Monday 06 May 2024 10:59 AM IST : By സ്വന്തം ലേഖകൻ

സ്വർഗത്തിലെ പഴം കണ്ടപ്പോൾ കൗതുകമേറി; ഇന്ത്യയിലെവിടെയും വിളയാത്ത പഴം കൃഷി ചെയ്ത് നൂറുമേനി: ഇത് ആഷൽ വിജയഗാഥ

ashel-1

കൃഷിയിൽ ആനന്ദം കണ്ടെത്തുന്ന, കൃഷിയുടെ പുതിയ സാധ്യതകൾ തേടുന്ന അ‍ഞ്ചു കർഷകരെ പരിചയപ്പെടാം. ഇവരിൽ രണ്ടു പേർ ജോലിക്കൊപ്പം കൃഷിയെ സ്നേഹിക്കുന്നവരാണ്. മറ്റു രണ്ടു പേർ ജോലി ഉപേക്ഷിച്ചു കൃഷിക്കാരായാവരാണ്. ഒരാളാകട്ടെ ജീവിതമാർഗത്തിനു കൃഷി മാത്രം മതി എന്നു തെളിയിച്ച വ്യക്തിയും. വിളകളിലെ വ്യത്യസ്തതയും വിപണനത്തിലെ പുത്തൻ സാധ്യതകളും പരീക്ഷിച്ചു കൃഷിയെ അവർ നെഞ്ചോടു ചേർക്കുന്നു. ഒഴിവാകാൻ കാരണങ്ങൾ പലതുണ്ട്. പക്ഷേ, ഒരിക്കൽ കൃഷിയെ സ്നേഹിച്ചവരുടെ മുന്നിൽ അതൊന്നും പ്രശ്നമാകില്ല.

കൃഷിയിൽ പ്രതീക്ഷ തളിരിടാൻ നല്ല തുടക്കമാകട്ടെ ഇവരുടെ കൃഷി സന്തോഷങ്ങൾ. അടുത്ത വിഷുവിനു മുൻപു സ്വന്തമായി ഒരു വിളയെങ്കിലും ഉൽപാദിപ്പിക്കും എന്ന തീരുമാനമെടുക്കാം. അതാകട്ടെ നമ്മുടെ ‘വിഷുനിശ്ചയം’.

‘ടെക്കിയുടെ മുറ്റത്തെ മുന്തിരി പുളിക്കില്ല’

സൈക്കിളിങ് എനിക്കു ഹരമാണ്. പല മാരത്തണിലും പങ്കെടുത്തിട്ടുമുണ്ട്. അ ങ്ങനെ കോവിഡ് കാലത്തു സൈക്കിളുമായി കറങ്ങാൻ ഇറങ്ങിയപ്പോഴാണ് മലയാറ്റൂരുള്ള ഒരു വീട്ടുവളപ്പിൽ ഗാക് എന്ന ‘സ്വർഗത്തിലെ പഴം’ കാണുന്നത്. വിയറ്റ്നാമിലെ പഴവർഗം നമ്മുടെ നാട്ടിൽ വിളഞ്ഞുനിൽക്കുന്നതു കണ്ട കൗതുകമാണ് എക്സോട്ടിക് ഫ്രൂട്സിനോടുള്ള ഹരമായി മാറിയത്.’’

ഐടി ജീവനക്കാരനായ 29കാരൻ ആഷൽ കാർഷിക വിളയിലെ നേട്ടത്തിലൂടെ ലോക റെക്കോർഡ് വരെ എത്തി നിൽക്കുന്നതിന്റെ തുടക്കമാണ് ഇപ്പോൾ കേട്ടത്. ഇനി കേൾക്കാൻ പോകുന്നത് ആ റെക്കോർഡ് വന്ന ‘കംബോഡിയൻ’ വഴിയും ആലുവ തായിക്കാട്ടുകരയിലെ അഞ്ചു സെന്റ് വീട്ടുവളപ്പിൽ 15 ലധികം എക്സോട്ടിക് വിളകൾ കൃഷി ചെയ്യുന്ന കഥയുമാണ്.

ഒരു കുല മുന്തിരി നാലു കിലോ

‘‘ഗാക് ഫ്രൂട് കൃഷി ചെയ്താണ് തുടക്കം. ഇന്റർനെറ്റ് പരതി വിദേശ പഴങ്ങളെ കുറിച്ചും അവയുടെ കൃഷിരീതിയെ കുറിച്ചും മനസ്സിലാക്കി. എക്സോട്ടിക് ഫ്രൂട്സ് തൈകൾ അന്വേഷിച്ചു എറണാകുളത്തെ വെളിയത്തു ഗാർഡൻസിലെത്തിയപ്പോഴാണ് കംബോഡിയൻ മുന്തിരി തൈ വാങ്ങുന്നത്. ഇന്ത്യയിൽ മറ്റെവിടെയും കംബോഡിയൻ ഗ്രേപ്സ് വിളയുന്നതായി അറിവില്ല.

2023 ജനുവരിയിൽ നട്ടു. ഒക്ടോബറായപ്പോഴേക്കും പൂവിട്ടു. ജനുവരിയിൽ പഴുത്തു തുടങ്ങി. ആദ്യത്തെ കുല മുന്തിരിയിൽ തന്നെ ആയിരത്തോളം മുന്തിരികളുണ്ടായി. നാലു കിലോയിലധികം തൂക്കവും. ഈ മുന്തിരിക്കുല ഉൽപാദിപ്പിച്ചതിനാണു ലോക റെക്കോർഡ് ലഭിച്ചത്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ബുക്കിലാണ് ഇടം നേടിയത്. ഒരു കംബോഡിയൻ മുന്തിരിച്ചെടിയേ പക്കലുള്ളൂ. അതിൽ നിന്നു 16 കുല മുന്തിരി കിട്ടി. പഴുത്തവ പറിച്ചെടുത്താലും ആ കുലയിൽ പുതിയവ ഉണ്ടാകും. പുളിയൊട്ടുമില്ല എന്ന മെച്ചവുമുണ്ട്.

ആദ്യ വിളവെടുപ്പിലെ മുന്തിരി വിൽക്കാനൊന്നും ശ്രമിച്ചില്ല. യമണ്ടൻ മുന്തിരിയുടെ വാർത്ത കേട്ടു ധാരാളം പേരെത്തിയിരുന്നു. അവർക്കും എന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും രുചിക്കാൻ തന്നെയേ അവ തികഞ്ഞുള്ളൂ.

തീരുന്നില്ല എക്സോട്ടിക് വിശേഷങ്ങൾ

വീടു നിൽക്കുന്ന അഞ്ചു സെന്റിലാണു കൃഷി. മധുരവും പുളിപ്പും കലർന്ന റെഡ് സുറിനാം ചെറി, ഒരു പൈനാപ്പിളിനു ചുറ്റും നൂറോളം പൈനാപ്പിൾ കായ്ക്കുന്ന മെഡൂസ പൈനാപ്പിൾ, പർപ്പിൾ നിറമുള്ള പേരയ്ക്കയുണ്ടാകുന്ന പർപ്പിൾ ഫോറസ്റ്റ്, സൗത്ത് അമേരിക്കയിൽ വിളയുന്ന അബിയു, ഓസ്ട്രേലിയൻ ഫ്രൂട്ട് ബറാബ, കിഴങ്ങു വിഭാഗ ത്തിൽ പെടുന്ന മെക്സിക്കൻ താരം ഹിക്കാമ, ബ്രസീലിയ ൻ പാഷൻ ഫ്രൂട്ട്, മഹ്കോട്ട ദേവ എന്ന മെഡിസിനൽ പ്ലാന്റ് ഇങ്ങനെ15ലധികം വിദേശ ഇനങ്ങളുണ്ട്.

ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് യോജിച്ച വിളകളാണു കൃഷി ചെയ്യുന്നത്. രാസവളങ്ങളോ കീടനാശിനിയോ തോട്ടത്തിൽ ഉപയോഗിക്കുന്നതേയില്ല. ഇവിടെ കായ്ക്കുന്ന എന്തും ആരോഗ്യത്തിനു കൈ കൊടുത്തു കഴിക്കാം.

വ്യത്യസ്തമായ പഴങ്ങൾ രുചിക്കാനുള്ള കൗതുകവും കൃഷിയോടുള്ള ഇഷ്ടവുമാണ് എന്നെ കൃഷിക്കാരനാക്കിയത് എന്നു പറയാം. അ തുകൊണ്ടു വിൽപന മാത്രമല്ല ലക്ഷ്യം. ഞാൻ തൈ വാങ്ങിയ നഴ്സറിയിലേക്ക് ഇവിടെയുണ്ടാകുന്ന തൈകൾ ന ൽകുന്നുണ്ടെന്നു മാത്രം. കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാം എന്ന ചിന്തയില്ല. വർക് ഫ്രം ഹോമിനിടയിൽ കണ്ണെത്തുന്നിടത്തു കൃഷി.

വീട്ടിൽ ഞാനും വാപ്പ ഹസ്സനും ഉമ്മ കുഞ്ഞുമോളുമാണുള്ളത്. സഹോദര ൻ ആഷിഷ്, കാക്കനാടാണു താമസം.’’