Friday 18 November 2022 10:50 AM IST : By ദീപ്തി പെല്ലിശേരി

സെക്യൂരിറ്റിയുടെ കയ്യിൽ പോലും തോക്ക്; സിഗരറ്റു കൊണ്ടു പൊള്ളിച്ചു, പട്ടിണിക്കിട്ടു! ഏജന്റ് ഞങ്ങളെ മൂന്നുലക്ഷം രൂപയ്ക്കു വിറ്റെന്നു പറഞ്ഞു

alappuzha-rahul-sudarshanan.jpg.image.845.440

ഫെബ്രുവരിയിലാണ് ആലപ്പുഴ നൂറനാട് പടനിലം സുദർശന സദനം വീട്ടിൽ രാഹുൽ സുദർശൻ ഡൽഹിയിൽ പ്രവർത്തിക്കുന്ന ഏജൻസിയിലെ റാന്നി മക്കപ്പുഴ സ്വദേശിയായ ഏജന്റ് വഴി കംബോഡിയയിലെ ജോലിയെക്കുറിച്ച് അറിയുന്നത്. കംപ്യൂട്ടർ ഓപ്പറേറ്റർ ജോലിയാണെന്നറിഞ്ഞപ്പോൾ പോകാമെന്നു രാഹുൽ തീരുമാനിച്ചു. റോസ് ഗാർഡൻസ് ഡവലപ്മെന്റ് കമ്പനിയിലാണ് ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. പല ഘട്ടങ്ങളിലായി ഏജന്റിന് ഒന്നര ലക്ഷം രൂപ നൽകി. ജൂണിൽ ഇ വീസ ലഭിച്ചു. കംബോഡിയയിലേക്കുള്ള ഓൺലൈൻ വീസയാണ് ലഭിച്ചത്.

പിന്നീട് തായ്‌ലൻഡിലാണ് ജോലി, കമ്പനിയുടെ തന്നെ മറ്റൊരു ബ്രാഞ്ചാണ് എന്നെല്ലാം പറ‍ഞ്ഞ് ഏജന്റ് വിശ്വസിപ്പിച്ചു. തായ്‌ലൻഡിൽ എത്തിയപ്പോൾ ഏജന്റ് പിന്നെയും സ്ഥലം മാറ്റി. കംബോഡിയയിൽ തന്നെയാണ് ജോലി, അങ്ങോട്ടേക്കു പോകാൻ പറഞ്ഞു. തന്നെ കൂട്ടാൻ വന്ന മറ്റൊരു ഏജന്റ് ഇതിനോടകം പാസ്പോർട്ട് പിടിച്ചുവാങ്ങി. ആയിരം ഡോളറും നിർബന്ധിച്ചു കൈക്കലാക്കി. വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കാനായിരുന്നു ആദ്യ നിർദേശം. പിന്നെ, നമുക്കു പരിചയമുള്ളവരെ ഗ്രൂപ്പുകളിൽ ചേർക്കണം. അവർ ഓരോരുത്തരും പിന്നെയും ആളുകളെ ചേർത്തു പണം തട്ടിയെടുക്കുന്ന മണി ചെയിൻ രീതിയാണെന്നു പിന്നീട് മനസ്സിലായി.

ശമ്പളം അവർ നൽകുന്ന അക്കൗണ്ടിൽ ഇടണം. കയ്യിൽ പണം നൽകില്ല. 15 മണിക്കൂറായിരുന്നു ജോലി. ജോലി ചെയ്യാൻ വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കാൻ തുടങ്ങി. പുറത്തേക്കിറങ്ങാൻ അനുവാദമില്ല. സെക്യൂരിറ്റിയുടെ കയ്യിൽ പോലും തോക്ക് കാണും. ഒത്തിരി ഉപദ്രവിച്ചു. കൈയ്യിൽ സിഗരറ്റു കൊണ്ടു പൊള്ളിച്ചു. പട്ടിണിക്കിട്ടു. ഏജന്റ് തങ്ങളെ മൂന്നു ലക്ഷം രൂപയ്ക്കു കമ്പനിക്ക് വിറ്റു എന്നാണ് കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞത്. അതുകൊണ്ട് അതിൽ കൂടുതൽ തുക നൽകിയാൽ വിട്ടയയ്ക്കാമെന്നും വീട്ടിൽ നിന്നു പണം ചോദിക്കാനും ആവശ്യപ്പെട്ടു. അതു സമ്മതിക്കാതെ വന്നപ്പോൾ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി. ഒടുക്കം പണം നൽകേണ്ടി വന്നു.

പണം നൽകിയപ്പോൾ ഒരു ഹോട്ടലിലേക്കു മാറ്റി. നാട്ടിലേക്ക് അയയ്ക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ, പിന്നീട് അറിഞ്ഞത് കമ്പനി മറ്റൊരു ഏജന്റിന് തങ്ങളെ വിറ്റെന്നാണ്. പുതിയ കമ്പനിയിൽ മൂന്നാഴ്ചയോളം ജോലി ചെയ്തു. സ്ത്രീകളുടെ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റ് ചെയ്ത് ഇരകളെ പ്രണയത്തിൽ കുടുക്കി പണം തട്ടാനായിരുന്നു നിർദേശം. ഇതിനിടെ വീട്ടുകാർ എംബസിയിലേക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ കമ്പനി വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി.

അതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ഒരാൾ എംബസിയിലേക്ക് അയയ്ക്കാമെന്നു പറഞ്ഞു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. രാത്രിയായിട്ടും എംബസി ഉദ്യോഗസ്ഥർ വരാതായപ്പോൾ 25 ഡോളർ വീതം ഞങ്ങൾ ആറുപേരും നൽകിയാൽ എംബസിയിൽ എത്തിക്കാമെന്നായി. അയാൾക്കും പണം നൽകി. അയാൾ പക്ഷേ കൂട്ടിക്കൊണ്ടു പോയത് എമിഗ്രേഷൻ ഓഫിസിലേക്കായിരുന്നു. അവിടെ ഒരാഴ്ചയോളം കിടന്നു. പിന്നെ റെസ്ക്യൂ ക്യാംപിലേക്കു മാറ്റി. മൂന്നാഴ്ചയോളം അവിടെയും കിടക്കേണ്ടി വന്നു. പല രാജ്യങ്ങളിൽ നിന്നായി 600ൽ അധികം പേരാണ് ക്യാംപിലുണ്ടായിരുന്നത്. ഇനിയും ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നും രാഹുൽ പറഞ്ഞു.

രാഹുൽ വന്നത് നോർക്ക അറിഞ്ഞില്ല

നൂറനാട് പടനിലം രാഹുൽ കംബോഡിയയിൽ കുടുങ്ങിയെന്ന വിവരം അറിഞ്ഞയുടൻ ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ‘നോർക്ക’യിലേക്കു കൈമാറിയ പരാതിയിൽ വീട്ടുകാർക്കു മറുപടി ലഭിച്ചത് രാഹുൽ തിരികെയെത്തി രണ്ടാഴ്ച കഴിഞ്ഞ്. നിങ്ങൾ നൽകിയ പരാതി കൂടുതൽ വിവരങ്ങൾക്കു വേണ്ടി ഉന്നത തലത്തിലേക്കു കൈമാറിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഒക്ടോബർ 18നാണ് രാഹുൽ നാട്ടിലെത്തുന്നത്. നോർക്ക കത്ത് വന്നതാകട്ടെ ഒക്ടോബർ 27നും.

more news..

Tags:
  • Spotlight