ഇക്കാലത്ത് കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടു മാത്രം ഒരു കുടുംബം മുന്നോട്ടു പോകുമോ? എന്നു ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവരാകും നമ്മളിൽ പലരും. ഈ ചോദ്യം തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബ്രിട്ടീഷ്യയോടു ചോദിച്ചാൽ ഉടൻ ഉത്തരമെത്തും, മുഖത്ത് ആത്മവിശ്വാസത്തിന്റെ നറുചിരി വിരിയും.
‘‘22 വർഷം മുൻപ് കൃഷി തുടങ്ങിയെങ്കിലും വീട്ടുകാരെയും പണിക്കാരെയും നോക്കാൻ ഏൽപിച്ചു ഭർത്താവിനൊപ്പം വിദേശത്തേക്കു പോയി. പക്ഷേ, മനസ്സു മണ്ണിലായിരുന്നു. ആറു മാസം കൂടുമ്പോൾ നാട്ടിലെത്തി കൃഷിയുടെ കാര്യങ്ങളെല്ലാം നോക്കും. 18 വർഷം മുൻപു ഞാനും മക്കളും നാട്ടിലേക്കു മടങ്ങി. അന്നു മുതൽ ഞാൻ കൃഷിയിൽ സജീവമാണ്.
കോവിഡ് കാലത്ത് ഭർത്താവ് ജോസഫ് ജെയ്ൻ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി. അതിനു ശേ ഷം വീട്ടുെചലവുകൾ നടന്നു പോകുന്നത് കൃഷിയിലൂടെ മാത്രമാണ്. ചൈനയിൽ എംബിബിഎസ്സിനു പഠിക്കുന്ന മൂത്ത മകൾ ജനിതയുടെയും ബിടെക് പഠിക്കുന്ന രണ്ടാമത്ത മകൾ നയനയുടെയും പ്ലസ് ടു കഴിഞ്ഞുനിൽക്കുന്ന മകൻ ജയേഷിന്റെയും വിദ്യാഭ്യാസച്ചെലവുകൾ പൂർണമായും കൃഷിയിടത്തിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് നടക്കുന്നത്.
വേണ്ടത് വിളവെടുക്കണം
മൂന്നരയേക്കറിലാണ് കൃഷി. വാഴയും പച്ചക്കറിയും താറാവും ആടും എല്ലാമുള്ള സംയോജിത കൃഷിയാണ് ചെയ്യുന്നത്. വാഴയാണ് ഇവിടുത്തെ പ്രാധാനവിള. നേന്ത്രൻ, കദളി, പാളയൻകോടൻ, റോബസ്റ്റ, ഞാലിപ്പൂവൻ എന്നിങ്ങനെ വിവിധ ഇനങ്ങളിൽപ്പെട്ട 1500 വാഴ കൃഷി ചെയ്യുന്നുണ്ട്. പക്ഷേ, കപ്പവാഴയാണ് തോട്ടത്തിലെ താരം. ഉത്സവ സീസണിൽ കുലവാഴയായി വിൽക്കുമ്പോൾ കിലോയ്ക്ക് 50-55 രൂപ കിട്ടും. അലങ്കരിക്കാനും മറ്റുമാണ് കപ്പവാഴ അധികമായും ആളുകൾ വാങ്ങുന്നത്. ഒരു കുല വിറ്റാൽ 1000 രൂപ പഴ്സിലെത്തും. വെട്ടാൻ പാകത്തിനു പറമ്പിൽ എപ്പോഴും അഞ്ചു വാഴക്കുലയെങ്കിലും ഉണ്ടാകും. അതാണു ഞങ്ങളുടെ എമർജൻസി ഫണ്ട്.
ദിവസം 50 കിലോയോളം പച്ചക്കറി വിളവെടുക്കാൻ പാകത്തിനാണ് പച്ചക്കറി കൃഷി. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഇനങ്ങൾ നടുന്നതാണ് രീതി. പോളി ഹൗസ് കൃഷിയിലൂടെ കാലാവസ്ഥയുടെ വെല്ലുവിളികളെ മറികടക്കാനാകുന്നുണ്ട് എന്നതും കൃഷിയുൽപാദനം മികച്ച രീതിയിൽ മുന്നോട്ടു പോകാൻ സഹായിക്കുന്നുണ്ട്. പയർ, പാവൽ, വെണ്ട, തക്കാളി, മുളക്, കുക്കുമ്പർ എന്നീ വിളകൾക്കു പുറമേ തെങ്ങുകൾക്ക് ഇടവിളയായി കപ്പ, മഞ്ഞൾ, ഇഞ്ചി, ചേന എന്നിവയുമുണ്ട്.
നാൽപതോളം ആടുകളുണ്ട്. ആടുകളെ കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വിൽപന. ആട്ടിൻകുഞ്ഞുങ്ങള വിൽക്കുന്നതിലൂടെയും നല്ല വരുമാനം ലഭിക്കുന്നുണ്ട്. താറാവു മുട്ടയും വിൽക്കുന്നുണ്ട്. സംയോജിത കൃഷിയിലൂടെ മികച്ച വരുമാനം നേടാനാകുമെന്നതാണ് 22 വർഷത്തെ എന്റെ കാർഷിക ജീവതം തന്ന അനുഭവം.
വിള വരുമാനമാകുന്ന വഴി
പ്രാദേശിക വിപണിയിൽ ആവശ്യക്കാരുള്ള വിളകൾക്കു പ്രാധാന്യം നൽകി വേണം കൃഷി. അപ്പോൾ വിൽപന പ്രശ്നമാകില്ല. കൃഷിയിടത്തിലെ പച്ചക്കറിയും മുട്ടയുമെല്ലാം അതതു ദിവസം തന്നെ വിറ്റുപോകുന്നുണ്ട്. ഒട്ടുമിക്ക ഉൽപന്നങ്ങളും പ്രാദേശിക ചില്ലറ വ്യാപാരികൾ കൃഷിയിടത്തിലെത്തി നേരിട്ടു വാങ്ങുന്നതാണ്. എന്നാൽ ചില കടക്കാർക്ക് പയറു മാത്രം മതിയാകും. അല്ലെങ്കിൽ തക്കാളി മാത്രമേ ആവശ്യം കാണൂ. അവർക്ക് കടകളിൽ എത്തിച്ചുകൊടുക്കാറുണ്ട്.’’
അമ്മു ജൊവാസ്