Wednesday 24 November 2021 03:15 PM IST : By സ്വന്തം ലേഖകൻ

മോഫിയയുടെ ആത്മഹത്യ: സിഐ സുധീറിനെ സ്ഥലംമാറ്റി: ആലുവയിൽ സംഘർഷം

mofiya-ci

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവ സ്വദേശി മോഫിയ പർവീൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സിഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ആലുവ സി.ഐക്കെതിരെ നടപടി വേണമെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചാണ് നിയമ വിദ്യാർത്ഥിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയത്. സി.ഐ. അപനാമിച്ചെന്നും കേസെടുത്തില്ലെന്നും കുടുംബം വെളിപ്പെടുത്തിയിട്ടും അതേ സി.ഐ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ആരോപണ വിധേയനായ സിഐ സി.എൽ.സുധീർ ഇപ്പോഴും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഓഫിസറെന്നു റൂറൽ എസ്പി കെ.കാർത്തിക് വ്യക്തമാക്കിയിരുന്നു. ഇന്നലെ സുധീറിനെ സ്റ്റേഷൻ ചുമതലകളിൽനിന്നു നീക്കിയതായി വ്യക്തമാക്കിയെങ്കിലും ഇന്നും ഡ്യൂട്ടിക്ക് എത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് എസ്പിയുടെ വെളിപ്പെടുത്തൽ. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കൂ എന്നും അദ്ദേഹം നിലപാടു മാറ്റി.

ഗാർഹിക പീഡന പരാതി ചൂണ്ടിക്കാട്ടി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മോഫിയ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 10ന് ഇൻസ്പെക്ടർ മോഫിയയെയും പിതാവിനെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അവിടെ ഭർത്താവിനെ കണ്ടപ്പോൾ മധ്യസ്ഥ ചർച്ചയ്ക്കു താൽപര്യമില്ലെന്നും കേസെടുക്കണമെന്നും മോഫിയ ആവശ്യപ്പെട്ടുവെങ്കിലും പൊലീസ് തയാറായില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഇൻസ്പെക്ടർ ഭർത്താവിന്റെ പക്ഷം ചേർന്നു സംസാരിക്കുകയും യുവതിയോടു കയർക്കുകയും ചെയ്തതായും പിതാവിനെ അധിക്ഷേപിച്ചതായും ബന്ധുക്കൾ പറയുന്നു. വാക്കുതർക്കത്തെത്തുടർന്നു മോഫിയ ക്ഷുഭിതയായി സുഹൈലിന്റെ കരണത്തടിച്ചു. തുടർന്ന് സ്റ്റേഷനിൽ നിന്നു വീട്ടിലേക്കു പോയി.വീട്ടിലെത്തി മുറിയടച്ചു കിടന്ന മോഫിയയെ വിളിച്ചിട്ടും വാതിൽ തുറക്കാതായതിനെത്തുടർന്നു ജനൽചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണു തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഗാർഹിക പീഡന പരാതിയിൽ മോഫിയ പർവീന്റെ ഭർത്താവ് മുഹമ്മദ്‌ സുഹൈലിനെയും മാതാപിതാക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ്  കസ്റ്റഡിയിൽ എടുത്തത്. ഗാർഹിക പീഡനത്തിന് പുറമെ ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തി വൈകിട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.