Monday 07 September 2020 02:25 PM IST : By സ്വന്തം ലേഖകൻ

ആംബുലൻസിലെ പീഡനം; കോവി‍ഡ് ഡ്യൂട്ടിക്കിടെ രാത്രി ഒറ്റയ്ക്ക് ഇറങ്ങി പോകേണ്ടി വരുന്നു; ആശങ്കയിൽ അധ്യാപികമാർ

ambulance

ആംബുലൻസിൽ കോവിഡ്  പോസിറ്റീവായ യുവതി പീഡനത്തിനിരയായത് കോവിഡ് കെയർ സെന്ററുകളിൽ ജോലിയിലുള്ള ജീവനക്കാരുടെ സുരക്ഷയിലും ആശങ്ക ഉയർത്തുകയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച പറ്റുന്നുണ്ടെന്നാണ് പരാതി. രാത്രിയിലും ജോലിയിലുള്ള വനിതാ ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കാൻ ക്രമീകരണങ്ങളില്ല.

സുരക്ഷയില്ലാതെ അധ്യാപികമാരും

പത്തനംതിട്ട ∙ വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെ പാർപ്പിച്ചിരിക്കുന്ന കോവിഡ് കെയർ സെന്ററുകളിൽ രാത്രി ഒറ്റയ്ക്കു ഡ്യൂട്ടി നോക്കേണ്ടി വരുന്ന അധ്യാപികമാർക്ക് സുരക്ഷിതത്വമില്ല. രാത്രി ഡ്യൂട്ടിക്ക് അധ്യാപികമാരാണെങ്കിൽ 2 പേരെ നിയോഗിക്കണമെന്ന ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ല. ക്വാറന്റീനിൽ കഴിയാനുള്ളവർ എത്തുന്ന സമയത്ത് മുറിയിൽ നിന്ന് റോഡിൽ എത്തി വാഹനത്തിൽ നിന്നു കത്ത് വാങ്ങണം. രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി പോകേണ്ടി വരുന്നത് സുരക്ഷിതമല്ലെന്ന അധ്യാപികമാരുടെ പരാതി അധികൃതർ കണക്കിലെടുത്തിട്ടില്ല.

സുരക്ഷാ ജീവനക്കാരില്ല

ജില്ലയിൽ കോവിഡ് കെയർ സെന്ററുകൾ ആരംഭിച്ച സമയത്ത് ഇവിടങ്ങളിൽ സുരക്ഷാ ജീവനക്കാരെയും നിയമിച്ചിരുന്നു. പഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തിലായിരുന്നു തിരഞ്ഞെടുപ്പ്. രോഗ വ്യാപനം കൂടിയതോടെ സെന്ററുകളിൽ നിന്ന് ഇവർ കൊഴിഞ്ഞു പോകാൻ തുടങ്ങി. വീണ്ടും പത്രങ്ങളിലും മറ്റും പരസ്യം നൽകിയാണ് സുരക്ഷാ ജീവനക്കാരുടെ നിയമനം പുനരാരംഭിച്ചത്.

കോവിഡ് ആശുപത്രിയായ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ട്. അതേസമയം ആംബുലൻസുകൾ ഓടിക്കാൻ രാത്രിയിൽ ഡ്രൈവർമാരെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പീഡനം നടന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ സമ്മതിക്കുന്നുണ്ട്. രോഗികളുമായി പോകുമ്പോൾ മതിയായ ജീവനക്കാർ കൂടെ വേണമെന്നു ജില്ലയിലെ ആശുപത്രികൾക്ക് പൊലീസ് നിർദേശം നൽകി.

ശ്രദ്ധയില്ലാതെ കേന്ദ്രങ്ങൾ

അടൂർ ∙ അടൂർ മേഖലയിലെ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇപ്പോൾ കുറവാണ്. ഇതിനാൽ ഈ കേന്ദ്രങ്ങളിൽ ഇപ്പോൾ ആരോഗ്യ–റവന്യു–തദ്ദേശ വകുപ്പുകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം തുടങ്ങിയ സമയത്ത് മതിയായ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇവിടെ പ്രവേശിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ സുരക്ഷ ഇല്ലാത്ത സ്ഥിതിയാണ്. സന്നദ്ധ പ്രവർത്തകരെയാണ് സുരക്ഷയുടെ ചുമതല ഏൽപ്പിച്ചിരുന്നത്. അവരിപ്പോൾ ആഹാരം എത്തിക്കുന്ന ജോലികൾ മാത്രമാണ് ചെയ്യുന്നത്.

More