കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദർസിങ് എന്ന ബണ്ടി ചോർ (54) ജില്ലയിൽ എത്തിയെന്നു സംശയം. ആലപ്പുഴ വണ്ടാനത്തെ ബാറിൽ ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ളയാൾ എത്തിയതായി സിസിടിവി ദൃശ്യത്തിലാണു വ്യക്തമായത്. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകൾക്കും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ഹോട്ടലുകളിൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു.
തിങ്കളാഴ്ചയാണ് ഇയാൾ ബാറിലെത്തിയത്. മുഴുക്കൈ ടീഷർട്ട് ധരിച്ചയാൾ ബീയർ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറിൽ നിന്നു ലഭിച്ചത്. പുറത്തു ബാഗ് തൂക്കിയിട്ടുണ്ട്. അതേ ടേബിളിൽ രണ്ടുപേർ കൂടിയുണ്ടെന്നും വിഡിയോയിൽ കാണാം. ഇയാൾ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങളും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.
ബണ്ടി ചോർ എന്ന ആഡംബരക്കള്ളൻ
2013ലാണ് ബണ്ടി ചോർ കേരള പൊലീസിന്റെ വലയിലായത്. അതിസുരക്ഷാസംവിധാനങ്ങൾ മറികടന്നു തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളിൽ കയറി മോഷണം നടത്തിയത് ഏറെ ചർച്ചയായി. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ, ലാപ്ടോപ്, 2 മൊബൈൽ ഫോൺ എന്നിവ കവർന്നു.
ജനുവരി 27ന് പുണെയിലെ ഹോട്ടലിൽ നിന്നു പിടിയിലായി. കൊച്ചി രവിപുരത്തെ കാർ മോഷണത്തിലും ഇയാൾക്കു പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ കേസിൽ 10 വർഷത്തെ തടവിനു ശേഷം 2023 മാർച്ചിൽ പുറത്തിറങ്ങി. ഏപ്രിലിൽ ഡൽഹി പൊലീസ് ലക്നൗവിൽ നിന്നു പിടികൂടി. കൊള്ളയും വാഹന മോഷണവുമായിരുന്നു അന്നും കുറ്റം.
സമ്പന്നരുടെ വീടുകൾ കണ്ടുവച്ച ശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും അവിടെ നിന്നു മോഷ്ടിക്കുന്നതാണു രീതി. ഇന്ത്യയിൽ പലയിടത്തായി ഇയാൾക്കെതിരെ 500ൽ ഏറെ കേസുകളുണ്ട്. ഡൽഹിയിൽ മാത്രം 250ൽ ഏറെ. 2008ൽ റിലീസായ ‘ഓയേ ലക്കി ലക്കി ഓയേ’ എന്ന ഹിന്ദി ചിത്രം ബണ്ടിയുടെ മോഷണജീവിതം ആസ്പദമാക്കിയുള്ളതാണ്. 2010ൽ ഒരു ഹിന്ദി ചാനൽ നടത്തിയ ബിഗ് ബോസ് ഷോയിലും പങ്കെടുത്തെങ്കിലും പെരുമാറ്റദൂഷ്യം കാരണം പുറത്തായി.