Friday 17 November 2023 09:59 AM IST : By സ്വന്തം ലേഖകൻ

സ്ഫോടക വസ്തു ലഭിച്ചത് കളിക്കുന്നതിനിടെ പറമ്പിൽ നിന്നോ? ആദിത്യശ്രീയുടെ മരണം ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്

adithya-sree

ഏഴുമാസം മുൻപു തിരുവില്വാമല പട്ടിപ്പറമ്പിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ (8) മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഫോൺ പൊട്ടിത്തെറിച്ചിട്ടില്ലെന്നും കുട്ടി മരിച്ചതു മറ്റൊരു സ്ഫോടനത്തിലൂടെയാണെന്നും ഫൊറൻസിക് പരിശോധനാഫലം. കുട്ടിയുടെ ശരീരത്തിലും കിടക്കയിലും പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

പറമ്പിൽ നിന്നോ മറ്റോ ലഭിച്ച പടക്കം പോലുള്ള സ്ഫോടകവസ്തു കുട്ടി കിടപ്പുമുറിയിൽ കൊണ്ടുവന്നു കടിച്ചതാകാം അപകടകാരണമെന്നു സംശയിക്കുന്നു. എന്നാൽ, സംഭവത്തെപ്പറ്റി പ്രതികരിക്കാൻ കുട്ട‍ിയുടെ വീട്ടുകാർ തയാറായില്ല. ഫൊറൻസിക് റിപ്പോർട്ട് വന്നതോടെ കേസ് വീണ്ടും തുറന്നെന്നും രക്ഷ‍ിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും പൊലീസ് അറിയിച്ചു.

പട്ടിപ്പറമ്പ് കുന്നത്ത് അശോക്‌കുമാറിന്റെയും സൗമ്യയുടെയും ഏകമകളും ക്രൈസ്റ്റ് ന്യൂലൈഫ് സ്കൂൾ വിദ്യാർഥിയുമായ ആദിത്യശ്രീ കഴിഞ്ഞ ഏപ്രിൽ 24നു രാത്രി 10.30ന് ആണു കിടപ്പുമുറിയിൽ സ്ഫോടനത്തിൽ മരിച്ചത്. അശോകും സൗമ്യയും തിരുവില്വാമലയിലെ ജോലിസ്ഥലത്തുനിന്നു തിരിച്ചെത്തുന്നതിനു മുൻപായിരുന്നു അപകടം. അശോകിന്റെ അമ്മ സരസ്വതി ഫോൺ മുറിയിൽ വച്ചശേഷം അടുക്കളയിലേക്കു പോയസമയത്താണു പൊട്ടിത്തെറിയുണ്ടായത്.

ആ ഫോൺ ആണു കുട്ടിയുടെ കയ്യിലിരുന്നു പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ഡിസ്പ്ലേ പൊട്ടിയ നിലയിലായിരുന്നു. ബാറ്ററി പൊട്ടിത്തെറിക്കുന്ന തരത്തിലുണ്ടായ ‘കെമിക്കൽ ബ്ലാസ്റ്റ്’ ആണ് അപകടകാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ, ഫൊറൻസിക് പരിശോധനയിൽ ബാറ്ററി പൊട്ടിത്തെറിച്ചിട്ടില്ലെന്നു കണ്ടെത്തി. വീര്യമേറിയ സ്ഫോടനങ്ങൾക്കുപയോഗിക്കുന്ന രാസവസ്തുക്കളുടെ പട്ടികയിൽപ്പെട്ട പൊട്ടാസ്യം ക്ലോറേറ്റിന്റെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ കണ്ടതോടെ ദുരൂഹതയുണർന്നു. സൾഫറിന്റെ സാന്നിധ്യവും കണ്ടെത്തി. 

കുട്ടി സമീപത്തെ പറമ്പുകളിലെവിടെയെങ്കിലും കളിക്കാൻ പോയപ്പോൾ, പന്നിപ്പടക്കം പോലെ എന്തെങ്കിലും സ്ഫോടകവസ്തു ലഭിച്ചിരിക്കാം എന്ന സാധ്യതയാണു പൊലീസ് ആദ്യം പരിശോധിക്കുന്നത്. എന്നാൽ, വൈകിട്ട് ആറിനു മുൻപുതന്നെ വീട്ടിനുള്ളിൽ കയറിയ കുട്ടി രാത്രി പത്തര വരെ പടക്കം കയ്യിൽ സൂക്ഷിച്ചു എന്നത് അവിശ്വസനീയമായി പൊലീസ് കരുതുന്നു. കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.