Monday 24 September 2018 01:48 PM IST : By സ്വന്തം ലേഖകൻ

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി, സുരക്ഷിതനെന്ന് നാവിക സേനയുടെ ട്വീറ്റ്

abhilash-escaped

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്മരം ഒടിഞ്ഞ വഞ്ചിയില്‍ രണ്ടുദിവസമായി സമുദ്രത്തില്‍ തുടരുന്ന നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. അഭിലാഷ് സുരക്ഷിതനെന്നും സേന ട്വിറ്ററിൽ അറിയിച്ചു.

ഫ്രഞ്ച് കപ്പലായ ഒസിരിസ് അഭിലാഷിന്റെ വഞ്ചിയ്ക്കടുത്തെത്തിയിരുന്നു. കപ്പലിലെ ചെറുബോട്ടില്‍ ഡോക്ടര്‍മാരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷ് ടോമിയുടെ അരികിലെത്തി. അഭിലാഷിന്റെ വഞ്ചിയുടെ സ്ഥാനം നിരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന വിമാനവും എത്തിയിട്ടുണ്ട്.     

മൗറീഷ്യസില്‍ നിന്ന് മൂന്നു മണിക്കൂര്‍ ദൂരത്താണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും സേന അറിയിച്ചു. മേഖലയില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, കൂറ്റന്‍ തിരമാലയുമാണ്. കാറ്റില്‍പ്പെട്ട് പായ്‍വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന അറിയിച്ചു.

പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.