Friday 22 February 2019 12:13 PM IST : By സ്വന്തം ലേഖകൻ

ഗര്‍ഭപാത്രവും ഇടത് അണ്ഠാശയവും നീക്കം ചെയ്ത കാൻസർ രോഗി അമ്മയായി; അപൂർവനേട്ടം ചെന്നൈയിൽ!

priya-selvaraj പ്രിയ സെൽവരാജ്, ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്, ചെന്നൈ

കാന്‍സര്‍ മൂലം ഗര്‍ഭപാത്രവും ഇടത് അണ്ഠാശയവും നീക്കം ചെയ്ത മലയാളി യുവതി അപൂര്‍വ ചികിത്സയിലൂടെ അമ്മയായി. വയറ്റിനുള്ളിലെ തൊലിക്കടിയില്‍ സംരക്ഷിച്ച വലത് അണ്ഡാശയത്തില്‍ അണ്ഡം ശേഖരിച്ചായിരുന്നു ചികിത്സ. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശ്രമം വിജയം കാണുന്നത്.

മലയാളിയായ ആ മുപ്പത്തിരണ്ടുകാരിയെ നമുക്ക് റാണിയെന്ന് വിളിക്കാം. 2014 ല്‍ കാന്‍സര്‍ കണ്ടെത്തി, ഗര്‍ഭപ്രാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്താണ് അവര്‍ രോഗത്തെ അതിജീവിച്ചത്. അസുഖം പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലായി രക്തയോട്ടം തടസപ്പെടാതെതന്നെ വലത് അണ്ഡാശയം വയറ്റിനുള്ളിലെ തൊലിക്കടിയിലേക്ക് മാറ്റി. 

കാന്‍സറിന് ചികിത്സ നല്‍കിയ കൊച്ചിയിലെ ഡോ. ചിത്രതാരയാണ് ചെന്നൈയിലെ ഫേര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോക്ടര്‍ പ്രിയ സെല്‍വരാജിന്‍റെ അടുത്തേക്ക് 2016 ല്‍ റാണിയെ അയക്കുന്നത്. തൊലിക്കടിയില്‍ നിന്നും അണ്ഡം ശേഖരിക്കുക എന്നതായിരുന്നു വെല്ലുവിളി. മൂന്ന് വര്‍ഷം നീണ്ട ചികിത്സ വിജയം കണ്ടു.

ശേഖരിച്ച അണ്ഡവും ബീജവും വാടക ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചു. ചെന്നൈയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടി പിറന്നത്. കാന്‍സറിനെ തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്തപ്പോള്‍ ആരോഗ്യമുള്ള വലത് അണ്ഡാശയം സംരക്ഷിക്കാന്‍ ഡോ. ചിത്രതാര കാണിച്ച കരുതലാണ് ഈ അപൂര്‍വ ചികിത്സയിലേക്കുള്ള വഴി തുറന്നത്. അന്തരിച്ച തമിഴ് നടൻ ജെമിനി ഗണേശന്റെ മകൾ ഡോ. കമല സെൽവരാജിന്റെ മകളാണ് ഡോ. പ്രിയ സെൽവരാജ്. 

more...