കുഞ്ഞ് സണ്‍ഷെയ്ഡില്‍ വീണതിനെ തുടർന്ന് അമ്മയ്ക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി മേയർ ആര്യ രാജേന്ദ്രൻ. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് പലരും രംഗത്തെത്തിയതോടെ അവര്‍ ജീവനൊടുക്കിയിരുന്നു. വേദനാജനകമായ വാർത്തയാണിതെന്നും അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ ആഴം വളരെ വലുതാണെന്നും ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;
വേദനാജനകമായ വാർത്തയാണിത്. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ ആഴം വളരെ വലുതാണ്. രമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഏത് സംഭവം ഉണ്ടായാലും അതിന്റെ വസ്തുതകളെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെയും മുൻപിൻ നോക്കാതെയും പരിണിതഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരു കൂട്ടം സൈബർ മനോരോഗികളുടെ "കരുതലിന്റെ" പരിണിതഫലമാണ് ഈ വാർത്ത.
രമ്യയെ ഇക്കൂട്ടർ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോഹിച്ചിരിക്കുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇതൊരു ഗൗരവതരമായ സാമൂഹ്യപ്രശ്നമാണ്. ആത്മഹത്യയോ ഉൾവലിയലോ നാട് വിടലോ ഒന്നും കൊണ്ടല്ല ഇതിനെ നേരിടേണ്ടത് എന്ന് നമ്മുടെ സ്ത്രീസമൂഹം തിരിച്ചറിയണം. ഇത്തരം വൃത്തിക്കെട്ട മനുഷ്യർ കൂടെ ഉള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ബോധ്യത്തോടെ അതിനെയെല്ലാം അവഗണിച്ചും നേരിട്ടും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനാണ് തയാറാകേണ്ടത്. ഇത്തരം സൈബർ അതിക്രമങ്ങൾക്ക് എതിരെ അതിശക്തമായ നിയമനടപടികളും പ്രതിഷേധങ്ങളും ഉണ്ടാകേണ്ടതുണ്ട്.