Saturday 22 June 2024 12:50 PM IST : By ദീപു ഉമ്മൻ

'ഒരിക്കൽ സ്ഥാപിച്ചാൽ പിന്നെ തിരിഞ്ഞു നോക്കാതിരിക്കരുത്'; സുരക്ഷയും സൗകര്യവും നൽകുന്ന ഓട്ടമാറ്റിക് ഗേറ്റുകൾ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

auto-gatee5667 സെക്യൂരിറ്റി ഉൽപന്നങ്ങളുടെ വിപണന, സേവന രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളയാളാണ് ലേഖകൻ, ജനറൽ സെക്രട്ടറി, ഓൾ കൈൻഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി ആൻഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് അസോസിയേഷൻ.

ഓട്ടമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ച വൈലത്തൂർ സ്വദേശിയായ ഒമ്പതു വയസ്സുകാരന്റെ കണ്ണീരോർമയിലാണു നാട്. സൗകര്യപ്രദമാണെങ്കിലും ഓട്ടമാറ്റിക് ഗേറ്റുകൾ ചിലപ്പോഴൊക്കെ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ശ്രദ്ധയും കരുതലുമാണ് ഇത്തരം സന്ദർഭങ്ങളിൽ നമ്മളുടെ രക്ഷയ്ക്കെത്തുക. ഓട്ടമാറ്റിക് ഗേറ്റുകൾ സ്ഥാപിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം...

പണ്ട് ആഡംബര ഉൽപന്നമായാണ് ഓട്ടമാറ്റിക് ഗേറ്റുകളെ കണ്ടിരുന്നതെങ്കിൽ ഇന്നതു മാറി. സുരക്ഷയും സൗകര്യവും നൽകുന്ന ഉൽപന്നങ്ങളുടെ ഗണത്തിലാണു നിലവിൽ ഓട്ടമാറ്റിക് ഗേറ്റുകൾ ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ പ്രചാരവും കൂടിവരുന്ന കാലമാണ്. പ്രായമായ രക്ഷിതാക്കൾ മാത്രമുള്ള വീടുകളാണെങ്കിൽ അവർക്ക് ഗേറ്റ് അടയ്ക്കലും തുറക്കലുമെല്ലാം പ്രയാസമായിരിക്കും. ഓട്ടമാറ്റിക് ഗേറ്റുകളാണെങ്കിൽ ആ പ്രശ്നമില്ല. 

ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ഹൈവേയ്ക്കു സമീപമോ താമസിക്കുന്നവരാണെങ്കിൽ ഗേറ്റ് തുറക്കാനായി വാഹനത്തിൽനിന്നിറങ്ങേണ്ടി വരുന്നത് ഉചിതമായിരിക്കില്ല. എന്നാൽ സുരക്ഷയ്ക്കായി നമ്മൾ വയ്ക്കുന്ന ഓട്ടമാറ്റിക് ഗേറ്റുകൾ അപകടം സൃഷ്ടിക്കുന്ന ഉൽപന്നങ്ങളായി മാറുന്ന സന്ദർഭങ്ങളുമുണ്ടാവുന്നുണ്ട്. അതൊഴിവാക്കാൻ ജാഗ്രതയുണ്ടായേ പറ്റൂ. ഓട്ടമാറ്റിക് ഗേറ്റുകൾ വയ്ക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

സെക്യൂരിറ്റി ഉൽപന്നങ്ങളുടെ വിപണന, സേവന രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളയാളാണ് ലേഖകൻ ദീപു ഉമ്മൻ. ഓൾ കൈൻഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി ആൻഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ്.

∙ മത്സരം കടുത്തതോടെ വിലക്കുറവു പറഞ്ഞ് ഓർഡർ പിടിക്കുന്ന സ്ഥാപനങ്ങളും കൂടി വന്നു. എന്നാൽ വിലക്കുറവു മാത്രം നോക്കി നമ്മൾ തിരഞ്ഞെടുപ്പു നടത്തരുത്. ബ്രാൻഡഡ് ആയ, വർഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനികളുടെ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഗേറ്റിനു വേണ്ട സ്ലൈഡിങ് വീലുകൾ, മോട്ടർ, റെയിൽ, ഇലക്ട്രിക് വയറുകൾ എന്നിവയ്ക്കെല്ലാം മിനിമം ഗുണമേന്മ ഉറപ്പു വരുത്തണം. 

∙ ഒരിക്കൽ സ്ഥാപിച്ചാൽ പിന്നെ തിരിഞ്ഞു നോക്കാതിരിക്കരുത്. കൃത്യമായ ഇടവേളകളിൽ സർവീസിങ്ങും മറ്റ് അറ്റകുറ്റപ്പണികളും വേണ്ട ഒരു വസ്തുവാണ് ഓട്ടമാറ്റിക് ഗേറ്റുകൾ. ആറുമാസത്തിലൊരിക്കലെങ്കിലും പരിശോധനയും സർവീസിങ്ങും നടത്തുന്നതു നല്ലതാണ്. വാർഷിക അറ്റകുറ്റപ്പണികൾക്കുള്ള കരാർ വയ്ക്കുന്നതും ഗുണം ചെയ്യും.

∙ സേഫ്റ്റി സെൻസറുകൾ പുറത്തുമാത്രം വയ്ക്കുന്ന രീതിക്കു പകരം പുറത്തും അകത്തുമായി രണ്ടെണ്ണം സ്ഥാപിക്കാം. ഇപ്പോൾ ഒരെണ്ണം മാത്രം വയ്ക്കുന്ന രീതിയാണു കൂടുതലായി കാണുന്നത്. രണ്ടു സെൻസറുകൾ സ്ഥാപിക്കുകയാണെങ്കിൽ ആൾ പൂർണമായി അകത്തോ, പുറത്തോ ആയതിനു ശേഷമേ ഗേറ്റ് അടയുകയുള്ളൂ. ഒന്നിൽനിന്ന് സെൻസറുകളുടെ എണ്ണം രണ്ടാക്കി ഉയർത്തുമ്പോൾ അയ്യായിരത്തോളം രൂപയുടെ ചെലവുമാത്രമേ അധികമായി വരൂ. അതിനാൽ ചെറിയ സാമ്പത്തിക ലാഭത്തിനായി സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുത്. വാങ്ങുന്ന സെൻസർ ഗുണനിലവാരമുള്ളതാണെന്നും  ഉറപ്പു വരുത്തണം. 

∙ ഗേറ്റ് പൂർണമായി തുറന്നുകഴിഞ്ഞശേഷമേ അകത്തേക്കു കയറാവൂ. റിമോട്ടിൽ ഗേറ്റ് അടയ്ക്കാൻ ഞെക്കിയ ശേഷം തിടുക്കപ്പെട്ട് അകത്തേക്കു കയറുന്ന രീതിയും ഒഴിവാക്കണം. ഗേറ്റ് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് അകത്തേക്കോ പുറത്തേക്കോ കടക്കാൻ ശ്രമിക്കരുത്. ഗേറ്റ് അടയുകയോ തുറക്കുകയോ ചെയ്യുന്ന സമയത്ത് വയോജനങ്ങൾ, കുട്ടികൾ എന്നിവരെ അടുത്തേക്കു പോകാൻ അനുവദിക്കരുത്.

∙ ഗേറ്റിന്റെ ചക്രങ്ങളും പാളവും മികച്ച സ്ഥിതിയിലാണെന്ന് ഉറപ്പാക്കണം. ചക്രങ്ങൾ പാളത്തിൽനിന്നു തെന്നിയ നിലയിലാണെങ്കിൽ മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്. മാത്രമല്ല, മണ്ണടിഞ്ഞോ, തുരുമ്പിച്ചോ ഇരുന്നാൽ കൃത്യമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരും. ഇത് അപകടങ്ങളിലേക്കു നയിച്ചേക്കാം. അതു കമ്പനിക്കാരുടെ ചുമതലയല്ലേ എന്നു വിചാരിച്ചു ഗൗനിക്കാതെ ഇരിക്കരുത്. എന്നും ഉപയോഗിക്കുന്ന നമ്മൾക്കേ പ്രശ്നം പെട്ടെന്നു തിരിച്ചറിയാൻ സാധിക്കൂ. 

∙ ഗേറ്റുകൾക്കു വേണ്ട മോട്ടറുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. 500 കിലോ ഭാരം വരുന്ന ഗേറ്റ് ആണെങ്കിൽ അതിനെക്കാൾ ഇരുപതോ മുപ്പതോ ശതമാനം അധികം ശേഷിയുള്ള മോട്ടറുകൾ വേണം തിരഞ്ഞെടുക്കാൻ. വില കുറയ്ക്കാൻ വേണ്ടി കുറഞ്ഞശേഷിയുള്ള മോട്ടർ വയ്ക്കും. ശരിയായി പ്രവർത്തിക്കുന്നില്ലെന്നു വരുമ്പോൾ മോട്ടറിലേക്കു കൊടുക്കുന്ന വൈദ്യുതിയുടെ അളവുയർത്തും. ശേഷി കൂടിയ മോട്ടർ മാറ്റിസ്ഥാപിക്കാൻ തയാറാകില്ല. യഥാർഥത്തിൽ കൂടുതൽ വൈദ്യുതി വരുമ്പോൾ കട്ട് ഓഫാകുന്ന സംവിധാനമാണ് ഉണ്ടായിരിക്കേണ്ടത്. അതിനു പകരം അധികവൈദ്യുതി കടത്തിവിട്ടു  മോട്ടറിനെ ശേഷിയിൽക്കൂടുതൽ പണിയെടുപ്പിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം. എസി മോട്ടറുകളും ഡിസി മോട്ടറുകളും വിപണിയിൽ ലഭ്യമാണിപ്പോൾ. വീടുകളിലെ ആവശ്യത്തിനാണെങ്കിൽ ഡിസി മോട്ടറുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. സുരക്ഷയിലും മറ്റും കുറച്ചുകൂടി ഗുണപരമാവുക ഡിസി മോട്ടറുകളാണ്. 

∙ ഗേറ്റിന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന കേബിളുകൾക്കു കേടുപാടുകൾ പറ്റിയിട്ടില്ലെന്ന് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പു വരുത്തണം. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ ഗേറ്റിൽനിന്നു ഷോക്കടിച്ചേക്കാം.

∙ ഓട്ടമാറ്റിക് ഗേറ്റിന്റെ മുകളിൽ കൊച്ചുകുട്ടികളെ ഇരുത്തി ഗേറ്റ് അടച്ചും തുറന്നും കളിക്കുന്ന രീതി കാണാറുണ്ട്. പൂർണമായും ഒഴിവാക്കേണ്ടതാണിത്. മറ്റേത് ഉപകരണമെന്ന പോലെ തന്നെയാണിത്. സുരക്ഷ ഉറപ്പു വരുത്താൻ നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധ അനിവാര്യം.

(സെക്യൂരിറ്റി ഉൽപന്നങ്ങളുടെ വിപണന,സേവന രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളയാളാണ് ലേഖകൻ, ജനറൽ സെക്രട്ടറി, ഓൾ കൈൻഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി ആൻഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് അസോസിയേഷൻ)

Tags:
  • Spotlight