Thursday 06 February 2025 04:00 PM IST

‘ഓപ്പറേഷന് ശേഷം എനിക്ക് സ്കൂട്ടർ ഓടിക്കാൻ പറ്റുമോ?’: ബൈപാസ് ശസ്ത്രക്രിയ - ചില ‘ജീവൻ മരണ’ സംശയങ്ങൾ

Dr. Rinett Sebastian KV, , Senior Consultant, CTVS, Apollo Adlux Hospital, Angamaly

dr-bypass Dr. Rinett Sebastian KV, Senior Consultant, CTVS, Apollo Adlux Hospital, Angamaly

കുറച്ചു നാളുകൾക്കു മുൻപ് ബൈപാസ് ശസ്ത്രക്രിയ നിർദേശിക്കപ്പെട്ട ഒരു പിതാവും അദ്ദേഹത്തിന്റെ മകളും ഒപിഡിയിൽ എന്നെ കാണാൻ വന്നു. സർജറിയുടെ ആവശ്യകതയും, സർജറി ചെയ്തില്ലെങ്കിൽ വരാൻ സാധ്യതയുള്ള പ്രശ്നങ്ങളും, സർജറിയുടെ പ്രത്യാഘാതങ്ങളും എല്ലാം വിവരിച്ചപ്പോൾ അദ്ദേഹം സംശയങ്ങളുടെ കെട്ടഴിച്ചു. ഓപ്പറേഷന് ശേഷം എനിക്ക് സ്കൂട്ടർ ഓടിക്കാൻ പറ്റുമോ? ഞാൻ കിടന്ന കിടപ്പിൽ കിടക്കണോ? കുളിക്കാൻ പറ്റുമോ? തുടങ്ങി ഒരു പിടി ചോദ്യങ്ങൾ. സംശയങ്ങൾ സ്വഭാവികമായതിനാൽ ക്ഷമയോടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കഴിഞ്ഞപ്പോൾ, ദേ വരുന്നൂ  മകളുടെ സംശയം: "ഡോക്ടർ, ഓപ്പറേഷൻ ചെയ്യാനായി അച്ഛന്റെ ഹൃദയം പുറത്തെടുത്തു വെക്കുമ്പോൾ വൃത്തിയുള്ള സ്ഥലത്തു വച്ചില്ലെങ്കിൽ ഇൻഫെക്ഷൻ വരാൻ സാധ്യതയില്ലേ?" ഇത്തവണ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ബൈപാസ് ശസ്ത്രക്രിയയിൽ ഓപ്പറേഷൻ ടേബിളിൽ ഹൃദയം പുറത്തെടുക്കുന്നില്ല എന്നും, പകരം എന്താണ് നടക്കുന്നത് എന്നും ചിത്രങ്ങൾ സഹിതം വിശദീകരിച്ചപ്പോഴാണ് മകളുടെ ശ്വാസം നേരെ വീണത്. പാവം അച്ഛന്റെ ഹൃദയം പുറത്തെടുത്ത് പന്ത് തട്ടുന്ന പേടി സ്വപ്നത്തിലാണ് മകൾ ഇതുവരെ ജീവിച്ചത്. ഹൃദയശാസ്ത്രക്രിയയെക്കുറിച്ച് ഇത്തരം പല പേടിസ്വപ്നങ്ങളും അബദ്ധ ധാരണകളും ഇന്ന് സമൂഹത്തിൽ പലർക്കുമുണ്ട്. അവയിൽ ചിലതെല്ലാം പരിഹരിക്കാൻ നമുക്ക് ശ്രമിക്കാം.

സർജറി കഴിഞ്ഞാൽ പിന്നെ കിടന്ന കിടപ്പാണോ?

ബൈപാസ് സർജറി കഴിഞ്ഞാൽ പൂർണ ശയ്യാവിശ്രമം (കമ്പ്ലീറ്റ് ബെഡ് റസ്റ്റ്) ആവശ്യമായുള്ളത് ഒരേ ഒരു ദിവസം മാത്രമാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചെലവഴിക്കുന്ന ആദ്യ ദിവസം മാത്രമാണ് രോഗിക്ക് കട്ടിലിൽ കിടക്കേണ്ടി വരുന്നത്. രണ്ടാം ദിനം തുടങ്ങി, കസേരയിൽ ഇരിക്കുക, ഐ.സി.യുവിൽ തന്നെ നടക്കുക, വിവിധങ്ങളായ വ്യായാമ മുറകൾ അഭ്യസിക്കുക തുടങ്ങി വളരെ ചലനാത്മകമായ ദിനങ്ങളാണ് രോഗിയെ കാത്തിരിക്കുന്നത്. നാലോ അഞ്ചോ ദിനങ്ങൾക്കുള്ളിൽ തന്നെ രണ്ടുനില കെട്ടിടം ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ ചവിട്ടി കയറാവുന്ന ആരോഗ്യം കൈവരിക്കുന്നു. ഒരാഴ്ചക്കുള്ളിൽ തന്നെ ചക്ര കസേരയുടെ സഹായമില്ലാതെ തന്നെ നടന്ന് ആശുപത്രി വിടുന്ന രോഗിയെ ആണ് ബൈപാസ് ശസ്ത്രക്രിയക്ക് ശേഷം കാണാൻ സാധിക്കുക.

Angiogram 555

സർജറി കഴിഞ്ഞാൽ കുളിക്കാൻ സാധിക്കുമോ?

സർജറിക്ക് ശേഷം ആദ്യ ദിനങ്ങളിലെ ഡ്രസിംഗ് കഴിഞ്ഞാൽ പിന്നെ മുറികളിലെല്ലാം സോപ്പും വെള്ളവും യഥേഷ്ടം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്ന രീതിയാണ് പിന്തുടരുന്നത്. പൊതുവെ മുറിവുകൾക്കായി പ്രത്യേക പരിഗണനയോ, വീട്ടിൽ വെച്ച് സങ്കീർണ്ണമായ ഡ്രെസിംഗോ ആവശ്യപ്പെടാറില്ല. ഓപ്പറേഷന് ശേഷം ആദ്യ അഞ്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കുളിമുറിയിൽ ചെന്ന് സാധാരണ രീതിയിൽ രോഗിക്ക് കുളിക്കാൻ കഴിയുന്നു.

ഞാൻ ഡയബറ്റിക് ആണ്, അപ്പോൾ എന്റെ മുറിവ് പഴുക്കില്ലേ?

ഈ കാലഘട്ടത്തിൽ വിശേഷിച്ചും, നമ്മുടെ രാജ്യത്ത് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയരാകുന്നവരിൽ 50% - ലധികം പേരും പ്രമേഹ രോഗികളാണ്. പ്രമേഹ രോഗികൾ ആണെങ്കിൽ കൂടി ബൈപാസ് സർജറിക്ക് ശേഷം മുറിവ് പഴുക്കാനുള്ള സാധ്യത 3% - ല് താഴെ മാത്രമാണ്. പുറമെയുള്ള മുറിവ് പഴുക്കുമോ എന്ന അകാരണമായ ഭയം നിമിത്തം, അകത്ത് ജീവന് അപകടം സംഭവിക്കാവുന്ന ഹൃദയത്തിന്റെ പ്രശ്നം പരിഹരിക്കാൻ മടിക്കുന്നത് മണ്ടത്തരമാണ്.

എന്താണ് ബൈപാസ് സർജറിയിൽ സംഭവിക്കുന്നത്?

ബൈപാസ് ശസ്ത്രക്രിയ ഒരു ഓപ്പൺ ഹാർട്ട് സർജറിയല്ല. അതായത് ഇവിടെ സർജറിയുടെ സമയത്ത് ഹൃദയം തുറക്കുന്നില്ല. ഹൃദയത്തിന്റെ മിടിപ്പ് നിർത്തുന്നില്ല. കാരണം ഹൃദയത്തിന്റെ ധമനികളെല്ലാം ഹൃദയത്തിന്റെ ഉപരിതലത്തിൽ തന്നെയാണ് (Epicardial coronary arteries). തടസ്സങ്ങൾ വന്ന് രക്ത ഒഴുക്ക് അപകടകരമാം വിധം കുറഞ്ഞ പ്രസ്തുത ധമനികളിലേക്ക്, പുതിയ രക്തക്കുഴലുകൾ വഴി ശുദ്ധരക്തം എത്തിക്കുക എന്ന പ്രക്രിയയാണ് ബൈപാസ് സർജറിയിൽ നടക്കുന്നത്. ഇത് ഹൃദയം നിർത്താതെ, ഹൃദയം തുറക്കാതെ തന്നെ നിർവ്വഹിക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് ഹൃദയശസ്ത്രക്രിയകളെ അപേക്ഷിച്ച് ബൈപാസ് ശസ്ത്രക്രിയക്ക് ഗുരുതര പ്രത്യാഘാതങ്ങൾ കുറവാണ്. സർജറിക്ക് ശേഷം നിങ്ങളെ കാത്തിരിക്കുന്നത് പുതിയ രക്തത്താൽ തുടിക്കുന്ന ഒരു പുതിയ ഹൃദയവും ഊർജസ്വലമായ ഒരു ജീവിതവുമാണ്.

Tags:
  • Spotlight