ജീവിതത്തിന്റെ ഫുട്ബോൾ ഗ്രൗണ്ടിലാണു കളി. അടൂർ ചുണ്ടോട്ട് ആൻവർക്കി എന്ന ജിജിയും ഭര്‍ത്താവ് തിരുവല്ല തട്ടുകുന്നേൽ റോളോ വർക്കിയും ഒരു ടീമിൽ. എതിർടീമിൽ പ്രതിസന്ധികളുടെ വൻപട. പൊരിഞ്ഞ പോരാട്ടമാണു നടന്നത്. മുട്ട് കൊണ്ട് മുഖത്തടിച്ച് വീഴ്ത്തുന്ന, നെഞ്ചിൻ കൂടിൽ ചവിട്ടി വീഴ്ത്തുന്ന ഫുട്ബോൾ കുതന്ത്രങ്ങളെല്ലാമെടുത്ത് വിധി കളിച്ചു നോക്കി. പ ക്ഷേ, ആനും റോളോയും പിടിച്ചുനിന്നു. ഇടയ്ക്കിടയ്ക്ക് വന്ന ‘പെനൽറ്റികളിൽ’ ചോർന്നു പോവാതെ, പ്രായത്തിന്റെ ക്രോസ്ബാറിൽ തട്ടിത്തെറിക്കാതെ കിട്ടുന്ന അവസരമെല്ലാമെടുത്ത് വിജയഗോളുകൾ അടിച്ചു കൊണ്ടിരിക്കുന്നു.
ഈ ജീവിതപ്പന്തുകളി നടന്നത് അമേരിക്കയിലാണ്. എൺപതുകളിൽ ജോലി തേടി നോർത്ത് കാരോലൈനയിലെത്തിയ റോളോയും ആനും ജീവിതത്തില്‍ നേരിട്ട ട്വിസ്റ്റുകൾ സിനിമയെ തോൽപ്പിക്കുന്നവ.
അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിൽ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു റോളോ. അതേ സ്ഥാപനത്തിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ആനും. മൾട്ടി മില്യൻ ഡോളർ ആസ്തിയുള്ള കമ്പനി വളരെ പെട്ടെന്ന്് പാപ്പരായി. രണ്ടു പേർക്കും ജോലി നഷ്ടമായി. അപ്പോൾ റോളോയ്ക്ക് അ ൻപത്തിമൂന്നു വയസ്സ്.
ആ പ്രായത്തിൽ, അപ്പോൾ കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിൽ മറ്റൊരു ജോലി സാധ്യതയില്ല. രണ്ടു മ ക്കൾ പഠിക്കുന്നു. തിരിച്ചടയ്ക്കാനുള്ള വീട്ടുലോൺ മാത്രം മൂന്നു ലക്ഷം ഡോളർ. അസുഖം വന്നാൽ ആ ശുപത്രി ചെലവിനായി ഇൻഷുറൻസ് പോലുമില്ല. 90 മിനിറ്റുള്ള ഫുട്ബോളിലെ ഇൻജുറി ടൈം പോലെ നിർണായകമായ നിമിഷങ്ങൾ...
വലിയൊരു പൊട്ടിച്ചിരിയോടെ ആൻ വർക്കി പറഞ്ഞു, ‘‘ബിസിനസ് എന്നാൽ ടീം വർക്കാണ്. ഞാനും റോളോയും ഒരൊറ്റ മനസ്സോടെ പൊരുതി. ‘കേരള കറി’ എന്ന പേരിൽ ഫൂഡ് ബിസിനസ് തുടങ്ങി. സ ത്യത്തിൽ അതല്ലാതെ മുന്നിൽ മറ്റു വഴികളില്ലായിരുന്നു. പോരാട്ടം, പ്രതിസന്ധികളെ മറികടന്ന് ഞങ്ങൾ ഒറ്റ മനസ്സോടെ നടത്തിയ പോരാട്ടം. അതുകൊണ്ടാണ് ഇപ്പോൾ നിങ്ങൾക്ക് മുന്നിലിരുന്ന് സംസാരിക്കാൻ പറ്റുന്നത്.’’
കളിക്കളത്തിൽ നിന്ന് യുഎസിലേക്ക്
തിരുവല്ല എസ്‌ഇഎസ് സ്കൂളിലും മാർത്തോമ കോളജിലുമായിരുന്നു റോളോ വർക്കി പഠിച്ചത്. അന്നേ ഫുട്ബോളും ഹോക്കിയും ക്രിക്കറ്റും ഒക്കെ കളിച്ചു തുടങ്ങി. ‘‘മാർത്തോമ കോളജിൽ പഠിക്കുമ്പോൾ ഞാൻ ഫുട്ബോൾ ടീമിലുണ്ട്. ചേട്ടൻ സണ്ണി മാത്യു എൻഎസ്എസ് കോളജ് ഫുട്ബോൾ ടീമിലും.’’
കുട്ടിക്കാലത്തെക്കുറിച്ച് റോളോ ഒാർമിച്ചു. ‘‘ചേട്ടനും അനിയനും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം എന്നൊക്കെ അന്നു വാർത്ത വന്നിരുന്നു. കേരള യൂണിവേഴ്സിറ്റി ടീമിലും അതുകഴിഞ്ഞു കേരള ടീമിലും കളിച്ചു.
പഠനം കഴിഞ്ഞ് കുടുംബത്തിലെ കൂപ്പ് ബിസിനസ് നോക്കി നടത്തി. 1978 ൽ ചേട്ടൻ സണ്ണി മാത്യു റോളോയെ അമേരിക്കയിലേക്ക് കൊണ്ടുപോയി. സത്യത്തിൽ യുഎസിലെ ഫുട്ബോൾ ക്ലബുകളിൽ കളിക്കാനുള്ള അ വസരം കിട്ടുമോ എന്ന പ്രതീക്ഷയുമായാണ് ഞാൻ പോവുന്നത്. പക്ഷേ, നമ്മൾ കളിച്ചു വളർന്നതിൽ നിന്നു വ്യത്യസ്തമാണ് അ വിടുത്തെ സാഹചര്യം. ഒടുവിൽ ഫുട്ബോൾ പതുക്കെ മാറ്റി നിർത്തി ജോലിയിൽ കയറാൻ തീരുമാനിച്ചു. അമേരിക്കയിൽ എത്തി നാലുവർഷം കഴിഞ്ഞായിരുന്നു ആനുമായുള്ള വിവാഹം. അങ്ങനെ ആനും അമേരിക്കയില്‍ എത്തി.’’ റോളോ ഒാർമിക്കുന്നു.
നോർത്ത് കാരോലൈനയിൽ റോളോയും ആനും താമസമാക്കുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ ജീവിതം കെട്ടിപ്പടുക്കാനുള്ള ആവേശമായിരുന്നു രണ്ടുപേർക്കും. ജോലിക്കു പുറമേ നൂറ് ഏക്കർ ഫാം വാങ്ങി. അതിൽ പശുക്കളെയും ആടുകളെയും കുതിരകളെയും വളർത്തി. വിയര്‍പ്പിന്റെ ഉപ്പ് അറിഞ്ഞ നാളുകളെക്കുറിച്ചു പറയുമ്പോൾ ആനിന്റെ കണ്ണിൽ ഒാർമത്തിളക്കം.
നാട്ടിലേക്കൊരു മടക്കയാത്ര
ഏതു നാട്ടിൽ ചെന്നാലും നാടും വീടുമൊക്കെ മലയാളിക്ക് പ്രിയപ്പെട്ടതാണല്ലോ. അതുകൊണ്ടു തന്നെ ഇടയ്ക്ക് രണ്ടുേപരും ഡൽഹിയിലേക്കു പോന്നു. ജോലി ചെയ്തിരുന്ന യുഎസ് കമ്പനി ഇന്ത്യയിൽ പ്രൊജക്ടിനായി റോളോയെ അയച്ചു.
എന്നാൽ കമ്പനി പ്രൊജക്ട് പെട്ടെന്ന് ഉപേക്ഷിച്ചു. തിരിച്ച് കേരളത്തിലേക്കു പോയാലോ എന്നായി ആലോചന. മലയാളം അറിയാതെ മക്കൾ ബുദ്ധിമുട്ടും എന്ന് റോളോയ്ക്കു തോന്നി. അതോടെ അമേരിക്കയിലേക്കു തന്നെ മ ടക്കം. ഇനി നാട്ടിേലക്കില്ലെന്നുറപ്പിച്ചു. വീട് വയ്ക്കുന്നത് യുഎസിൽ മതി എന്നും തീരുമാനിച്ചു.
‘‘അമേരിക്കയിലെത്തി അധികം വൈകാതെ ഫാമും പ ശുക്കളെയും വിറ്റു. ആ പണം കൊണ്ട് ഒാഫിസിന് കുറേക്കൂടി അടുത്ത് മറ്റൊരു ഫാം വാങ്ങി. ലോൺ എടുത്തതും കയ്യിലുള്ള പണവും കൊണ്ട് വീടു വച്ചു. കുറച്ചു
പശുക്കളെയും വാങ്ങി.
പെട്ടെന്നാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. കമ്പനി നഷ്ടത്തിലേക്കു മൂക്കുകുത്തി. 2001 ല്‍ ആദ്യം പിരിച്ചുവിട്ട മുപ്പതിനായിരം പേരില്‍ റോളോയും ഉണ്ടായിരുന്നു. അടുത്ത മുപ്പതിനായിരം പേരിൽ ഞാനും. കമ്പനിയുടെ കുറേ ഷെയറും ഞങ്ങൾക്കുണ്ടായിരുന്നു. കമ്പനി പാപ്പർ ഹർജി നൽകിയതോടെ അതും നഷ്ടപ്പെട്ടു. മൾട്ടി മില്യന്‍ കമ്പനിയാണ്, അതുകൊണ്ട് തന്നെ നഷ്ടങ്ങളിൽ നിന്നു തിരിച്ചു വരും എന്ന പ്രതീക്ഷയുള്ളതുകൊണ്ട് ഞങ്ങളുടെ ഭാഗത്തു നിന്നും കുറച്ച് അശ്രദ്ധ ഉണ്ടായി. അല്ലെങ്കിൽ ഷെയർ ഒക്കെ ആദ്യമേ വിൽക്കാമായിരുന്നു.’’ ആൻ ഒാര്‍ക്കുന്നു.
ഇനി എങ്ങനെ ജീവിക്കും എന്നത് െപട്ടെന്ന് ഉത്തരം കിട്ടാത്ത ചോദ്യം പോലെ മനസ്സിൽ നിന്നു. പക്ഷേ, കാടിനോടു മല്ലിട്ട് ജീവിതം കൊണ്ടു പോയവരാണ്. ഒരേ സമയം നല്ല ശമ്പളമുള്ള ജോലി ചെയ്യുമ്പോഴും അതിനൊപ്പം മരം മുറിക്കാനും പശുക്കളെ വളർത്താനും ഒക്കെയുള്ള മനസ്സുള്ളവരാണ്. അതുകൊണ്ടു തന്നെ വിധിയുടെ ആ ഫൗൾ കൃത്യമായി മാർക്ക് ചെയ്ത് അവർ പവർ ഗെയിമിലേക്ക് കടന്നു. അപ്പോള്‍ പന്ത് ആനിന്റെ കാലിലായിരുന്നു. മികച്ച പാസുകളിലൂടെ റോളോ ഒപ്പം നിന്നു.
അമേരിക്കയിലെ കേരള കറി
‘‘ബിസിനസ് ചെയ്യാനാണു ഞങ്ങൾ തീരുമാനിച്ചത്. ആലോചിച്ചു നിൽക്കാൻ സമയമില്ല. അറിവില്ലായ്മ കൊണ്ട് ഞങ്ങൾ എടുത്തു ചാടി.’’ വിജയം തിരിച്ചു പിടിക്കാനുള്ള യുദ്ധത്തെക്കുറിച്ച് ആൻ ഒാർമിച്ചു.
‘‘എനിക്ക് പാചകം വലിയ ഇഷ്ടമാണ്. ഷെഫ് ഒന്നുമല്ല. എന്നാലും അമ്മച്ചി പറഞ്ഞു തന്നെ കാര്യങ്ങളെല്ലാം മന സ്സിലുണ്ടായിരുന്നു. ഇടയ്ക്ക് മക്കളുടെ കൂട്ടുകാർ വീട്ടിൽ വരുമ്പോൾ അവർക്ക് വേണ്ടി ഞാൻ തനി കേരളരുചിയിൽ പാചകം ചെയ്യും. അവർക്ക് അത് വലിയ ഇഷ്ടമായിരുന്നു. മാത്രമല്ല, അക്കാലത്ത് നോർത്ത് കാരോലൈനയിൽ കേരളരീതിയിലുള്ള ഭക്ഷണം കിട്ടുന്ന ഒരു കടപോലുമില്ല.
ഇടയ്ക്ക് മക്കളുടെ സ്കൂളിൽ ഇന്റർനാഷനൽ പ്രോഗ്രാം നടക്കുമ്പോൾ ഇന്ത്യൻ ഫൂഡ് സ്റ്റാൾ ഇടും. അതും വലിയ ഹിറ്റായിരുന്നു. അങ്ങനെയാണ് ഫൂഡ് ബിസിനസ് എന്ന ആലോചനയിലേക്ക് എത്തിയത്. നാടിന്റെ ഒാർമയ്ക്കായി ‘കേരള കറി’ എന്ന പേരും ഇട്ടു.
ടിന്നിൽ അടച്ച റെഡി ടു ഈറ്റ് ചിക്കൻ കറി ആയിരുന്നു ആദ്യ പ്ലാൻ. യുഎസിൽ ഫൂഡ് ബിസിനസ് തലവേദന പിടിച്ച പരിപാടിയാണ്. ചേരുവകൾ മുതൽ പാക്കിങ് വരെ കിറുകൃത്യമായിരിക്കണം. കൃത്യമായ അളവിൽ റെസിപ്പി ഉണ്ടാക്കുന്നതായിരുന്നു ആദ്യ പരീക്ഷണം. ന്യൂട്രീഷ്യൻ വിഭാഗം, ഹെൽത് ടീം തുടങ്ങി ഒരുപാട് ഡിപ്പാർട്മെന്റുകളിൽ നിന്ന് അനുമതി വേണം.
ഒരു ചെറിയ ഗ്രെയ്ന്ററിലാണ് മല്ലിയും മുളകും എല്ലാം പൊടിച്ചെടുത്തത്. ഫൂഡ് പ്രോസസിങ് ഫാക്ടറിയില്‍ പൊടികളും ചിക്കനുമായി ചെല്ലും. ഒരു പൗണ്ട് അളവുള്ള കാനിലാണ് ചിക്കൻ കറി നിറയ്ക്കണ്ടത്. അളവ്, ചൂട് എല്ലാം കൃത്യമായിരിക്കണം. ചൂട് കൂടിയാൽ ടേസ്റ്റ് മാറും. കുറഞ്ഞാൽ പൂപ്പൽ വളരും. ഇതിനെല്ലാം സര്‍ക്കാര്‍ പരിശോധനകളുണ്ട്. കൃത്യമല്ലെങ്കിൽ അതോടെ അംഗീകാരം നഷ്ടമാകും. എടുത്തു ചാടുമ്പോൾ ഈ റിസ്കൊന്നും ഞ ങ്ങൾ ഒാർത്തില്ല.
ആദ്യം 500 കെയ്സ് ഉണ്ടാക്കി. ഒരു കെയ്സിൽ 12 കാന്‍ ചിക്കന്‍ കറി. അപ്പോഴാണ് അടുത്ത പ്രശ്നം. ഇതെവിടെ വിൽക്കും ? 18 മാസം വരെ കേടുകൂടാതെ ഇരിക്കുമെങ്കിലും വിൽക്കേണ്ടേ?’’ പുതിയ പ്രൊഡക്ട് ഷോപ്പുകളിൽ വച്ചിട്ടു കാര്യമില്ല. ആരും വാങ്ങില്ല. ഉൽപന്നങ്ങൾ പരിചയപ്പെടുത്താനായി ഡെമോ ചെയ്യുന്നത് പതിവാണ്. സാരിയും ഉടുത്ത് കേരള കറി എന്നു പേരിട്ട ചിക്കൻ കറി വിൽക്കാനെത്തിയ ആൻ അമേരിക്കക്കാർക്ക് കൗതുകമായി.
‘കേരള കറി’ എന്ന പേരുകണ്ട് ആനിന്റെ പേര് കേരള എന്നാണ് അവർ ആദ്യം കരുതിയത്. ടിന്നിലെ ചിക്കനും ഗ്രേവിയും അവ്നിൽ ചൂടാക്കുകയോ സ്റ്റൗവിൽ ഒന്നു തിളപ്പിക്കുകയോ ചെയ്താൽ മതി. അത് കറിയായി. സമയലാഭം, വേറിട്ട രുചി. സംഭവം ഹിറ്റായി. ആൻ ഡെമോയ്ക്ക് പോകും. ട്രക്കുകളിൽ കേരള കറിയും നിറച്ച് റോളോ കടകളിലേക്ക് ഇറങ്ങും.
പയ്യെപ്പയ്യെ ബിസിനസ് വളര്‍ന്നു. ഫാൻസി ഫൂഡ് ഷോയിലെ ഗോൾഡ്മെഡൽ കേരള കറിയെ കൂടുതല്‍ പ്രശസ്തമാക്കി. ബിസിനസില്‍ പുതുമകൾ കൊണ്ടുവരാനായിരുന്നു അടുത്ത ശ്രമം. ഫൂഡ് സർവീസിലും സോസിലും ഫ്രോസൺ ഫൂഡിലും കൂടുതല്‍ ശ്രദ്ധ കൊടുത്തു. ചിക്കനിലേക്ക് ഞങ്ങളുടെ ‘ചിക്കൻ കേരള കറി സോസ്’ ഒഴിച്ച് ചൂടാക്കിയാല്‍ കേരളസ്റ്റൈൽ ചിക്കൻ കറിയായി. യുഎസ് ആർമിക്കു വേണ്ടി ഈ സോസ് ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കു കയറ്റി അയയ്ക്കുന്നു. സോസ് 18 മാസം കേടുകൂടാതെയിരിക്കും.
യുഎസ് മിലിട്ടറിക്കു പുറമേ അമേരിക്കയിലെ ഏറ്റവും വലിയ നാച്ചുറൽ സ്റ്റോർ ആയ ഹോൾ ഫൂഡ് മാർക്കറ്റിൽ മാത്രമാണ് ഉൽപന്നങ്ങൾ കൊടുക്കുന്നത്. ഫ്രോസൺ സ മൂസയും വെജിറ്റബിൾ ബിരിയാണിയുമെല്ലാം പായ്ക്ക് ചെയ്തു വിപണിയിലെത്തിച്ചു. ബിരിയാണി തുറന്ന് ചൂടാക്കിയാൽ കഴിക്കാവുന്ന പാകത്തിലായി.’’ ആനും റോളോയും അഭിമാനം കൊള്ളുന്നു.
ഒരു പൗണ്ട് അളവിൽ ആയിരുന്നു മലയാളി ചിക്കൻ ക റിയുടെ ആദ്യ ടിൻ. അതിന് വില മൂന്നേ മുക്കാൽ ഡോളർ. എന്നാൽ ഇപ്പോൾ കേരള കറി മില്യൻ ഡോളർ വാർഷിക വരുമാനമുള്ള കമ്പനിയായി വളർന്നു.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും കുവൈത്തിലും അ ഫ്ഗാനിസ്ഥാനിലും ജർമനിയിലും. അങ്ങനെയങ്ങനെ കേരള കറിയുടെ രുചി ഗോൾ പറക്കുകയാണ്. യുഎസ് മിലിട്ടറിയാണ് ഏറ്റവും വലിയ കസ്റ്റമർ. ലോകത്ത് എവിടെയൊക്കെ യുഎസ് ആർമിയുണ്ടോ അവിടെയൊക്കെ കേരള കറിയുമുണ്ട്.
റോളോയ്ക്കും ആനിനും രണ്ടു മക്കൾ. ഡാക്സും സ പ്നയും. രണ്ടുപേരും നോർത്ത് കാരോലൈനയിൽ. ഡാക്സ് ഒാർത്തോപീഡിക് സർജനാണ്. സപ്ന യുഎൻസി ചാപ്പൽഹിൽ യൂണിവേഴ്സിറ്റിയിൽ പ്രഫസറും.
വിജയകഥകൾ കേട്ടിരിക്കുമ്പോൾ റോളോയോട് ചോദിച്ചു, ‘അറിയാത്ത ബിസിനസ്, പരാജയ സാധ്യത ഒരുപാടുണ്ടായിരുന്നില്ലേ?’
റോളോ ചിരിച്ചു കൊണ്ടു പറഞ്ഞു, ‘‘എല്ലാം ദൈവാധീനം. ഒരുപാട് കാലിടർച്ചകൾ. തെറ്റിപ്പോയ തീരുമാനങ്ങൾ പക്ഷേ, ഒരിക്കൽ പോലും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല. ഒരു ബിസിനസും എളുപ്പമല്ല. ഓരോ മണിക്കൂറും കഠിനമായ അധ്വാനവും ആത്മാർഥതയും വേണം. കളിക്കളത്തിലായാലും ജീവിതത്തിലായാലും ഒരു സ്വർണക്കപ്പും അത്ര വേഗം കിട്ടില്ല. കളിക്കളത്തിൽ ഒരു നിയമമുണ്ട്. തോൽക്കുമെങ്കിലും പൊരുതിത്തോൽക്കുന്നതാണ് അന്തസ്സ്. അതുകൊണ്ടാണ് ഈ വിജയത്തിന് ഇത്ര സ്വാദ്.’’
അംഗീകാരവുമായി കേരള ചട്നി
കലിഫോർണിയയിലും ന്യൂയോർക്കിലും നടക്കുന്ന ‘ഫാൻസി ഫൂഡ് ഷോ’ എന്ന പ്രശസ്തമായ ഷോയിൽ പങ്കെടുക്കാനവസരം കിട്ടിയതാണ് കേരള കറിയുടെ തലവര മാറ്റിയത്. 60 വർഷത്തിലെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ കൊൺടിമെന്‍റിന് ഫൂഡ് േഷായില്‍ ഗോൾഡ് മെഡൽ കിട്ടി. അത് ആനിന്റെ ചട്നിക്കായിരുന്നു.
‘‘അഞ്ചു വർഷം കമ്പനി സർവൈവ് ചെയ്താൽ അതു വിജയിച്ചു എന്നാണ് അർഥം. അല്ലെങ്കിൽ പൂട്ടി പോവും അതായിരുന്നു ഈ നാട്ടിലെ വിശ്വാസം.’’ ആന്‍ പറയുന്നു. ‘‘തുടക്കത്തിലെ തടസ്സങ്ങളിലൊന്നിലും തട്ടിവീഴാതിരിക്കാനുള്ള യുദ്ധമായിരുന്നു ഞ ങ്ങളുടേത്. ജയമായാലും പരാജയമായാലും ഒന്നിച്ചു നേരിടുക അതായിരുന്നു മനസ്സിൽ. ഫാൻസി ഫൂഡ് ഷോയിലെ ഗോൾഡ്മെഡൽ വഴിത്തിരിവായിരുന്നു. ആ അവാർഡോടെ കൂടുതൽ പേർ ഞങ്ങളെ അറിഞ്ഞു തുടങ്ങി.’’ ആൻ പറയുന്നു.
വിജീഷ് ഗോപിനാഥ്