ഹൃദയത്തിൽ ഒരു പൂവ് വിരിയും പോലെ യാണത്, അത്രമേൽ നേർത്ത, മനോഹരമായ അനുഭവം – പ്രണയം!
‘ഭൂമിക്കടിയിൽ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ചു നാം അ കറ്റിനട്ട മരങ്ങൾ’ എന്നു വീരാൻകുട്ടി കവിതയിലെഴുതിയതു പോലെ, അകറ്റിയാലും അകലാതെ, അടുപ്പത്തിന്റെ പുതിയ വഴികൾ തേടുമത്.
മഴയായും മഞ്ഞായും കാറ്റായും പ്രകൃതി നമുക്കു പകരുന്നതും അതു തന്നെ. ഹൃദയമർപ്പിക്കുന്ന എന്തിലും വിരിയുന്ന മോഹനരാഗം. രുചിയും കാഴ്ചയും കഥയും ഗാനവുമായി അതു മനസ്സുകളിലേക്കുപടരുന്നു. ഇവിടെയിതാ, തനിക്കുപ്രിയപ്പെട്ട പ്രണയരുചിയുമായി നടി ആനിയെത്തുന്നു...
പ്രണയം വിളമ്പുന്ന നിമിഷം
ദീർഘയാത്ര കഴിഞ്ഞു മടങ്ങി വരുന്ന പ്രിയപ്പെട്ടവനായി പുതിയ രുചിക്കൂട്ടൊരുക്കി, തീൻമേശ അലങ്കരിച്ച് ആനി കാത്തിരിക്കും. ആ സർപ്രൈസിന്റെ കൗതുകത്തിൽ മുങ്ങി, അതിലൽപം തൊട്ടു നാവിൽ വയ്ക്കുമ്പോൾ ഷാജി കൈലാസിന്റെ മുഖത്തു തെളിയുന്ന ചിരിയുണ്ട്. ആ സന്തോഷമാണ് ആനിക്കു പ്രണയം.
‘‘ഷൂട്ടിങ്ങിന്റെ തിരക്കുമായി ഏട്ടൻ കുറേ ദിവസം വീട്ടിൽ നിന്നു മാറി നിന്നിട്ടു വരുമ്പോൾ പലപ്പോഴും ഞാനിങ്ങനെ സർപ്രൈസ് ഒരുക്കും. ചിലപ്പോൾ അദ്ദേഹത്തിനിഷ്ടപ്പെട്ട വിഭവങ്ങൾ, അല്ലെങ്കിൽ പുതിയതെന്തെങ്കിലും. ടർക്കിഷ് സ്റ്റൈലിൽ അവയിങ്ങനെ ടേബിളിൽ നിരത്തി വയ്ക്കും. ഏട്ടനും അതു വലിയ ഇഷ്ടമാണ്. മനസ്സ് നിറഞ്ഞു കഴിക്കും. അപ്പോൾ കിട്ടുന്ന സന്തോഷമുണ്ട്, രണ്ടാൾക്കും. ആ രുചിയും തൃപ്തിയുമാണു ഞങ്ങളുടെ പ്രണയത്തിന്റെ വാസന.’’ ആനി പറയുന്നു.
വിവാഹത്തിനു മുൻപ്, പ്രണയിക്കുന്ന കാലത്ത് ഒന്നിച്ചൊന്നു കറങ്ങാനോ, എവിടെയെങ്കിലും സ്വസ്ഥമായിരുന്നു ഭക്ഷണം കഴിക്കാനോ ആനിക്കും ഷാജി കൈലാസിനും സാഹചര്യമുണ്ടായില്ല. അനാവശ്യ ചർച്ചകളിലോ ഗോസിപ്പുകളിലോ ചെന്നു ചാടേണ്ട എന്ന നിലപാടായിരുന്നു രണ്ടാൾക്കും. വിവാഹ ശേഷമാണ് അത്തരം അവസരങ്ങളൊരുങ്ങിയത്.
‘‘ഒരു ചമ്മന്തിയേ ഉള്ളെങ്കിലും ഷാജിയേട്ടന് പരാതിയില്ല. പക്ഷേ, രുചിയോടെ കിട്ടണം. വിവാഹത്തിനു ശേഷം ഞാനാദ്യം ഉണ്ടാക്കിക്കൊടുത്തത് പുഡ്ഡിങ് ആണ്. അദ്ദേഹമതു കഴിക്കുമ്പോൾ ഞാൻ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. പതിയെ അവിടെയൊരു ചിരി തെളിഞ്ഞു. ആ നിമിഷം നൽകിയ സന്തോഷം ഇപ്പോഴും പകരം വയ്ക്കാനാകാത്തതാണ്.
വൈകാതെയുള്ള ചെന്നൈ യാത്രയിൽ കാരൈക്കുടി റസ്റ്ററന്റിൽ നിന്നു ഞങ്ങൾ ഞണ്ട് കറി കഴിച്ചു. ഏട്ടന് ഇഷ്ടമായെന്നറിഞ്ഞപ്പോൾ, വീട്ടിലെത്തിയ ശേഷം ഞാനതുണ്ടാക്കി. ടേസ്റ്റ് മനസ്സിൽ വച്ചാണ് റെസിപി തയാറാക്കിയത്. അതോടെ ഷാജിയേട്ടൻ പാചകപുസ്തകങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതു പതിവായി. എന്റെ വലിയ സങ്കടങ്ങളിലൊന്ന്, അമ്മ പകർന്നു തന്ന പാചകക്കൂട്ടില്ലെന്നതായിരുന്നു. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. ആ രുചി തേടിയുള്ള യാത്രയവസാനിച്ചതും ആ വേദന പരിഹരിച്ചതും അന്നമ്മ കൊച്ചമ്മയുടെ (മിസ്സിസ് കെ.എം. മാത്യു) പാചക പുസ്തകങ്ങളിലൂടെയാണ്.
പുതിയ വിഭവം ഉണ്ടാക്കുമ്പോൾ ഞാനതു പറയില്ല. ഷാജിയേട്ടനൊരു ശീലമുണ്ട്, അടുക്കളയിൽ വന്ന് പാത്രങ്ങളുടെയെല്ലാം അടപ്പ് തുറന്നു നോക്കും.
അതുകൊണ്ട് ഏട്ടൻ വീട്ടിലുള്ളപ്പോഴാണ് പരീക്ഷണങ്ങളെങ്കിൽ അടുക്കള ഭാഗത്തേക്ക് അടുപ്പിക്കില്ല. സർപ്രൈസ് ആയി, വിളമ്പി വച്ച ശേഷം വിളിക്കും. അതിന്റെ രസം മറ്റൊന്നിനുമില്ല.
അപ്പവും അമ്മയുണ്ടാക്കിയിരുന്ന മട്ടൻ സ്റ്റൂവുമാണ് ഏട്ടന്റെ പ്രിയവിഭവം. പാചകത്തിൽ എന്റെ സർട്ടിഫിക്കറ്റ് ഒപ്പിടുന്നത് അദ്ദേഹമാണു കേട്ടോ...‘നല്ല അപ്പവും മട്ടൻസ്റ്റൂവും കഴിക്കാനാണ് നസ്രാണിപ്പെൺകൊച്ചിനെ കെട്ടിയേ...’ എന്നു ഷാജിയേട്ടൻ തമാശയ്ക്കു പറയും.