Wednesday 13 November 2024 12:07 PM IST

‘കുലുക്കിയാൽ പണംവീഴുന്ന മരം’ മുറ്റത്തു നട്ടാലോ?: മാസം 50,000 രൂപ വരെ സമ്പാദിക്കാം: കലക്കൻ ബിസിനസ് ഐഡിയ

Ammu Joas

Senior Content Editor

anitha

കാശ് വാരാൻ ക്യാഷ് വുഡ്സ്

‘കുലുക്കിയാൽ പണം വീഴുന്ന മരം’ മുറ്റത്തു നട്ടാലോ? അതെ, ക്യാഷ് വുഡ്സിനെ കുറിച്ചാണ് പറ‍ഞ്ഞുവരുന്നത്. ചന്ദനം, രക്തചന്ദനം, ഊദ്, മലവേപ്പ് എന്നിവയാണ് ആ പണം വാരും മരങ്ങൾ. ഇവയുടെ തൈ വിൽപനയിലൂടെ മാത്രം മാസം 50,000 രൂപ സമ്പാദിക്കുന്ന അനിത കൃഷിയുടെ പുതു സാധ്യതകൾ കാണിച്ചുതരുന്നു. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറും ബെംഗളൂരുവിൽ ആനിമേഷൻ കമ്പനി ഉടമയും കൂടിയാണ് അനിത. വർക് ഫ്രം ഹോമിനിടയിലാണു കൃഷി.

ചന്ദനം മണക്കുന്നു കൊട്ടിയൂരിൽ

‘‘എന്റെയും ഭർത്താവിന്റെയും കുടുംബത്തിൽ കൃഷിയുടെ വേരോട്ടമുണ്ട്. 12 വർഷമായി കൃഷി തുടരുന്നതിന്റെ കാരണവും ഇതു തന്നെ.

കൊട്ടിയൂര് നാലേക്കർ ഭൂമിയിൽ റബറും തെങ്ങും കവുങ്ങുമായിരുന്നു പ്രധാനവിളകൾ. ഈ മരങ്ങളിൽ നിന്നു വേണ്ടവിധം വരുമാനം കിട്ടണമെങ്കിൽ ജോലിക്കാരെ കൃത്യമായി കിട്ടണം. റബർ ടാപ്പിങ്ങിനും തേങ്ങയിടാനും ആളില്ലാതെ പറ്റില്ല. ജോലിക്കാരുടെ ആവശ്യം അധികം വേണ്ടാത്ത, ചെലവു കുറഞ്ഞ രീതിയിൽ വരുമാനം തരുന്ന കൃഷി എന്ന ചിന്തയാണ് ക്യാഷ് വുഡ്സിൽ എത്തിച്ചത്.

വിത്തു മുളപ്പിച്ചു തൈ നട്ടു കഴിഞ്ഞാൽ പിന്നെ, പതിവായ പരിചരണമോ വളപ്രയോഗമോ ആവശ്യമില്ല. തൈകൾ വളർന്ന് ഒരടി ആയാൽ വിൽക്കാം. അങ്ങനെ നാലു വർഷം മുൻപ് ക്യാഷ് വുഡ്സിൽ ശ്രദ്ധയൂന്നിത്തുടങ്ങി.

നാടും കൃഷിയിടവും കൊട്ടിയൂരാണെങ്കിലും ഞങ്ങൾ താമസിക്കുന്നത് കോഴിക്കോടാണ്. വളർച്ചയെത്തിയ തൈകൾ കോഴിക്കോട് മൂഴിക്കലുള്ള ഞങ്ങളുടെ ക്യാഷ് വുഡ് പ്ലാന്റേഷൻ നഴ്സറിയിൽ എ ത്തിച്ചാണ് വിൽപന. കേരളത്തിലെവിടെയും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുമുണ്ട്.

ചന്ദനത്തൈകളാണു കൂടുതലും വിൽക്കുന്നത്. തൈ ഒന്നിന് 50 രൂപയാണ് വില. ഊദിനും ആവശ്യക്കാരുണ്ട്. പാര്‍ഷ്യൽ റൂട്ട് പാരസൈറ്റ് ആണ് ചന്ദനം. അതുകൊണ്ടു ചന്ദനം വളരണമെങ്കിൽ ഒപ്പം ഒരു ചെടി വേണം. ഈ ചെടിയിൽ നിന്നുള്ള പോഷകം കൂടി വലിച്ചെടുത്താണു ചന്ദനം വളരുന്നത്. ചന്ദനത്തൈക്കൊപ്പം ഹോസ്റ്റ് പ്ലാന്റും ഉൾപ്പെടെയാണു വിൽപന. ഒരു തരം കാട്ടുചീരയാണു ഹോസ്റ്റ് പ്ലാന്റായി നൽകുന്നത്. രണ്ടു വർഷത്തോളമാണു ഈ ചീരയുടെ ആയുസ്സ്. അതിനുശേഷം ശീമക്കൊന്നയോ നെല്ലിയോ പോലെയുള്ള ചെറുമരങ്ങൾ ചന്ദനത്തിന് അരികിലായി കുറ്റിച്ചു നിർത്തിയാൽ മതി. അല്ലെങ്കിൽ നാലു ചന്ദനത്തിനു നടുവിലായി ഒരു ഊദ് നട്ടു നൽകാം.

ചന്ദനമരം വളർന്നു തടിക്ക് 50 സെമീ ചുറ്റളവ് ആകുമ്പോൾ വിൽക്കാം. ഏകദേശം 10–15 വർഷമെടുക്കും.

ആർക്കും വളർത്താം ചന്ദനം

ചന്ദനം നടുന്നതിനോ വളർത്തുന്നതിനോ യാതൊരു നിയമ തടസ്സവുമില്ല. ഏതു ചെടിയും പോലെ മുറ്റത്തോ തൊടിയിലോ വളർത്താം. പക്ഷേ, വിൽപന വനം വകുപ്പ് വഴി മാത്രമേ സാധ്യമാകൂ. ഉദ്യോഗസ്ഥർ മരം മുറിച്ചു കൊണ്ടുപോയി ലേലത്തിലൂടെ വിറ്റ് പണം ഉടമയ്ക്കു നൽകും. ചന്ദനത്തിന്റെ കാതലിനാണ് കൂടുതൽ വില. എങ്കിലും ഇലയൊ ഴികെ ബാക്കിയെല്ലാം വിൽപന സാധ്യതയുള്ളവയാണ്.

തൈ നട്ടു രണ്ടു വർഷം ചന്ദനത്തിലേക്ക് മറ്റു വള്ളികൾ പടർന്നു ചന്ദനം നശിക്കുന്നുണ്ടോ, പൂപ്പൽ ബാധിക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കണം. ഫംഗിസൈഡും പെസ്റ്റിസൈഡും പ്രയോഗിക്കേണ്ടി വരാം. ഇത്രയുമേ വേണ്ടൂ പരിചരണം.

തിരക്കിനിടയിലും ഞാൻ കൃഷിക്കാരിയായി തുടരുന്നത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്. ഭർത്താവ് അഡ്വ. ജിറ്റി. മകൾ പത്താം ക്ലാസ് വിദ്യാർഥി ലക്ഷിത. മകൻ ഏഴാം ക്ലാസ് വിദ്യാർഥി ജേക്കബ്. കൃഷിയിടത്തിലെ പരിപാലനത്തിനു കൂട്ടായി ഭർത്താവിന്റെ അച്ഛൻ ജേക്കബും ഉണ്ട്.’’