Friday 24 September 2021 04:29 PM IST : By സ്വന്തം ലേഖകൻ

‘നീ വേദന അറിയാതെ അല്ലേ പ്രസവിച്ചത്’: വയർ കീറിമുറിച്ച പെണ്ണിനോട് മേലാൽ ആ ചോദ്യം ചോദിക്കരുത്: കുറിപ്പ്

avani

നൊന്തു പ്രസവിക്കുന്ന നോർമൽ ഡെലിവറിയാണ് മഹത്തരമെന്നും സിസേറിയൻ നിസാരമെന്നും വിധിയെഴുതുന്നവരുണ്ട്. അത്തരക്കാർക്ക് ഹൃദ്യമായ കുറിപ്പിലൂടെ മറുപടി നൽകുകയാണ് ആവണി ജയപ്രകാശ്. ആഴത്തിലൊന്ന് കൈ മുറിഞ്ഞാൽ നമ്മൾ അനുഭവിക്കുന്ന വേദന എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു.

ആ മുറിവ് ഉണങ്ങുന്നത് വരെ നല്ല വേദന പിന്നാലെ കൂടും. ആ സ്ഥാനത്ത് വയർ കീറി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തു സ്റ്റിച്ച് തുന്നി വിടുന്ന അമ്മമാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആവണി ചോദിക്കുന്നു. സുഖപ്രസവത്തിന്റെ വേദന അറിഞ്ഞാൽ മാത്രമേ കുട്ടികളോട് സ്നേഹമുണ്ടാവു എന്ന് ചിന്തിക്കുന്നവരോടുള്ള മറുപടി കൂടിയാണ് ആവണിയുടെ അനുഭവ കുറിപ്പ്. സമൂഹ മാധ്യമ കൂട്ടായ്മയായ ജിഎൻപിസിയിലാണ് ആവണി കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പലർക്കും സിസേറിയൻകാരെ ഒരു പുച്ഛമാണ്.... വേദന അറിയാതെ പ്രസവിച്ചവർ എന്നാണ് മൊത്തത്തിൽ ഉള്ളൊരു കാഴ്ചപ്പാട്.... എന്നാൽ ആ കീറി മുറിക്കലിന് ശേഷം അവർ അനുഭവിക്കുന്ന വേദന അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്.. ഒരു സിസേറിയൻ കഴിഞ്ഞവരുടെ വേദന മറ്റൊരു സിസേറിയൻ കഴിഞ്ഞവർക്ക് മാത്രമേ അത് മനസ്സിലാവു.....

നിങ്ങൾ തന്നെ വെറുതെ ഒന്ന് ചിന്തിച്ചുനോക്കൂ..

ചെറുതായൊന്നു ആഴത്തിൽ കൈ മുറിഞ്ഞാൽ നമ്മൾ അനുഭവിക്കുന്ന വേദന എന്താണെന്ന്...

ആ മുറിവ് ഉണങ്ങുന്നത് വരെ നല്ല വേദന ആയിരിക്കും.... ആ സ്ഥാനത്ത് വയർ കീറി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തു സ്റ്റിച്ച് തുന്നി വിടുന്ന അമ്മമാരുടെ അവസ്ഥ എന്തായിരിക്കും.....അതും എത്ര ലയർ കീറി മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്...

ഒന്നും വേണ്ട ചുമ്മാ യൂട്യൂബിൽ എങ്ങനെയാണ് സിസേറിയാൻ എന്നൊന്ന് സെർച്ച് ചെയ്ത് നോക്കു... കണ്ടുനിൽക്കാൻ പോലും കഴിയില്ല....

ഓപ്പറേഷന് മുന്നെ വളച്ചു പിടിച്ചു നട്ടെലിൽ സൂചി കയറ്റുന്ന ഒരു പണിയുണ്ട്... അനസ്തേഷ്യ ഹോ അതൊരു ഒന്നൊന്നര വേദന തന്നെയാണ്...ആ അനസ്ഥേഷ്യയുടെ വേദന മാറാൻ ദിവസങ്ങൾ എടുക്കും ചിലർക്ക് അത് കലാകാലത്തേക്കും നടുവേദനയായി നിലനിൽക്കും..... സുഖപ്രസവത്തിനായാലും സിസേറിയാനായാലും രണ്ടിനും അതിന്റേതായ വേദനകൾ ഉണ്ട്.... സുഖപ്രസവക്കാർക്ക് വേദനകളിൽ നിന്ന് പെട്ടന്ന് തന്നെ റിക്കവർ ആകാം .... എന്നാൽ സിസേറിയാൻകാർക്ക് ആ വേദന മാറാൻ, സ്റ്റിച്ചിനുള്ളിലെ കുത്തിപറി മാറാൻ ആഴ്ചകൾ എടുക്കും... എങ്ങാനും ഇൻഫെക്ഷൻ വന്നാൽ അത് മാറാൻ മാസങ്ങൾ വേണ്ടി വരും .... ഒന്ന് തിരിയാനോ മറിയാനോ എണീക്കാനോ കഴിയാതെ നിസഹായാവസ്ഥയിലായിപ്പോകും ദിവസങ്ങളോളം. അതിന്റെ ഇടയിൽ കുഞ്ഞിന്റെ കരച്ചിൽ... പാലില്ലാത്ത പ്രശ്നം.. ബ്ലീഡിങ് അതിന്റെ വേദന.. പാൽ ഇറങ്ങിയിട്ടുള്ള ബ്രസ്റ്റ് വേദന എല്ലാം കൂടെ ഒരുമിച്ച് ആകും....

ആ വേദനകൾ എല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അമ്മമാരുടെ മുന്നിൽ ചില സുഖപ്രസനം കഴിഞ്ഞിറങ്ങിയ അമ്മച്ചിമാർക്കൊക്കെ ഒരു വർത്താനം ഉണ്ട്... നീ വേദന അറിയാതെ അല്ലേ പ്രസവിച്ചത്.......!

അപ്പോ അറിഞ്ഞില്ലെങ്കിലും ആ മരവിപ്പ് മാറിവരുമ്പോ അനുഭവിക്കുന്ന വേദന അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവും.....

സുഖപ്രസവത്തിന്റെ വേദന അറിഞ്ഞാൽ മാത്രമേ കുട്ടികളോട് സ്നേഹമുണ്ടാവു എന്ന് ചിന്തിക്കുന്ന ചില മനുഷ്യർ ഇന്നും ഇവിടെ ജീവിക്കുന്നുണ്ട്....

ദയവ് ചെയ്ത് നിങ്ങൾക്ക് സിസേറിയന്റെ വേദന അറിയില്ലെങ്കിൽ അത് കഴിഞ്ഞവരുടെ മുന്നിൽ വെച്ച് ഇമ്മാതിരി തൊലിഞ്ഞ വർത്താനം പറയാൻ നിൽക്കരുത് .

എല്ലാ വേദനയുടെ ഇടയിൽ ചില വാക്കുകൾ അവർക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല...

ഞാൻ ഇന്നാ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു.....

ഇന്നേക്ക് 8 ദിവസമായി വേദനക്ക് കാര്യമായ മാറ്റമൊന്നുമില്ല...

എണീച്ചു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലൂടെ ഞാൻ കടന്നുപോയി.....

എന്തിന് വേദന കൊണ്ട് കുഞ്ഞിനെ ഒന്ന് ലാളിക്കാൻ പോലും കഴിയുന്നില്ല.....

ദയവ് ചെയ്ത് ആരും ആരെയും ഡിപ്രഷൻ സ്റ്റേജിലേക്ക് കടത്തി വിടാൻ കാരണക്കാരവാതിരിക്കുക......

ആവണി ജയപ്രകാശ്