Wednesday 24 October 2018 04:49 PM IST : By സ്വന്തം ലേഖകൻ

ഇവൾ ഇന്ത്യയുടെ മകൾ, സൈനിക ഉദ്യോഗസ്ഥയായി കാണാൻ ആഗ്രഹം; ഭർത്താവിന്റെ ചിതയ്ക്കു മുന്നിൽ പതറാതെ ഒരമ്മ

shimu-devi

മുപ്പത്തിയാറുകാരനായ രൺജീത് സിംഗിന്റെ മൃതദേഹം ത്രിവർണപതാകയിൽ പൊതിഞ്ഞ് തിങ്കളാഴ്ച സ്വദേശത്ത് എത്തിച്ചപ്പോൾ കണ്ണീർ വാർത്താണ് ജന്മഗ്രാമമായ സുളി അതേറ്റുവാങ്ങിയത്. രൺജീത് സിംഗിന്റെ ശവസംസ്കാരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് രൺജീതിന്റെ ഭാര്യ ഷിമുദേവ് തന്റെ കടിഞ്ഞൂലിന് ജൻമം നൽകിയത്.

പന്ത്രണ്ട് വർഷത്തോളം കാത്തിരുന്നിട്ട് ലഭിച്ച ആ ഓമനകുഞ്ഞിനെ ഒരു നോക്കുകാണാൻ രൺജീതിന് ഭാഗ്യമില്ലാതെയായി പോയി. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അവധിയിൽ പ്രവേശിക്കാനിരിക്കുമ്പോഴാണ് മരണം രൺജീതിനെ തേടിയെത്തിയത്. രജൗറിയിലെ സുന്ദർ ബനി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക് നുഴഞ്ഞുകയറ്റക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മൂന്ന് സൈനികരിൽ ഒരാളാണ് ലാൻസ് നായിക് രൺജീത് സിംഗ്.

തിങ്കളാഴ്ച ശവസംസ്കാരം നടത്താൻ ആദ്യം തീരുമാനിച്ചുവെങ്കിലും ആചാരപരമായ തടസങ്ങളുടെ പേരിലാണ് ചൊവാഴ്ച രാവിലെത്തേക്ക് സംസ്കാരം മാറ്റിയത്. ഇതിനിടെ ഷിമുദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടു. രാത്രി വൈകി ആശുപത്രിയിൽ പ്രവേശിച്ച അവർ ചൊവ്വാഴ്ച പുലർച്ചേ അഞ്ച് മണിയോടെ പ്രസവിക്കുകയായിരുന്നു.

ഇവൾ ഇന്ത്യയുടെ മകളാണെന്നും ഒരു സൈനിക ഉദ്യോഗസ്ഥയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നതെന്നും ഷിമുദേവി പറഞ്ഞു. സൈന്യം കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. അപ്രകാരമാണെങ്കിൽ ഒരു നല്ല സൈനിക ഉദ്യോഗസ്ഥയാകാൻ തന്റെ മകൾക്ക് സാധിക്കുമെന്നും ഷിമു ദേവി അഭിപ്രായപ്പെട്ടു. 2006 ലാണ് ഷിമുദേവിയും രൺജീത് സിംഗും വിവാഹിതരായത്.