മത്സരത്തിന് ഒരുങ്ങുകയല്ലേ? മാസ്റ്റർ ചോദിച്ചു. ‘‘അയ്യോ... ഇത്തവണ വേണ്ട. മോന്റെ പരിക്കുകൾ മാറിയിട്ടില്ല.’’ ആൻ ആശങ്കയോടെ പറഞ്ഞു. ‘അതിനു മത്സരത്തിനു പോകുന്നതു മകനല്ലല്ലോ. അമ്മയല്ലേ. ’എന്ന് മാസ്റ്റർ.
ഈ വാക്കിലുറച്ച്, ഒരു കൈ നോക്കാൻ നിശ്ചയിച്ച്, കിക്ക് ബോക്സിങ് മത്സരത്തിനു പുറപ്പെട്ട മുപ്പത്തിനാലുകാരിയായ ആ അമ്മ തിരികെ വന്നതു സ്വർണ മെഡലും കൊണ്ടായിരുന്നു.
ഇന്ന് കിക്ക് ബോക്സിങ് രംഗത്തെ വാഗ്ദാനമാണു കൊച്ചിക്കാരായ ആൻ മേരി ഫിലിപ്പും മകൻ ക്രിസ് ജൂബിനും. അമ്മയുടെയും മകന്റെയും ഇടിക്കഥകൾ കേൾക്കാം.
കിക്ക് ബോക്സിങ്ങിലേക്ക്
‘‘ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദമെടുത്ത് അഞ്ചു കൊല്ലം ബെംഗളൂരുവിലെ ബോഷ് എന്ന കമ്പനിയിലും ഒരു കൊല്ലം ജർമനിയിലും ജോലി ചെയ്തു.
വിവാഹിതയായി മകൻ ക്രിസിന്റെ ജനനത്തോടെ ജോലിയിൽ ബ്രേക്ക് എടുത്തു. ആ സമയം പ്രസവാനന്തര വിഷാദമായ പോസ്റ്റ് പാർട്ടം ഡിപ്രഷനിലൂടെ കടന്നു പോകുകയും ശരീരഭാരം വല്ലാതെ കൂടുകയും ചെയ്തിരുന്നു. അതോടെ ബ്രേക്ക് അവസാനിപ്പിച്ച് പുണെയിൽ എംബിഎ ചെയ്തു. ഡിലോയിറ്റ് എന്ന കമ്പനിയിൽ ജോലിയും ലഭിച്ചു.
നാട്ടിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ ജോലി ലഭിച്ച് ഇടപ്പള്ളിയിൽ പപ്പ റെജിപോൾ അമ്മ മറിയാമ്മ എന്നിവർക്കൊപ്പം താമസമാക്കുന്നത് കോവിഡ് കാലത്താണ്.
ക്രിസ് അപ്പോഴേക്കു നാലാം ക്ലാസിലായി. ജോലി കഴിഞ്ഞെത്തിയാൽ എനിക്ക് കുഞ്ഞിനെ പഠിപ്പിക്കാനുള്ള എനർജി ഇല്ല. വല്ലാത്ത ക്ഷീണവും ഉറക്കവും. ഭർത്താവ് ജൂബിന് ജോലിത്തിരക്കു കൂടിയതോടെ വീണ്ടും ജോലിയിൽ ഇടവേള വേണമെന്നു തോന്നി.
ക്രിസിനെ ഏതെങ്കിലും മാർഷൽ ആർട്സ് പഠിപ്പിക്കണം എന്ന് ആഗ്രഹിച്ചത് അക്കാലത്താണ്. കിരൺ മാസ്റ്റർ നടത്തിയ കിക്ക് ബോക്സിങ് ഡെമോൺസ്ട്രേഷൻ കാണാനിടയായതോടെ ക്രിസിനെ കിക്ക് ബോക്സിങ്ങിന് ചേർക്കാൻ നിശ്ചയിച്ചു.
കിരൺ മാസ്റ്ററുടെ കാക്കനാടുള്ള ക്ലാസ്സിൽ മകനെ ചേർത്തു. മാസ്റ്ററുടെ ക്ലാസ്സിൽ പെൺകുട്ടികളെ കണ്ടതോടെയാണ് ഞാനും ക്ലാസ്സിൽ ചേരുന്നത്. വണ്ണം കുറയ്ക്കുകയായിരുന്നു ഉദ്ദേശം.
‘മത്സരിക്കുന്നോ’ എന്ന് മാസ്റ്റർ എന്നോടു ചോദിക്കുമെന്നു കരുതിയിരുന്നേയില്ല. എന്നാലതു സംഭവിച്ചു. എറണാകുളം ജില്ലാ ടീമിനൊപ്പം സംസ്ഥാന മത്സരത്തിലാണ് ആദ്യം പങ്കെടുത്തത്. 2019 ൽ. അതിൽ സ്വർണം ലഭിച്ചു. നിനച്ചിരിക്കാതെ രണ്ടു ചിറകുകൾ മുളച്ച പ്രതീതിയായിരുന്നു അന്നെനിക്ക്. ആ സ്വർണ നേട്ടം ക്രിസ്സിനെ അതിശയിപ്പിച്ചു. അവൻ ബോക്സിങ് വളരെ ഗൗരവത്തോടെ പരിശീലിച്ചു തുടങ്ങി. പ്രാക്റ്റീസിന് പോകാൻ നിർബന്ധിക്കേണ്ടി വരുന്ന പതിവു നിന്നു. ’’ ആനിന്റെ വിജയത്തോടെ ക്രിസ് മികച്ച ഫോമിലായെന്നു കിരൺ മാസ്റ്ററും സാക്ഷ്യപ്പെടുത്തുന്നു.
‘‘ പല നാഷനൽ, ഇന്റർനാഷനൽ കിക്ക് ബോക്സിങ് / ബോക്സിങ് ചാംപ്യൻ ഷിപ്പുകളിലും ക്രിസ് പങ്കെടുത്തു. 2020 ലെ ഇന്ത്യൻ ഓപ്പൺ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ വെങ്കലം ലഭിച്ചു. ആനിന് ഇരട്ട സ്വർണവും. ആറു തവണ നാഷനൽ ചാംപ്യനായ കുട്ടിയെ തോൽപിച്ചിട്ടാണ് ആൻ മെഡലുകൾ നേടിയത്. അടുത്ത കൊല്ലം നടന്ന നാഷനൽ ചാംപ്യൻഷിപ്പിലും ഇരുവരും സ്വർണം നേടി.
ബോക്സിങ്ങിൽ ക്രിസ് ശോഭിക്കുന്നു എന്നു തോന്നിയതോടെ സാവധാനം ക്രിസ്സിനെ കിക്ക് ബോക്സിങ്ങിൽ നിന്ന് ബോക്സിങ്ങിലേക്ക് തിരിച്ചു വിട്ടു. കണക്കുകൂട്ടൽ കൃത്യമായിരുന്നു. 2023 ലെ കേരള അമച്വർ ബേക്സിങ് ചാംപ്യൻഷിപ്പിൽ ക്രിസ് സ്വർണം നേടി.
കെയിലെ ബോക്സിങ് സബ് ജൂനിയർ കാറ്റഗറിയിൽ പങ്കെടുക്കാനും അണ്ടർ ഫോർട്ടീൻ ലണ്ടൻ ചാംപ്യനെ തോൽപിക്കാനും ക്രിസ്സിന് സാധിച്ചു. മറ്റൊരു ക്ലബ്ബിൽ നിന്നുള്ള ടോപ് ലെവൽ ബോക്സറെയും ക്രിസ് തറ പറ്റിച്ചു. സ്കൂൾ ഗെയിംസ് മുതൽ ഒളിംപിക്സ് വരെ ലക്ഷ്യമിട്ടാണ് ക്രിസ്സിനെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്.’’

തുടരും സ്വർണക്കുതിപ്പ്
‘‘ക്രിസും ഞാനും ഇപ്പോൾ പരിശീലനം ചെയ്യുന്നത് എറണാകുളം വൈഎംസിഎയിലുള്ള, കിരൺ മാസ്റ്ററുടെ സ്പാർ – റിങ് എന്ന ജിമ്മിലാണ്. ആദ്യ വിജയത്തിനു ശേഷം മാസ്റ്ററുടെ പരിശീലനം കടുകട്ടിയായി. വീട്ടിലെ ആഘോഷങ്ങൾക്കായി അവധി ചോദിച്ചാൽ ‘ഫങ്ഷന് പൊയ്ക്കോളൂ. പക്ഷെ, ഈ വഴി ഇനി കണ്ടേക്കരുത്’ എന്നു പറയും.
‘ഒരാഴ്ച മുടങ്ങാതെ പ്രാക്റ്റീസ് ചെയ്തതല്ലേ, ഒരവധിയെടുത്താലെന്താണ് ’ എന്നായിരുന്നു തുടക്കത്തിൽ തോന്നിയത്. പരിശീലിക്കാത്ത ഒരു ദിനം കൊണ്ടു നമ്മുടെ മനസ്സ് എത്രമാത്രം വ്യതിചലിച്ചു പോകും എന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
എന്തു കാരണമുണ്ടായാലും പരിശീലനം ഇപ്പോൾ മുടക്കുകയില്ല. അത് ബന്ധുക്കൾക്കിടയിൽ പല അസ്വാരസ്യങ്ങളും ഉണ്ടാക്കി. ‘ജോലിയില്ലാത്ത ആളല്ലേ, പരിപാടികൾക്കു ക്ഷണിക്കുമ്പോൾ വന്നാലെന്താ?’ എന്നാണ് പലരുടെയും ചിന്ത. ഒരു സ്ത്രീ കരിയറിൽ ബ്രേക് എടുത്താൽ, എത്ര പെട്ടെന്നാണ് ആളുകൾ ‘പണിയില്ലാത്തവൾ’ ആക്കി മാറ്റുന്നത്. ഈ മനോഭാവം എന്റെ വാശി കൂട്ടി. സ്പോർട്സ് ഞാൻ കരിയറാക്കി.
ഇന്ന് കിക്ക് ബോക്സർ മാത്രമല്ല കോംപാക്റ്റ് സ്പോർട്സ് കോച്ച് കൂടിയാണു ഞാൻ. കാക്കനാടുള്ള സ്പാർ – റിങ് ജിമ്മിന്റെ പാർട്നറും. എന്റെ വിജയത്തിൽ ഏറെ ആഹ്ലാദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരിൽ എന്റെ അനിയൻ പോൾ അദ്ദേഹത്തിന്റെ ഭാര്യ ഗുഡ്ഡി, അനുജത്തി ഡോ.ചിന്നു, ഭർത്താവ് ഡോ.ടെൻസി എന്നിവരും മക്കളുമുണ്ട്.
സ്വർണ നേട്ടത്തിനു ശേഷം ഔറംഗബാദിൽ നടന്ന സാംബോ നാഷനൽ ചാംപ്യൻഷിപ്പിൽ വെള്ളി, തായ്‌ലൻഡിൽ നടന്ന ബാങ്ടോ ഫൈറ്റിൽ ജയം, തായ്‌ലൻഡിൽ തന്നെ നടന്ന ബംഗ്ലാ സ്റ്റേഡിയം മൊയ് തായ് മത്സരത്തിൽ ജയം, കോഴിക്കോട് കെഎഫ്എൽ ഫൈറ്റ് നൈറ്റ് പ്രോ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പ് തുടങ്ങി നേട്ടങ്ങളേറെ. ഇനി വരുന്ന നാഷനൽ – ഇന്റർനാഷനൽ മത്സരങ്ങളിൽ സ്വർണം എന്നതാണ് ആനിന്റെ അടുത്ത ലക്ഷ്യം.
ഫൈറ്റർ മോം– കിരൺ വിഎസ് (കോച്ച്)
‘‘ജിമ്മിലേക്ക് ആൻ വരുമ്പോൾ മത്സരത്തിനിറക്കാനാകും എന്ന ചിന്തയെനിക്കില്ല. ക്ലാസിൽ ആനിന്റെ പ്രായത്തിലുള്ളവരും ഇല്ല. ചെറിയ കുട്ടികൾക്കു നൽകുന്ന ടാർഗറ്റ് പകുതി ചെയ്താൽ മതിയെന്ന് ഞാൻ പറയുമ്പോൾ വാശിയോടെ ആൻ അതു പൂർത്തിയാക്കും. തളർന്നാലും ഫൈറ്റ് ചെയ്യാനുള്ള ത്വര, ഉള്ളിലെ നിശ്ചയദാർഢ്യം ഇതെല്ലാം ആനിന്റെയുള്ളിൽ നല്ലൊരു ഫൈറ്ററുണ്ടെന്ന് എ നിക്കു കാണിച്ചു തന്നു.
മുപ്പതു വയസ്സ് ആളുകൾ സ്പോർട്സ് വിടുന്ന പ്രായമാണ്. ആനിന്റെ പ്രയത്നവും സമർപ്പണവും വിജയത്തിലേക്കു നയിക്കും എന്നെനിക്ക് ഉറപ്പായിരുന്നു. ആദ്യം ഫുൾ ബോഡി കോൺടാക്റ്റ് ഇല്ലാത്ത മത്സരയിനങ്ങളാണ് നിർദേശിച്ചത്. ഇന്നു മികച്ചൊരു പ്രഫഷനൽ കിക്ക് ബോക്സറാണ് ആൻ. ’’
രാഖി റാസ്
ഫോട്ടോ: ഷാനിഷ് മുഹമ്മദ്