Tuesday 17 May 2022 11:21 AM IST : By സ്വന്തം ലേഖകൻ

കറക്കിയടിച്ചു പൊറോട്ട നിർമിച്ച് താരമായ അനശ്വര ഇനി ഹൈക്കോടതിയിൽ അഭിഭാഷക; കഠിനാധ്വാനത്തിന് സോഷ്യൽ മീഡിയയിൽ കയ്യടി

anaswara555fvhhjhh

‘‘അതിപ്പോ ഭരണഘടനയായാലും ഭക്ഷണമായാലും ചില വ്യവസ്ഥകളൊക്കെ വേണമല്ലോ’’– പൊറോട്ട അടിക്കുന്നതിനിടെ സമയം കണ്ടെത്തി എൽഎൽബി പാസായ അനശ്വരയ്ക്ക് അതാണു പോളിസി. ഹൈക്കോടതിയിൽ എൻറോൾ ചെയ്ത ശേഷം നേരെ വീട്ടിലെത്തിയ അനശ്വര വീട്ടിൽ സ്വന്തം ‘നിയമം’ നടപ്പാക്കി പൊറോട്ടയുടെ ഉറ്റ സുഹൃത്തായ ബീഫ് കോംബിനേഷൻ ‘അകത്താക്കി’.

എൽഎൽബി പഠനത്തിനിടെ സ്വന്തം വീടിനോടു ചേർന്നുള്ള ഹോട്ടലിൽ അമ്മയ്ക്കൊപ്പം പൊറോട്ട നിർമാണത്തിൽ സജീവ പങ്കാളിയായി മാറിയ പുത്തൻകൊരട്ടി അനശ്വര കഴിഞ്ഞ ദിവസമാണു ഹൈക്കോടതിയിൽ എൻറോൾ ചെയ്തത്. കറക്കിയടിച്ചു പൊറോട്ട നിർമിക്കുന്ന അനശ്വരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

അച്ഛൻ മരിച്ചതോടെ അമ്മയുടെയും അനുജത്തിമാരുടെയും ഒപ്പം  ജീവിതബാധ്യതകളിൽ അനശ്വരയും പങ്കാളിയായി. എരുമേലി–കാഞ്ഞിരപ്പള്ളി റോഡിനോടു ചേർന്നുള്ള ചെറിയ കടയിൽ അനശ്വര പൊറോട്ട ഉണ്ടാക്കാൻ പഠിച്ചു. ആണുങ്ങൾ മാത്രം ചെയ്യാറുള്ള ജോലി എന്ന ചിന്തയിൽ നിന്നു പൊറോട്ട നിർമാണത്തെ മാറ്റിയതിന്റെ അപൂർവ ക്രെഡിറ്റ് അങ്ങനെ ഈ കൊച്ചുമിടുക്കിക്കു സ്വന്തമായി. 

അന്തരീക്ഷത്തിൽ മൈദമാവ് വീശിയെറിഞ്ഞു കശക്കിയിടിച്ചു പരുവമാക്കി അനശ്വര ഉണ്ടാക്കുന്ന പൊറോട്ട ഹിറ്റ് ആകുകയും ചെയ്തു. ന്യൂഡൽഹി ആസ്ഥാനമായ ലീഗൽ കമ്പനി അനശ്വരയ്ക്കു ജഡ്ജിയാകാനുള്ള പരിശീലനം വാഗ്ദാനം ചെയ്തു. തൊടുപുഴ അൽ അസ്ഹർ കോളജിലായിരുന്നു എൽഎൽബി പഠനം. ഡിവൈഎഫ്ഐ, എസ്എൻഡിപി പ്രവർത്തനങ്ങളിൽ സജീവ പങ്കാളി കൂടിയാണ്.

Tags:
  • Spotlight
  • Motivational Story