Wednesday 02 December 2020 12:46 PM IST : By സ്വന്തം ലേഖകൻ

‘മരണക്കിടക്കയിൽ പോലും ഭർത്താവിനെതിരെ മൊഴി നൽകിയില്ല; സ്വന്തം മാതാപിതാക്കളെയും ഒന്നും അറിയിച്ചില്ല’; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ ഞെട്ടൽ

dds33fggggf

സാധാരണമെന്നു കരുതിയിരുന്ന ഒരു മരണം കൊലപാതകമായി മാറിയതിന്റെ ഞെട്ടലിലാണ് ഓടനാവട്ടം. വാപ്പാല പള്ളി മേലതിൽ വീട്ടിൽ ആശ (29)യുടെ മരണത്തിനു പിന്നിലെ ദുരൂഹതകളാണു നാട്ടിലിപ്പോൾ ചർച്ചാ വിഷയം. വീടിന് സമീപത്തുള്ള പാറ മുകളിൽ ആടിനെ തീറ്റുന്നതിനിടയിൽ ആട് തള്ളിയിട്ട് ആശയ്ക്കു പരുക്കേറ്റെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഭർത്താവ് അരുൺ വിശ്വസിപ്പിച്ചിരുന്നത്.

മരണക്കിടക്കയിൽ പോലും ഭർത്താവിനെതിരെ മറ്റൊരു മൊഴി ആശ നൽകിയില്ല. സ്വന്തം പിതാവിനെയും മാതാവിനെയും ഒന്നും അറിയിച്ചതുമില്ല. ഭർത്താവിനും മക്കൾക്കും ഒന്നും സംഭവിക്കരുതെന്ന ആഗ്രഹം മാത്രമായിരുന്നു ആശയ്ക്ക്. ഒരുപക്ഷേ സംഭവം മുൻകൂട്ടി പറഞ്ഞിരുന്നെങ്കിൽ ആശ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് സങ്കടത്തോടെ പിതാവ് ജോർജ് പറയുന്നു. മദ്യപിച്ചെത്തുന്ന അരുൺ മിക്കപ്പോഴും വീട്ടിൽ ബഹളം ഉണ്ടാക്കുകയും ആശയെ മർദിക്കുകയും ചെയ്യുമായിരുന്നു.

മിക്ക ദിവസവും വഴക്കു ഉണ്ടാകുന്നതിനാൽ അയൽക്കാരും ശ്രദ്ധിക്കാറില്ല. നാട്ടുകാരുമായും ബന്ധുക്കളുമായി അടുപ്പം ഇല്ലാത്ത സ്വഭാവം ആയിരുന്നു അരുണിന്. ആര് വീട്ടിൽ വന്നാലും മമ്മിയെ ആട് ഇടിച്ചു ഇട്ടതാണെന്ന് മക്കളെക്കൊണ്ടു പറയിപ്പിക്കുമായിരുന്നു. മരണത്തിൽ ദുരൂഹത  തോന്നിയ പിതാവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് സംഭവം കൊലപാതകം ആണെന്നു തെളിയാൻ വഴിയൊരുക്കിയത്. 

ആശുപത്രിയിൽ, മരണത്തോടു മല്ലിട്ട അവസാന മണിക്കൂറുകളിൽ ആശ മാതാപിതാക്കളോടു പറഞ്ഞു; ‘എന്നെ ഇടിച്ചിട്ടത് ആടല്ല’. ഭർത്താവിന്റെ ചവിട്ടേറ്റ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിട്ടും അതല്ലാതെ മറ്റൊന്നും അവൾ പറഞ്ഞുമില്ല. ഹൃദയം പൊട്ടുന്ന വേദനയ്ക്കിടയിലും മകളുടെ അവസാന വാക്കുകൾ അച്ഛനമ്മമാരെ വേട്ടയാടി. ആട് ഇടിച്ചതിനെത്തുടർന്നു വീണു പരുക്കേറ്റെന്ന ഭർത്താവിന്റെ മൊഴി അവർ വിശ്വസിക്കാതിരുന്നത് അതുകൊണ്ട്. ഒടുവിൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു; ഭർത്താവ് അരുൺ അറസ്റ്റിലായി.

Tags:
  • Spotlight