Saturday 08 August 2020 03:32 PM IST : By സ്വന്തം ലേഖകൻ

സ്‌നേഹനിധിയായ ഞങ്ങളുടെ സാഠേ, ആര്‍ക്കും എന്ത് സഹായത്തിനും ഓടിയെത്തും; കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍

satte-famiky

സ്വജീവന്‍ ത്യജിച്ചും ആയിരങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന ധീരനായ പൈലറ്റിന് അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുകയാണ് കേരളക്കര. കരിപ്പൂര്‍ വിമാനാപകടത്തില്‍ ജീവന്‍ വെടിഞ്ഞ പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഠേയുടെ ഓര്‍മകള്‍ ജനമനസുകളില്‍ ദീപ്തം. ഇപ്പോഴിതാ കുടുംബത്തിന്റെ സ്‌നേഹവും വിട്ടെറിഞ്ഞ് മരണത്തിലേക്ക് മറഞ്ഞ സാഠേയെ കണ്ണീരോടെ ഓര്‍ക്കുകയാണ് അച്ഛനും അമ്മയും. മകന്‍ സ്‌നേഹനിധിയായിരുന്നുവെന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ ഓടിയെത്തുമായിരുന്നുവെന്നും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയുടെ മാതാപിതാക്കള്‍. അവന്‍ എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാഠേയും പറഞ്ഞു.

ക്യാപ്റ്റന്‍ സാഠേയുമൊത്തുള്ള അവസാന ഫോണ്‍ സംഭാഷത്തെയാണ് ബന്ധുവായ നിലേഷ് സാഠേ ഓര്‍ത്തെടുത്തത്.  ''ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയുമെന്ന പോലെ നര്‍മ്മവും സരസവും ആയിരുന്നു ആ സംഭാഷണവും. വന്ദേ ഭാരത് മിഷനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നാണ് സാഠേ പറഞ്ഞത്.  പറഞ്ഞത്. അങ്ങോട്ട് പോകുമ്പോള്‍ വിമാനം ശൂന്യമായിരിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല' എന്നായിരുന്നു മറുപടിയെന്ന് നിലേഷ് സാഠേ ഓര്‍മിക്കുന്നു.

പൈലറ്റായി മുപ്പതുവര്‍ഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സാഠേ. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വൃത്തങ്ങളില്‍ ഏറെ ബഹുമാനത്തോടെ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ് സാഠേയുടേത് . നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്‌സില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടി, അതിനുശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ 127വേ കോഴ്‌സില്‍ സ്വോര്‍ഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയാണ് 1981 ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ദീപക് വസന്ത് സാഠേ കമ്മീഷന്‍ ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ സുദീര്‍ഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയും സേവനമനുഷ്ഠിച്ച് അവിടെ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം എയര്‍ ഇന്ത്യയില്‍ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പൈലറ്റ് ആയി ജോയിന്‍ ചെയ്യുന്നത്. ആദ്യം എയര്‍ ഇന്ത്യക്കുവേണ്ടി എയര്‍ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുവേണ്ടി ബോയിങ് 737 ലേക്ക് മാറുകയായിരുന്നു.