാമ കാലാവധി കഴിഞ്ഞ് 3 വർഷം പിന്നിട്ടിരുന്നു. ഇതിന്റെ പിഴയായ 11.65 ലക്ഷം രൂപ അടയ്ക്കാൻ പ്രവാസി ബിസിനസുകാരൻ സിദ്ദിഖ് അഹമ്മദിനെപ്പോലെയുള്ളവർ സഹായം വാഗ്ദാനം ചെയ്തു. സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്പോർട്ട് വിഭാഗം മേധാവികളെ നാസ് വക്കം നേരിട്ടുകണ്ട് റഹീമിന്റെ ദുരന്തകഥ അറിയിച്ചു. കുറഞ്ഞത് 7 ദിവസമെങ്കിലും വേണ്ട നടപടികൾ അധികൃതർ ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കി നൽകി.

അഫാനെ പൊലീസ് സെല്ലിലേക്ക് മാറ്റി

എലിവിഷം കഴിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അഫാനെ അവിടെയുള്ള പൊലീസ് സെല്ലിലേക്കു മാറ്റി. മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണിത്. മറ്റു കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തും. അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. ഒരു മാസം മുൻപ് ഒരുതവണ ഉപയോഗിച്ചതൊഴിച്ചാൽ ഇയാൾ പതിവായി രാസലഹരി ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.