ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഏഴു വയസുകാരനായ അവിർഭവ് പോകുമ്പോൾ അവന് ഹിന്ദി കേട്ടാൽ പോലും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, ഹിന്ദി പാട്ടുകൾ അവയുടെ ഭാവമുൾക്കൊണ്ട് വേദിയിൽ അവിർഭവ് പാടുന്നത് കണ്ട് കാണികളും വിധികർത്താക്കളും ഒരുപോലെ അതിശയിച്ചു! പാട്ടിന് ആത്മാവുണ്ടാകുന്നത് അനുഭവം കൂടി ശ്രുതി ചേർക്കുമ്പോഴാണെന്നു പറയും. എന്നാൽ, അവിർഭവിന് അത് ജന്മസിദ്ധമാണ്.
കഴിഞ്ഞ ജന്മത്തിലെ അനുഭവത്തിന്റെ തെളിച്ചത്തിലാണോ ഇത്രയും ഭാവാർദ്രമായി പാടുന്നതെന്നായിരുന്നു ഒരിക്കൽ അവിർഭവിന്റെ പാട്ടു കേട്ട് വിധികർത്താക്കളിലൊരാൾ ചോദിച്ചത്. അല്ലെങ്കിൽ എങ്ങനെയാണ് പങ്കജ് ഉധാസിന്റെ ചിഠീ ആയി ഹേ എന്ന ഗാനം ഇത്രയും അനായാസമായി പാടാൻ കഴിയുന്നത്? ശങ്കർ മഹാദേവിന്റെ ബ്രെത്ത്‍ലെസ് ആധികാരികമായി അവതരിപ്പിക്കാൻ പറ്റുന്നത്? എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ 'ആജ് ശാം ഹോനെ ആയി' പാടാൻ കഴിയുന്നത്?
ഇന്ത്യൻ സംഗീതരംഗത്തെ മഹാരഥന്മാരെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവച്ച അവിർഭവ് സോണിയുടെ സൂപ്പർ സ്റ്റാർ സിങ്ങറിന്റെ വിജയിയായി. അഥർവ് ബക്ഷിക്കൊപ്പമാണ് അവിർഭവ് വിജയം പങ്കിട്ടത്. അവിർഭവിന്റെ ഈ അദ്ഭുതപ്രകടനങ്ങൾക്കു പിന്നിലെ ചാലകശക്തി സഹോദരി അവിർവിന്യയാണ്. അവിർഭവിനെ സംഗീതലോകത്തേക്ക് കൈ പിടിച്ചു നടത്തിയതും പാട്ടുകൾ പഠിപ്പിച്ചു കൊടുക്കുന്നതും ഓരോ പരിപാടിക്കായി ഒരുക്കുന്നതും ചേച്ചിയാണ്.
വലിയ സംഗീതപാരമ്പര്യമൊന്നുമില്ലാത്ത ഇടുക്കിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവിർഭവും അനിർവിന്യയും സംഗീതത്തിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ഇടുക്കി രാമക്കൽമേട്ടിലെ കപ്പിത്താൻപറമ്പിൽ സജിമോൻ–സന്ധ്യ ദമ്പതികളുടെ മക്കളാണ് ഇരുവരും. അവിർഭവിന്റെ സ്വപ്ന സമാനമായ നേട്ടത്തെക്കുറിച്ചും അനിർവിന്യയുടെ സംഗീതജീവിതത്തെക്കുറിച്ചും മനസ്സു തുറന്ന് അമ്മ സന്ധ്യ മനോരമ ഓൺലൈനിൽ.
തുടക്കം മകളിലൂടെ
ആദ്യം മകൾ അനിർവിന്യയാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയത്. അതു തമിഴിലായിരുന്നു. ഞങ്ങൾ ആ സമയത്ത് തമിഴ്നാട്ടിലാണ്. സ്വകാര്യ ടെലിഫോൺ കമ്പനിയിലാണ് ഭർത്താവ് സജിമോൻ ജോലി ചെയ്തിരുന്നത്. സേലത്തായിരുന്നു ഞങ്ങൾ. മക്കൾ രണ്ടു പേരും ജനിച്ചതും വളർന്നതും സേലത്താണ്. തമിഴ് റിയാലിറ്റി ഷോയിൽ മകൾ പാടുന്നത് കണ്ടാണ് തെലുങ്കു റിയാലിറ്റി ഷോയിലേക്ക് മകളെ വിളിച്ചത്. അവിടെ പോകുമ്പോൾ ഞങ്ങൾക്ക് തെലുങ്കു ഭാഷയൊന്നും വശമില്ല. അവിർഭവ് ഹിന്ദി ഷോയിലേക്ക് പോയ പോലെയായിരുന്നു അന്ന് അനിർവിന്യ തെലുങ്കിലേക്ക് പോയത്.
അന്ന് അവിർഭവ് തീരെ ചെറുതാണ്. ഒന്നര വയസ് പ്രായം കാണും. പക്ഷേ, നല്ല പോലെ വർത്തമാനം പറയും. എല്ലാവരുമായും പെട്ടെന്നിണങ്ങുന്ന പ്രകൃതമാണ് അവന്റേത്. അവിടെ ചെന്ന് അവിർഭവും ആ ഷോയുടെ ഭാഗമായി. തെലുങ്ക് കുറച്ചു പഠിച്ചു. അർഥം അറിഞ്ഞിട്ടൊന്നുമല്ല ചില കാര്യങ്ങൾ പറയുന്നത്. ഒരു ഊഹത്തിൽ പറയുന്നതാണ് അവൻ. അവിടെ ഉണ്ടായിരുന്ന മെന്റർ ടീം തെലുങ്കു പാട്ടു പഠിപ്പിച്ചു കൊടുത്തു. അർഥം അറിഞ്ഞിട്ടല്ല ഭാവം വരുന്നത്. അവിടെ പോയതിനു ശേഷമാണ് അനിർവിന്യ തെലുങ്കു പഠിക്കുന്നത്. തെലുങ്ക് ഷോയിൽ പോയതും പാട്ടു പാടിയതൊന്നും അവിർഭവിന് ഓർമ പോലുമില്ല. വിഡിയോകൾ കാണിച്ചു കൊടുക്കുമ്പോൾ അവന് വലിയ കൗതുകമാണ്.
ആദ്യ അംഗീകാരം തെലുങ്കിൽ
ചേച്ചി റിയാലിറ്റി ഷോയിൽ പാടാൻ പാട്ടു പഠിക്കുന്നത് കേട്ടാണ് അവിർഭവ് പഠിക്കുന്നത്. ചേച്ചി പാടുന്നത് അനുകരിച്ചാണ് തുടക്കം. സത്യത്തിൽ പാട്ടു കേൾക്കുമ്പോൾ അവന് മനസ്സിലാകുന്നത് അവൻ പാടുകയാണ്. ജന്മസിദ്ധമായി അവനു കിട്ടിയ കഴിവാണ് അത്. അവന് അതിൽ താൽപര്യം ഉണ്ടെന്നു മനസ്സിലായപ്പോൾ ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. തെലുങ്ക് മ്യൂസിക് റിയാലിറ്റി ഷോയുടെ പ്രധാന ആകർഷണം അവിർഭവ് ആയി മാറി. അനിർവിന്യ പാടുന്ന എല്ലാ എപ്പിസോഡിലും അവിർഭവും ഉണ്ടാകും. അതിൽ മത്സരാർഥി അല്ലാതിരുന്നിട്ടു കൂടി അവിർഭവിന് 'ബെസ്റ്റ് എന്റർടെയ്നർ' പുരസ്കാരം അവർ നൽകി.
ഗതി മാറ്റിയ സുശീലാമ്മയുടെ അഭിനന്ദനം
മകൾക്ക് സംഗീതത്തിൽ കഴിവുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞപ്പോൾ കാര്യമായി പ്രോത്സാഹിപ്പിക്കാൻ തോന്നിയില്ല. കാരണം, വിദ്യാഭ്യാസത്തിൽ ശ്രദ്ധ കൊടുക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. പെൺകുട്ടികൾ സ്വയംപര്യപ്തരാകണം. പഠിച്ച്, നല്ല ജോലി നേടുന്നതിന് അവളെ പ്രാപ്തയാക്കണമെന്നായിരുന്നു മനസ്സിൽ. അതിനു വേണ്ടിയാണ് അവളിൽ സമ്മർദം ചെലുത്തിയിരുന്നത്. അവൾ പാടുമെങ്കിലും അതിൽ പരിശീലനം കൊടുക്കാനൊന്നും മെനക്കെട്ടില്ല. ഇപ്പോഴത്തെ കാലത്ത് ഇഷ്ടം പോലെ പാട്ടുകാരല്ലേ! പാട്ടിൽ ഒരു ഭാവിയുണ്ടെന്ന് തോന്നിയില്ല.
ഞങ്ങളുടേത് ഒരു മധ്യവർഗ കുടുംബമാണ്. അങ്ങനെ അവൾക്ക് ആറു വയസുള്ളപ്പോൾ അവളുടെ അധ്യാപിക ഒരിക്കൽ ഒരു ഹിന്ദി പാട്ട് പഠിപ്പിച്ച് സ്കൂളിലെ ഒരു പരിപാടിയിൽ അവളെ പാടിച്ചു. വലിയ അഭിപ്രായമാണ് അതിനു ലഭിച്ചത്. സേലത്തെ മറ്റൊരു സ്കൂളിലെ പരിപാടിയിലും മകൾ പാടി. അന്ന് ഗായിക പി.സുശീല അവിടെ വന്നിരുന്നു. സുശീലാമ്മയുടെ മുൻപിൽ അവൾ ഒരു തമിഴ് പാട്ട് പാടി.
'ഓവൊരു പൂക്കളുമേ' എന്ന ഗാനമാണ് അനിർവിന്യ പാടിയത്. സുശീലാമ്മയ്ക്ക് ആ പാട്ട് വളരെ ഇഷ്ടമായി. അപ്പോൾ എനിക്കു തോന്നി, അവളെ പാട്ട് പഠിപ്പിക്കാതിരിക്കുന്നത് അവളോടു ചെയ്യുന്ന വലിയ തെറ്റാകുമെന്ന്! അങ്ങനെയാണ് അനിർവിന്യ സംഗീതം ഗൗരവമായി പഠിച്ചു തുടങ്ങുന്നത്. കാവുമട്ടം ആനന്ദിന് കീഴിലാണ് അനിർവിന്യ ഇപ്പോൾ സംഗീതം പഠിക്കുന്നത്.
ആദ്യം അനുഗ്രഹിക്കുന്നത് ശരത് സർ
ആദ്യം മക്കളെ തല തൊട്ട് അനുഗ്രഹിക്കുന്നത് സംഗീതസംവിധായകൻ ശരത് സാറാണ്. അനിർവിന്യ തമിഴിലെ റിയാലിറ്റി ഷോയിൽ ഓഡിഷന് പോയ സമയം. ഞങ്ങൾ ചെന്നൈയിലെ ശരവണ ഭവനിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ശരത് സാറിനെ കണ്ടു. അദ്ദേഹം അവിടെ വന്നിരുന്നു. 'എന്റെ ഓഡിഷനാണ്. അനുഗ്രഹിക്കണം' എന്നു പറഞ്ഞ് അനിർവിന്യ ശരത് സാറിന്റെ അടുത്തു ചെന്നു. അന്ന് അവിർഭവിന് എട്ടു മാസമേ ആയിട്ടുള്ളൂ. ഞാൻ അവനെ കയ്യിലെടുത്തിരിക്കുകയായിരുന്നു.
സർ അവനെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ആ നിമിഷം എനിക്ക് മറക്കാൻ കഴിയില്ല. അവിർഭവിനെ 'അദ്ഭുത ബാലൻ', 'ദൈവത്തിന്റെ കുഞ്ഞ്' എന്നൊക്കെയാണ് പലരും വിശേഷിപ്പിക്കുന്നത്. അവനെ ഞങ്ങളും അദ്ഭുതത്തോടെയാണ് ഉൾക്കൊള്ളുന്നത്. ഞങ്ങൾക്കും ആവേശവും അതിശയവുമാണ്. കാഴ്ചക്കാർക്ക് തോന്നുന്ന എല്ലാ അതിശയവും ഞങ്ങൾക്കും തോന്നാറുണ്ട്. അവന്റെ ശക്തിയും പിന്തുണയും ചേച്ചി അനിർവിന്യയാണ്.