Thursday 04 October 2018 04:09 PM IST : By സ്വന്തം ലേഖകൻ

‘ധൈര്യമായിരിക്കുക, ഒറ്റപ്പെടലുകൾക്ക് മുന്നിൽ കാലിടറാതെ’; ലക്ഷ്മിക്കായി ഹൃദയം തൊടുന്ന കുറിപ്പ്

anne

സിരകളിൽ സംഗീതമായ് പടർന്നു കയറിയ ബാലഭാസ്കറിന്റെ ഓർമ്മകളെ ഹൃദയത്തിലേറ്റു വാങ്ങുകയാണ് മലയാളക്കര. വയലിനെന്ന വാദ്യോപകരണത്തെ മലയാളക്കരയുടെ ഹൃദയതാളമാക്കി മാറ്റിയ ബാലഭാസ്കറിന്റെ ജീവിതവും സംഗീതവും അത്രമേൽ തീക്ഷ്ണം. ഒരിക്കൽ പരിചയപ്പെട്ടാൽ ജീവിതാന്ത്യം വിടാതെ പിന്തുടരുന്ന ലഹരിയായിരുന്നു സൗഹൃദക്കൂട്ടങ്ങൾക്കിടയിലെ ബാലു. ആ ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തും മുൻ ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ ആൻ പാലി.

2001–ൽ തുടങ്ങിയ അടുപ്പമാണ് ബാലുവുമായുള്ളതെന്ന് ആൻ പറയുന്നു. വിശ്വസിക്കാൻ പ്രയാസമുള്ള വിയോഗമാണിത്, പക്ഷെ ഇപ്പോൾ മനസ്സിൽ ബാക്കി നിൽക്കുന്നത് ലക്ഷ്മിയാണ്. അവൾക്ക് ധൈര്യവും ആരോഗ്യവുമുണ്ടാവണമേയെന്നാണ്, വരും കാലങ്ങളിൽ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകൾക്ക് മുൻപിൽ ലക്ഷ്മിക്ക് കാലിടറരുതേ എന്നാണ് പ്രാർത്ഥനയെന്നുമാണ് ആൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നത്.

കുറിപ്പിൽ ഒരു അപേക്ഷയും ആൻ പങ്കുവയ്ക്കുന്നു. ബാലഭാസ്കറിന്റെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പതിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും ഒഴിവാക്കൂ എന്നാണ് ആൻ പറയുന്നത്.

ആനിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


2001 ൽ തുടങ്ങിയ കൈരളി കാലത്തിലെ ഓർമ്മകളിൽ ബാലു ഉണ്ട്, ഫ്ളോറിലും, ഇവന്റസിലുമൊക്കെ വിസ്മയം തീർക്കുന്ന മാന്ത്രികൻ !
വിശ്വസിക്കാൻ പ്രയാസമുള്ള വിട പറയലാണിത്‌, പക്ഷെ ഇപ്പോൾ മനസ്സിൽ ബാക്കി നിൽക്കുന്നത് ലക്ഷ്മിയാണ്, അവൾക്ക് ധൈര്യവും, ആരോഗ്യവുമുണ്ടാവണമേയെന്നാണ്, വരും കാലങ്ങളിൽ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകൾക്ക് മുൻപിൽ ലക്ഷ്മിക്ക് കാലിടറരുതേ എന്ന് മാത്രം പ്രാർത്ഥന !

(ഒരഭ്യർത്ഥന കൂടി, ഇനിയെങ്കിലും ആ കുഞ്ഞു മാലാഖയുടെ മുഖം വാളിൽ പതിപ്പിക്കുന്നതും, share ചെയ്യുന്നതും ഒഴിവാക്കൂ, ഓരോ തവണയും ആ ചിരിയിലൂടെ കണ്ണുകളോടുമ്പോൾ ശ്വാസം നിലച്ചുപോവുന്ന കുറേ മനുഷ്യർ കൂടിയുണ്ട് ഇവിടെ).