Monday 22 July 2024 11:48 AM IST : By സ്വന്തം ലേഖകൻ

അർജുൻ ഓടിച്ച ലോറി ഗംഗാവലിപ്പുഴയിലെ മൺകൂനയ്ക്കടിയിൽ ഉണ്ടാകുമോ? മണ്ണിനൊപ്പം ലോറി പുഴയിലേക്കു വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

searching-for-arjun-7

അർജുൻ ഓടിച്ച ലോറി ഗംഗാവലിപ്പുഴയിലെ മൺകൂനയ്ക്കടിയിൽ ഉണ്ടാകുമോ? കെഎ 15 എ 7427 ‘സാഗർ കോയ ടിംബേഴ്സ്’ കർണാടക റജിസ്ട്രേഷൻ ലോറി കോഴിക്കോട് കിണാശ്ശേരി സ്വദേശി മുബീന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു വർഷം മുൻപാണ് ഭാരത് ബെൻസിന്റെ എയർ കണ്ടിഷൻഡ് ഡ്രൈവിങ് കാബിനുള്ള ലോറി വാങ്ങിയത്. അർജുൻ സ്ഥിരം പോകുന്ന റൂട്ടാണിത്. ചായ കുടിക്കുന്നതിനും പുഴയിൽ കുളിക്കുന്നതിനുമായി ദീർഘദൂര ഭാരവാഹനങ്ങൾ ഇവിടെ നിർത്തും.

മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ചായക്കട ഉണ്ടായിരുന്നത് ഇതിൽ പുഴയുടെ ഭാഗത്താണ്. ചായക്കട ഉടമയും ഭാര്യയും 2 മക്കളും മരിച്ചു. കുന്നിന്റെ ഭാഗത്ത് ഒഴിഞ്ഞ സ്ഥലത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യാറ്. അർജുന്റെ ലോറിയും ഇവിടെയാകാം പാർക്ക് ചെയ്തത്. 150 അടിയോളം ഉയരത്തിൽനിന്നു മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്കു വന്നപ്പോൾ ലോറിയും മണ്ണിനൊപ്പം പുഴയിലേക്കു വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ടൺ കണക്കിനു മണ്ണ് വീണ്ടും പുഴയിലേക്ക് ഇടി‍ഞ്ഞുവീണപ്പോൾ ലോറി അടിയിൽപെട്ടിരിക്കാം.

ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. അതായത് പുഴയ്ക്കു മുകളിലേക്ക് ഉയർന്നുനിൽക്കുന്ന മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാർ സിഗ്നൽ സംവിധാനം വെള്ളത്തിൽ പ്രവർത്തിക്കില്ല. അതിനാൽ കുഴിബോംബുകൾ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നു. ഇന്നു കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു നടത്തുന്ന പരിശോധനയിൽ ലോറി പുഴയിൽ ഉണ്ടോയെന്നു വ്യക്തമാകുമെന്നാണു പ്രതീക്ഷ.

മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മണ്ണിടിച്ചിലിൽ മലയാളി യുവാവിനെ കാണാതായ ഷിരൂരിൽ ഇന്നു മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ ദിവസങ്ങൾക്കു സമാനമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാകാൻ‌ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ആശങ്കയുടെ ആറു നാൾ; അമർഷം, പ്രതിഷേധം

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തിരയാൻ സൈന്യം രംഗത്തിറങ്ങിയിട്ടും ആശങ്ക അകലാതെ വീട്ടുകാരും നാട്ടുകാരും. ഇന്നലെ വൈകിട്ട് അന്വേഷണം നിർത്തിവച്ചതും തിരച്ചിൽ പുഴയിലേക്കു മാറ്റുമെന്ന അറിയിപ്പുമാണ് ആശങ്ക വർധിപ്പിക്കുന്നത്. കരയിലെ തിരച്ചിൽ 98% പൂർത്തിയാക്കിയെന്ന അവകാശവാദവും കുടുംബത്തെ നിരാശരാക്കുന്നു.

രക്ഷാപ്രവർത്തനത്തിനു സൈന്യം എത്തണമെന്നാണ് അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ കരസേനയും നാവികസേനയുമടക്കം ഷിരൂരിലെത്തിയെങ്കിലും വൈകിട്ടു തിരച്ചിൽ അവസാനിപ്പിച്ചതോടെ പ്രതീക്ഷ മങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും മലയാളികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിക്കുന്നുണ്ട്. കർണാടക സർക്കാരിന്റെ ഔദ്യോഗിക പേജുകളിലും കർണാടക ന്യൂസ് ചാനലുകളുടെ യുട്യൂബ് ലൈവ് ചാറ്റുകളിലും സേവ് അർജുൻ ഹാഷ്‌ടാഗ് സജീവമായി.

തിരച്ചിൽ വൈകുന്നതിനെതിരെ സേവ് അർജുൻ എന്ന പേരിൽ സംയുക്ത സമര സമിതി രാത്രി കോഴിക്കോട് സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധിച്ചു. തൃശൂരിൽ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രവർത്തകർ കോർപറേഷൻ ഓഫിസിനു മുൻപിൽ മുട്ടുകുത്തി പ്രാർഥന നടത്തിയാണു പ്രതിഷേധിച്ചത്. അർജുനു വേണ്ടിയുള്ള തിരച്ചിലിനു ചീഫ് സെക്രട്ടറി ഏകോപനം നൽകുന്നുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

മണ്ണുനീക്കലിന് വേഗമില്ല: എം.കെ.രാഘവൻ

‘മുട്ടോളം ചെളിയിലാണു നിൽക്കുന്നത്. ഭീകരമായ മഴയാണു പെയ്യുന്നത്. പ്രതീക്ഷിക്കുന്ന വേഗത്തിൽ മണ്ണുനീക്കൽ മുന്നേറുന്നില്ല.’ – എം.കെ.രാഘവൻ എംപി പറഞ്ഞു. അങ്കോലയിലെ ഷിരൂരിൽ കോഴിക്കോട് സ്വദേശി അർജുൻ മണ്ണിനടിയിൽ കുടുങ്ങിയ സ്ഥലത്തു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനെത്തിയതാണ് എംപി.

തിരച്ചിൽ ഊർജിതമാക്കാൻ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തണമെന്നും കുടുംബത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും രാഘവൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്‌റഫ്, എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

എസ്പി എത്തി; സെൽഫിയെടുത്തു

ഷിരൂരിൽ രക്ഷാപ്രവർത്തന സ്ഥലത്തെത്തിച്ച റഡാറിനൊപ്പം സെൽഫിയെടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് എം. നാരായണയുടെ നടപടി പ്രതിഷേധത്തിനിടയാക്കി. പരിശോധന തുടരുന്നതായും റഡാർ ഉപയോഗിച്ചു ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എഴുതി 3 ഫോട്ടോയും ഒരു വിഡിയോയുമാണ് നാരായണ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ മലയാളികളടക്കം പോസ്റ്റിനു താഴെ പ്രതിഷേധം രേഖപ്പെടുത്തി. ചിലർ മലയാളത്തിലെഴുതിയത് കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയും കമന്റുകളിട്ടു.

സുപ്രീംകോടതിയിൽ ഹർജി

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള നടപടികളിൽ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർണായക സമയത്തു കർണാടക സർക്കാർ പുലർത്തിയ നിസ്സംഗതയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. കാണാതായവരെ കണ്ടെത്താൻ ശാസ്ത്രീയ രീതികൾ ഉപയോഗിക്കാൻ നിർദേശിക്കണമെന്നും അഭിഭാഷകനായ കെ.ആർ. സുഭാഷ് നൽകിയ ഹർജിയിലുണ്ട്.

Tags:
  • Spotlight