ഏതാണ്ട് 15 വർഷം മുൻപ് 75 വയസ്സുള്ള ഒരു ഉമ്മ സ്തനാർബുദം ബാധിച്ച് ഓപ്പറേഷനു വേണ്ടി എന്റെ അടുത്തേക്ക് വന്നു. അന്നു രോഗം ബാധിച്ച സ്തനം എടുത്തുകളയുക എന്നതായിരുന്നു പ്രചാരം സിദ്ധിച്ച ചികിത്സാരീതി. പക്ഷേ, ഈ ഉമ്മ സർജറിക്ക് വിധേയയാവാൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല. ഞാൻ രഹസ്യമായി കാരണം ആരാഞ്ഞപ്പോൾ ഈ ഓപ്പറേഷൻ കഴിഞ്ഞാൽ ആഖിറത്തിലും (പരലോകം) ഒറ്റ മുലച്ചിയായി നടക്കേണ്ടിവരും. ഞാൻ ഇതുകൊണ്ട് തന്നെ മരിച്ചുപോട്ടെ. പക്ഷേ, അന്ന് അവർക്കു മാറ് നിലനിർത്തിക്കൊണ്ടുള്ള ചികിത്സ ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. മറ്റു പലരും സ്തനങ്ങൾ എടുത്തുമാറ്റിയവരെ വിവാഹം, ജന്മദിനം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകർമങ്ങൾക്കു പങ്കെടുപ്പിക്കാതെ മാറ്റിനിർത്തുന്നു എന്ന പരാതി പലപ്പോഴും ഞങ്ങളിലേക്ക് എത്താറുണ്ടായിരുന്നു.
സ്തനാർബുദത്തിന്റെ തോത് കേരളീയ സമൂഹത്തിൽ വളരെയധികം വർധിച്ചിട്ടുണ്ട്. സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവന്നിരുന്ന സെർവിക്കൽ കാൻസറിനു പകരം ഇന്നു സ്തനാർബുദമാണ് ഏറ്റവും കൂടുതൽ. സ്തനാർബുദം വ്യാപകമായതോടെ അതിൽ നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും വർധിച്ചിട്ടുണ്ട്. കീമോതെറാപ്പിയിലും റേഡിയേഷൻ സാങ്കേതികതയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പാർശ്വഫലങ്ങൾ കുറച്ച് തുടർ ജീവിതനിലവാരം നിലനിർത്തികൊണ്ടു മുൻപോട്ടുപോകാൻ ഈ നവീകരിച്ച ചികിത്സാരീതികൾ വളരെയധികം സഹായിച്ചിട്ടുണ്ട്. പക്ഷേ, സർജറിയിൽ കാതലായ മാറ്റങ്ങൾ പല സ്ഥാപനങ്ങളിലും ഇന്നും സംഭവിച്ചിട്ടില്ല. സ്തനങ്ങൾ എടുത്തുമാറ്റുന്ന ചികിത്സാരീതികളാണ് ഇന്നും കൂടുതലായി കാണപ്പെടുന്നത്. പാശ്ചാത്യരാജ്യങ്ങളിലും മറ്റ് വികസിത രാജ്യങ്ങളിലും 80-90 ശതമാനവും സ്തനങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ചികിത്സാരീതികളാണ് കൈക്കൊള്ളാറുള്ളത്.
യഥാർത്ഥത്തിൽ ചില രോഗ ശാസ്ത്രത്തിലുള്ള അജ്ഞതമൂലം രോഗികളും അവരെ പറഞ്ഞയക്കുന്ന ഡോക്ടർമാരും സ്തനങ്ങൾ എടുത്തുമാറ്റണമെന്ന് നിഷ്‌കർഷിക്കുന്നതാണ് പലപ്പോഴും പ്രശ്‌നമായി തീരുന്നത്. സ്തനാർബുദം മാറിനെ മാത്രം ബാധിക്കുന്ന ഒരു അസുഖമല്ല, മറിച്ച് ശരീരത്തെ മുഴുവൻ ബാധിക്കുന്ന ഒരു അസുഖമായാണ് ആധുനിക രോഗശാസ്ത്രത്തിൽ കണക്കാക്കപ്പെടുന്നത്. സ്തനാർബുദത്തിന്റെ പുനഃരാഗമനം (Recurrent) ആദ്യ ചികിത്സയ്ക്ക് ശേഷം സ്തനങ്ങളിലല്ല മറ്റു അവയവങ്ങളെയാണ് ബാധിക്കാറുള്ളത്. സ്തനങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സർജറിയായാലും മുഴുവൻ മുറിച്ചുമാറ്റിയാലും രോഗി എത്രകാലം ജീവിച്ചിരിക്കുന്നു എന്നത് സർജറിയെ ആശ്രയിച്ചല്ല, മറിച്ച് മറ്റ് അവയവങ്ങളിലേക്ക് അർബുദം പടർന്നിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും. എന്നാൽ, എളുപ്പത്തിൽ മുറിച്ചു മാറ്റാവുന്ന ഒരവയവമായി കരുതി അർബുദ ബാധയുള്ള സ്തനങ്ങൾ എടുത്തുകളയുന്നതാണ് പലപ്പോഴും നടക്കുന്നത്. ഇതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ട്. അടുത്തിടെ വന്നിട്ടുള്ള പല പഠനങ്ങളും മാറ് നിലനിർത്തികൊണ്ടുള്ള ചികിത്സയാണു സുരക്ഷിതം എന്ന് തെളിയിച്ചിട്ടുണ്ട്. ഇതിനുള്ള കാരണം സ്തനസംരക്ഷണ ചികിത്സാരീതി നിരവധി പഠനങ്ങളിലൂടെ ക്രമവൽകരിക്കപ്പെട്ടിട്ടുണ്ട്. (Standardization) കൃത്യമായി പരിശീലനം ലഭിച്ച ശസ്ത്രക്രിയാ വിദഗ്ദ്ധർ അർബുദം മുഴുവനായി എടുത്തുമാറ്റിയെന്ന് ഉറപ്പിക്കാൻ ശസ്ത്രക്രിയാ വേളയിലെ ഫ്രോസൻ സെക്ഷൻ ബയോപ്‌സി (Frozen Section Biopsy) പരിശോധന, അർബുദം നീക്കികളഞ്ഞതിനു ശേഷമുള്ള സ്തനത്തിന്റെ ആകൃതിയും രൂപഘടനയും പൂർവ സ്ഥിതിയിലാക്കൽ, കക്ഷത്തിലെ ലസികഗ്രന്ഥികളെ (Lymph Node) ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ഫ്രോസൻ സെക്ഷൻ, ഇനി ബാധിച്ചിട്ടുണ്ടെങ്കിൽ കക്ഷത്തിലെ ലിംഫ് ഗ്ലാൻഡ് എടുത്തുമാറ്റൽ ICG ഉപയോഗിച്ചുള്ള ലിംഫാറ്റിക്ക് നാളികളെ നിലനിർത്തിയുള്ള ലിംഫ്ഗ്ലാൻഡ് ഡിസെക്ഷൻ തുടങ്ങിയവ ഉൾപ്പെടുന്ന സർജറിക്ക് സമയവും വൈദഗ്ധ്യവും ആവശ്യമാണ്. നേരത്തെ പറഞ്ഞതുപോലെ റേഡിയേഷനും കീമോ തെറാപ്പിയുമുണ്ടെങ്കിൽ രോഗം സ്തനങ്ങളിൽ വീണ്ടുംവരാനുള്ള സാധ്യത വളരെ വിരളമാണ്. സ്തനങ്ങൾ മുറിച്ചുമാറ്റിയതിനുശേഷമുള്ള ചികിത്സയ്ക്ക് ബ്രസ്റ്റ് കൺസർവേഷൻ സർജറിയുടെ അത്ര സ്റ്റാൻഡേർഡൈസേഷൻ ഇല്ല എന്ന് പറയാം.
കഴിഞ്ഞ പത്ത് വർഷമായി കാണുന്ന ഏതാണ്ട് 90-95 ശതമാനം സ്തനാർബുദ രോഗികളിലും സ്തനങ്ങൾ നിലനിർത്തികൊണ്ടുള്ള ചികിത്സയാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചികിത്സാരീതി വിശദീകരിക്കുമ്പോൾ പലപ്പോഴും രോഗികളിൽനിന്ന് വരുന്ന ആദ്യത്തെ എതിർപ്പുകൾ പിന്നീട് ഇല്ലാതാകുന്നതാണ് പതിവ്. ഫ്രോസൻ സെക്ഷൻ ഉപയോഗിച്ച് അർബുദം എടുത്തുകളയുന്നതുവഴി അർബുദബാധിത കോശകലകൾ ചുറ്റുമില്ല എന്ന് ബോധ്യപ്പെടുന്നു. അതുകൊണ്ട് തന്നെ അർബുദബാധ വീണ്ടും വരാനുള്ള സാധ്യത വളരെ വിരളമാണ്.
ഇന്ന് പ്രായം കുറഞ്ഞവരിലും സ്തനാർബുദം വരുന്നതുകൊണ്ട് (35% രോഗികളും 40 വയസ്സിന് താഴെയുള്ളവരാണ്) സ്തനങ്ങൾ മുറിച്ചുമാറ്റി ദീർഘകാലം ജീവിക്കേണ്ടിവരുന്നവരുടെ മാനസികാവസ്ഥകൾ നാം ഉൾകൊള്ളണം. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്തനരോഗങ്ങൾ വന്നാൽ അത് ഒരു പ്രധാന അവയവമായി കണക്കാക്കാതെ പുരുഷന്മാരാണ് പലപ്പോഴും സ്തന ഛേദനത്തിന് സ്ത്രീയെ നിർബന്ധിക്കാറുള്ളത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ സൗന്ദര്യത്തെ, ആത്മാവിശ്വാസത്തെ, ലൈംഗികതയെ ശരീരത്തെക്കുറിച്ചുള്ള സങ്കൽപങ്ങളെ മാതൃത്വത്തെയെല്ലാം സ്വാധീനിക്കുന്ന വളരെയധികം പ്രധാനപ്പെട്ട അവയവമാണ് സ്തനങ്ങൾ. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ സങ്കൽപങ്ങളെ സമൂഹവും പുരുഷന്മാരും വകവയ്ക്കാതിരിക്കുന്നതിനെതിരെ കലഹിക്കുന്ന അനേകം സ്ത്രീകളെ കഴിഞ്ഞ 30 വർഷത്തെ ചികിത്സാ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ഡോക്ടർമാരുടെ കൃത്യമായ പിന്തുണയുണ്ടെങ്കിൽ 90-95 ശതമാനം സ്തനഛേദനവും ഒഴിവാക്കി സ്ത്രീയെ പൂർണതയിൽതന്നെ നിലനിർത്താൻ സാധിക്കും.
Daya General Hospital Ltd.
Shornur Rd., Near Viyyur Bridge, Thiruvambadi P.O, Thrissur 680 022, Kerala
Ph: 0487 247 5100 | +91 94470 82267