Thursday 25 January 2024 04:24 PM IST : By സ്വന്തം ലേഖകൻ

‘ഒരു കുഴപ്പവും ഇല്ലാതിരുന്നിട്ടും എങ്ങനെ ഹൃദയസ്തംഭനം സംഭവിച്ചു?’: യുവതിയുടെ മരണം: ഡോക്ടറെ രക്ഷിക്കാൻ ശ്രമമെന്ന് ബന്ധുക്കൾ

alappuzha-demise ആലപ്പുഴ വനിത– ശിശു ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ആശയുടെ ഭർത്താവ് എസ്.ശരത്ചന്ദ്രൻ പഴവീട്ടിലെ വീട്ടിൽ. ആശയുടെ സഹോദരൻ അരുൺ സമീപം. ചിത്രം: മനോരമ

ആലപ്പുഴ കടപ്പുറം വനിതാ, ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതി മരിച്ചത് ശസ്ത്രക്രിയയിലുണ്ടായ സങ്കീർണതകളും തുടർന്നുണ്ടായ ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പഴവീട് ശരത് ഭവനിൽ ആശാ ശരത്തിന്റെ (31) പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെയാണ് കുടുംബത്തിന് കൈമാറിയത്. ലാപ്രോസ്കോപിക് സർജറിയിൽ സങ്കീർണതകൾ ഉണ്ടായി. ഇതുമൂലം ഹൃദയസ്തംഭനം ഉണ്ടാകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. 

ആന്തരിക അവയവങ്ങൾ മെഡിക്കൽ കോളജിൽ നിന്നു രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം പൂർണമായി വ്യക്തമാവുകയുള്ളൂ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച വൈകിട്ട് ആറരയോടെ മരിച്ചത്. കടപ്പുറം വനിതാ, ശിശു ആശുപത്രിയിലെ ചികിത്സപ്പിഴവാണ് യുവതി മരിക്കാൻ കാരണമായതെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആലപ്പുഴ സൗത്ത് സ്റ്റേഷനിലും കലക്ടർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. രാസ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടർ നടപടിക്ക് കാത്തിരിക്കുകയാണ് ബന്ധുക്കൾ.

ഡോക്ടറെ രക്ഷപ്പെടുത്താൻ ശ്രമമെന്ന് ബന്ധുക്കൾ
ആശയ്ക്ക് ശസ്ത്രക്രിയ നടത്തിയ വനിതാ ശിശു ആശുപത്രിയിലെ ഡോക്ടറെ രക്ഷപ്പെടുത്താനുള്ള ശ്രമം ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നുണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലാതിരുന്ന യുവതിക്ക് ശസ്ത്രക്രിയയ്ക്കിടെ എങ്ങനെ ഹൃദയസ്തംഭനം സംഭവിച്ചു എന്നാണ് അറിയേണ്ടത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിലും കാലതാമസമുണ്ടായി. 

വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണം. പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ പൊലീസ് സർജനെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തുകയും മെഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാരെ ഒഴിവാക്കുകയും വേണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ ആരും പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

‘ഞങ്ങൾക്കു നഷ്ടമായത് കുടുംബത്തിന്റെ തണൽ’
ആലപ്പുഴ∙ ‘‘ഇനിയൊരാൾക്കും ഈ ഗതി വരരുത്. ഈ കുടുംബത്തിന്റെ തണലാണ് ഞങ്ങൾക്ക് നഷ്ടമായത്. ഓപ്പറേഷനിടെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും.’’ കടപ്പുറം വനിത ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയെത്തുടർന്നു മരിച്ച പഴവീട് ശരത് ഭവനിൽ ആശയുടെ ഭർത്താവും സഹോദരനും ബന്ധുക്കളും നീതി കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ്. അമ്മ പോയതറിയാതെ ഒൻപതും നാലും വയസ്സുള്ള മക്കളായ അവന്തികയും ആദവും ആശ വീടിന്റെ ഗേറ്റ് കടന്നെത്തുന്നത് കാത്തിരിക്കുകയാണ്. ദുഃഖം നിറഞ്ഞ ആശയുടെ വീട്ടിൽ ഇപ്പോഴും നാട്ടുകാരുടെയും ബന്ധുക്കളുടെയും തിരക്കൊഴിഞ്ഞിട്ടില്ല.