Thursday 19 August 2021 11:04 AM IST : By സ്വന്തം ലേഖകൻ

നിന്നുതിരിയാൻ ഇടമില്ലാത്ത കൊച്ചുവീട്, ചെറിയ വരുമാനം; ഇല്ലായ്മകളുടെ നടുവിൽ നിന്ന് രണ്ടു ഡോക്ടർമാർ, അഭിമാനമായി അട്ടപ്പാടി

rahul-rajkarthika

അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നു രണ്ടു ഡോക്ടർമാർ കൂടി. പുതൂർ ഊരിലെ ഡി. രാഹുൽരാജും അഗളി വെള്ളമാരി ഊരിലെ ആർ. കാർത്തികയുമാണ് എംബിബിഎസ് നേടിയത്. രാഹുൽരാജ് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലും കാർത്തിക തൃശൂർ ഗവ. മെഡിക്കൽ കോളജിലുമായിരുന്നു പഠനം. 

ഇല്ലായ്മകളുടെ നടുവിൽ നിന്നാണു രാഹുൽരാജ് ഡോക്ടറാകുന്നത്. പരിമിതികളെ നിശ്ചയദാർഢ്യവും പരിശ്രമവും കൊണ്ട് മറികടക്കാമെന്ന് മകനെ പഠിപ്പിച്ച ഒരു അമ്മയുടെ വിജയം കൂടിയാണിത്. അങ്കണവാടി വർക്കറുടെ ചെറിയ വരുമാനം കൊണ്ടാണ് രാഹുൽരാജിന്റെ അമ്മ വിജയലക്ഷ്മി കുടുംബം പോറ്റിയത്. ഊരിലെ നിന്നുതിരിയാൻ ഇടമില്ലാത്ത കൊച്ചുവീട്ടിൽ അല്ലലും അലട്ടുമറിയിക്കാതെ വളർത്തിയ അമ്മയാണ് എല്ലാം എന്നു രാഹുൽരാജ് പറയുന്നു.

ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെ പ്ലസ്ടു വിജയിച്ച രാഹുൽരാജിനെ പട്ടികവർഗ വകുപ്പാണ് മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിന് അയച്ചത്. തുടർന്ന് ഒട്ടേറെ സുമനസ്സുകൾ സഹായത്തിനെത്തി. പുസ്തകങ്ങൾക്കു പണം നൽകിയ മുഹമ്മദ് മുഹസിൻ എംഎൽഎ, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണു പഠനമെന്നറിഞ്ഞു വീട്ടിൽ വൈദ്യുതി എത്തിച്ച കെഎസ്ഇബി എൻജിനീയർ ബിനോയ് വടക്കേടത്ത്, എറണാകുളത്തെ ഐസിഡിഎസ് പ്രോഗ്രാം ഓഫിസർ മായാ ലക്ഷ്മി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ അനൂപ്, പട്ടികജാതി വികസന വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടർ ജോസഫ് ജോൺ തുടങ്ങി ഒട്ടേറെ പേർക്കു നന്ദി പറയുന്നു ഡോ. രാഹുൽരാജ്.

എംഡിയെടുത്ത് അട്ടപ്പാടിയിൽ സേവനം അനുഷ്ഠിക്കണമെന്നാണ് താൽപര്യം. കർഷകനായ ദുരൈരാജിന്റെയും അങ്കണവാടി വർക്കർ വിജയലക്ഷ്മിയുടെയും മകനാണു രാഹുൽരാജ്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ഒന്നാം വർഷ സുവോളജി വിദ്യാർഥി പ്രഫുൽരാജ് സഹോദരൻ. അഗളി എഎസ്പി ഓഫിസിൽ എഎസ്ഐ ആയ ആർ. രാഘവന്റെയും മുൻ പഞ്ചായത്തംഗം ആർ. ശാന്താമണിയുടെയും മകളാണ് കാർത്തിക. വിദ്യാർഥികളായ പ്രവീണയും ആതിരയും ശ്വേതയും ശ്രേയയും സഹോദരിമാർ. ജെല്ലിപ്പാറ മൗണ്ട് കാർമൽ ഹൈസ്കൂളിൽ എസ്എസ്എൽസിയും കോട്ടത്തറ ആരോഗ്യമാത ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവും പഠിച്ചു.

Tags:
  • Spotlight
  • Inspirational Story