Monday 14 January 2019 12:32 PM IST : By സ്വന്തം ലേഖകൻ

‘ബബിയ’ ജീവനോടെ ഉണ്ടോ ഇല്ലയോ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി ഇതാണ്

babia

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് വടക്കൻ കേരളത്തിലെ അനന്തപുരം തടാക ക്ഷേതം. അതിന് കാരണം മറ്റൊന്നുമല്ല, ബബിയ എന്ന നാമത്തില്‍ അറിയപ്പെടുന്ന മുതലയാണ് അന്തപുരം ക്ഷേത്രത്തിന്റെ വാർത്താപ്പെരുമയ്ക്കു പിന്നിൽ. കഴിഞ്ഞ 72 വര്‍ഷമായി ഈ ക്ഷേത്രകുളത്തിലെ സഹവാസിയാണ് ബബിയ.

ഇപ്പോഴിതാ വീണ്ടും അനന്തപുരം ക്ഷേത്രവും ഈ ക്ഷേത്രക്കുളത്തിലെ അന്തേവാസി ബബിയയും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ബബിയ മുതല ചത്തുപോയി എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ഷെയര്‍ ചെയ്യപ്പെടുകയും ആയിരുന്നു. ഇതിനുള്ള മറുപടിയാണ് വീണ്ടും സോഷ്യൽ മീഡിയയിലടക്കം ഈ ക്ഷേത്രത്തെ സജീവമാക്കി നിർത്തുന്നത്.

ഈ പ്രചരണങ്ങള്‍ തള്ളിയാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. 72 വയസുള്ള ‘ബബിയ’ മുതല ഇപ്പോഴും സുഖമായിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ക്ഷേത്ര പൂജാരി ചന്ദ്രപ്രകാശ് നമ്പീശന്‍ നല്‍കിയ നിവേദ്യം ഇന്നലെയും ‘ബബിയ’ ഭക്ഷിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ നിവേദ്യമാണ് ബബിയുടെ ആഹാരം. നിവേദ്യം കൊടുക്കാന്‍ പൂജാരി വിളിച്ചാല്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവരും. ഭക്ഷണം കഴിച്ച് തൃപ്തിയോടെ മടങ്ങും. തടാകത്തിലെ മീനുകളെയൊന്നും ദ്രോഹിക്കാറില്ല.

സാധാരണ മുതലകളെപ്പോലുള്ള സ്വഭാവരീതികളും ബബിയയ്ക്കില്ല. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്ന് 16 കിലോമീറ്റര്‍ അകലെ കുമ്പളയ്ക്കു സമീപമാണ് തടാകക്ഷേത്രം.