Wednesday 10 October 2018 10:27 AM IST : By സ്വന്തം ലേഖകൻ

അടിച്ച് പല്ലുതെറിപ്പിച്ചു, എന്നിട്ടും ഓട്ടോ കാശ് കിട്ടാതെ വിട്ടില്ല! പൊലീസുകാരനെ മര്യാദ പഠിപ്പിച്ച് ഡ്രൈവര്‍ ചേട്ടൻ

auto-driver-4321

ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. അതുകൊണ്ട് ചെയ്യുന്ന തൊഴിലിനുള്ള മാന്യമായ കൂലി, അത് കിട്ടിയേ പറ്റൂ... തൃശൂരിലെ ഓട്ടോ ഡ്രൈവറായ ഒരു ചേട്ടൻ പൊലീസുകാരനെ മര്യാദ പഠിപ്പിച്ചത് ഇങ്ങനെയാണ്. തൃശൂരിലെ മാത്രമല്ല, എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും മാതൃകയാണ് വെങ്ങിണിശേരി സ്വദേശിയായ ഡ്രൈവര്‍ ആഘോഷ്.

കഴിഞ്ഞ ദിവസം വടക്കേ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ആഘോഷിൻറെ ഓട്ടോയിൽ ഒരാൾ കയറിയത്. രണ്ടു കിലോമീറ്റര്‍ പിന്നിട്ട് മുനിസിപ്പല്‍ റോഡില്‍ ഇറങ്ങിയ ഇയാൾ പണം നൽകാതെ നടന്നു പോവുകയായിരുന്നു. ആഘോഷ് പുറകെ ചെന്ന് കാശു ചോദിച്ചപ്പോള്‍ താൻ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് ഇയാൾ വെളിപ്പെടുത്തി. എന്നാല്‍ ഓട്ടോ കൂലി നൽകണമെന്ന് ആഘോഷ് പൊലീസുകാരനോട് ആവശ്യപ്പെട്ടു.

താൻ കാശു കൊടുത്ത് പോകാറില്ലെന്നായി പൊലീസുകാരന്റെ ന്യായം. എന്നാൽ തന്റെ കൂലി വേണമെന്ന് ആഘോഷും തർക്കിച്ചു. തര്‍ക്കമൂത്ത് ഇരുവരും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പോയി. കണ്‍ട്രോള്‍ റൂമില്‍ ഇറങ്ങിയ ഉടനെ പൊലീസുകാരന്‍ ആഘോഷിനെ മര്‍ദ്ദിക്കുകയായിരുന്നു. മുഖത്താണ് മര്‍ദ്ദനമേറ്റത്. പല്ലിളകിയതിനാല്‍ ആഘോഷ് ആശുപത്രിയിൽ ചികില്‍സ തേടി.

പിറ്റേന്നു രാവിലെ ഇത് സംബന്ധിച്ച് തൃശൂര്‍ ഈസ്റ്റ് സിഐ കെ സി സേതുവിന് പരാതി നല്‍ക്കുകയായിരുന്നു. ഡ്രൈവറുടെ പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടതോടെ സിഐ കേസെടുത്തു. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരന്‍ അഭിലാഷിനെതിരെയാണ് കേസ്. അതേസമയം ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കൂലി നല്‍കാതെ യാത്ര ചെയ്യുന്നവര്‍ പൊലീസ് സേനയ്ക്കു തന്നെ നാണക്കേടാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച് യതീശ്ചന്ദ്ര വിലയിരുത്തി. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവിട്ടു.