Saturday 19 January 2019 06:19 PM IST : By സ്വന്തം ലേഖകൻ

വഴിയരികിൽ തണുത്തുവിറച്ച് ഉറുമ്പരിച്ച നിലയിൽ പിഞ്ചുകുഞ്ഞ്; പാലൂട്ടി മാതൃസ്നേഹം പകർന്ന് പൊലീസുകാരി!

Police_sangeetha

ഒരു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് റോഡരികിൽ ആരാലോ ഉപേക്ഷിക്കപ്പെട്ട് ഉറുമ്പരിച്ച് കിടന്നു. പാലൂട്ടി രക്ഷകയായി എത്തിയത് ഒരു പൊലീസുകാരി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ജിവിവികെ കോളജിന് സമീപം യെഹലങ്കയിലെ വഴിയരികിലാണ്  പെൺകുഞ്ഞിനെ തണുത്തു വിറച്ച് ഉറുമ്പുകൾ കടിച്ച നിലയിൽ സിവിൽ വാർഡന്മാർ കണ്ടെടുത്തത്.  

പിന്നീട് സംഗീത എസ് ഹലിമാനി എന്ന വനിതാ കോൺസ്റ്റബിൾ കുട്ടിയെ ലഭിച്ച വിവരം രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തി. അവിടെവച്ച് വിശന്നു കരയുന്ന കുഞ്ഞിനെ മുലയൂട്ടിക്കോട്ടെയെന്ന് ഡോക്ടറോട് അനുവാദം വാങ്ങിയ ശേഷമാണ് സംഗീത മാതൃസ്‌നേഹം പകർന്നു നൽകിയത്.

കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ തന്റെ പത്തു മാസം പ്രായമായ മകളെയാണ് ഓർമ വന്നതെന്ന് സംഗീത പറയുന്നു. എങ്ങനെയാണ് ഇത്രയും നല്ലൊരു കുഞ്ഞിനെ വഴിയരികിൽ കൊടുംതണുപ്പിൽ ഉപേക്ഷിക്കാൻ മനസ്സ് വന്നതെന്നും സംഗീത പ്രതികരിച്ചു. 2.7 കിലോ ഭാരമുള്ള കുഞ്ഞിന് തീവ്രമായ തണുപ്പേറ്റതിനാൽ ഹൈപ്പോതെർമിയ അവസ്ഥയിൽ എത്തിയിരുന്നു. മുലപ്പാൽ കുടിച്ച് അമ്മയുടെ ചൂടേറ്റതോടെ ആ അവസ്ഥ മാറിയെന്ന് ഡോക്ടർമാർ പറഞ്ഞു.